•  11 Sep 2025
  •  ദീപം 58
  •  നാളം 27
ലേഖനം

വാബി സാബി അഥവാ ജീവിതത്തിന്റെ കാവ്യഭംഗി

വാബി സാബി അഥവാ ജീവിതത്തിന്റെ കാവ്യഭംഗി
സാരാംശത്തിലേക്കു സാവധാനം പോയാലും മതി,
എന്നാല്‍ അതിലെ കവിത നീക്കം ചെയ്യരുത്.
- ലിയോനോര്‍ഡ് കോറന്‍ 

    ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടമാക്കിയാല്‍ എന്തു പ്രയോജനം?  എന്നത് വേദപുസ്തകത്തിലെ വലിയ ചോദ്യങ്ങളില്‍ ഒന്നാണ്. കാലമെത്ര കഴിഞ്ഞാലും കൊടുങ്കാറ്റുപോലെ അലയടിച്ചുകൊണ്ടിരിക്കുന്ന ഒന്ന്. ടോള്‍സ്റ്റോയിയുടെ കഥയിലെ ആര്‍ത്തിപൂണ്ട മനുഷ്യനെക്കണക്ക് നില്ക്കാത്ത ഓട്ടമോടി ഒടുവില്‍ ആറടി മണ്ണില്‍ ഒടുങ്ങുന്നു ആദികാലം മുതല്‌ക്കേ അനേകമനുഷ്യര്‍. ഈ ഓട്ടപ്പാച്ചിലല്ല ജീവിതം എന്നു പഠിപ്പിക്കുകയാണ് ജാപ്പനീസ് തത്ത്വചിന്തയായ വാബി സാബി. എത്ര കുതിച്ചാലും പിന്നെയുമുണ്ടാകും അനേകകാതങ്ങള്‍.     പൂര്‍ണത ഒരു മിഥ്യാസങ്കല്പം മാത്രം. അതിനാല്‍ അപൂര്‍ണതയുടെ ജ്ഞാനത്തെ സ്വീകരിക്കുക. ജീവിതത്തെ അതിന്റെ കുറവുകളോടുകൂടിത്തന്നെ ആശ്ലേഷിക്കുക. നിരന്തരം അവനവനെത്തന്നെ പുതുക്കിക്കൊണ്ടേയിരിക്കുക. ഇതാണ് വാബി സാബി പറയുന്നത്. നബൂവോ സുസുക്കി എഴുതിയ 'വാബി സാബി'ക്ക് ആമുഖപഠനം തയ്യാറാക്കിയിരിക്കുന്നത് ലോകപ്രശസ്തമായ 'ഇക്കിഗായ്: ആഹ്ലാദകരമായ ദീര്‍ഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം' എന്ന ഗ്രന്ഥത്തിന്റെ രചയിതാക്കളില്‍ ഒരാളായ ഹെക്തര്‍ ഗാര്‍സിയയാണ്.
ഗ്രാമീണമായ  ലാളിത്യം, മറഞ്ഞിരിക്കുന്ന ചാരുത, പുതുമ, ശാന്തത, അപൂര്‍ണതയുടെ മനോഹാരിത എന്നെല്ലാമാണ് വാബി എന്ന വാക്കിന്റെ അര്‍ഥം. പക്വത വന്ന അഥവാ പ്രായമായ സൗന്ദര്യവും ശാന്തതയും,  അപൂര്‍ണതയെ ശ്ലാഘിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം എന്നിങ്ങനെ സാബി എന്ന വാക്കിനും അര്‍ഥം വരുന്നു. ഇരുവാക്കിന്റെയും വേരുകള്‍ സെന്‍ബുദ്ധിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരന്തരപരിണാമിയായ ഈ പ്രപഞ്ചത്തില്‍ ഒന്നിനെയും ഒരു വേളപോലും നിശ്ചലമാക്കി നിര്‍ത്താന്‍ നമുക്കാവില്ല എന്നും വാബി സാബി ഓര്‍മിപ്പിക്കുന്നുണ്ട്. ഒരാള്‍ക്കും ഒരു നദിയിലേക്ക് രണ്ടുതവണ കാലുകുത്താനാവില്ല. നദി മാത്രമല്ല നാടും നഗരവും നമ്മളും നമുക്കു ചുറ്റുമുള്ളതും എല്ലാം അശ്രാന്തമായി ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഈ ഒഴുക്കിലാണ് ജീവിതത്തിന്റെ സംഗീതം. കെട്ടിക്കിടക്കുന്ന ജലം  മലിനജലമായിത്തീരുന്നതുപോലെ ഒഴുക്കു നിലച്ചാല്‍ ജീവിതവും മലിനവും അസുന്ദരവുമാകും. 'ഞാന്‍ എല്ലായ്‌പോഴും വീണ്ടും തുടങ്ങുന്നു' എന്ന് ബുദ്ധന്‍. ഇങ്ങനെ വീണ്ടും തുടങ്ങാനുള്ള മനോഭാവമാണ്, നിരന്തരമുള്ള സ്വയംപുതുക്കലാണ് ജീവിതത്തെ ജീവസ്സുറ്റതാക്കുന്നത്.
