ഇന്ത്യ റഷ്യയില്‍നിന്നു വന്‍തോതില്‍ വിലകുറച്ച് എണ്ണ വാങ്ങുകയും ഉയര്‍ന്ന വിലയ്ക്ക് പൊതുവിപണിയില്‍ വില്ക്കുകയും ചെയ്യുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ നല്കുന്ന പണം റഷ്യ യുക്രെയ്ന്‍യുദ്ധത്തിനു വിനിയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്.
യുക്രെയ്ന്‍ യുദ്ധം തുടങ്ങിയിട്ട് ഈ മാസം 24-ാം തീയതി മൂന്നരവര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടയില്‍ രണ്ടു പുതിയ സംഭവവികാസങ്ങള്‍ ഉടലെടുത്തിരിക്കുന്നു.
അമേരിക്കയില്‍നിന്നും ആണവായുധങ്ങള്‍ കയറ്റിയ ഒരു വിമാനം യു കെ യില്‍ ഇറങ്ങിയെന്ന വാര്‍ത്തയാണ് അവയിലൊന്ന്. ന്യൂമെക്‌സിക്കോ സംസ്ഥാനത്തെ ആല്‍ബുക്കര്‍ക്ക് നഗരത്തിലുള്ള കര്‍ട്ട്‌ലാന്‍ഡ് വ്യോമതാവളത്തില്‍നിന്നു പറന്നുയര്‍ന്ന സൈനികവിമാനം യു കെ യിലെ ലാകെന്‍ഹീത് വ്യോമസേനാതാവളത്തില്‍ ഇറങ്ങിയതായാണു വിവരം. മറ്റൊരു രാജ്യത്തിന്റെയും വ്യോമാതിര്‍ത്തിയില്‍ കയറാതെ അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലൂടെ 9 മണിക്കൂര്‍ തുടര്‍ച്ചയായി പറന്നാണ് സൈനികവിമാനം ലാകെന്‍ഹീതിലെത്തിയത്. ആണവായുധങ്ങള്‍ കയറ്റിയയയ്ക്കാന്‍ സാധാരണ ഉപയോഗിക്കുന്ന സി-17 വിമാനമായിരുന്നു അത്.
ഏതുതരം ആണവായുധങ്ങളാണ് ലാകെന്‍ഹീതിലെത്തിച്ചതെന്നു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ബി-61, 62 തെര്‍മല്‍ ന്യൂക്ലിയര്‍ ബോംബുകളാണ് അവയിലെന്നാണു കരുതപ്പെടുന്നത്. യൂറോപ്പിന്റെ സുരക്ഷയില്‍ അമേരിക്കയ്ക്കുള്ള പ്രതിബദ്ധത റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ബോധ്യപ്പെടുത്തുകയാണു ട്രംപിന്റെ ലക്ഷ്യം. കൂടുതല്‍ ആണവായുധങ്ങള്‍ കൈവശമുള്ള റഷ്യയോടു കിടപിടിക്കാന്‍ ബി-61, 62 ബോംബുകള്‍ക്കു കഴിയുമത്രേ! (റഷ്യയുടെ ആണവായുധശേഖരം 5,550, അമേരിക്കയുടെ കൈവശമുള്ളത് 5,044).
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിനു നല്കിയ 50 ദിവസസമയപരിധി 12 ദിവസമായി കുറയ്ക്കുകയാണെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് രണ്ടാമത്തെ സംഭവവികാസം. സ്‌കോട്ട്‌ലന്‍ഡില്‍ വിളിച്ചുചേര്‍ത്ത യൂറോപ്യന്‍നേതാക്കളുടെ സമ്മേളനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് ഇപ്രകാരം പറഞ്ഞു: ''50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്ന എന്റെ അഭ്യര്‍ഥന പുടിന്‍ അവഗണിച്ചതില്‍ ഞാന്‍ നിരാശനാണ്. പുടിനോട് ഇനിയും സംസാരിച്ചിട്ടു കാര്യമില്ലെന്ന് എനിക്കു ബോധ്യമായി. 50 ദിവസമെന്നു തീരുമാനിച്ചത് 12 ദിവസമായി ചുരുക്കുകയാണ്.''
