•  11 Sep 2025
  •  ദീപം 58
  •  നാളം 27
ലേഖനം

വാര്‍ധക്യം വിരുന്നു വിളിക്കുമ്പോള്‍

   സര്‍വീസില്‍നിന്നു വിരമിച്ച പൊലീസ് കമ്മീഷണര്‍ക്ക് നടക്കാന്‍ പോകുമ്പോഴോ, പാര്‍ക്കില്‍ സമയം ചെലവഴിക്കുമ്പോഴോ കൂട്ടിനാരുമുണ്ടായിരുന്നില്ല. തനിക്കൊപ്പമിരിക്കാന്‍, കൂടെ നടക്കാന്‍ യോഗ്യതയുള്ളവര്‍ ആരാണുള്ളത് എന്ന ഗര്‍വില്‍ കൂട്ടുകാരെ സംഘടിപ്പിക്കുവാന്‍ താത്പര്യവുമുണ്ടായിരുന്നില്ല. ഏകനായി, ശൂന്യാകാശത്തേക്കു കണ്ണുംനട്ടിരിക്കുന്ന, ആള്‍ക്കൂട്ടത്തിനുനടുവില്‍ ഏകനായി ഇരിക്കുന്ന ആ പൊലീസ് ഓഫീസറുടെ അടുത്തേക്ക് ഒരുദിനം ഒരാള്‍ കടന്നുവന്നു: അങ്ങാരാണ്? കുറച്ചുദിവസങ്ങളായി ഇവിടെ കാണുന്നുണ്ടല്ലോ? അപരിചിതനെ തെല്ലു പുച്ഛത്തോടെ നോക്കി അയാള്‍ പറഞ്ഞു: ഞാന്‍ റിട്ടയേര്‍ഡ് പൊലീസ് കമ്മീഷണര്‍, ദീര്‍ഘകാലം സര്‍വീസിലായിരുന്നു; എനിക്കു സംസ്ഥാനഗവണ്‍മെന്റിന്റെ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും... തന്നെപ്പറ്റിയും തന്റെ നേട്ടങ്ങളെപ്പറ്റിയും ഏറെ വര്‍ണിച്ചുപറഞ്ഞെങ്കിലും അപരിചിതന്‍ ആരാണെന്നുപോലും ചോദിക്കുവാന്‍ കമ്മീഷണര്‍ മിനക്കെട്ടില്ല. 
പാര്‍ക്കിലെ നിറഞ്ഞ ആള്‍ക്കൂട്ടത്തെയും സന്തോഷാരാവങ്ങളെയും നോക്കി അപരിചിതന്‍ കമ്മീഷണറോടായി പറഞ്ഞു: നോക്കൂ നമ്മുടെ തൊട്ടപ്പുറത്തെ ബഞ്ചിലിരിക്കുന്നത് ആരാണെന്നറിയുമോ? ഐ.എസ്.ആര്‍.ഒ. യുടെ തലപ്പത്തിരുന്ന ആള്‍. ചുറ്റുമിരിക്കുന്നത് അന്വേഷണകുതുകികളായ ശാസ്ത്രവിദ്യാര്‍ഥികളാണ്. ആ കോണിലെ ബഞ്ചിലിരിക്കുന്ന ആളെ അറിയുമോ? സുപ്രീം കോടതി ജഡ്ജിയായി വിരമിച്ചയാളാണ്. അദ്ദേഹം തമാശ പറഞ്ഞുല്ലസിക്കുന്നത് അദ്ദേഹമുള്‍പ്പെട്ട റസിഡന്റ്‌സ് അസോസിയേഷനിലെ വൃദ്ധദമ്പതിമാരോടാണ്. നമ്മുടെ പിമ്പില്‍ കാണുന്ന ചാരുബഞ്ചിലിരുന്ന് സൊറ പറയുന്നത് രണ്ടുപ്രാവശ്യം ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡറായിരുന്ന ഒരു മഹത്‌വ്യക്തിയാണ്. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നത് സാധാരണക്കാരായ കൃഷിക്കാരോടും സ്വന്തമായി തൊഴില്‍ കണ്ടെത്തി ജീവിച്ചുകൊണ്ടിരിക്കുന്നവരോടുമാണ്. 
  ഇത്രയും കേട്ടപ്പോള്‍ അപരിചിതനോടായി പൊലീസ് കമ്മീഷണര്‍ ചോദിച്ചു: താങ്കളാരാണ്? 
