•  18 Dec 2025
  •  ദീപം 58
  •  നാളം 41
നിയമസഭയിലെ കഥകള്‍

നിയമസഭാറിപ്പോര്‍ട്ടിങ്ങുകളുടെ നല്ല കാലം

നിയമസഭാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇന്നത്തെക്കാള്‍ ഏറെ പ്രാധാന്യം മാധ്യമങ്ങള്‍ നല്‍കിയിരുന്ന കാലമായിരുന്നു അത്. രാവിലെ എട്ടരയ്ക്കു നിയമസഭ  ആരംഭിക്കുന്നതു മുതല്‍  ''സഭ ഇപ്പോള്‍ പിരിയുന്നതും നാളെ രാവിലെ എട്ടരയ്ക്കു വീണ്ടും സമ്മേളിക്കുന്നതുമാണ്'' എന്ന് സ്പീക്കര്‍ അറിയിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ഏതാണ്ട് വള്ളിപുള്ളി വിടാതെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചോദ്യോത്തരവേളയുടെ റിപ്പോര്‍ട്ട് ആരംഭിച്ചിരുന്നത് ഇങ്ങനെയാണ്: നിയമസഭ രാവിലെ എട്ടരയ്ക്ക് സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പിയുടെ അധ്യക്ഷതയില്‍കൂടി. വ്യവസായവകുപ്പുമന്ത്രി ടി.വി. തോമസ് ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. ചോദ്യം: പി.ടി. ചാക്കോ: അദ്ദേഹത്തിന്റെ ചോദ്യം, അതിനു മന്ത്രി കൊടുക്കുന്ന ഉത്തരം എന്നിങ്ങനെ ഇങ്ങനെ ഓരോ ചോദ്യവും ഉത്തരവും ചോദ്യകര്‍ത്താവിന്റെ പേരുസഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തത് അടിയന്തരപ്രമേയം. പിന്നെ ശ്രദ്ധ ക്ഷണിക്കല്‍. രണ്ടോ നാലോ സബ്മിഷനുകള്‍. അതുകഴിഞ്ഞാല്‍ അന്നത്തെ ബിസിനസുകള്‍. സഭയില്‍ നടക്കുന്ന ക്രമത്തില്‍ പരിപാടികള്‍ റിപ്പോര്‍ട്ടു ചെയ്യും.
    1970 കളില്‍ ഞാന്‍ എത്തുമ്പോഴേക്കും ആ റിപ്പോര്‍ട്ടിങ് രീതി മാറി. ചോദ്യോത്തരവേളയിലെ ഏറ്റവും വാര്‍ത്താപ്രാധാന്യമുള്ള വിഷയം ലീഡാക്കി ചോദ്യോത്തരം റിപ്പോര്‍ട്ട് ചെയ്യുന്ന രീതി വന്നു. ചോദ്യോത്തരങ്ങളും അടിയന്തരപ്രമേയവും സബ്മിഷനുകളുംവരെ സഭയില്‍ ഇരുന്നുതന്നെ എഴുതിത്തീര്‍ക്കും. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളില്‍ വാര്‍ത്താപ്രാധാന്യമുള്ളവ സഭയിലിരുന്നു കണ്ടുപിടിക്കും. അവ ലൈബ്രറിയില്‍പോയി എഴുതി യെടുക്കും.
