വത്തിക്കാന്‍സിറ്റി: ഒക്ടോബര്‍മാസം ഇരുപതാം തീയതി തിങ്കളാഴ്ച, റോമിലെ പൊന്തിഫിക്കല്‍ പോര്‍ച്ചുഗീസ് കോളജിലെ അംഗങ്ങളുമായി ലെയോ പതിന്നാലാമന്‍ പാപ്പാ കൂടിക്കാഴ്ച നടത്തുകയും, സിനഡാത്മകതയുടെയും, കൂട്ടായ്മയുടെയും പ്രാധാന്യം എടുത്തു പറയുകയും ചെയ്തു.
പോര്‍ച്ചുഗലിലെ വിവിധ രൂപതകളില്‍നിന്നുള്ള വൈദികര്‍ക്ക്, റോമില്‍ ഉപരിപഠനം നടത്താനുള്ള സൗകര്യാര്‍ഥം 125 വര്‍ഷങ്ങള്‍ക്കു മുന്‍പ് ലെയോ പതിമ്മൂന്നാമന്‍ പാപ്പാ സ്ഥാപിച്ച, പൊന്തിഫിക്കല്‍ പോര്‍ച്ചുഗീസ് കോളജിലെ അംഗങ്ങളുമായി ലെയോ പതിന്നാലാമന്‍ പാപ്പാ കൂടിക്കാഴ്ച നടത്തി. തദവസരത്തില്‍, ഈ കോളജിന്റെ സ്ഥാപനോദ്ദേശ്യം ഒന്ന് മാത്രമാണെന്നും, അത് സുവിശേഷം പ്രസംഗിക്കുക എന്നതാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
മനുഷ്യന്റെ പുരോഗതിക്കും, ദൈവത്തിന്റെ മഹത്വത്തിനുംവേണ്ടി, സിനഡാത്മകകൂട്ടായ്മ വളര്‍ത്തുന്നതിനാണ് ഇന്ന് സഭാസമൂഹം വിളിക്കപ്പെട്ടിരിക്കുന്നതെന്നും, അതിനാല്‍ പരസ്പരം ശ്രവിക്കുന്നതിനും, മറ്റുള്ളവരിലുള്ള പരിശുദ്ധാത്മപ്രചോദനത്തെ ബഹുമാനിക്കുന്നതിനും, കാലത്തിന്റെ അടയാളങ്ങളെ തിരിച്ചറിയുന്നതിനും, അപ്രകാരം ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിനായി പരസ്പരം കൂട്ടായ്മയില്‍ വര്‍ത്തിക്കുന്നതിനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
സഭയുടെ സാര്‍വത്രികതയും, ദൈവികകരുണയും മനസിലാക്കുന്നതിനാണ്, 1900 ജൂബിലി വര്‍ഷത്തില്‍ ഈ കോളജ് സ്ഥാപിച്ചതെന്നും പാപ്പാ എടുത്തു പറഞ്ഞു. സംസ്‌കാരങ്ങളുടെ സൗന്ദര്യം പങ്കുവയ്ക്കുന്നതിലൂടെയും, പ്രാദേശികസഭകളുടെ സമൃദ്ധിക്കും, അജപാലനാനുഭവത്തിനും സാക്ഷ്യം വഹിക്കുന്നതിലൂടെയും, റോമില്‍ സഭയുടെ സാര്‍വത്രികതയെക്കുറിച്ചുള്ള ഏവരുടെയും ധാരണ വര്‍ധിക്കുന്നുവെന്നു പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാണിച്ചു.
ക്രിസ്തുവിന്റെ ഹൃദയത്തില്‍നിന്ന് ഒഴുകുന്ന കരുണയുടെ ദാനത്തെക്കുറിച്ച് കൂടുതല്‍ തീവ്രമായ അവബോധം നേടാനുള്ള അവസരമാണ് ജൂബിലിവര്‍ഷങ്ങള്‍ എന്ന് ഓര്‍മപ്പെടുത്തിയ പാപ്പാ, കര്‍ത്താവിന്റെ കരുണയാര്‍ന്ന ഹൃദയത്തില്‍ ഏവരെയും പ്രതിഷ്ഠിക്കാനും ആഹ്വാനം ചെയ്തു. യേശുവിന്റെ തിരുഹൃദയത്തിനു സമര്‍പ്പിക്കപ്പെട്ട ഒരു ഭവനം എന്ന നിലയില്‍, യേശുവിനെപ്പോലെ ഒരു ഹൃദയത്തിന്റെ ആവശ്യകത ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
സമര്‍പ്പിതര്‍ക്കിടയില്‍, ഒരു ഗാര്‍ഹികമായ അനുഭവം വളര്‍ത്തിയെടുക്കണമെന്നും, രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദന്മാര്‍ക്ക് അഭയം കൊടുക്കാനും ഈ കോളജിനു സാധിച്ചിട്ടുള്ളതിനാല്‍, ദൈനംദിന സാഹോദര്യം കെട്ടിപ്പടുക്കുക എന്നത് അംഗങ്ങളുടെ പാരമ്പര്യവും ഉത്തരവാദിത്തവുമാണെന്നും പാപ്പാ ഓര്‍മപ്പെടുത്തി.
*