യുദ്ധം എത്രയുംവേഗം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയുടെമേല്‍ ചുങ്കവും അധികച്ചുങ്കവും ഏര്‍പ്പെടുത്തുമെന്നും, ഉപരോധം കടുപ്പിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. റഷ്യയോടു തനിക്കു വെറുപ്പില്ലെന്നും, റഷ്യക്കാരെ താന്‍ സ്‌നേഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ട്രംപിന്റെ കടുത്ത നിലപാടിനെതിരേ റഷ്യയുടെ മുന്‍പ്രസിഡന്റ് ദ്മിത്രി മെദ്‌വെദേവ് രംഗത്തത്തിയത് ട്രംപിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ട്രംപിന്റെ ഭീഷണിയൊന്നും റഷ്യയോടു വേണ്ടെന്നാണ് മെദ്‌വെദേവ് ട്വീറ്റു ചെയ്തത്. ഒരു പരാജയപ്പെട്ട പ്രസിഡന്റാണ് മെദ്‌വെദേവ് എന്നും, സൂക്ഷിച്ചുസംസാരിക്കണമെന്നും ട്രംപ് തിരിച്ചടിച്ചു. 2008 മുതല്‍ 2012 വരെ റഷ്യന്‍പ്രസിഡന്റായിരുന്ന അദ്ദേഹം അമേരിക്കന്‍നിലപാടുകളെ എതിര്‍ക്കുകയും റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ അനുകൂലിക്കുകയും ചെയ്ത വ്യക്തിയാണ്. രണ്ടുപേരും തമ്മിലുള്ള വാക്‌പോരിനു പിന്നാലെ ആണവായുധങ്ങള്‍ വഹിക്കുന്ന രണ്ട് അന്തര്‍വാഹിനികള്‍ പുറംകടലിലേക്കയയ്ക്കാന്‍ ട്രംപ് ഉത്തരവിട്ടതും സംഘര്‍ഷം ഇരട്ടിപ്പിച്ചിട്ടുണ്ട്. അന്തര്‍വാഹിനികളെ എവിടേക്കാണു പറഞ്ഞുവിട്ടതെന്നു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 'ഉചിതമായ സ്ഥലത്താണ്' അവയെ വിന്യസിച്ചിരിക്കുന്നതെന്നു ട്രംപ് പറഞ്ഞു.
ഈ വര്‍ഷം ഏപ്രിലില്‍ നിരവധി രാജ്യങ്ങളുടെമേല്‍ ചുങ്കം ഏര്‍പ്പെടുത്തുമ്പോള്‍ റഷ്യയെ പേരെടുത്തു പറഞ്ഞിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. റഷ്യയുടെമേല്‍ അധികച്ചുങ്കം ഏര്‍പ്പെടുത്തുന്നത് അവരുടെ പ്രധാന കച്ചവടപങ്കാളികളായ ഇന്ത്യയെയും ചൈനയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ധനകാര്യവിദഗ്ധര്‍ വിലയിരുത്തിയത്. ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കു കയറ്റിയയയ്ക്കുന്ന ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയും അതിനുമേല്‍ പിഴയും ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഈ മാസം ഒന്നാം തീയതി ട്രംപ് ഒപ്പുവയ്ക്കുകയുണ്ടായി. റഷ്യയില്‍നിന്നു വന്‍തോതില്‍ വിലകുറച്ച് എണ്ണ വാങ്ങുകയും ഉയര്‍ന്ന വിലയ്ക്ക് പൊതുവിപണിയില്‍ വില്ക്കുകയും ചെയ്യുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ നല്കുന്ന പണം റഷ്യ യുക്രെയ്ന്‍ യുദ്ധത്തിനു വിനിയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്. റഷ്യയും ഇന്ത്യയും നിര്‍ജ്ജീവസമ്പദ്‌വ്യവസ്ഥകളാണെന്നും രണ്ടും ഒരുമിച്ചു നശിക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ ട്രംപ് കുറിക്കുകയും ചെയ്തു.
