•  11 Dec 2025
  •  ദീപം 58
  •  നാളം 40
നിയമസഭയിലെ കഥകള്‍

ഒരു കണ്ണീര്‍ ഓര്‍മ്മയും കുറെ ചിരികളും

   നിയമസഭയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ കറുത്തിരുണ്ട ഓര്‍മ്മകളിലൊന്നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ഡല്‍ഹിയില്‍ വെടിയേറ്റ ദിനം. അന്നു നിയമസഭ പതിവുപോലെ കൂടിക്കൊണ്ടിരിക്കുകയാണ്. ചോദ്യോത്തരവേള കഴിഞ്ഞു സഭ അനന്തരനടപടികളിലേക്കു കടന്നു എന്നാണ് ഓര്‍മ്മ. ഒരു സാധാരണദിവസത്തിന്റെ ആലസ്യത്തിലായിരുന്നു നിയമസഭാംഗങ്ങളും മാധ്യമപ്രവര്‍ത്തകരും എല്ലാം. പെട്ടെന്ന് ജി. കാര്‍ത്തികേയന്‍ പരിഭ്രാന്തനായി മുഖ്യമന്ത്രി കരുണാകരന്റെ സീറ്റിലേക്ക് ഓടിപ്പോകുന്നതു കണ്ടു. ജി.കെ.എന്തോ ലീഡറുടെ ചെവിയില്‍ മന്ത്രിച്ചു. ലീഡര്‍ അസ്വസ്ഥനായി ചുറ്റും നോക്കുന്നതു കണ്ടു. കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ പലരും ലീഡറുടെ അടുത്തേക്ക് ഓടി. സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ സഭയില്‍ ആ ദുരന്തവാര്‍ത്ത അറിയിച്ചു. അതോ അത് അറിയിക്കുവാന്‍ സഭാ നേതാവായ കെ.കരുണാകരനെ ക്ഷണിക്കുകയായിരുന്നോ എന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. അപ്പോഴേക്കും പ്രധാനമന്ത്രിക്കു വെടിയേറ്റു എന്ന വാര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പടര്‍ന്നു. കരുണാകരന്‍ പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ്: നമ്മുടെ ആരാധ്യയായ പ്രധാനമന്ത്രിക്ക് വെടിയേറ്റതായും അവരെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചതായും അറിയുന്നു. അവര്‍ വേഗം സുഖം പ്രാപിക്കുന്നതിന് നമുക്കു പ്രാര്‍ത്ഥിക്കാം. പ്രധാനമന്ത്രി വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രതിപക്ഷനേതാവ് ഇ.കെ. നായനാരും ആശംസിച്ചു എന്നാണ് ഓര്‍മ്മ. സ്പീക്കര്‍ സമ്മേളനം അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടു. 
വയലാര്‍ രവിയില്‍നിന്നു കെ. കരുണാകരന്‍ ആഭ്യന്തരവകുപ്പ് ഏറ്റെടുത്ത കാലം. 1986 ഒക്‌ടോബറില്‍ ഇടുക്കിജില്ലയിലെ തങ്കമണിയില്‍ ഒരു പൊലീസ് നരനായാട്ട് നടന്നു. ഒരു സ്വകാര്യബസിലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ബസുടമയ്ക്കുവേണ്ടി പൊലീസ് നടത്തിയ അതിക്രമം കേരളചരിത്രത്തിലെ അത്യപൂര്‍വസംഭവമായി. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ മൂന്നുവരെ വീടുകളില്‍ കയറി അതിക്രമം നടത്തിയ പൊലീസ് സ്ത്രീകളെ ബലാത്സംഗംവരെ ചെയ്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തരപ്രമേയമായി സഭയില്‍ ഉന്നയിച്ച വിഷയത്തെക്കുറിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷം ഉടുമ്പഞ്ചോല എം.