   ഞാനോ? ഒരു എളിയ ജനസേവകന്‍. റിട്ടയേര്‍ഡ് ഐ.എ.എസ്. ഓഫീസര്‍. ഐ.എ.എസ്. കിട്ടി ആദ്യം സബ്കളക്ടറായിട്ടാണ് ജോലി നോക്കിയത്. ചീഫ് സെക്രട്ടറിയായി വിരമിച്ചു. സര്‍വീസ് കാലത്ത് ഒരുപാട് നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. എങ്കിലും പോരായ്മകളും ഉണ്ടായിട്ടുണ്ട്. നമ്മള്‍ നല്ലതെന്നുദ്ദേശിച്ചു നടപ്പാക്കിയ പല പരിപാടികളും ജനം ഉള്‍ക്കൊള്ളാതെ വന്നിട്ടുണ്ട്. സാരമില്ല; നല്ല ഉദ്ദേശ്യത്തോടെയാആണ് ഞാന്‍ എന്തും ചെയ്യാന്‍ ശ്രമിച്ചത്. ദൈവത്തെ മറന്ന് ഞാനൊന്നും ചെയ്തിട്ടില്ല. അതല്ലേ ഏറ്റവും വലിയ സമ്പത്ത്. 
തന്റെ അടുത്തിരിക്കുന്നത് തന്നെക്കാള്‍ വളരെ ഉയര്‍ന്ന പൊസിഷനിലുള്ള ചീഫ് സെക്രട്ടറിപദം അലങ്കരിച്ച ആളാണെന്നറിഞ്ഞപ്പോള്‍ പൊലീസ് കമ്മീഷണര്‍ എഴുന്നേല്ക്കാന്‍ ഒരുമ്പെട്ടു. വേണ്ട ചങ്ങാതീ; ഒരു ഔപചാരികതയുടെയും ആവശ്യമില്ല. ജീവിതം ഒരു ചെസ് കളിപോലെയാണ്. ചെസ് മത്സരം നടക്കുമ്പോള്‍ ആ കളിക്കളത്തില്‍ രാജാവും മന്ത്രിയും ബിഷപ്പും സാദാ പട്ടാളക്കാരും കുതിരയുമൊക്കെയുണ്ടാവും. എന്നാല്‍, ചെസ്‌കളി കഴിയുമ്പോള്‍ എല്ലാവരും മടങ്ങുന്നത് ഒരേ പെട്ടിയിലേക്കാണ്. വലിയവനെന്നോ ചെറിയവനെന്നോ അവിടെ വ്യത്യാസമില്ല. നമ്മള്‍ സര്‍വീസില്‍നിന്നു വിരമിച്ചാല്‍ അങ്ങനെയാണ്. നമ്മള്‍ പണ്ടു കൊണ്ടുനടന്ന സ്ഥാനവും പദവിയും കൊണ്ടല്ല നമ്മളെ നിര്‍വചിക്കേണ്ടത്; നമുക്കു ലഭിച്ച അറിവും അനുഭവജ്ഞാനവും വരും തലമുറയ്ക്കും നമുക്കു ചുറ്റുമുള്ളവര്‍ക്കും പങ്കുവച്ചുകൊണ്ടാണ്. നമ്മള്‍ അധികകാലം ഈ ഭൂമിയില്‍ ഉണ്ടാകണമെന്നില്ല. ഈ അവസരം ഏറ്റവും നന്നായി ഉപയോഗിക്കുക. ചുറ്റുമുള്ളവര്‍ക്കു സമാധാനവും സന്തോഷവും കൊടുക്കുക. നമ്മളും ആനന്ദിക്കുക. സമചിത്തതയോടെ വാര്‍ധക്യത്തെ നേരിടുക. എന്തെല്ലാം പുരസ്‌കാരങ്ങളും സര്‍ട്ടിഫിക്കറ്റ്‌സും നമ്മളൊക്കെ നേടിയിട്ടുണ്ടെങ്കിലും അവസാനം ഈ പാര്‍ക്കിലുള്ള എല്ലാവര്‍ക്കും കിട്ടുന്നത് ഒരേ സര്‍ട്ടിഫിക്കറ്റാണ്: മരണസര്‍ട്ടിഫിക്കറ്റ്.
