മേടസൂര്യന്‍ പടിഞ്ഞാറേമേടയില്‍ അന്തിയുറക്കം തൂങ്ങിത്തുടങ്ങി.
വീടിന്റെ ഉമ്മറത്തെ വെട്ടത്തില്‍ പതിവില്ലാതെ പത്തു മക്കളും ഒരുമിച്ചിരുന്നു.
അടുത്തും അകലെയുംനിന്നുമൊക്കെയായി എത്തിച്ചേര്‍ന്ന അവര്‍ അച്ഛന്റെ മരണശേഷം ആദ്യമായാണ് ഇങ്ങനെ ഒത്തുകൂടുന്നത്. എല്ലാവര്‍ക്കും തിരക്കാണ്.
രാത്രി വൈകിയാണെങ്കിലും തിരിച്ചുപോകണം. അതുകൊണ്ട് എത്രയും പെട്ടെന്ന് കാര്യങ്ങള്‍ പറഞ്ഞു തീരുമാനിക്കണം, പിരിയണം.
''അമ്മ എന്റേമാത്രമല്ല, പത്തുപേരുടെയുംകൂടിയാ.'' പത്താമന്‍തന്നെ സംസാരത്തിനു തുടക്കമിട്ടു.
''നോക്കാനും ശുശ്രൂഷിക്കാനുമുള്ള ബാധ്യതയുടെ വീതം എല്ലാര്‍ക്കുമുണ്ട്.
ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. നാളിന്നോളം ഏറ്റവും ഇളയവനെന്ന നിലയില്‍ ഞാന്‍ പരിചരിച്ചു.
ഞാനും മനുഷ്യനാ. പിള്ളേരും ഭാര്യയുമുണ്ട്.
അവളുടെ തുച്ഛമായ ശമ്പളംകൊണ്ടാ കുടുംബം കഴിയുന്നത്.''
''ഉണ്ടായിരുന്ന ജോലി തത്കാലം വേണ്ടെന്നുവച്ചിട്ടാ അമ്മയെ നോക്കി ഇവിടെ നില്ക്കുന്നത്. വളരെ കഷ്ടത്തിലാ. അതുകൊണ്ട് ഓരോരുത്തരും മാറിമാറി അമ്മയെ വീടുകളില്‍ കൊണ്ടുപോയി ശുശ്രൂഷിക്കുക. എനിക്കിത്രയേ പറയാനുള്ളൂ.''
''കാര്യം നീ പറഞ്ഞതൊക്കെ ശരിയാ.''
തല മൂത്ത ഒന്നാമന്‍ ബാക്കി പറയാന്‍ തുടങ്ങി:
''എന്നാലും, ഞാനെങ്ങനെ അമ്മയെ കൊണ്ടുപോയി നോക്കാനാ. നിങ്ങള്‍ക്കറിയാല്ലോ,
മക്കള്‍ മൂന്നാളും വിദേശത്ത്. വീട്ടില്‍ ഞാനും അവളുംമാത്രം. അവള്‍ക്കാണെങ്കില്‍ വാതത്തിന്റെ അസുഖവും. വീട്ടുജോലികളെല്ലാം ഞാന്‍ തന്നെയാ ചെയ്യുന്നത്. അതിന്റെ കൂടെ വയസ്സായ അമ്മയുംകൂടിയുണ്ടായാലുള്ള സ്ഥിതി എന്തായിരിക്കും?''
''അങ്ങനെ ചേട്ടന്‍ നൈസായി കൈ കഴുകി.'' രണ്ടാമന്‍ ഏറ്റുപിടിച്ചു:
''ഞാന്‍ കുറച്ചുനാളത്തേക്ക് അമ്മയെ എന്റെ വീട്ടില്‍ കൊണ്ടുപോയതാണല്ലോ. പക്ഷേ, എന്റെ ഭാര്യയ്ക്ക് അമ്മായിയമ്മശുശ്രൂഷ അത്ര താത്പര്യമില്ലാത്ത മട്ടാ. മോളുടെ കല്യാണം കഴിഞ്ഞതോടെ അവരുടെകൂടെ ലണ്ടനില്‍ പോയി താമസിക്കണമെന്നാ അവളുടെ വാശി. അതിനെന്നെ നിര്‍ബ്ബന്ധിച്ചുകൊണ്ടുള്ള വഴക്കാ എന്നും.''
''അധികം താമസിയാതെ ഞങ്ങള്‍ അങ്ങോട്ടുപോകും. അപ്പോള്‍പ്പിന്നെ അമ്മയെ ഞാനെങ്ങനെ കൊണ്ടുപോകാനാ?''
''എല്ലാര്‍ക്കും അവരവരുടെ ന്യായങ്ങളുണ്ട്'' മൂന്നാമത്തവള്‍ ശേഷം ഏറ്റെടുത്തു:
''അമ്മയെ കൊണ്ടുപോയി കുറച്ചുനാള്‍ നോക്കണമെന്ന് എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല.