    ദീപികയുടെ കെ.സി. സെബാസ്റ്റ്യന്‍ രാജ്യസഭാ എം.പി. ആയ ഉടനെ അവിടെയെത്തിയ എനിക്ക് തുടക്കദിവസങ്ങളില്‍ നിയമസഭയുടെ മുഴുവന്‍ പരിപാടികളും ഒറ്റയ്ക്കു റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നിട്ടുണ്ട്. വാര്‍ത്തകള്‍ കോട്ടയത്ത് എത്തിക്കുന്നതിന് ടെലിപ്രിന്റര്‍സൗകര്യം വന്നിരുന്നു. എങ്കിലും ചോദ്യോത്തരം സംബന്ധിച്ച റിപ്പോര്‍ട്ട് എഴുതിത്തയ്യാറാക്കി കവറിലാക്കി 12 മണിക്കുള്ള കോട്ടയം ബസ്സില്‍ കണ്ടക്ടറുടെ കൈവശം കൊടുത്തുവിടുകയായിരുന്നു. കവര്‍ എടുക്കുന്നതിനുള്ള സ്റ്റാഫ് ഉച്ചയോടെ നിയമസഭയുടെ മുന്നിലെത്തും. അപ്പോഴേക്കും ചോദ്യോത്തരം, അടിയന്തരപ്രമേയം, ശ്രദ്ധ ക്ഷണിക്കല്‍ പ്രസംഗങ്ങള്‍, സബ്മിഷനുകള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണം. സഭയില്‍ വരാത്ത നക്ഷത്രചിഹ്‌നം ഇടാത്ത ചോദ്യങ്ങളില്‍ വാര്‍ത്താ പ്രാധാന്യമുള്ളവ ടിക്ക് ചെയ്ത് ലൈബ്രറിയില്‍പോയി എഴുതിയെടുക്കണം. അവയും ചോദ്യോത്തരത്തില്‍ ചേര്‍ക്കണം. സി.എ.ജി. റിപ്പോര്‍ട്ടുകളുടെ കോപ്പി കോട്ടയത്തിന് അയയ്ക്കും. നിയമസഭയില്‍ അന്വേഷണറിപ്പോര്‍ട്ടുകള്‍വച്ചാല്‍ അതു വായിക്കുന്നതു പലപ്പോഴും സഭ പിരിഞ്ഞശേഷമാണ്. തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ അടങ്ങിയ കവര്‍ ഓടിയിറങ്ങിവന്ന് നമ്മുടെ ദൂതനു കൈമാറിയശേഷം വീണ്ടും അകത്തേക്കു പോകും.
     കേരളഭൂഷണത്തിന്റെ പ്രതിനിധിയായിരുന്ന അന്തരിച്ച കെ.ആര്‍.രവി. നിയമസഭാറിപ്പോര്‍ട്ടിങ്ങില്‍ തുടക്കം കുറിച്ച 'നിയമസഭയില്‍ ഇന്ന്' എന്ന പംക്തി 1970 കളില്‍ മിക്കവാറും എല്ലാ പത്രക്കാരും സ്വീകരിച്ചുതുടങ്ങിയിരുന്നു. മലയാളമനോരമയുടെ കെ.ആര്‍. ചുമ്മാര്‍, ദീപികയുടെ കെ.സി. സെബാസ്റ്റ്യന്‍, ദേശാഭിമാനിയുടെ കെ. മോഹനന്‍ എന്നിവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ ഏറെ വായനസുഖം പകരുന്നതായിരുന്നു. നിയമസഭാറിപ്പോര്‍ട്ടിങ്ങില്‍ ലേഖകന് അവരുടെയും പത്രത്തിന്റെയും രാഷ്ട്രീയചുവ അനുസരിച്ച് കാര്യപരിപാടികള്‍ വീക്ഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാമെങ്കിലും ഒന്നും കൈയില്‍നിന്നും ഇടാനാവില്ല. എന്നാല്‍, നിയമസഭാവലോകനം അങ്ങനെയല്ല. എഴുത്തുകാരന്റെ ഭാഷാവൈഭവവും രാഷ്ട്രീയഅറിവും ഓര്‍മകളും എല്ലാം ഉപയോഗിക്കാവുന്ന ഒന്നായിരുന്നു അത്.