എല്‍.എ. ജിനദേവന് സ്പീക്കര്‍ സുധീരന്‍ സബ്മിഷന് അനുമതി കൊടുത്തു. ഭരണപക്ഷം വല്ലാതെ പ്രതിരോധത്തിലായ സംഭവമായിരുന്നു അത്. പ്രതിപക്ഷനേതാക്കളുടെ  ഒരു സംഘം തങ്കമണി സന്ദര്‍ശിച്ചതിന്റെ വിവരണവും അതില്‍ ഉണ്ടായിരുന്നു. ബഹളത്തിനിടയില്‍ പ്രതിപക്ഷത്തെ നിരായുധരാക്കുവാന്‍ ഒരു ഭരണകക്ഷി എം.എല്‍.എ. എഴുന്നേറ്റു ചോദിച്ചു: ''നീയൊക്കെ എന്നാ അവിടെ ചെന്നത്? പോലീസുകാരന്‍ ബലാത്സംഗം ചെയ്ത സ്ത്രീകള്‍ പ്രസവിക്കാറായപ്പോഴല്ലേ?'' അദ്ദേഹത്തിന്റെ നാക്കു കുഴയുന്നുണ്ടായിരുന്നതുകൊണ്ടും ബഹളംകൊണ്ടും പലരും ആ വാക്കുകള്‍ കേട്ടില്ല. സുധീരന്‍ ആ വാക്കുകള്‍ ശരിക്കും കേട്ടു. ''നല്ല ഫോമിലാണല്ലോ.'' അദ്ദേഹം പ്രതികരിച്ചു. ദുസ്ഥിതി മനസ്സിലാക്കിയ പ്രതിപക്ഷത്തെ ഒരു എം.എല്‍.എ. സഹപ്രവര്‍ത്തകനെ താങ്ങിപ്പിടിച്ച് എഴുന്നേല്പിച്ചു പുറത്തുകൊണ്ടുപോയി. അദ്ദേഹം മദ്യപിച്ചു ലക്കുകെട്ടതാണെന്നും രാവിലെ കഴിച്ച ചില ഗുളികകളുടെ ഫലമായി ഉണ്ടായ പാര്‍ശ്വഫലം ആയിരുന്നെന്നും പിന്നീട് വ്യാഖ്യാനിക്കപ്പെട്ടു. മദ്യപിച്ചു സഭയില്‍ വരുന്ന പല എം.എല്‍.എ.മാരെയും കണ്ടിട്ടുണ്ട്. സമ്മേളനം നടക്കുമ്പോള്‍ കൊക്കക്കോള ആയി മദ്യം നിയമസഭയുടെ ലോബിയില്‍ കൊണ്ടുവന്നു സേവിച്ചതായി പഴയകാല പത്രപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതു കേട്ടിട്ടുണ്ട്.
ഒരിക്കല്‍ ഒരു മുതിര്‍ന്ന നേതാവ് കേരളത്തിലെ സ്റ്റീല്‍വ്യവസായത്തെക്കുറിച്ച് വ്യവസായമന്ത്രിയോടു ചോദ്യം ചോദിച്ചു. ചോദ്യം തയ്യാറാക്കിയത് ഉദ്യോഗസ്ഥരാവണം. സഭയില്‍ ഉത്തരം പറഞ്ഞപ്പോള്‍ മന്ത്രി സില്‍ക്കിനെക്കുറിച്ചു പറഞ്ഞു. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരള എന്നതിന്റെ ഷോര്‍ട്ട്‌ഫോമാണ് സില്‍ക്ക് എന്ന് അറിയാത്ത നേതാവ് ചൂടായി. ഞാന്‍ സ്റ്റീലിനെക്കുറിച്ചു ചോദിച്ചപ്പോള്‍ മന്ത്രി സില്‍ക്കിനെക്കുറിച്ചു പറയുന്നത് എന്ത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സഭ ഊറിച്ചിരിച്ചു.
ചിലര്‍ ഇംഗ്ലീഷ്പദങ്ങള്‍ അര്‍ത്ഥം തെറ്റിച്ചുപയോഗിച്ചു വെട്ടില്‍ വീഴുന്നതു കണ്ടിട്ടുണ്ട്. ഒരിക്കല്‍ കേരളത്തില്‍ നടന്ന ഒരു മിന്നല്‍പണിമുടക്ക് സഭയില്‍ ഉന്നയിക്കപ്പെട്ടു. മറുപടി പറഞ്ഞ മന്ത്രി നോട്ടീസ് കൊടുക്കാതെ നടത്തിയ സമരത്തെക്കുറിച്ച് എന്ന അര്‍ത്ഥത്തില്‍ അണ്‍നോട്ടീസ്ഡ് സ്‌ട്രൈക്ക് എന്നു പറഞ്ഞു. പലരും പരസ്പരം നോക്കിയപ്പോള്‍ അദ്ദേഹം വിശദീകരിച്ചു. സമരക്കാര്‍ നോട്ടീസ് തന്നിട്ടില്ല. ശരിക്കും അണ്‍ നോട്ടിസ്ഡ്.