പക്ഷേ, വീട്ടിലെ സാഹചര്യം അതിനു ചേര്‍ന്നതല്ല. ഭര്‍ത്താവിന്റെ പെട്ടെന്നുള്ള മരണത്തിനുശേഷം കുടുംബഭാരം മുഴുവന്‍ എന്റെ തലേലായി. നഴ്‌സിങ്ങിനു പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളുണ്ട്. അവരുടെ ചെലവുകള്‍ക്കായി നല്ലൊരു തുക മാസാമാസം വേണം.''
''ഒരു ചെറിയ ജോലിയുള്ളതുകൊണ്ടാ അക്കാര്യങ്ങളൊക്കെ ഒരുവിധം ഞാന്‍ നടത്തിക്കൊണ്ടുപോകുന്നത്. അമ്മയെ കൊണ്ടുപോയി വീട്ടില്‍ നിര്‍ത്തിയാല്‍
ജോലിക്കു പോക്ക് നില്ക്കും. അതോടെ കുടുംബത്തിന്റെ കാര്യം കട്ടപ്പൊകയാകും. ഞാനെന്താ ചെയ്ക?''
നേരം ഇരുളുകയാണ്. സംസാരം നീളുകയും. അയല്‍വീടുകളിലെ വിളക്കുകള്‍ ഓരോന്നായി അണഞ്ഞുതുടങ്ങി.
''അമ്മയെ കുറച്ചുകാലം വീട്ടില്‍ നിര്‍ത്തി പരിചരിക്കണമെന്ന് എനിക്കും മോഹമുണ്ട്'' നാലാമത്തവള്‍ കേറിപ്പിടിച്ചു:
''പക്ഷേ, ചേച്ചിക്കുള്ളതുപോലെയുള്ള ചില ബുദ്ധിമുട്ടുകള്‍ എനിക്കുമുണ്ട്.
എന്റെ ഭര്‍ത്താവാണെങ്കില്‍ ഒരു മുഴുക്കുടിയനാ. വീട്ടിലെന്നും അടിയും ചീത്തവിളിയുമാ.
ഒരു സൈ്വരവുമില്ല. സ്വസ്ഥതയില്ലായ്മ കാരണം രണ്ടാണ്‍മക്കളുള്ളത് വല്ലപ്പോഴുമേ വീട്ടില്‍ വരാറുള്ളൂ. അങ്ങനെയുള്ള ഒരിടത്തേക്ക് ഞാനെങ്ങനെയാ അമ്മയെ കൊണ്ടുപോകുന്നത്,
നിങ്ങള്‍ പറ.''
''ഇനിയിപ്പം എനിക്കു പറയാനുള്ളത് കേള്‍ക്കുക.'' അഞ്ചാമന്റെ ഊഴമായി:
''എന്റെകൂടെ കുറേക്കാലം അമ്മയെ കൊണ്ടുപോകാമെന്നു വിചാരിച്ചാല്‍, ബാംഗ്ലൂരിലെ കാലാവസ്ഥയും നഗരജീവിതവുമൊന്നും അമ്മയ്ക്കു പിടിക്കില്ല. ഒരു പ്രാവശ്യം കൊണ്ടുപോയിട്ടുതന്നെ മൂന്നാംപക്കം അമ്മയുടെ നിര്‍ബന്ധംമൂലം തിരിച്ചുകൊണ്ടുവന്നില്ലേ? ഞാനെന്തു ചെയ്യാനാ?''
''ഓ, അങ്ങനെയുള്ള മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് ചേട്ടന് ഒഴിയാന്‍പറ്റുവോ?
എങ്ങനെയെങ്കിലും അമ്മയെ പറഞ്ഞുസമ്മതിപ്പിച്ച് കൂടെ നിര്‍ത്തണം. അല്ലാതെ, അടുത്ത വണ്ടിക്ക് തിരിച്ചുകൊണ്ടുവരികയല്ല ചെയ്യേണ്ടത്.''
ആറാമന്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ അഞ്ചാമന്റെ സ്വരം മാറി:
''എന്നാല്‍ നീ കൊണ്ടുപോയി നോക്കെടാ'', ചര്‍ച്ചയ്ക്കു ചൂടുകൂടുന്നപോലെ പലര്‍ക്കും തോന്നി.
ആറാമന്‍ തുടര്‍ന്നു:
''അമ്മയെ കുറച്ചുനാള്‍ പരിചരിക്കണമെന്ന് എനിക്ക് ഒത്തിരിയാഗ്രഹമുണ്ട്. പക്ഷേ, എനിക്കിന്നും സ്വന്തമായൊരു വീടില്ല. ചെറിയൊരു വാടകവീട്ടിലാണ് ഞങ്ങള്‍ കഴിഞ്ഞുകൂടുന്നത്.
അധികംവൈകാതെ അവിടെനിന്നും മാറിപ്പോകണം. മറ്റൊരിടം കണ്ടെത്തണം.
ഇങ്ങനെ നാടോടിയായി നടക്കുന്ന ഞാന്‍ എങ്ങനെ അമ്മയെ കൂടെക്കൂട്ടും? നിങ്ങളെല്ലാരുംകൂടി ഒരു വീട് വയ്ക്കാന്‍ എന്നെ സഹായിക്ക്. അല്ലാ പിന്നെ.''