ദീപികയുടെ കെ.സി. സെബാസ്റ്റ്യന്‍, മനോരമയുടെ കെ.ആര്‍. ചുമ്മാര്‍, തൃശൂര്‍ എക്‌സ്പ്രസിന്റെ ടി.ഒ. ചെറുവത്തൂര്‍, ടൈംസ് ഓഫ് ഇന്ത്യയുടെ കെ.സി. ജോണ്‍, കേരള കൗമുദിയുടെ ജി. വിജയരാഘവന്‍, കെ.ജി. പരമേശ്വരന്‍ നായര്‍, മാതൃഭൂമിയുടെ പി.സി. സുകുമാരന്‍ നായര്‍, പി.ആര്‍. വാര്യര്‍, ദേശാഭിമാനിയുടെ കെ. മോഹനന്‍ എന്ന മോഹനേട്ടന്‍, കേരളഭൂഷണത്തിന്റെ മാധവണ്ണന്‍, ജി. നീലാംബരന്‍, ദി ഹിന്ദുവിന്റെ കൃഷ്ണമൂര്‍ത്തി, കെ.പി. നായര്‍, ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഗോവിന്ദന്‍കുട്ടി മാധവന്‍കുട്ടി, തമ്പി, ഗൗരിദാസന്‍നായര്‍, യു.എന്‍.ഐ.യുടെ ബലറാം, രവി, മൊയ്തീന്‍, പിടിഐയുടെ മേനോന്‍, ശര്‍മ്മാജി,ശശി തുടങ്ങി എത്ര മഹാരഥന്മാരാണ് അന്നു നിയമസഭയുടെ റിപ്പോര്‍ട്ടിങ് ഗാലറിയില്‍ ഉണ്ടായിരുന്നത്. 
     1970 കള്‍ വരെ മിക്കവാറും പത്രങ്ങള്‍ക്ക് തലസ്ഥാനത്ത് ഒന്നോ രണ്ടോ ലേഖകരാണുള്ളത്. അവര്‍ തമ്മില്‍ നല്ല ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. ഒരു ലേഖകന് അത്യാവശ്യമായി തലസ്ഥാനത്തുനിന്നു മാറിനില്‍ക്കേണ്ടിവന്നാല്‍ മറ്റൊരു പത്രത്തിന്റെ ലേഖകനോട് തന്റെ പത്രത്തിനുകൂടി റിപ്പോര്‍ട്ട് കൊടുക്കണം എന്ന് ഏല്പിക്കുക സാധാരണമായിരുന്നു. ദീപികയുടെ ലേഖകനായിരുന്ന കെ.സി. സെബാസ്റ്റ്യന്‍ ഇടതുപക്ഷപത്രങ്ങളായ ദേശാഭിമാനിക്കും ജനയുഗത്തിനും വേണ്ടി നിയമസഭാവലോകനങ്ങള്‍ എഴുതിയതിനെക്കുറിച്ച് ദേശാഭിമാനിയിലെ മോഹനേട്ടന്‍ പലപ്പോഴും അനുസ്മരിച്ചിരുന്നു. മോഹനേട്ടന്‍ സെബാസ്റ്റ്യന്‍സാറിനെ ആശാന്‍ എന്നാണു വിളിച്ചിരുന്നത്. ഒരിക്കല്‍ സെബാസ്റ്റ്യന്‍സാര്‍ ഓഫീസില്‍ ഇല്ലാതിരുന്ന സമയത്ത് ജനയുഗത്തില്‍ ആള്‍ വന്ന് ദീപികയില്‍നിന്നും നിയമസഭാവലോകനം എടുത്തുകൊണ്ടുപോയി അടിച്ചുകൊടുത്തു. പിറ്റേന്ന് ജനയുഗത്തിലും സിപിഐയെ വലതുകമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്നു പരാമര്‍ശിച്ച് അവലോകനം വന്നു. സഭയില്‍വന്നപ്പോള്‍ എം.എന്‍. ഗോവിന്ദന്‍നായര്‍ സെബാസ്റ്റ്യനെ കാണാന്‍ വന്നു. 'സെബാസ്റ്റ്യന്‍, ഞങ്ങളുടെ പത്രത്തില്‍ ഞങ്ങളെക്കുറിച്ച് വലതു കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്ന് എഴുതരുതു കേട്ടോ' എന്നു പറഞ്ഞു ചിരിച്ചു, ദീപികയ്ക്കുവേണ്ടി തയ്യാറാക്കുന്ന അവലോകനത്തില്‍ അത്യാവശ്യം തിരുത്തലുകള്‍ നടത്തിയാണ് സെബാസ്റ്റ്യന്‍സാര്‍ ജനയുഗത്തിനും ദേശാഭിമാനിക്കും കൊടുത്തിരുന്നത്. അന്നു സാര്‍ അറിയാതെ എടുത്തുകൊണ്ടുപോയതാണ് പ്രശ്‌നമായത്.