വാബി സാബിയുടെ തത്ത്വങ്ങള്‍ ജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കാന്‍ സഹായകമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഗ്രന്ഥകാരന്‍ നല്‍കുന്നുണ്ട്.
* ദിവസം പുരോഗമിക്കുന്നതിനൊപ്പം നിങ്ങള്‍ക്കു തോന്നുന്നതെന്തും ചെയ്യുക.
*നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആരുടെയെങ്കിലും ഒപ്പം (അത് നിങ്ങള്‍തന്നെയാവാം) ധാരാളം പച്ചപ്പുള്ള സ്ഥലങ്ങളില്‍ കുറച്ചുനേരം ചുറ്റിനടക്കുക.
*കണ്ണുകളടച്ച് നിങ്ങളുടെ ശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
കൂടുതല്‍ മനോനിറവോടെ ജീവിക്കാന്‍, പ്രകൃതിയുടെ ജൈവികമായ താളലയങ്ങള്‍ക്കനുസൃതം ജീവിതത്തെ ക്രമപ്പെടുത്താന്‍ ഈ വാബി സാബി സൂത്രങ്ങള്‍ സഹായിക്കുന്നു. വിജ്ഞാനവിസ്‌ഫോടനത്തിന്റെ കാലത്ത് ആത്മജ്ഞാനത്തിലേക്കുള്ള വഴികളാണ് വാബി സാബി ചൂണ്ടിക്കാട്ടുന്നത്. അതാവട്ടെ ഭൗതികതയ്ക്കപ്പുറം മനുഷ്യന്റെ നിലനില്പിന് അനിവാര്യമായതും.
അനശ്വരതയുടെയും പൂര്‍ണതയുടെയും മഹത്ത്വത്തിന്റെയുമല്ല; മറിച്ച്, നശ്വരതയുടെയും അപൂര്‍ണതയുടെയും       എളിമയുടെയുമാണ് വാബി സാബി പകരുന്ന ജീവിതപാഠങ്ങള്‍. അത്    ആവശ്യത്തിലധികം കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചു കുഴപ്പത്തില്‍ ചെന്നുചാടുന്നില്ല, പിന്നെയോ എന്താണോ യാഥാര്‍ഥ്യം അതിനെ  സത്യസന്ധമായി ഉള്‍ക്കൊള്ളുന്നു. വാബി സാബി ഭൂതകാലത്തിന്റെയോ ഭാവികാലത്തിന്റെയോ തത്ത്വശാസ്ത്രമല്ല, അത് ഇവിടെ ഇപ്പോള്‍ ഉള്ളതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വാബി സാബി താരതമ്യത്തിന്റെ ഫലശൂന്യത തിരിച്ചറിയുന്നു. നമ്മുടെ സഹജമായ സ്വഭാവം, നമ്മള്‍ ജനിച്ച കുടുംബം, ജീവിതത്തിലുടനീളമുള്ള നമ്മുടെ അനുഭവങ്ങള്‍ എന്നിവയാല്‍ നിര്‍മിതമാണ് നമ്മള്‍ വസിക്കുന്ന ലോകം. ആ ലോകത്തിരുന്ന് അപരന്റെ ലോകത്തെ വിധിക്കാന്‍ ആവില്ലെന്ന് വാബി സാബി ഓര്‍മിപ്പിക്കുന്നുണ്ട്. മനുഷ്യരൊക്കെയും അപൂര്‍ണരാണ്.    ഏതെങ്കിലുംവിധത്തില്‍ കുറ്റങ്ങളും കുറവുകളുമുള്ളവരാണ്. ഈ കുറ്റങ്ങളോടും കുറവുകളോടുംകൂടിത്തന്നെ     നിങ്ങള്‍ക്ക് ആകാന്‍ സാധിക്കുന്ന ഏറ്റവും മികച്ച അപൂര്‍ണവ്യക്തിയാവുക എന്നാണ് വാബി സാബി പറയുന്നത്.