ട്രംപ് നല്‍കിയ 12 ദിവസസമയപരിധി തീര്‍ന്ന ഇക്കഴിഞ്ഞ 8-ാം തീയതി വെള്ളിയാഴ്ച വെടിനിറുത്തല്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ട്രംപിനെ പുടിന്‍ അറിയിച്ചതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഈ മാസം 15-ാം തീയതി അമേരിക്കന്‍ സംസ്ഥാനമായ അലാസ്‌കയിലായിരിക്കും രണ്ടു ലോകനേതാക്കളും കണ്ടുമുട്ടുക. ട്രംപ്-പുടിന്‍ ഉച്ചകോടിയില്‍ യുക്രെയ്‌നെ പങ്കെടുപ്പിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സെലെന്‍സ്‌കിയും യൂറോപ്യന്‍രാജ്യങ്ങളും രംഗത്തെത്തിക്കഴിഞ്ഞു. ഇന്ത്യ നല്ലൊരു വ്യാപാരപങ്കാളിയല്ലെന്നും ഇന്ത്യയ്ക്കുമേലുള്ള തീരുവ ഇനിയും വര്‍ധിപ്പിക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. അമേരിക്കന്‍നടപടികള്‍ക്കുള്ള മറുപടിയായി വിദേശമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ തീരുവ ഉയര്‍ത്തിയ നടപടി നിയമവിരുദ്ധമാണെന്നു പ്രതികരിച്ചു. 2018 ല്‍ സ്റ്റീലിനും അലുമിനിയത്തിനും തീരുവ ചുമത്തിയപ്പോള്‍ 28 യുഎസ് ഉത്പന്നങ്ങള്‍ക്കു തീരുവ ഉയര്‍ത്തിയാണ് ഇന്ത്യ മറുപടി നല്കിയത്.
വ്യാപാരപങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ രാജ്യത്തിനുമുണ്ടെന്നായിരുന്നു റഷ്യയുടെ ഔദ്യോഗികവക്താവ് ദ്മിത്രി പെസ്‌കോവിന്റെ പ്രതികരണം. ഇന്ത്യയെ കുറ്റപ്പെടുത്തുമ്പോഴും അമേരിക്കന്‍കമ്പനികള്‍ റഷ്യയില്‍നിന്നു യുറേനിയം ഹെക്‌സാ ഫ്‌ളൂറൈഡും യൂറോപ്യന്‍രാജ്യങ്ങള്‍ വിവിധ രാസവസ്തുക്കളും ഇറക്കുമതി ചെയ്യുന്നുണ്ടെന്നും പെസ്‌കോവ് വെളിപ്പെടുത്തി.
ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 25 ശതമാനം അധികതീരുവ ഇരട്ടിയാക്കിക്കൊണ്ടുള്ള ഒരു പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത് വാണിജ്യമേഖലയ്ക്കു വലിയ തിരിച്ചടിയാകും. റഷ്യയോടും പുടിനോടുമുള്ള പകയുടെ തിക്തഫലം മറ്റു രാജ്യങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്നത് അന്യായവും നീതിരഹിതവുമാണെന്ന് ഇന്ത്യന്‍ വാണിജ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യയെക്കാളധികം അസംസ്‌കൃതഎണ്ണ റഷ്യയില്‍നിന്നു വാങ്ങുന്ന ചൈനയ്ക്ക് 30 ശതമാനം മാത്രം അധികതീരുവ ചുമത്തുമ്പോഴാണ് ഏറ്റവും ഉയര്‍ന്ന തീരുവ അടയ്‌ക്കേണ്ട രാജ്യമായി ഇന്ത്യയെ വേര്‍തിരിച്ചത്. ഇന്ത്യയോടൊപ്പം 50 ശതമാനം തീരുവ ചുമത്തപ്പെട്ട മറ്റൊരു രാജ്യം ബ്രസീലാണ്.