നിയമസഭാംഗങ്ങളും പത്രപ്രവര്‍ത്തകരും തമ്മില്‍ വേര്‍തിരിക്കപ്പെട്ടിരുന്നത് ഒരു ചെറിയ വേലികൊണ്ടായിരുന്നു. ഇന്ന് പത്രക്കാര്‍ അംഗങ്ങളുടെ മുകളിലുള്ള നിലയിലെ ഗാലറിയിലാണ് ഇരിക്കുക. അന്നു പത്രക്കാരുടെ മുന്നിലൂടെയാണ് അംഗങ്ങള്‍ അകത്തേക്കു പോവുക. പലരും പ്രത്യേകിച്ചു പ്രതിപക്ഷക്കാര്‍ സഭയില്‍ ഉന്നയിക്കാന്‍ പറ്റിയ വിഷയങ്ങള്‍ മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചിരുന്നു. പലപ്പോഴും ഉപചോദ്യങ്ങള്‍ക്കായി പലരും പത്രപ്രവര്‍ത്തകരെ നോക്കിയിരുന്നു. ചോദ്യങ്ങള്‍ എഴുതിക്കൊടുക്കുന്നതും അസാധാരണമായിരുന്നില്ല. സഭയില്‍ പത്രപ്രവര്‍ത്തകര്‍ വെറും കാഴ്ചക്കാരാണ്. സഭയില്‍ നടക്കുന്നതെല്ലാം നിസ്സംഗതയോടെ കണ്ടിരിക്കുക, ചില ഇടതുപക്ഷപത്രക്കാര്‍ക്ക് അതു വലിയ തലവേദനയായിരുന്നു. സീനിയേഴ്‌സ് പക്ഷേ, കര്‍ക്കശമായി വില്ക്കും. നിയമസഭാറിപ്പോര്‍ട്ടിങ്ങില്‍ കന്നിക്കാരനായിരുന്ന കാലം. ഒരിക്കല്‍ ഏതോ നേതാവിനെക്കുറിച്ചുള്ള അനുസ്മരണപ്രസംഗം നടക്കുന്നു. പ്രസംഗങ്ങള്‍ക്കുശേഷം സഭ എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിച്ചു. ഞാനും അറിയാതെ എഴുന്നേറ്റു. തൊട്ടടുത്തിരുന്ന കേരള കൗമുദിയിലെ കെ.ജി. പരമേശ്വരന്‍നായര്‍ ഷര്‍ട്ടില്‍പ്പിടിച്ചു വലിച്ചിരുത്തി. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ അംഗങ്ങളോടൊപ്പം എഴുന്നേറ്റുനിന്ന പല സംഭവങ്ങളും ഉണ്ടായി. ഒന്ന്, ഇന്ദിരാജിക്ക് ആദരാഞ്ജലി അര്‍പ്പിച്ചപ്പോഴാണ്. വി.എം. സുധീരന്‍ സ്പീക്കറായിരുന്ന കാലത്ത് അന്തരിച്ച പത്രപ്രവര്‍ത്തകന്‍ കെ.സി. സെബാസ്റ്റ്യനു സഭ ആദരാഞ്ജലി അര്‍പ്പിച്ചപ്പോഴും പത്രപ്രവര്‍ത്തകര്‍ പേന താഴെവച്ച് എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിച്ചു.  സഭയില്‍ നടക്കുന്നതെല്ലാം മനസ്സര്‍പ്പിച്ചു കേട്ടും ഇമവെട്ടാതെ നോക്കിയിരുന്നും പരിപൂര്‍ണനിശ്ശബ്ദരായിരുന്നാണ് ജോലി.
