•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

കരുണയുടെ വലിയ ഇടയന്‍

    പ്രാര്‍ഥനയുടെ ഘടികാരങ്ങള്‍ നിലച്ചു... കോടിക്കണക്കിനു വിശ്വാസികളുടെ വിരല്‍പ്പഴുതുകളിലൂടെ ഊര്‍ന്നിറങ്ങിയ ജപമാലമണികള്‍ നിശ്ചലമായി...
   ലോകജനതയുടെ പ്രാര്‍ഥനകള്‍ക്കപ്പുറം സ്വര്‍ഗം വാതില്‍ തുറന്നു... കരുണയുടെ ഇടയന്‍ കണ്ണുകളടച്ചു...
ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധപിതാവ്  ഫ്രാന്‍സിസ് മാര്‍പാപ്പാ കാലം ചെയ്തു. 2000 വര്‍ഷം പഴക്കമുള്ള കത്തോലിക്കാസഭയുടെ 266-ാമത് മാര്‍പാപ്പയായിരുന്നു അദ്ദേഹം. ഫെബ്രുവരി 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാപ്പാ ഏപ്രില്‍ 21 ഇന്ത്യന്‍ സമയം 11.05 നാണ് ദിവംഗതനായത് എന്ന് വത്തിക്കാന്‍ അറിയിച്ചു.
ഇരട്ട ന്യൂമോണിയ ബാധിച്ച അദ്ദേഹത്തിനു വൃക്കസംബന്ധമായും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സംസ്‌കാരശുശ്രൂഷ പിന്നീടു നടക്കും. 2021 മുതല്‍ പാപ്പായ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.
    ബനഡിക്ട് പതിനാറാമന്‍ പാപ്പാ രാജിവച്ചതിനെത്തുടര്‍ന്ന് 2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പായ്ക്ക് തെക്കേ അമേരിക്കയില്‍നിന്നുള്ള ആദ്യത്തെ പോപ്പ്, ജസ്യൂട്ട്‌സഭയില്‍നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ സവിശേഷതകള്‍കൂടിയുണ്ട്. 'കാരുണ്യത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍' എന്ന ആപ്തവാക്യം സ്വീകരിച്ച അദ്ദേഹം ജനപ്രീതിയുടെ കാര്യത്തില്‍ എല്ലാ മതവിഭാഗങ്ങളിലും ഏറെ സ്വീകാര്യനായിരുന്നു.
    വിമോചനദൈവശാസ്ത്രം ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ള ലാറ്റിനമേരിക്കയില്‍നിന്നു വന്ന ഫ്രാന്‍സിസ് പാപ്പാ പക്ഷേ, ഒരുകാലത്തും വിമോചനദൈവശാസ്ത്രത്തിന്റെ വക്താക്കളായ സഭാംഗങ്ങളുമായി സഹകരിച്ചിട്ടില്ല. വിശ്വാസികളും അവിശ്വാസികളും ഇതരമതസ്ഥരും ഒരുപോലെ ഉറ്റുനോക്കുന്ന ഫ്രാന്‍സിസ് പാപ്പാ ലോകത്തിലെ ഏറ്റവും  സ്വാധീനമുള്ള നേതാക്കന്മാരില്‍ ഒരാള്‍കൂടിയാണ്. ദൈവശാസ്ത്രമേഖലയില്‍ യാഥാസ്ഥിതികനായി അറിയപ്പെട്ട പാപ്പാ ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്‌മചര്യം, കൃത്രിമജനനനിയന്ത്രണം മുതലായ വിഷയങ്ങളില്‍ സഭയിലെ പരിഷ്‌കരണവാദികളുടെ മറുചേരിയിലാണു നിലകൊണ്ടത്. നിയന്ത്രണമില്ലാത്ത കമ്പോളവ്യവസ്ഥയെ വിമര്‍ശിച്ച പാപ്പാ, സമത്വരാഹിത്യത്തെ 'സ്വര്‍ഗവാതിലിനു മുന്നില്‍ അലമുറയിടാന്‍ പോകുന്ന സാമൂഹികപാപമായി' കണക്കാക്കി. വത്തിക്കാനിലെ അപ്പസ്‌തോലികകൊട്ടാരം ഉപേക്ഷിച്ച് സാന്താമാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് അദ്ദേഹം തന്റെ എളിമയുടെ പ്രഖ്യാപനംപോലെ ജീവിച്ചത്.