അപൂര്‍ണതയെ എന്നപോലെതന്നെ അനശ്ചിതത്വത്തെയും ജീവിതത്തിന്റെ ഭംഗിയായാണ് വാബി സാബി കാണുന്നത്. അനിശ്ചിതത്വമാണ് ജീവിതത്തെ ചലനാത്മകമാക്കുന്നത്, ആവേശപൂര്‍ണമാക്കി മാറ്റുന്നത്. അവസാനദിനംവരെ എന്തു സംഭവിക്കും എന്നു നേരത്തേ അറിഞ്ഞുവെന്നാല്‍ ജീവിതോത്സാഹം കെട്ടുപോകും. ജീവിതത്തിന്റെ ചലനവേഗം നിലയ്ക്കും.
വാബി സാബിയില്‍ ജീവിക്കാനാഗ്രഹിക്കുന്ന ഒരാള്‍ ജലംപോലെയായിരിക്കണം എന്നും ഗ്രന്ഥകാരന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. മുന്‍വിധികളും മുന്‍കൂട്ടി ശേഖരിച്ചുവച്ച ആശയങ്ങളും തകര്‍ക്കുക.
ഒരു അനുമാനങ്ങളും ഉണ്ടാകാതിരിക്കുക. സുതാര്യമായി വര്‍ത്തിക്കുക. ഇല്ലാത്തതൊന്നും ഉണ്ടെന്നു നടിക്കാതിരിക്കുക. നദിയുടെ ഒഴുക്കിനൊത്ത് ഒഴുകുന്ന ഇലയെപ്പോലെ അവനവന്റെ അന്തര്‍ജ്ഞാനത്തെ പിന്തുടരുക. അപ്പോള്‍ ജീവിതം സ്വാഭാവികസൗന്ദര്യമെന്തെന്നു തിരിച്ചറിയും. യഥാര്‍ഥ ജ്ഞാനത്തിലേക്കുള്ള പാത     കണ്ടെത്തുകയും ചെയ്യും.
'ജീവിതം യഥാര്‍ഥത്തില്‍ ലളിതമാണ്. എന്നാല്‍, നമ്മുടെ പ്രവൃത്തികള്‍ അതിനെ സങ്കീര്‍ണമാക്കിത്തീ        ര്‍ക്കുന്നു' എന്നു പറഞ്ഞത് കണ്‍ഫ്യൂഷ്യസാണ്. ഇതുതന്നെയാണ് മറ്റൊരുതരത്തില്‍ വാബി സാബിയും പറയാന്‍ ശ്രമിക്കുന്നത്. ലാളിത്യത്തിന്റെ സൗന്ദര്യവും അപൂര്‍ണതയുടെ അഴകും നശ്വരമായതിന്റെ സാധ്യതകളും ഈ തത്ത്വശാസ്ത്രം പറഞ്ഞുവയ്ക്കുന്നു. നിമിഷനേരംപോലും നില്‍ക്കാതെ നിരന്തരമായി പാഞ്ഞുകൊണ്ടിരിക്കുകയും എന്നിട്ടും എവിടെയും എത്തിച്ചേരാനാവാതെ പോവുകയും എവിടെയാണ് തെറ്റുപറ്റിയതെന്നറിയാതെ ഇരുട്ടില്‍ തപ്പുകയും ചെയ്യുന്ന അത്യാധുനികമനുഷ്യന്റെ ആത്മശാന്തിക്കുള്ള സിദ്ധൗഷധമാണ് വാബി സാബി. ആശയത്തിന്റെ ആഴവും സാരസത്തയും ചോര്‍ന്നുപോകാതെ ഈ കൃതി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിരിക്കുന്നത് നിതാന്ത് എല്‍ രാജാണ്. പ്രസിദ്ധീകരണം മഞ്ജുള്‍ പബ്ലിഷിങ് ഹൗസ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)