    പത്രക്കാര്‍ സഭാഹാളില്‍ കയറില്ല. സഭ സമ്മേളിക്കാത്തപ്പോള്‍പോലും തങ്ങളുടെ സീറ്റിലിരുന്ന് എം.എല്‍.എ. മാരുമായി സംസാരിക്കുകയാണു പതിവ്. അല്ലെങ്കില്‍ ലോബിയില്‍വച്ച് കാണും. സഭ ബഹളംമൂലം നിര്‍ത്തിവയ്ക്കുമ്പോള്‍ അംഗങ്ങള്‍ പത്രക്കാരുടെ അടുത്തുവന്ന് സംസാരിക്കാറുണ്ട്. കൊച്ചുവര്‍ത്തമാനങ്ങളാവും കൂടുതല്‍. എന്നാല്‍, ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം, ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം എന്നിവയ്ക്കുശേഷം നിയമസഭയില്‍ പ്രതിപക്ഷനേതാവിന്റെയും കക്ഷിനേതാക്കളുടെയും ഇരിപ്പിടത്തിലെത്തി പ്രതികരണം ചോദിക്കും. പ്രസംഗം പത്രക്കാര്‍ക്ക് അവരുടെ സീറ്റില്‍ എത്തിച്ചുകിട്ടും. ബജറ്റ്‌രേഖകള്‍ ലൈബ്രറിയില്‍ ചെന്നുവാങ്ങണം.
    കേരളത്തില്‍ വ്യാപകമാകുന്ന മയക്കുമരുന്നുവിപത്തിനെക്കുറിച്ച് ഒരിക്കല്‍ സഭയുടെ ശ്രദ്ധ ക്ഷണിക്കുവാന്‍ ഉടുമ്പഞ്ചോല എം.എല്‍.എ. ആയിരുന്ന മാത്യു സ്റ്റീഫന്‍ കുറച്ചു കഞ്ചാവുപൊടിയുമായി സഭയില്‍ വന്നു. അത് ഉയര്‍ത്തിക്കാട്ടി പ്രസംഗിച്ചു. സഭയില്‍ ബഹളമായി. മാത്യു സ്റ്റീഫന്‍ സഭയില്‍ കാണിച്ച മയക്കുമരുന്ന് മേശപ്പുറത്തു വയ്ക്കണം എന്ന് പലരും ശഠിച്ചു. സ്പീക്കര്‍ ബുദ്ധിമുട്ടിലായി. മാത്യു സ്റ്റീഫന് അപകടം മനസ്സിലായി. മേശപ്പുറത്തു വയ്ക്കുന്ന പൊടി മയക്കുമരുന്നാണെങ്കില്‍ കൈവശം സൂക്ഷിക്കാന്‍ അനുവാദമില്ലാത്ത വസ്തു സൂക്ഷിച്ചതിന് ശിക്ഷവരും. ജയിലില്‍വരെ പോകേണ്ടി വരും. മാത്യു സ്റ്റീഫന്‍ പെട്ടെന്ന് പിന്‍സീറ്റിലിരുന്ന പത്രക്കാരന്‍ സുഹൃത്തിന്റെ കൈയിലേക്ക് മയക്കുമരുന്നുപൊടി കൈമാറി. എവിടെനിന്നോ പാര്‍ട്ടി എം.എല്‍.എ. മാര്‍ എത്തിച്ചുകൊടുത്ത ചോക്കുപൊടി സഭയുടെമേശപ്പുറത്തു വച്ച് രക്ഷപ്പെട്ടു.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)