സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്താല്‍ അവകാശലംഘനത്തിനു നോട്ടീസ് വരാം. എനിക്കെതിരേ ഇത്തരത്തില്‍ ഒരു നോട്ടീസ് വന്ന ഓര്‍മയുണ്ട്. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലം. ലോട്ടറിരാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍നിന്നും 20 കോടി രൂപ കൈക്കൂലി വാങ്ങിയാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത് എന്ന് വി.ഡി. സതീശന്‍ ആരോപണം ഉന്നയിച്ചു. എഴുതിക്കൊടുത്തുള്ള ആരോപണമാണ്. ഐസക് അതു നിഷേധിച്ചു. ഐസക്കിനെതിരേ 20 കോടിയുടെ ആരോപണം എന്ന് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഐസക്കിനു പിടിച്ചില്ല. സതീശന്‍ പറയാത്ത കാര്യം ദീപിക റിപ്പോര്‍ട്ട് ചെയ്തു എന്നായി ഐസക്കിന്റെ വാദം. സതീശനും പറഞ്ഞു, ഐസക്ക് വാങ്ങിച്ചെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവകാശലംഘനത്തിനു നോട്ടീസായി. ഒന്നാംപ്രതി ചീഫ് എഡിറ്ററാണ്. അക്കാലത്തെ ചീഫ് എഡിറ്റര്‍ അലക്‌സാണ്ടര്‍ പൈകടയച്ചന്‍ എന്നെ വിളിച്ചു. വിവരങ്ങള്‍ തിരക്കി. സ്പീക്കറുടെ നോട്ടീസിനു മറുപടി കൊടുക്കണം. ഞാന്‍ സ്പീക്കര്‍ രാധാകൃഷ്ണനെ പോയിക്കണ്ടു. അദ്ദേഹം എന്നെ മനസ്സിലാക്കി. പ്രസാദ് സാര്‍ എഴുതിയത് നല്ല ഉദ്ദേശ്യത്തോടെയാണ്. സംഭവം വിശദീകരിച്ച് ഒരു കുറിപ്പ് എഴുതിത്തന്നാല്‍ തീര്‍ക്കാം, അദ്ദേഹം പറഞ്ഞു. അച്ചന്‍ വിഷയം കെ.എം.മാണിസാറുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞു: വിശദീകരണത്തിനുപകരം സഭാനടപടികളുടെ പൂര്‍ണരൂപം ചോദിക്കണം. അതു വായിച്ചുപഠിച്ചശേഷം മറുപടി തരാം എന്നാണ് മാണിസാര്‍ കൊടുത്ത ഉപദേശം. അച്ചന് അതാണ് കൂടുതല്‍ നല്ലതായി തോന്നിയത്. മറുപടി തയ്യാറാക്കിയപ്പോഴേക്കും ആ സഭ പിരിഞ്ഞു. അതോടെ അവകാശലംഘനവും തീര്‍ന്നു. സ്പീക്കറോടു പ്രതിഷേധിച്ച് പത്രപ്രവര്‍ത്തകര്‍ സഭ ബഹിഷ്‌കരിച്ച അനുഭവങ്ങളും ഉണ്ട്. 1987 ല്‍ സ്പീക്കറായ വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കറുടെ മീഡിയ ഉപദേശകസമിതി രൂപീകരിച്ചു. എല്ലാ മാധ്യമങ്ങളുടെയും തലസ്ഥാനത്തെ ബ്യൂറോ ചീഫുമാര്‍ അടങ്ങിയതായിരുന്നു ആ സമിതി.
നിയമസഭാസമ്മേളനം കൃത്യം ഒരു മണിക്കു തീരും. പ്രത്യേകിച്ചും വക്കം പുരുഷോത്തമനെപ്പോലുള്ള സ്പീക്കര്‍മാര്‍ സഭ നിയന്ത്രിക്കുമ്പോള്‍. ഏതെങ്കിലും കാരണവശാല്‍ ഇരുപക്ഷവും ചേര്‍ന്ന് സമ്മേളനം നീട്ടാന്‍ തീരുമാനിച്ചാല്‍ എം.എല്‍.എ. മാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്പീക്കറുടെ വക ലഘുഭക്ഷണം ഉണ്ടാവും.