    ഇറ്റലിയില്‍നിന്ന് അര്‍ജന്റീനയിലേക്കു കുടിയേറിയ റെയില്‍വേത്തൊഴിലാളിയായ മാരിയോ ജോസ് ബര്‍ഗോളിയോയുടെയും വീട്ടമ്മയായ മരിയ സിവോരിയയുടെയും അഞ്ചുമക്കളില്‍  ഒരാളായി 1936 ഡിസംബര്‍ 17 നാണ്  ബ്യൂണസ് അയേഴ്‌സില്‍  ഫ്രാന്‍സിസ് അഥവാ ജോര്‍ജ് മാരിയോ ബര്‍ഗോളിയോയുടെ ജനനം. ഹൈസ്‌കൂള്‍ പഠനശേഷം ഒരു ഭക്ഷ്യസംസ്‌കരണശാലയില്‍ കെമിക്കല്‍ അനലിസ്റ്റ് ജോലിയില്‍ പ്രവേശിച്ചെങ്കിലും ഹൃദയാഭിലാഷംപോലെ വൈദികപഠനത്തിലേക്കു  തിരിയുകയാണുണ്ടായത്. ഇരുപത്തിയൊന്നാം വയസ്സില്‍ കടുത്ത ന്യൂമോണിയ ബാധിച്ചു ഗുരുതരാവസ്ഥയിലായ ജോര്‍ജിന്റെ ശ്വാസകോശം ഭാഗികമായി നീക്കം ചെയ്യുകയുണ്ടായി. 1958 ല്‍ സൊസൈറ്റി ഓഫ് ജീസസില്‍ നോവിഷ്യേറ്റില്‍ പ്രവേശിച്ച അദ്ദേഹം 1963 ല്‍ സാന്‍ മിഗുവേല്‍ സെമിനാരിയില്‍ തത്ത്വചിന്ത പഠിച്ചു. തുടര്‍ന്ന് അര്‍ജന്റീനയിലെ സാന്താ കഫയിലുള്ള കോളേസിയോ ദ ഇമ്മാകുലാദ ഹൈസ്‌കൂളില്‍ സാഹിത്യവും തത്ത്വശാസ്ത്രവും പഠിപ്പിച്ചുവരവേ 1966 ല്‍ വിഖ്യാതമായ കോളേജിയോ ഡെല്‍ സാല്‍വദോര്‍  സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായിച്ചേര്‍ന്നു. 1967 ല്‍ ദൈവശാസ്ത്രപഠനത്തിലേക്കു മടങ്ങിയ ജോര്‍ജ് ബര്‍ഗോളിയോ 1969 ഡിസംബര്‍ 13 ന് തിരുപ്പട്ടം സ്വീകരിച്ചു. തുടര്‍ന്ന്, സാന്‍ മിഗുവല്‍ സെമിനാരിയില്‍നിന്ന് ദൈവശാസ്ത്ര - തത്ത്വശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടി അവിടെ അധ്യാപകനായി. 1973 ല്‍ അര്‍ജന്റീനയിലെയും ഉറുഗ്വേയിലെയും ജസ്യൂട്ട് പ്രവിശ്യയുടെ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ട ഫാദര്‍ ജോര്‍ജ് 1979 മുതല്‍ 1985 വരെ കൊളീജിയോ മാക്‌സി മോയില്‍ റെക്ടറും ദൈവശാസ്ത്ര അധ്യാപകനുമായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന്, ജര്‍മനിയില്‍  തന്റെ ഡോക്ടറല്‍ തീസിസ് പൂര്‍ത്തിയാക്കി. 1992 ല്‍ ബ്യൂണസ് അയേഴ്‌സിന്റെ മൂന്നു സഹായമെത്രാന്മാരില്‍ ഒരാളായി നിയമിതനായ ഫാദര്‍ ജോര്‍ജ് സര്‍വകലാശാലയിലെ ജോലിക്കൊപ്പം പ്രസംഗങ്ങള്‍ക്കും കുമ്പസാരം കേള്‍ക്കുന്നതിനും ഏറെ സമയം മാറ്റിവച്ചു. 