പലതരത്തിലുള്ള തമാശകള്‍ സഭയില്‍ കൂട്ടച്ചിരി ഉയര്‍ത്താറുണ്ട്. ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ സഭയില്‍ ചിരി പടര്‍ത്തിയവര്‍ ഏറെയുണ്ട്. പലപ്പോഴും ലൈംഗിക അശ്ലീലമായി വ്യാഖ്യാനിക്കാവുന്നവയായിരിക്കും പലതും. ഒരിക്കല്‍ ഒരു വനിതാമെമ്പര്‍ ഗതാഗതമന്ത്രിയോട് തന്റെ മണ്ഡലത്തില്‍ ഒരു പുതിയ ബോട്ടുജട്ടി വേണം എന്ന് ആവശ്യപ്പെട്ടു. മറുപടിപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു - ന് എന്തിനാ പുതിയ ജട്ടി? സഭ ആര്‍ത്തുചിരിച്ചു. ഇത്തരം തമാശകളിലൂടെ ചിരി ഉണ്ടാക്കിയവര്‍ പലരുണ്ട്. തെറിക്കുത്തരം മുറിപ്പത്തലുപോലെ പറഞ്ഞ ചില തമാശകള്‍ക്കായി മാപ്പു പറയേണ്ടിവന്ന സംഭവവും ഉണ്ട്. വി. എസ്. അച്യുതാനന്ദന്റെ നീട്ടിയും കുറുക്കിയും ചില വാക്കുകള്‍ പലവട്ടം ആവര്‍ത്തിച്ചും നടത്തുന്ന പ്രസംഗങ്ങള്‍ പലപ്പോഴും ചിരി പടര്‍ത്തിയിട്ടുണ്ട്. ഒരിക്കല്‍ ഉമ്മന്‍ചാണ്ടിയെ ഊഊഊഊഊഊഊ.... ചാണ്ടി എന്ന് സഭയില്‍ വിളിച്ചത് വിവാദമായി. നിയമമന്ത്രി കെ.എം. മാണി ആ പ്രയോഗത്തെ ചോദ്യം ചെയ്തു. മാണി പറഞ്ഞതല്ല ഞാന്‍ പറഞ്ഞതെന്ന് വി.എസ്. വിശദീകരിച്ചു. ഓരോ കാലത്തും നര്‍മ്മത്തില്‍ പൊതിഞ്ഞു സംസാരിക്കുന്ന അംഗങ്ങള്‍ സഭയ്ക്കു പകരുന്ന ഉണര്‍വ് ചില്ലറയല്ല. അവര്‍ പ്രസംഗിച്ചുതുടങ്ങുമ്പോള്‍ പരമാവധി അംഗങ്ങള്‍ സഭയില്‍ എത്തുന്നതും സാധാരണമാണ്. നര്‍മ്മത്തില്‍ കലര്‍ന്ന പ്രസംഗത്തിലൂടെ സഭയെ ചിരിപ്പിക്കുന്ന ജോസഫ് ചാഴികാടന്‍ വലിയ തമാശക്കാരനായിരുന്നു എന്നു കേട്ടിട്ടുണ്ട്. സഭയില്‍ കാര്യങ്ങള്‍ അക്ഷരശഃ ചിട്ടപ്പടി നടന്ന കാലമാണത്. ഒരു ദിവസം ചാഴികാടന്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ സമയം തീരുന്ന മണി ഉയര്‍ന്നു. ഒരു വാചകംകൂടി പറയാന്‍ ചാഴികാടന്‍ സ്പീക്കറുടെ അനുമതി ചോദിച്ചു. സ്പീക്കര്‍ സമ്മതിച്ചു. അദ്ദേഹം പറഞ്ഞുതുടങ്ങി. നിര്‍ത്തില്ലാത്ത ഒരു വാചകം. അവസാനം സ്പീക്കര്‍ ചോദിച്ചു: അംഗത്തിന് ഒരു വാചകം പറഞ്ഞുതീര്‍ക്കാന്‍ എത്ര സമയംകൂടി വേണ്ടിവരും? കേരള കോണ്‍ഗ്രസിലെ ഒ ലൂക്കോസ് കുറിക്കുകൊള്ളുന്ന നര്‍മ്മത്തിലൂടെ എതിരാളികളുടെ വായടപ്പിക്കുന്നതില്‍ വിദഗ്ധനായിരുന്നു. ഒരിക്കല്‍ തന്റെ പാര്‍ട്ടിയെയും നേതാവിനെയും വല്ലാതെ പരിഹസിച്ച ഒരു യുവനേതാവിനോട് അദ്ദേഹം ഉപദേശിച്ചു: ''സെവന്‍ ഓ ക്ലോക്ക് തോരന്‍ വച്ചുകൂട്ടിയാല്‍ തൊണ്ടയുടെ കടി ഇത്തിരി കുറയും...'' മുസ്ലീംലീഗിലെ പി. സീതിഹാജി തമാശകള്‍ പൊട്ടിക്കുന്നതില്‍ വല്ലഭനായിരുന്നു. സ്വയം പരിഹസിച്ചും മറ്റുള്ളവരെ പരിഹസിച്ചും എല്ലാം അദ്ദേഹം സഭയില്‍ പൊട്ടിച്ചിരികള്‍ ഉയര്‍ത്തി. ഒരു ദിവസം ഹാജി പറഞ്ഞു: ''സര്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത് ഗാന്ധിജിയുടെ സമരംകൊണ്ടൊന്നും അല്ല.'' പിന്നെങ്ങനെ? എല്ലാവരും കൗതുകത്തോടെ നോക്കുമ്പോള്‍ ഹാജി പറഞ്ഞു: ''നായനാരുടെ ഇംഗ്ലീഷുകേട്ടാണ്.'' ടി.