മരണം എന്നു പറയുന്നത് ഏതു പ്രായത്തിലും കടന്നുവരാവുന്ന ഒരു യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ ആയുസ്സെത്തി മരിക്കുക എന്നുള്ളതാണ് വാര്‍ധക്യത്തിന്റെ ഏറ്റവും വലിയ മഹത്ത്വം. വില്യം ബാര്‍ക്ലെ നമ്മെ ഓര്‍മിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ രണ്ടു പ്രധാനപ്പെട്ട ദിവസങ്ങളാണുള്ളത്. ആദ്യത്തേത് ഒരാളുടെ ജന്മദിനം. രണ്ടാമത്തേത്, താനെന്തിനാണു ജനിച്ചത് എന്നു തിരിച്ചറിയുന്ന ദിനം. നന്നേ ചെറുപ്പത്തിലോ, യൗവനത്തിലോ മരിച്ചുപോകുന്ന ഒരാള്‍ക്ക് തന്റെ കര്‍മോദ്ദേശ്യം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞുവെന്നു വരില്ല.
എല്ലാ ജന്മദിനങ്ങളും നാം ഓര്‍ക്കാറുണ്ടെങ്കിലും പ്രായത്തെ ഓര്‍മപ്പെടുത്തുന്ന ചില ജന്മാഘോഷങ്ങളാണ് ഷഷ്ടിപൂര്‍ത്തി, സപ്തതി, നവതി തുടങ്ങിയവ. 60 കഴിയുമ്പോള്‍ മക്കളുടെയും സമൂഹത്തിന്റെയും അകല്‍ച്ചയുടെ സൂക്ഷ്മത മനസ്സിലാക്കാനാവും. തങ്ങളുടെ അഭിപ്രായങ്ങള്‍ക്കു പണ്ടത്തേതുപോലെ സ്വീകാര്യത ഇല്ല എന്നൊരു തോന്നല്‍. 70 കള്‍ സമൂഹം നമ്മെ  പാടേ മറക്കുന്ന നാളുകളാണ്. നമ്മള്‍ എവിടെയായിരുന്നു, ആരായാരുന്നു, എന്തൊക്കെ നേടി, ഇതൊന്നും സമൂഹം അറിയാത്ത അവസ്ഥ. പുതിയ തലമുറയ്ക്കു പരിചയമില്ലാത്ത ഒരാള്‍. 80 കളില്‍ ഒപ്പമുണ്ടായിരുന്നവര്‍ അകന്നുപോകും. ഏറ്റവും പ്രിയപ്പെട്ടവരെ മരണം അപഹരിച്ചിരിക്കാം. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ട കാലം. 90 വരെ ജീവിച്ചിരുന്നാല്‍ അവസാന അധ്യായത്തിലേക്കു കടന്നു എന്നു നിശ്ചയം. ഒരുപക്ഷേ, മറ്റുള്ളവരെ പൂര്‍ണമായും ആശ്രയിക്കേണ്ട കാലം. ഓരോ കാലഘട്ടം കഴിയുമ്പോഴും നാം തളരാന്‍ പാടില്ല. ദൈവത്തോടു കൃതജ്ഞതയുള്ളവരായിരിക്കുക. പ്രായം നമ്മെ തളര്‍ത്താന്‍ പാടില്ല. നമ്മുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. ചിന്തയില്‍ നീയെന്താണോ അതാണ് നിന്റെ പ്രായം. ഏറ്റവും ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക. വയസ്സാകുന്നതിനെ ഓര്‍ത്ത് ദുഃഖിക്കാതിരിക്കുക. നെഗറ്റീവുചിന്തകളിലേക്കു വീഴാതെ നമ്മളെ കാത്തുസൂക്ഷിക്കുക. സൗന്ദര്യം ഏതു പ്രായത്തിലുമുണ്ട്. ഉദയസൂര്യനെപ്പോലെതന്നെ സുന്ദരമാണ് അസ്തമയവും. എന്നാല്‍, എല്ലാവരും വണങ്ങുന്നത് ഉദയസൂര്യനെയാണ്. അത് ഉയര്‍ന്നുവരികയാണ്. അസ്തമയസൂര്യന്‍ താണുതാണ് പ്രകൃതിയിലേക്ക് അലിഞ്ഞു ചേരുന്നു. ഒരിക്കല്‍ നമ്മളും ഉദയസൂര്യനായിരുന്നു എന്ന് സംതൃപ്തിയോടെ ഓര്‍ക്കുക. ഒരുപക്ഷേ, വാര്‍ധക്യം ഒരു തിരിഞ്ഞുനോട്ടത്തിന്റെ കാലം കൂടെയാണ്. ഇങ്ങനെ ആയിരുന്നോ ജീവിക്കേണ്ടിയിരുന്നത്; എന്തെല്ലാം കുറ്റങ്ങളും കുറവുകളും തനിക്കുണ്ടായിരുന്നു; എന്നൊക്കെ മനസ്സിലാക്കുന്ന നാളുകള്‍. അവശേഷിക്കുന്ന നാളുകള്‍ ഫലപ്രദമായി ഉപയോഗിക്കുക. പോസിറ്റീവായ ചിന്തകളും ആത്മീയതയും ഇതിനു തുണയാകും. ധ്യാനം, ആരോഗ്യകരമായ ഭക്ഷണം, എക്‌സര്‍സൈസ്, ഉല്ലാസകേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍, ബന്ധങ്ങള്‍, കൂട്ടായ്മകള്‍ ഇവയൊക്കെ ശരീരത്തിനും മനസ്സിനും കരുത്തേകും. 