''അതേയ്, കിട്ടുന്ന കാശിനു കള്ളും കുടിച്ച് തോന്ന്യാസം നടക്കുമ്പോള്‍ ചിന്തിക്കണം കിടക്കാന്‍ സ്വന്തമായൊരിടം വേണമെന്ന്. മറ്റുള്ളവരെ പഴിച്ചിട്ടു കാര്യമില്ല.'' ഏഴാമത്തവള്‍ ഇടയ്ക്കു കയറി.
''എന്നെ കെട്ടിച്ചിടത്തേക്ക് അമ്മയെ കൊണ്ടുപോയി ശുശ്രൂഷിക്കാനുള്ള സ്ഥിതിയല്ല അവിടെയുള്ളത്. കെട്ടിക്കേറിച്ചെന്നപ്പോള്‍ കാതിലും കഴുത്തിലും കാര്യമായിട്ടൊന്നും ഇല്ലായിരുന്നു എന്ന കാരണം പറഞ്ഞ് കെട്ടിയോനും വീട്ടുകാരും എപ്പോഴും കലഹമാ.''
''മക്കളില്‍ മൂത്തവള്‍ക്കാണെങ്കില്‍ ആശുപത്രീന്നിറങ്ങാന്‍ നേരമില്ല.
ഈ കോലാഹലങ്ങള്‍ക്കിടയില്‍ അമ്മയെ ഞാനെങ്ങനെ കൂടെ നിര്‍ത്തും?''
ഇരുട്ടിനു കറുപ്പ് കൂടിവന്നു.
വയസ്സായ അമ്മയെന്ന ഭാരം എങ്ങനെയും ഒഴിവാക്കാനുള്ള തത്രപ്പാടില്‍ മക്കള്‍
പൈദാഹങ്ങളൊക്കെ മറന്നപോലെ!
''എന്റെ അവസ്ഥയെപ്പറ്റി ഞാന്‍ പറയാതെതന്നെ എല്ലാര്‍ക്കുമറിയാല്ലോ.'' എട്ടാമന്റെ ഊഴമാണ്:
''കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി തളര്‍ന്നുകിടക്കുന്ന എന്റെ ഭാര്യയെ ശുശ്രൂഷിച്ചുപോരുന്നത് ഞാനാണ്. ആകെയുള്ള മകള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ പറ, ഞാനെങ്ങനെ അമ്മയെയുംകൂടി നോക്കും?''
എല്ലാര്‍ക്കും ഒടുവിലായി ഒമ്പതാമന്‍ പറഞ്ഞുതുടങ്ങി:
''കാര്യം പഠിപ്പും വിദ്യാഭ്യാസവുമൊക്കെയുണ്ടെങ്കിലും ഇന്നും ഒരു കല്യാണം കഴിക്കാന്‍ കഴിയാതെ നില്ക്കുന്ന ഞാന്‍ ചെറിയൊരു ജോലിയുമായി പട്ടണത്തില്‍ ഒറ്റയ്ക്കിങ്ങനെ
കഴിയുവാ. അമ്മയുടെ ചെലവിനായി മാസവരുമാനത്തിന്റെ ഒരുവീതം മുടങ്ങാതെ അയച്ചുകൊടുക്കുന്നുണ്ട്.''
''വല്ലപ്പോഴുമൊക്കെ ഇവിടെവന്ന് ഒന്നുരണ്ടു ദിവസം നില്ക്കാറുമുണ്ട്. അതില്‍ കൂടുതല്‍ ഞാനെന്തുചെയ്യാനാ?''
പത്താളും പറഞ്ഞുനിര്‍ത്തി. അവശയായ അമ്മയെന്ന ബാധ്യതയുടെ വീതം ഔദാര്യപൂര്‍വം വേണ്ടെന്നുവച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ അവര്‍ പരസ്പരം നോക്കിയിരുന്നു.
അവരുടെ മൗനത്തിന് പുറത്തെ ഇരുളിനേക്കാള്‍ കറുപ്പുണ്ടായിരുന്നു.
ചുവരിലെ ഘടികാരം പത്തു തവണ ശബ്ദിച്ചു.
വിയര്‍പ്പിന്റെ ഗന്ധമുള്ളആ രാത്രിയില്‍ തെക്കേ മുറിയിലെ മരക്കട്ടിലില്‍ രോഗിണിയായ അമ്മ തനിച്ച് തണുത്തുറങ്ങി.
തുറന്നിട്ട ജനലിനോടുചേര്‍ന്നുള്ള മേശപ്പുറത്ത് നേരം തെറ്റാതെ അമ്മയ്ക്ക് എടുത്തുകൊടുക്കേണ്ട മരുന്നുകളുടെ പാത്രം തുറക്കാതെ കിടന്നു.
പത്തു പെറ്റതിനുള്ള ആദരവായി കിട്ടിയ പൊന്നാട അടുത്തുള്ള അയയില്‍ അനാഥമായി തൂങ്ങിക്കിടന്നു.
ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
