പാരിസ് നഗരത്തിലെ തെരുവീഥികളില്‍ക്കൂടി വലിയൊരു ഭാണ്ഡവുമായി പാതിരാവില്‍ ഒരാള്‍ നടന്നുനീങ്ങുകയാണ്. അതു കണ്ട കള്ളന്മാര്‍ അദ്ദേഹത്തിന്റെമേല്‍ ചാടിവീണു; ഭാണ്ഡം പിടിച്ചുപറിച്ചെടുത്തു. അഴിച്ചുനോക്കിയപ്പോഴാണ് അതു വഴിയരുകില്‍ ആരോ ഇട്ടിട്ടുപോയ ഒരു ചോരക്കുഞ്ഞാണെന്ന് അവര്‍ക്കു മനസ്സിലാകുന്നത്. തെരുവീഥികളില്‍ അങ്ങിങ്ങായി രാത്രികാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അനാഥശിശുക്കളെ വാരിയെടുത്തുകൊണ്ടുപോയി വളര്‍ത്തിയിരുന്ന ഫാ. വിന്‍സെന്റ് ഡി പോളായിരുന്നു അത്.
കള്ളന്മാര്‍ക്കു ദുഃഖം തോന്നി. തങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു. ഒരു മഹാത്മാവിനെയാണ് തങ്ങള്‍ സംശയിച്ചത്. അവര്‍ മുട്ടുകുത്തി അദ്ദേഹത്തോടു മാപ്പു ചോദിച്ചു.
കുഞ്ഞുങ്ങളെ അദ്ദേഹം ജീവനുതുല്യം സ്‌നേഹിച്ചിരുന്നു. അവര്‍ക്കു 'ജീവനുണ്ടാകാന്‍-ജീവന്‍ സമൃദ്ധമായി ഉണ്ടാകാന്‍' അദ്ദേഹം ശ്രദ്ധിച്ചു. മാതാപിതാക്കള്‍ കൈവിട്ടുകളഞ്ഞിരുന്ന എത്രയോ കുഞ്ഞുങ്ങളെ അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്!
പാവങ്ങളുടെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ആരുമാരുമില്ലാതിരുന്ന പതിതരുടെയും പാവപ്പെട്ടവരുടെയും ഇടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമത്രയും. ആര്‍ത്തരില്‍, ആലംബഹീനരില്‍ യേശുവിനെ കാണാന്‍ ആ ദീനദയാലുവിനു സാധിച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും കഴിഞ്ഞിരുന്നത് പാവപ്പെട്ടവരുടെകൂടെയായിരുന്നു. അവരുടെയിടയില്‍ത്തന്നെ തങ്ങളുടെ വിശ്രമസങ്കേതവും അവര്‍ കണ്ടെത്തി. അതാണ് അദ്ദേഹത്തിന്റെ പ്രതിമയെപ്പോലും വന്ദിച്ചുനില്ക്കാന്‍ ഫ്രഞ്ചുവിപ്ലവകാരികളെ പ്രേരിപ്പിച്ചത്.
1789 ലാണ് ഫ്രഞ്ചുവിപ്ലവം അതിന്റെ ഉച്ചകോടിയിലെത്തുന്നത്. അതിന്റെ ചില മുറിപ്പാടുകള്‍ ഇന്നും പാരിസ് നഗരവീഥികളില്‍ കാണാന്‍ കഴിയും. വിപ്ലവകാരികള്‍ നഗരത്തില്‍ അഴിഞ്ഞാട്ടംതന്നെ നടത്തി. പുരോഹിതരെയും ഉന്നതപ്രഭുകുലജാതരെയും ഒന്നടങ്കം കൊന്നൊടുക്കി. സഭയുടെ സ്ഥാപനങ്ങള്‍, സ്ഥലങ്ങളൊക്കെ പിടിച്ചെടുത്തു. കണ്ണില്‍ കണ്ടവയൊക്കെ അടിച്ചുടച്ചു. അങ്ങനെ സര്‍വതും തകര്‍ത്തുനീങ്ങിയ വിപ്ലവകാരികള്‍ ചെന്നുനിന്നത് ഉയര്‍ന്നുനില്ക്കുന്ന ഒരു പൂര്‍ണകായപ്രതിമയുടെ മുമ്പിലാണ്. നേതാവ് അനുയായികളോടു പറഞ്ഞു: ''അതുമാത്രം തകര്‍ക്കേണ്ടാ - പാവങ്ങള്‍ക്കുവേണ്ടി നിലകൊണ്ട ഒരു മനുഷ്യന്റെ പ്രതിമയാണത്.''
അങ്ങനെ അന്ന് ഒഴിവാക്കപ്പെട്ട ആ പ്രതിമ വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെതായിരുന്നു - വിപ്ലവകാരികളെപ്പോലും രോമാഞ്ചമണിയിച്ച വ്യക്തിത്വം.