അക്കാലത്ത് ആകാശവാണിയിലും പിന്നീട് ദൂരദര്‍ശന്‍ എത്തിയപ്പോള്‍ അതിലും 'നിയമസഭയില്‍ ഇന്ന്' എന്നൊരു പംക്തി ദിവസവും ഉണ്ടായിരുന്നു. സ്‌ക്രിപ്റ്റ് തയ്യാറാക്കുവാന്‍ അവസരം എല്ലാവര്‍ക്കുംതന്നെ ലഭിക്കും. ഒരു റിപ്പോര്‍ട്ടിന് 100 രൂപ വച്ച് പ്രതിഫലവും തരും. അത് അക്കാലത്ത് വലിയ തുകയായിരുന്നു. നിയമസഭാറിപ്പോര്‍ട്ടിങ്ങിന് ദിവസം 10 രൂപ വച്ച് ദീപികയില്‍നിന്നും പ്രത്യേക അലവന്‍സ് തന്നിരുന്നു. ബ്യൂറോയില്‍ അംഗങ്ങളും സൗകര്യങ്ങളും കൂടിയപ്പോള്‍ അതെല്ലാം നിലച്ചു, ഇപ്പോഴത്തെ രീതിയായി. നിയമസഭാ റിപ്പോര്‍ട്ട് ചെയ്യാനാവുന്നത് ഒരു അന്തസ്സായി അക്കാലത്ത് കരുതപ്പെട്ടിരുന്നു. രാവിലെ എട്ടുമണിയോടെ നിയമസഭയില്‍ എത്തും. സഭ പിരിയുന്നതുവരെ അവിടെയുണ്ടാവും. ബ്യൂറോയില്‍ കൂടുതല്‍ ആളുകളായപ്പോള്‍ ചോദ്യോത്തരവേള, സീറോ അവര്‍, സബ്മിഷനുകള്‍ ചര്‍ച്ച തുടങ്ങിയവയെല്ലാം പലരായി റിപ്പോര്‍ട്ട് ചെയ്യുക. നിയമസഭാവലോകനം എഴുതുന്നത് വേറൊരാളായി.
1980 കള്‍ വരെ നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് പത്രക്കാര്‍ക്ക് ഒരു ദിവസം അത്താഴവിരുന്നു നല്‍കിയിരുന്നു. 1980 ല്‍ ഇന്ദിരാകോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനും ആന്റണി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും വിരുന്നുതന്നത് ഓര്‍ക്കുന്നു. ബജറ്റ് പാസ്സായശേഷം ധനമന്ത്രിയും പത്രക്കാര്‍ക്കു വിരുന്നു നല്‍കുന്ന പതിവുണ്ടായിരുന്നു. ചില ധനമന്ത്രിമാര്‍ തങ്ങളുടെ അടുത്ത പത്രപ്രവര്‍ത്തകസുഹൃത്തുക്കള്‍വഴി വേണ്ടവര്‍ക്ക് മദ്യവും ലഭ്യമാക്കിയിരുന്നു. മന്ത്രിയും ശുദ്ധാത്മാക്കളായ പത്രപ്രവര്‍ത്തകരും വരുന്നതിനു മുമ്പ് മേജര്‍ സെറ്റുകാരുടെ പാനോപചാരം നടക്കും. സഭയുടെ അവകാശം ലംഘിച്ചതിന് പാലക്കാട്ടെ സ്വദേശി പത്രം ഉടമ എം.വി. ചേറുസിനെ സഭ വിളിച്ചു വരുത്തി ശിക്ഷിച്ച സംഭവം ഒരിക്കലും മറക്കാനാവാത്തതാണ്. 1989 ഫെബ്രുവരി ഒന്നിനാണ് ചേറുസിനെ താക്കീത് ചെയ്തത്. സഭയില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു കൂട്ടിലാണ് ചേറുസിനെ നിറുത്തിയത്. കൗതുകകരമായ കാഴ്ചയായിരുന്നു അത്. കുറ്റപത്രവും ശിക്ഷയും വായിച്ചു കേള്‍പ്പിച്ചു. അദ്ദേഹം തല താഴ്ത്തിനിന്ന് എല്ലാം കേട്ടു. പാലക്കാട് എം.എല്‍.എ. ആയിരുന്ന സിഎം സുന്ദരത്തെ പാലക്കാട് റോട്ടറി ക്ലബ് യോഗത്തില്‍ വച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഭീഷണിപ്പെടുത്തുകയും എച്ചില്‍കൈകൊണ്ട് അടിക്കുകയും ചെയ്തതിനാണ് അദ്ദേഹത്തെ താക്കീതു ചെയ്തത്. ചേറുസിന്റെ പ്രസില്‍ ജീവനക്കാര്‍ക്കു മിനിമം കൂലി കൊടുക്കാത്തതിനെക്കുറിച്ച് നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് പ്രതികാരമായിട്ടാണ് ചേറുസ് അദ്ദേഹത്തെ കൈയേറ്റം ചെയ്തത്.
വിവരാവകാശനിയമം ഇല്ലാതിരുന്ന കാലത്ത് നിയമസഭാംഗങ്ങളെക്കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിച്ച് പല സര്‍ക്കാര്‍ വിവരങ്ങളും ശേഖരിക്കുന്ന പത്രപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. നിയമസഭ നടക്കുന്ന കാലത്ത് സ്ഥലപരിമിതിമൂലം പത്രത്തില്‍ കൊടുക്കാനാവാതെ വരുന്ന വിവരങ്ങള്‍ പില്‍ക്കാലത്തു കൊടുത്ത് എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ അവകാശമാക്കുന്ന ലേഖകരും ഉണ്ടായിരുന്നു. നിയമസഭയില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ പരിശോധിച്ച് വാര്‍ത്തകള്‍ ഉണ്ടാക്കുക, നിയമസഭ പ്രസിദ്ധീകരിക്കുന്ന ബില്ലുകള്‍ പഠിച്ച് വാര്‍ത്തകള്‍ ഉണ്ടാക്കുക തുടങ്ങിയവയും അക്കാലത്തെ രീതികളായിരുന്നു. കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വാര്‍ത്തകള്‍ കിട്ടുന്ന കാലം.
(തുടരും)
ടി. ദേവപ്രസാദ്