1997 ജൂണ്‍ 3 ന് ബിഷപ് ബര്‍ഗോളിയോ അഡ്ജൂട്ടാന്റ് ആര്‍ച്ചുബിഷപ് ആവുകയും 1998 ഫെബ്രുവരി 28 ന് ബ്യൂണസ് അയേഴ്‌സിന്റെ പുതിയ ആര്‍ച്ചുബിഷപ്പായി നിയമിതനാവുകയും ചെയ്തു. ആര്‍ച്ചുബിഷപ് ആയിരിക്കുമ്പോഴും സാധാരണക്കാര്‍ക്കിടയില്‍ ഫാദര്‍ ജോര്‍ജ് ആയിരുന്ന അദ്ദേഹം 'തെരുവിലാണ് സഭയുടെ സേവനം' എന്ന കാഴ്ചപ്പാടിലൂന്നി ദരിദ്രപ്രദേശങ്ങളില്‍ മിഷനുകളും ചാപ്പലുകളും നിര്‍മിച്ച് സേവനത്തിനായി സെമിനാരിവിദ്യാര്‍ഥികളെ അയച്ചു. 2001 ല്‍ വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ബിഷപ് ബര്‍ഗോളിയോയെ കര്‍ദിനാളായി നിയമിച്ചു. ബ്യൂണസ് അയേഴ്സിന്റെ ആര്‍ച്ചുബിഷപ് എന്ന നിലയില്‍ എളിമയും ലാളിത്യവും നിറഞ്ഞ പെരുമാറ്റത്തിലൂടെ അദ്ദേഹം പ്രശസ്തനായി.
    കര്‍ദിനാളിന്റെ അരമന ഉപേക്ഷിച്ച് ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ച അദ്ദേഹം ദരിദ്രരോടും അവഗണിക്കപ്പെട്ടവരോടും പ്രത്യേക പരിഗണന കാണിക്കുകയും പതിവായി അവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 2005 മുതല്‍ 2011 വരെ അര്‍ജന്റീനിയന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡണ്ടായിരുന്ന കര്‍ദിനാള്‍  ബര്‍ഗോളിയോ 2007 മേയ് മാസത്തില്‍ ബ്രസീലില്‍ നടന്ന അഞ്ചാമത് ലാറ്റിനമേരിക്കന്‍ കോണ്‍ഫറന്‍സില്‍ അന്തിമകര്‍മരേഖയുടെ കരട് തയ്യാറാക്കല്‍ ചുമതല വഹിച്ചു. അത് ആഗോളസഭയ്ക്ക് ഒരു പ്രധാന മാര്‍ഗനിര്‍ദേശരേഖയായി മാറി. 
    ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അപ്രതീക്ഷിതരാജിയെത്തുടര്‍ന്ന് 2013 മാര്‍ച്ച് 13 ന് എഴുപത്തിയാറാം വയസ്സില്‍ കര്‍ദിനാള്‍ ബര്‍ഗോളിയോ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ബനഡിക്ട് പാപ്പായുടെ പ്രസിദ്ധീകരിക്കാതിരുന്ന ചാക്രികലേഖനം തന്റേതായ  കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ വരുത്തി 'ലുമെന്‍ ഫിദെയ്' എന്ന പേരില്‍ തന്റെ ആദ്യ ചാക്രികലേഖനമായി പ്രസിദ്ധീകരിച്ചു. സ്ഥാനമേറ്റ ഉടന്‍തന്നെ 2013 ജൂലൈയില്‍ മെഡിറ്ററേനിയനിലെ ഇറ്റാലിയന്‍ ദ്വീപായ ലാം പെഡുസയിലേക്കു നടത്തിയ തന്റെ അപ്രതീക്ഷിതസന്ദര്‍ശനത്തിലൂടെ രേഖകളില്ലാതെ കടല്‍മാര്‍ഗം യൂറോപ്പിലേക്കു  കടക്കാന്‍ ശ്രമിക്കുന്ന ആഫ്രിക്കന്‍കുടിയേറ്റക്കാരുടെ ദുരവസ്ഥയിലേക്കു ലോകശ്രദ്ധയാകര്‍ഷിക്കാന്‍ ഇടയായി. 2015 ല്‍ പുറത്തിറക്കിയ പരിസ്ഥിതിസംബന്ധമായ തന്റെ ചാക്രികലേഖനം 'ലൗദാത്തെ സി' യില്‍ ലാഭേച്ഛ മൂത്ത് ദരിദ്രരെയും തൊഴില്‍രഹിതരെയും പാര്‍ശ്വവത്കരിക്കുന്ന സംസ്‌കാരത്തെയോര്‍ത്ത് അദ്ദേഹം വിലപിച്ചു.