വാര്‍ധക്യത്തില്‍ മക്കളില്‍നിന്നും സമൂഹത്തില്‍നിന്നുമൊക്കെ നാം അധികം പ്രതീക്ഷിക്കരുത്. മക്കളെ വളര്‍ത്തിയത് നമ്മെ നോക്കാന്‍വേണ്ടിയാവരുത്. വളര്‍ത്തിയതിന്റെ പ്രതിഫലം നമുക്കു കിട്ടിക്കഴിഞ്ഞു. ഒത്തിരി ആനന്ദത്തോടെയാണ് പിള്ളക്കച്ചയില്‍ പൊതിഞ്ഞ നമ്മുടെ കുഞ്ഞിനെ നാം വരവേറ്റത്. ആദ്യമായി അവന്‍ ചിരിച്ചപ്പോള്‍, അവളുടെ കൊലുസിന്റെ കൊഞ്ചലുകള്‍ ചെവിയിലെത്തിയപ്പോള്‍, കളിപ്പാട്ടം കിട്ടിയപ്പോള്‍ നമ്മെ ഇറുക്കിപ്പിടിച്ച് ഉമ്മ വച്ചപ്പോള്‍, കൈപിടിച്ച് അഹങ്കാരത്തോടെ സ്‌കൂളിലേക്കൊപ്പം നടന്നപ്പോള്‍ മനസ്സു നിറഞ്ഞ ആ സന്തോഷമാണ് ഏറ്റവും വലിയ പ്രതിഫലം. മക്കളെ വളര്‍ത്തിയതിന്റെ കടം, അവരുടെ മക്കളെ വളര്‍ത്തി അവര്‍ വീട്ടിക്കൊള്ളും. പ്രായപൂര്‍ത്തിയായി, കുടുംബമായി ജീവിക്കുന്ന മക്കളുടെ കാര്യത്തില്‍ നാം ഇടപെടേണ്ടതില്ല. വാര്‍ധക്യത്തിലെ ചെലവുകള്‍ മുന്‍കൂട്ടിക്കണ്ട് മക്കളാണെങ്കിലും അധികമായി നമ്മളെ ചൂഷണം ചെയ്യാന്‍ അനുവദിക്കാതിരിക്കുക. കാലശേഷം നമ്മുടെ സമ്പത്ത് വിതരണം ചെയ്യാനുണ്ടെങ്കില്‍ നീതിപൂര്‍വം മക്കള്‍ക്കു പങ്കിട്ടുകൊടുക്കുക. ജീവകാരുണ്യ പ്രവൃത്തികള്‍ക്കായും ഒരു ഭാഗം നീക്കിവയ്ക്കുക. നമ്മള്‍ വളര്‍ത്തിയ മക്കളില്‍ നാം സ്‌നേഹം നിക്ഷേപിച്ചിട്ടുണ്ട്. ശ്രേഷ്ഠമായ ഒരു ജീവിതം നയിക്കാന്‍ അവര്‍ക്കതു പ്രേരകമാകും. വാര്‍ധക്യത്തില്‍ നമുക്കും അതിന്റെ ഗുണം കിട്ടാതിരിക്കില്ല. എല്ലാവരോടും സ്‌നേഹത്തോടെ, പകയില്ലാതെ, ക്ഷമയോടെ, സമചിത്തതയോടെ, സംയമനത്തോടെ, നന്ദിനിറഞ്ഞ മനസ്സോടെ ആത്മീയനിറവില്‍ വാര്‍ധക്യത്തെ നേരിടുമ്പോള്‍ അത് മഹത്ത്വമുള്ളതായി മാറും.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)