പിരണീസ് പര്‍വതസാനുക്കളിലെ ഒരു കൊച്ചുഗ്രാമത്തില്‍ വില്യം - ബര്‍ട്രാന്റാ ദമ്പതികളുടെ ആറു മക്കളിലൊരുവനായ വിന്‍സെന്റ് വലിയ സ്വഭാവവൈശിഷ്ട്യങ്ങളൊന്നുമില്ലാത്ത ഒരു സാധാരണവ്യക്തിയായിരുന്നു. ക്രമേണയാണ് വിന്‍സെന്റില്‍ ഒരു മാനസികപരിവര്‍ത്തനം സംജാതമാകുന്നത്. ഒരു നവവൈദികനായ അദ്ദേഹത്തെ 1605 ല്‍ കടല്‍ക്കൊള്ളക്കാര്‍ പിടികൂടി ഒരു അടിമയുടെ വിലയ്ക്ക് ഒരു മുക്കുവനു കൊടുത്തു - മുക്കുവന്‍ മറ്റൊരു മുസ്ലീമിനും. മതം മാറി മുസ്ലീമായിത്തീര്‍ന്ന വേറൊരുത്തനായിരുന്നു അദ്ദേഹത്തിന്റെ മൂന്നാമത്തെ യജമാനന്‍. ആ മതത്യാഗിയെ അദ്ദേഹം മാനസാന്തരപ്പെടുത്തി ക്രൈസ്തവവിശ്വാസത്തിലേക്കു മടക്കിക്കൊണ്ടുവന്നു. അചിരേണ പാരിസിലെത്താനും അദ്ദേഹത്തിനു കഴിഞ്ഞു.
അങ്ങനെ, തികച്ചും കയ്‌പേറിയ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ വിന്‍സെന്റില്‍ അനുകമ്പാര്‍ദ്രമായ ഒരു ഹൃദയം രൂപംകൊള്ളുകയായിരുന്നു. പീഡിതരുടെയും പാവങ്ങളുടെയും നൊമ്പരങ്ങളില്‍ പങ്കുചേരാന്‍ അദ്ദേഹം പഠിച്ചു. കരുണാര്‍ദ്രമായ ഒരു ഹൃദയം ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിനുണ്ടായിരുന്നു - അവരിലേക്കിറങ്ങിച്ചെല്ലാന്‍, അവരുമായി താദാത്മ്യം പ്രാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതാണ്, ഫ്രഞ്ചുവിപ്ലവകാരികള്‍പോലും ആ പ്രതിമ നശിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കാരണം. വിപ്ലവം പ്രസംഗിച്ചവര്‍ക്കു സ്വപ്നം കാണാന്‍പോലും കഴിയാത്തത്ര ദൂരത്തിലായിരുന്നു ആ മഹാന്‍.
ജീവിതത്തിലെ ഏതു വേദനയും അപമാനവും പരാതി കൂടാതെ സ്വീകരിക്കാന്‍ അദ്ദേഹം പഠിച്ചതും അടിമത്തത്തില്‍ നൊന്തുകഴിഞ്ഞ കാലത്തായിരുന്നു. മൂന്നു യജമാനന്മാരുടെ കീഴില്‍ ക്രൂരമായ മര്‍ദനമേറ്റു കഴിഞ്ഞ വിന്‍സെന്റ് ഫ്രാന്‍സിലെത്തിയശേഷം താമസിച്ചിരുന്നത് ഒരു ജഡ്ജിയോടൊപ്പമാണ്. ഒരിക്കല്‍, ജഡ്ജിയുടെ പക്കല്‍നിന്ന് വലിയൊരു സംഖ്യ - 400 ക്രൗണ്‍ മോഷണംപോയി. നിരന്തരം അടിമയായിക്കഴിഞ്ഞ വിന്‍സെന്റുതന്നെയാണു പ്രതിയെന്ന് ജഡ്ജിക്കു തോന്നി. അതിന്റെ പേരില്‍ ജഡ്ജി വിന്‍സെന്റിനെ കണക്കറ്റു ശകാരിക്കുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു.
ഇത്രയേറെ അവഹേളിതനായിട്ടും ശാന്തതയും സമചിത്തതയും കൈവെടിയാതെ വിന്‍സെന്റ് മുന്നോട്ടു നീങ്ങി. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍, മനഃസാക്ഷിക്കടി കൂടിക്കൂടിവന്നപ്പോള്‍ യഥാര്‍ഥ കള്ളന്‍ ജഡ്ജിക്കു കത്തയച്ചു, കൂട്ടത്തില്‍ വിന്‍സെന്റിനും. ''ഞാനാണു കളവു നടത്തിയത്. അതേറ്റു പറഞ്ഞു പരിഹാരം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.'' അപ്പോഴാണ്, ജഡ്ജിക്കു ബോധോദയം ഉണ്ടാകുന്നത്. താന്‍ തെറ്റിദ്ധരിച്ചതു പരിശുദ്ധനായ ഒരു വൈദികനെയാണ്. യേശുവിനെപ്രതിയായിരുന്നു മുമ്പ് ആ മനുഷ്യന്‍ അടിമയായതും ഇപ്പോള്‍ അധിക്ഷേപം ഏറ്റുവാങ്ങിയതും.