      തന്റെ പൊന്തിഫിക്കറ്റിന്റെ ആദ്യ ഏഴു വര്‍ഷങ്ങളില്‍ നാല്പത്തഞ്ചിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പാ 2013 ലെ ലോകയുവജനസമ്മേളനത്തില്‍ ബ്രസീലിലെ കോപ്പ കബാന ബീച്ചില്‍ ഒരേദിവസം മൂന്നുലക്ഷം തീര്‍ഥാടകര്‍ക്കായി ദിവ്യബലി അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ പല സന്ദര്‍ശനങ്ങളും എക്യുമെനിസത്തിലും മതാന്തരസംവാദത്തിലും ശ്രദ്ധയൂന്നിയതായിരുന്നു. അറേബ്യന്‍ ഉപദ്വീപ് സന്ദര്‍ശിച്ച ചരിത്രത്തിലെ ആദ്യ മാര്‍പാപ്പയായ പോപ്പ് ഫ്രാന്‍സിസ് ഗ്രാന്‍ഡ് ഇമാം അഹമ്മദ് എല്‍ തയേബുമായി     മാനവസാഹോദര്യത്തെക്കുറിച്ചുള്ള സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചു. അത് വത്തിക്കാന്‍ മതാന്തരസംവാദങ്ങളുടെ അടിസ്ഥാനമായി മാറി. ലൈംഗികപീഡനപ്രതിസന്ധിയും പ്രായപൂര്‍ത്തിയാകാത്തവരുടെയും ദുര്‍ബലരായ മുതിര്‍ന്നവരുടെയും സംരക്ഷണവും ചര്‍ച്ച ചെയ്യുന്നതിനായി 2019 ഫെബ്രുവരിയില്‍ വത്തിക്കാനില്‍ അഭൂതപൂര്‍വ്വമായ ഒരു ഉച്ചകോടി വിളിച്ചുകൂട്ടിയ പോപ്പ്, മൂന്നു മാസങ്ങള്‍ക്കുശേഷം ബിഷപ്പുമാര്‍ക്കെതിരായ ലൈംഗികപീഡന ആരോപണങ്ങള്‍ സംബന്ധിച്ച നയം സൃഷ്ടിച്ചു. 2014 ലും 2015 ലും കുടുംബത്തെക്കുറിച്ചുള്ള ബിഷപ്പുമാരുടെ സിനഡുകളും നടത്തി. 2015 ഡിസംബര്‍  മുതല്‍ 2016 വരെ സഭയില്‍ കരുണയുടെ ജൂബിലിവര്‍ഷമായി പ്രഖ്യാപിച്ച അദ്ദേഹം ഇപ്പോഴും കരുണയുടെ ഇടയന്‍ എന്നുതന്നെയാണ് അറിയപ്പെടുന്നത്. തന്റെ മുന്‍ഗാമികളായ ജോണ്‍പോള്‍ രണ്ടാമന്‍, ജോണ്‍ ഇരുപത്തിമൂന്നാമന്‍, പോള്‍ ആറാമന്‍ എന്നീ മാര്‍പാപ്പാമാരെ വിശുദ്ധരായി പ്രഖ്യാപിക്കുവാനും അദ്ദേഹത്തിനു സാധിച്ചു.
    ഈ അവസാനകാലഘട്ടത്തിലും അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുടെയും ഇസ്ലാമിക ഭീകരാക്രമണത്തിന്റെ ദുരന്തഫലമായി ഒഴിഞ്ഞുപോകേണ്ടിവരുന്ന ഗാസയിലെ ജനങ്ങളുടെയും കാര്യത്തില്‍ അങ്ങേയറ്റം ഉത്കണ്ഠ പുലര്‍ത്തിയിരുന്നു. അസുഖത്തിന് അല്പം കുറവുവന്ന സമയം അദ്ദേഹം ഗാസയിലെ മെത്രാനുമായി ഫോണില്‍ സംസാരിക്കുകയുണ്ടായി. കലുഷിതമായ വര്‍ത്തമാനകാലത്തിന് അത്യന്താപേക്ഷിതമായിരുന്ന ഒരു വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിലൂടെ  ലോകത്തിനു നഷ്ടമായിരിക്കുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)