•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

ചൂരല്‍ തിരികെയെത്തുമ്പോള്‍

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
  • 27 March , 2025

കേരളജനതയുടെ പൊതുബോധത്തില്‍ വര്‍ഷങ്ങളായി നിലനില്ക്കുന്ന ഒരു വിഷയത്തില്‍ വളരെ സ്വീകാര്യമായ ഒരു വിധിവാചകം കേരളത്തിലെ ഉന്നതകോടതിയുടെ പക്കല്‍നിന്നുണ്ടായിരിക്കുന്നു. ആറാംക്ലാസുകാരനെ ചൂരല്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ വിഴിഞ്ഞം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അധ്യാപകനു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം: ''സ്‌കൂളിലെ അച്ചടക്കവുമായി  ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരേയുള്ള പരാതികളില്‍ കേസെടുക്കുന്നതിനുമുമ്പ് പ്രാഥമികാന്വേഷണം നടത്തണം. അധ്യാപകരാണ് ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ടത്. കുട്ടികളുടെ നല്ല ഭാവിക്കുവേണ്ടി ചെറിയൊരു ശിക്ഷ നല്‍കിയാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകര്‍ ജോലി ചെയ്യേണ്ടത്. ചൂരല്‍ പ്രയോഗിക്കാതെ, വെറുതെ കൈയില്‍ കരുതുന്നതുപോലും കുട്ടികളില്‍ മാറ്റങ്ങളുണ്ടാക്കും. ഇന്നത്തെ യുവതലമുറയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുകയാണ്. ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. പണ്ട് സ്‌കൂളുകളില്‍ അച്ചടക്കമുണ്ടാക്കാന്‍ അധ്യാപകരുടെ നിഴല്‍ മതിയായിരുന്നു. ഇന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന്റെയും തടഞ്ഞുവച്ചതിന്റെയും മര്‍ദിച്ചതിന്റെയും വാര്‍ത്തകളാണ് കാണാന്‍ കഴിയുന്നത്. ഈ രീതി ഇനി പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. പ്രാഥമികാന്വേഷണത്തില്‍ അധ്യാപകരെ അറസ്റ്റു ചെയ്യുകയുമരുത്.''
   ഹൈക്കോടതിയുടെ വളരെ വ്യക്തമായ നിരീക്ഷണം വിരല്‍ ചൂണ്ടുന്നത് വിദ്യാലയങ്ങളിലെ അച്ചടക്കനടപടികള്‍ക്കും ശിക്ഷണരീതികള്‍ക്കുമപ്പുറം സമൂഹത്തില്‍ അരങ്ങുവാഴുന്ന ചില വിപത്തുകളുടെ ഉന്മൂലനത്തിലേക്കുകൂടിയാണ്. ചൂരല്‍പ്രയോഗത്തിലൂടെ സാധ്യമാകുന്ന അച്ചടക്കം നല്ലതുതന്നെയാണ്. എന്നാല്‍, കാര്‍ക്കശ്യത്തിന്റെ പിരിമുറുക്കങ്ങളല്ല, കരുതലിന്റെ ചേര്‍ത്തുപിടിക്കലുകളായിരിക്കണം അതിലൂടെ സാധ്യമാകേണ്ടത്. ചൂരലുകള്‍ സ്‌നേഹശാസനത്തിന്റെയും തിരുത്തലുകളുടെയും ദിശാസൂചികളായിത്തീരണം. ചൂരല്‍ പ്രയോഗങ്ങള്‍ മുറിവേല്പിക്കുന്ന അമ്പുകളാവാതെ സൗഖ്യപ്പെടുത്തുന്ന അന്‍പുകളായി വര്‍ത്തിക്കണം.