പീഡിതരും പാവപ്പെട്ടവരും അഗതികളും അനാഥശിശുക്കളുമായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍. മുഴുവന്‍സമയവും അവരിലേക്കിറങ്ങിച്ചെല്ലാന്‍വേണ്ടിയാണ് അദ്ദേഹം ഒരു സന്ന്യാസിനീസമൂഹത്തിനു തുടക്കമിട്ടത് - ഉപവിസഹോദരികളുടെ സഭ. അചിരേണ ദീനാനുകമ്പപ്രവര്‍ത്തനങ്ങളുമായി പ്രസ്തുത സഭ ലോകത്തിന്റെ നാനാഭാഗത്തും വ്യാപിച്ചു. അതുപോലെ, വൈദികര്‍ക്കുവേണ്ടിയും ഒരു സന്ന്യാസസമൂഹം അദ്ദേഹം സ്ഥാപിച്ചു. അതിന്റെയും ഉദ്ദേശ്യം പാവങ്ങളെ സഹായിക്കുക എന്നതായിരുന്നു.
ആ മഹാന്റെ നാമധേയം നിലനിര്‍ത്താനും പ്രവര്‍ത്തനങ്ങള്‍ പിന്തുടരാനുമാണ് പിന്നീട് ഫ്രഡറിക്ക് ഓസാനാം വിന്‍സെന്റ് ഡിപോള്‍ സംഘടന എന്ന പ്രസ്ഥാനംതന്നെ ആരംഭിക്കുന്നത്. ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലുമായി അതിന് അനേകായിരം കോണ്‍ഫെറന്‍സുകളും പ്രവര്‍ത്തകരുമുണ്ട്. പേരും പെരുമയും ലക്ഷ്യം വയ്ക്കാതെ തികച്ചും അജ്ഞാതരായി മാറിനിന്നുകൊണ്ട് വിശുദ്ധ വിന്‍സെന്റിനെ ജീവിതത്തില്‍ പകര്‍ത്തുകയാണവര്‍. പാവങ്ങളുടെ പക്ഷം ചേര്‍ന്നുനില്ക്കുന്ന ദൈവത്തെ കാണുകയും കാണിച്ചുകൊടുക്കുകയും ചെയ്യുന്നതിലായിരുന്നു വിശുദ്ധ വിന്‍സെന്റിന്റെ സജീവശ്രദ്ധ. വിന്‍സെന്റ് ഡിപോള്‍ സംഘടന ലക്ഷ്യം വയ്ക്കുന്നതും അതുതന്നെ!
ദൈവം എന്നും പാവപ്പെട്ടവന്റെകൂടെയാണ്. ബത്‌ലഹെമിലെ ഒരു കാലിത്തൊഴുത്തില്‍ പിറന്നുവീണവന്‍, നസ്രസില്‍ ഒരു മരപ്പണിക്കാരന്റെ മകനായി ജീവിച്ചു. ഉടുതുണിപോലും കൈവിട്ട് മലമുകളില്‍ എല്ലാവരും കാണ്‍കെ മരക്കുരിശില്‍ അവന്‍ പിടഞ്ഞുപിടഞ്ഞു മരിച്ചപ്പോള്‍ 'എല്ലാം പൂര്‍ത്തിയായി' (യോഹ. 19-30). ധനവാനെയല്ല, ലാസറിനെയാണ് അവിടുന്നു പിന്തുണച്ചത്. അതു ശരിക്കു മനസ്സിലാക്കിയ ആദിമസഭയാണ് അഗതികളിലേക്കും അനാഥരിലേക്കും കടന്നുചെല്ലുന്നത്; അത്തരക്കാരുടെ ഒരു പട്ടിക (ാലൃേശരൗഹമ) തന്നെ ഉണ്ടാക്കി അവരെ അക്കമിട്ട് അടയാളപ്പെടുത്തി സഹായിച്ചുപോന്നത്. ആദിമസഭയുടെ സ്വപ്നമാണ് ഫാ. വിന്‍സെന്റ് ഡിപോള്‍ സാക്ഷാത്കരിച്ചതും സാര്‍വത്രികമാക്കിയതും.
'എന്റെ ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ സഹായം നല്കുകയും സ്വാഗതമരുളുകയും ചെയ്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നതെ'ന്നു പറഞ്ഞ കര്‍ത്താവിനെ കണ്ടെത്തുകയായിരുന്നു വിശുദ്ധ വിന്‍സെന്റും വിന്‍സെന്റ് ഡിപോള്‍ സംഘടനയും. അതായിരിക്കണം നമ്മുടെയും ലക്ഷ്യം.