പാലാ രൂപതയിലെ സീനിയര്‍ വൈദികനും കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി മുന്‍ പ്രഫസറും എഴുത്തുകാരനുമായ ഫാ. ഡോ. ജെ. കട്ടയ്ക്കല്‍ (96) ഓര്‍മയായി. സംസ്‌കാരം ഡിസംബര്‍ 28 ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അറക്കുളം സെന്റ് മേരീസ് പള്ളിയില്‍ നടന്നു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ബിഷപ്പുമാരുടെ ഗുരുവായിരുന്നു കട്ടയ്ക്കലച്ചന്‍.
അറക്കുളം കട്ടയ്ക്കല്‍ പരേതരായ തോമസ്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. 1958 ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1962 ല്‍ റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു തിയോളജിയില്‍ ഡോക്ടറേറ്റും ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു സംസ്‌കൃതത്തില്‍ ബിരുദാനന്തരബിരുദവും കേരളസര്‍വകലാശാലയില്‍നിന്ന് ഇന്ത്യന്‍ ഫിലോസഫിയില്‍ ഡോക്ടറേറ്റും ജര്‍മന്‍ഭാഷയില്‍ ഡിപ്ലോമയും കരസ്ഥമാക്കി. ഉന്നതവിദ്യാഭ്യാസാനന്തരം 1965ലാണ് സെമിനാരിയില്‍ അധ്യാപകനായി ചേര്‍ന്നത്. നിരവധി ഇന്ത്യന്‍, വിദേശയൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിങ് പ്രഫസറായിരുന്നു. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള ഇദ്ദേഹം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. മികച്ച സാമൂഹികപ്രവര്‍ത്തകന്‍കൂടിയായിരുന്നു ഡോ. ജെ. കട്ടയ്ക്കല്‍.
ഗോത്രമേഖലയുടെ ഉന്നമനത്തിനും ടൂറിസ്റ്റുകേന്ദ്രമായ പുള്ളിക്കാനം-ഇല്ലിക്കല്‍ക്കല്ല് റോഡിന്റെ നിര്‍മാണത്തിനും മുന്‍നിരയില്‍നിന്നു പ്രവര്‍ത്തിച്ചു. സാധാരണക്കാരുടെ താങ്ങും തണലുമായിരുന്നു അച്ചന്‍. 94-ാം വയസ്സിലും കര്‍മനിരതനായിരുന്ന അദ്ദേഹം അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടയിലുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലും തുടര്‍ന്ന് വൈദികമന്ദിരത്തിലുമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഹൃദ്യമായ പുഞ്ചിരിയും വശ്യമായ പെരുമാറ്റവും അച്ചന്റെ കൂടപ്പിറപ്പായിരുന്നു.
12 സഹോദരങ്ങളില്‍ അഞ്ചുപേര്‍ കന്യാസ്ത്രീകളും ഒരാള്‍ വൈദികനുമാണ്. ഏഴുപേര്‍ ജീവിച്ചിരിപ്പുണ്ട്. ഷംഷാബാദ് രൂപത ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പിലില്‍ മാതൃസഹോദരപുത്രനാണ്.
വ്യത്യസ്തങ്ങളായ സാഹിത്യരചനകളിലൂടെ ദീര്‍ഘകാലം ദീപനാളത്തെ സമ്പുഷ്ടമാക്കിയ ഡോ. ജെ. കട്ടയ്ക്കലിന്റെ ഓര്‍മകള്‍ക്കുമുമ്പില്‍ ദീപനാളം കുടുംബാംഗങ്ങളുടെ പ്രണാമം!
*