ഗാസയിലെ ഇസ്രയേല്‍ നടപടികളില്‍ രാജ്യാന്തരസമൂഹത്തിനുള്ള അമര്‍ഷം വര്‍ധിച്ചുവരുന്നതും മൂന്നാംലോകയുദ്ധത്തിനു കാരണമായേക്കുമെന്നു ഭയപ്പെടുന്ന രാഷ്ട്രത്തലവന്മാരുണ്ട്.
പലസ്തീന്‍പ്രശ്‌നം പരിഹരിക്കാന്‍ പലസ്തീനികള്‍ക്കായി ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുകയെന്നതുമാത്രമാണ് പരിഹാരമെന്നു കൂടുതല്‍ രാജ്യങ്ങള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസം 28, 29, 30 തീയതികളില്‍ വിളിച്ചുചേര്‍ത്ത യു എന്‍ പൊതുസഭയില്‍ പങ്കെടുത്ത 125 രാജ്യങ്ങളും പലസ്തീന്‍ രാഷ്ട്രരൂപീകരണം സാധ്യമാകണമെങ്കില്‍ സായുധപോരാട്ടം അവസാനിപ്പിക്കാന്‍ ഹമാസിനോടാവശ്യപ്പെടുകയുണ്ടായി. യു എന്നിലെ 193 അംഗരാജ്യങ്ങളില്‍ 147 എണ്ണവും പലസ്തീനെ അംഗീകരിച്ചവയാണ്. കഴിഞ്ഞമാസമാദ്യം ഫ്രാന്‍സും കാനഡയും പലസ്തീന്‍രാഷ്ട്രത്തെ അംഗീകരിക്കുകയുണ്ടായി. ഈ വര്‍ഷം സെപ്റ്റംബറോടെ ഗാസയിലെ വെടിനിര്‍ത്തല്‍ ഇസ്രയേല്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നാണ് കെയിര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചത്. വെടിനിര്‍ത്തല്‍ നടപ്പാക്കണമെങ്കില്‍ ഹമാസിനെ പൂര്‍ണമായി നിരായുധീകരിക്കണമെന്നും ശേഷിക്കുന്ന ബന്ദികളെക്കൂടി വിട്ടയയ്ക്കണമെന്നും ഇസ്രയേല്‍ ശഠിക്കുന്നു. എന്നാല്‍, നിരായുധീകരണമെന്ന ആവശ്യം ഹമാസ് തള്ളിക്കളെഞ്ഞന്നു മാത്രമല്ല, ഒരു സ്വതന്ത്ര പലസ്തീന്‍രാഷ്ട്രത്തിന് നിരുപാധിക പിന്തുണ വേണമെന്ന ആവശ്യവും മുമ്പോട്ടുവയ്ക്കുന്നു. വെസ്റ്റുബാങ്കിന്റെയും ഗാസയുടെയും നിയന്ത്രണം പലസ്തീന്‍അതോറിട്ടിക്കു കൊടുക്കാതെ രണ്ടു പ്രദേശങ്ങളിലും ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പു നടത്തണമെന്നും ഹമാസ് നേതൃത്വം ആവശ്യപ്പെട്ടു.