എം. ജേക്കബ് വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോള്‍ കൊണ്ടുവന്ന പ്രീഡിഗ്രി ബോര്‍ഡിനെതിരേ സഭയില്‍ വലിയ ചര്‍ച്ച നടക്കുന്നു. പ്രതിപക്ഷനേതാവ് ഇ. കെ. നായനാര്‍ വളരെ ശക്തമായി പ്രസംഗിക്കുകയാണ്. ആരുടെയും ചോദ്യങ്ങള്‍ക്കു വഴങ്ങാതെ നായനാര്‍ കൊണ്ടുകയറുകയായിരുന്നു. ഭരണപക്ഷത്തിന് കനത്ത പ്രഹരമാണ് നായനാര്‍ ഏല്പിച്ചുകൊണ്ടിരിക്കുന്നത്. നായനാരെ തടസ്സപ്പെടുത്താന്‍ ഭരണകക്ഷി നോക്കുന്ന ഒരു പരിശ്രമവും വിജയിക്കുന്നില്ല. അപ്പോഴാണ് ക്രമപ്രശ്‌നവുമായി സീതിഹാജി എഴുന്നേറ്റത്. പ്രസംഗിക്കുന്ന അംഗം ചട്ടവിരുദ്ധമായി പ്രസംഗിക്കുമ്പോഴാണ് ക്രമപ്രശ്‌നം ഉന്നയിക്കാവുന്നത്. നായനാരോടു പ്രസംഗം ഒന്നുനിര്‍ത്താന്‍ നിര്‍ദേശിച്ച സ്പീക്കര്‍ ഹാജിയോടു ചോദിച്ചു: ഏതു ചട്ടമാണ് ലംഘിക്കപ്പെട്ടത്. ഏതോ ഒരു ചട്ടത്തിന്റെ നമ്പര്‍ പറഞ്ഞശേഷം ഹാജി ചോദിച്ചു. പ്രീഡിഗ്രി ബോര്‍ഡുപോലുള്ള വലിയ വിഷയങ്ങളെക്കുറിച്ച് പഠിപ്പും അറിവും ഉള്ളവര്‍ സംസാരിക്കേണ്ടിടത്ത് ഞാനും നായനാരും ഒക്കെ പ്രസംഗിക്കുന്നത് ഓര്‍ഡറിലാണോ? സഭ ആര്‍ത്തു ചിരിച്ചു. നായനാരുടെ ഒഴുക്കു തടയാന്‍ ഹാജിക്കായി. വനത്തിലെ മരങ്ങള്‍ വെട്ടുന്നതുകൊണ്ടാണ് മഴ ഇല്ലാതാകുന്നതെന്നു വാദിച്ചവരോട്, അറബിക്കടലില്‍ എങ്ങനെയാണ് മഴ പെയ്യുന്നത് എന്നു സീതിഹാജി ചോദിച്ചപ്പോഴും സഭ ആര്‍ത്തുചിരിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതിനു കാരണം വനത്തിലെ കൂറ്റന്‍മരങ്ങളാണെന്നു ഹാജി വാദിച്ചപ്പോഴും സഭ ചിരിച്ചു. ഉരുള്‍പൊട്ടലും മരങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ  തീയറി അദ്ദേഹം ഇങ്ങനെയാണ് വിശദീകരിച്ചത്: ''കൂറ്റന്‍മരങ്ങള്‍ ഒരു പ്രദേശത്താകെ വേരുപാകിയാണ് നില്‍ക്കുക. തുടര്‍ച്ചയായ മഴ പെയ്ത് മണ്ണു കുഴയുമ്പോള്‍ ഈ വേരുകള്‍ക്കു പിടിവീഴുന്നു. മരം വീഴുന്നു. ആ ഇടയിലൂടെ മലവെള്ളം പാഞ്ഞൊഴുകി ഉരുള്‍പൊട്ടലാകുന്നു.''
ഒരിക്കല്‍ തന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ''എനിക്ക് വിദ്യാഭ്യാസം ഇല്ലെന്നു ചിലര്‍ പറയാറുണ്ട്. അവര്‍ പറയുന്നതുപോലെ എല്‍.പി.ക്കാരനാണു ഞാന്‍. ലോവര്‍ പ്രൈമറി അല്ല, ലോകപരിചയം ആണ് എന്റെ വിദ്യാഭ്യാസയോഗ്യത എല്‍.പി. തന്നെ.''

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)