പാലാ: കത്തോലിക്കാകോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിഷയങ്ങള്‍ 50 ലക്ഷം വരുന്ന സീറോ മലബാര്‍ സമുദായത്തിന്റെ പ്രശ്‌നങ്ങളാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സമുദായത്തോടു രാഷ്ട്രീയകക്ഷികള്‍ കാണിക്കുന്ന അവഗണന തിരിച്ചറിയാനുള്ള സാമാന്യബോധം ക്രൈസ്തവര്‍ക്കുണ്ട്. ക്രൈസ്തവസമുദായത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അവഗണിക്കുന്നവരെ തിരഞ്ഞെടുപ്പുകളില്‍ സമുദായവും അവഗണിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശസംരക്ഷണയാത്രയ്ക്കു പാലായില്‍ നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായത്തോടും സമൂഹത്തോടും രാഷ്ട്രീയകക്ഷികള്‍ കാണിക്കുന്ന അനീതി തിരിച്ചറിയാനും പ്രതികരിക്കാനും കത്തോലിക്കാസഭയ്ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അവഗണനയ്ക്കു മറുപടി നല്‍കാനുള്ള ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാണ് അടുത്തുവരുന്നത്. ഒരു രാഷ്ട്രീയകക്ഷിക്കും വോട്ടു ചെയ്യണമെന്നു പറഞ്ഞ് സമ്മര്‍ദം ചെലുത്തുന്ന പതിവ് സഭയ്ക്കില്ല. തങ്ങളുടെ ആവശ്യങ്ങളെ പരിഗണിക്കാത്ത രാഷ്ട്രീയപാര്‍ട്ടികളെ തിരിച്ചറിയാനുള്ള ബുദ്ധി കത്തോലിക്കര്‍ക്ക് ഉണ്ടെന്ന് മാര്‍ റാഫേല്‍ പറഞ്ഞു.
കത്തോലിക്കാകോണ്‍ഗ്രസിന്റെ നിലപാടിനൊപ്പം സഭ നില്‍ക്കും എന്ന് ഉറപ്പുനല്‍കുന്നു. അനാവശ്യകാര്യങ്ങളും അനീതികളും നമ്മള്‍ ചോദിക്കുന്നില്ല. ന്യായമായ അവകാശങ്ങളാണ് ചോദിക്കുന്നത്. ഇന്നു യുവാക്കള്‍ നാടുവിട്ടുപോകുന്നു. സര്‍ക്കാര്‍ ജോലികളില്‍ സംവരണമില്ല. നിരവധി അധ്യാപകര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ക്രൈസ്തവര്‍ വിവിധ മേഖലകളില്‍നിന്നു തുടച്ചുമാറ്റപ്പെടും. അതിനാല്‍ രാഷ്ട്രീയമായി ബലപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 13 ന് കാസര്‍കോടുനിന്നാരംഭിച്ച ജാഥ വിവിധ രൂപതകളിലൂടെ കടന്ന് 21 നു പാലായിലെത്തി. അരുവിത്തുറ, രാമപുരം ഫൊറോനകളിലെ സ്വീകരണം ഏറ്റുവാങ്ങിയ പര്യടനം പാലാ കുരിശുപള്ളിക്കവലയില്‍ സമാപിച്ചു.
കുരിശുപള്ളിക്കവലയില്‍ നടന്ന സമ്മേളനത്തില്‍ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. ഫിലിപ്പ് കവിയില്‍, പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജോസ് കാക്കല്ലില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ജോസ് വട്ടുകുളം, ആന്‍സമ്മ സാബു, ജേക്കബ് മുണ്ടയ്ക്കല്‍, ജോയി കണിപറമ്പില്‍, രാജേഷ് പാറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
*