ഇതിനിടെ, ജി 20 യിലെ 10 അംഗരാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചുവെന്നത് പ്രധാനമാണ്. ഫ്രാന്‍സും കാനഡയും യു കെയും കൂടിച്ചേരുമ്പോള്‍ ജി 20 യിലെ പലസ്തീനനുകൂലികള്‍ 13 ആകും. നാറ്റോയിലെ 32 അംഗരാജ്യങ്ങളില്‍ 14 ഉം അനുകൂലനിലപാടാണെടുത്തത്. ഗാസയിലെ ജനങ്ങളെ ആക്രമിക്കുന്നതും പട്ടിണിക്കിടുന്നതും അവസാനിപ്പിക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ സമ്മര്‍ദവും ഏറിവരുകയാണ്. പോര്‍ച്ചുഗല്‍, ഫിന്‍ലന്‍ഡ്, മാള്‍ട്ട, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളും പലസ്തീന്‍രാഷ്ട്രരൂപീകരണത്തെ അനുകൂലിക്കുന്നതായി വെളിപ്പെടുത്തിക്കഴിഞ്ഞു. പലസ്തീന്‍ ഐക്യരാഷ്ട്രസഭയില്‍ അംഗമായിട്ടില്ലെങ്കിലും നിരീക്ഷകപദവി നല്കപ്പെട്ടിട്ടുണ്ട്. യു എന്നില്‍ സ്ഥിരാംഗത്വം ലഭിക്കണമെങ്കില്‍ മൂന്നില്‍ രണ്ട് അംഗരാജ്യങ്ങളുടെയും, രക്ഷാസമിതിയിലെ 5 സ്ഥിരാംഗങ്ങളുടെയും പിന്തുണ കൂടിയേ തീരൂ.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഇസ്രയേലിന്റെ മുന്‍ സൈനികമേധാവികള്‍ രംഗത്തെത്തിയത് പുതിയ സംഭവവികാസമാണ്. തീവ്രവലതുപക്ഷകക്ഷികള്‍ രാജ്യത്തെ ബന്ദിയാക്കിവച്ചിരിക്കുകയാണെന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്. 2005 ല്‍ ഗാസയില്‍നിന്ന് ഇസ്രയേല്‍സൈന്യവും കുടിയേറ്റക്കാരും പിന്‍വാങ്ങിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണു തീവ്രവലതുപക്ഷകക്ഷികളുടെ ആരോപണം. അതിനാല്‍, ഗാസ തിരിച്ചുപിടിക്കാനുള്ള പദ്ധതികളാണ് നെതന്യാഹുവിന്റെ മനസ്സിലുള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. വീണ്ടും ഗാസ പിടിച്ചെടുക്കുന്ന പക്ഷം വെസ്റ്റുബാങ്കിനുപുറമേ ഗാസയിലേക്കും കുടിയേറ്റം വ്യാപിപ്പിക്കാമെന്നാണ് നെതന്യാഹു കണക്കുകൂട്ടുന്നത്. നെതന്യാഹുവിന്റെ സ്വപ്നപദ്ധതിക്ക് അനുമതി നല്കാതെ ഗാസാനഗരം മാത്രം പിടിച്ചെടുക്കാന്‍ ഇസ്രയേല്‍മന്ത്രിസഭ അംഗീകാരം നല്കിയതായും വാര്‍ത്തയുണ്ട്.
ഇസ്രയേല്‍ ഗാസയിലെ കൂട്ടക്കൊല തുടരുന്നത് രാജ്യാന്തരസമൂഹത്തിനു നൊമ്പരമാണ് സമ്മാനിക്കുന്നത്. 62,000 ത്തിലധികം ജനങ്ങള്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. ഗുരുതരമായി പരിക്കുപറ്റിയവര്‍ ഒന്നരലക്ഷത്തിലധികമായി. ഇതുവരെ പട്ടിണിമൂലം മരണപ്പെട്ടവരുടെ എണ്ണം 217 ആയി ഉയര്‍ന്നതായും വാര്‍ത്തയുണ്ട്, ഇവരില്‍ 100 പേര്‍ കുട്ടികളാണ്. അല്‍ ജസീറ ചാനലിലെ അനസ് അല്‍ ഷറീഫ് ഉള്‍പ്പെടെ 4 മാധ്യമപ്രവര്‍ത്തകരും സഹായിയും ഇക്കഴിഞ്ഞ 11-ാം തീയതിയിലെ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ലേഖനം
ലോകനേതാക്കളുടെ ഈ പടപ്പുറപ്പാട് എങ്ങോട്ട്?