ഹൈക്കോടതിയുടെ നിരീക്ഷണത്തിലെ അവസാനവാചകങ്ങള്‍ ആശങ്കയുടെ വെളിപ്പെടുത്തലുകള്‍തന്നെയാണ്. കുറച്ചുനാളുകളായി കേരളക്കരയില്‍ കോളിളക്കമായി നില്ക്കുന്ന ലഹരിയും വിദ്യാര്‍ഥികളുടെ അക്രമവാസനയും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്ന വാക്കുകളാണവ. കോടതിനിരീക്ഷണദിനത്തില്‍ത്തന്നെ കോളജ്‌ഹോസ്റ്റലിലെ കഞ്ചാവുവിപണിയെക്കുറിച്ച് വാര്‍ത്ത വന്നത് കോടതിയുടെ നിരീക്ഷണത്തെയും സാമൂഹികസാഹചര്യത്തെയും അടിവരയിട്ടുറപ്പിക്കുകയാണ്.
    ഭയത്തോടെയും ആശങ്കയോടെയും കാണുന്ന ലഹരിമാഫിയയെ നിയന്ത്രിക്കുന്നതിനും വിദ്യാര്‍ഥികളില്‍നിന്നും യുവജനതയില്‍നിന്നും ലഹരിയുപയോഗം ഒഴിവാക്കുന്നതിനും പ്രാഥമികവിദ്യാലയങ്ങളിലെ അച്ചടക്കനടപടികളുടെ ഭാഗമായി ചൂരല്‍പ്രയോഗത്തെ പിന്താങ്ങിയതുപോലെ ചില 'ചൂരല്‍പ്രയോഗ' സാധ്യതകള്‍കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു. ലഹരിയുടെ നിയന്ത്രണമാര്‍ഗമായി ഓപ്പറേഷന്‍ ഹൗണ്ടും ഓപ്പറേഷന്‍ ക്ലീന്‍സ്റ്റേറ്റുമൊക്കെ ഫലപ്രദമാണെങ്കിലും ആത്യന്തികമായ അവസാനിപ്പിക്കലുകളും തിരുത്തലുകളും ഉണ്ടാവുന്നില്ല. ആള്‍ക്കൂട്ടം കൊന്നാല്‍ കേസില്ല എന്ന നിയമപഴുതുകളെക്കുറിച്ചുള്ള അബദ്ധധാരണ മാറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ലഹരിക്കച്ചവടവും ലഹരിയുപയോഗവും അക്രമവാസനയും നിയന്ത്രിക്കുന്നതിനു കാലോചിതമായ നിയമനിര്‍മാണം ആവശ്യമാണ്. ലളിതമായ ശിക്ഷാനടപടികള്‍ തെറ്റ് ആവര്‍ത്തിക്കുന്നതില്‍നിന്ന് ആരെയും പിന്തിരിപ്പിക്കുന്നില്ല. വേട്ടയാടലും ശുദ്ധീകരിക്കലും     ടൈറ്റില്‍കാര്‍ഡുകളായിമാത്രം നില്‍ക്കാതെ പ്രവൃത്തിപഥത്തില്‍ എത്തുന്നവിധത്തിലുള്ള മാറ്റങ്ങള്‍ മയക്കുമരുന്നുപയോഗം, കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലുണ്ടാവണം. കോടതിനടപടികള്‍ അതിവേഗത്തിലും ശിക്ഷാനടപടികള്‍ ആഴത്തിലുമാകണം. രോഗകാരണങ്ങള്‍ കണ്ടെത്തിയതുകൊണ്ടുമാത്രം ഒരു പരിശോധനയും ശസ്ത്രക്രിയയും വിജയകരമാകുന്നില്ല. കഠിനമെങ്കിലും അധ്യാപകരുടെ കരങ്ങളിലെ ചൂരലുകള്‍ കരുതലാണെന്നു കണ്ടെത്തിയ ഹൈക്കോടതിയുടെ നിരീക്ഷണയുക്തി ലഹരിയുപയോഗക്കച്ചവടക്കേസുകളുടെ കാര്യത്തിലും അവലംബിക്കണം. കഠിനവും കര്‍ക്കശവുമായ കോടതിനടപടികളിലൂടെയാണെങ്കിലും കൗമാരത്തെ കാര്‍ന്നുതിന്നുന്ന പുഴുക്കുത്തുകളില്‍നിന്നു കൈരളിയുടെ കുഞ്ഞുമക്കളെ സംരക്ഷിക്കണം. മയക്കുമരുന്നിന്റെ മയക്കത്തില്‍നിന്നു മലയാളിയെ മോചിപ്പിക്കുന്ന മറുമരുന്നുകള്‍ കണ്ടെത്താന്‍ സാധിക്കട്ടെ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)