•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

കാട്ടുതീ! ആഗോളദുരന്തമായി ലോസ് ആഞ്ചലസ്

മേരിക്കയില്‍ കാലിഫോര്‍ണിയ സ്റ്റേറ്റിലെ ലോസ്ആഞ്ചലസ് ഇന്ന് ലോകത്തിനു വലിയ ദുരന്തക്കാഴ്ചയാണു നല്‍കുന്നത്. ഇവിടെയുണ്ടായ തീപ്പിടിത്തത്തിലെ നഷ്ടങ്ങളുടെ കണക്ക് എന്നപോലെ ദുരന്തത്തിന്റെ വ്യാപ്തിയും കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനു കഴിയുമെന്നു കരുതാനാവില്ല. അത്ര ഭയാനകവും  സങ്കല്പിക്കാനാവാത്തതുമാണീ ദുരന്തം. ഔദ്യോഗികകണക്കുപ്രകാരം, 26 പേര്‍ മരണപ്പെട്ടതായാണു റിപ്പോര്‍ട്ട്. ഇതു കൃത്യമായിരിക്കില്ല. കൂടുതല്‍ ആള്‍നാശം ഉണ്ടാകാം. വളര്‍ത്തുനായ്ക്കള്‍ ഉള്‍പ്പെടെ മൃഗങ്ങള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഏകദേശക്കണക്ക് സാവധാനം ലഭിക്കുമെങ്കിലും കൊല്ലപ്പെട്ട വന്യമൃഗങ്ങളെക്കുറിച്ചും മറ്റു വളര്‍ത്തുമൃഗങ്ങളെക്കുറിച്ചും ഏകദേശധാരണപോലുമുണ്ടാവുക വിഷമമാണ്. ഇന്ത്യയിലെപ്പോലെ വീടുകള്‍തോറും കാലിവളര്‍ത്തല്‍ ഇവിടെയില്ല. ഫാമുകളില്‍ പാലുത്പന്നങ്ങള്‍ക്കും മാംസത്തിനുമായി വന്‍തോതില്‍ വളര്‍ത്തുന്നവയില്‍ നൂറുകണക്കിനു ഫാമുകള്‍ പൂര്‍ണമായി കത്തിയമര്‍ന്നിട്ടുണ്ട്. ശക്തമായ കാറ്റ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. രണ്ടാഴ്ചയോളമായിട്ടും തീ പൂര്‍ണമായി അണയ്ക്കാനായിട്ടില്ലായെന്നത് നാശനഷ്ടങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണു കാണിക്കുന്നത്. അതിശക്തമായ കാറ്റ്, തീയണഞ്ഞതായി കരുതുന്നയിടത്തും വീണ്ടും തീ ആളിക്കത്താനും വ്യാപിക്കാനും നാശനഷ്ടങ്ങള്‍ ആവര്‍ത്തിക്കാനും ഇടയാക്കുന്നു. കൊട്ടാരസമാനമായ വീടുകളും ഔട്ടുഹൗസുകളും കത്തിനശിച്ചതിനു കണക്കില്ല. അവധിക്കാലവാസത്തിന് ഉപയോഗിക്കുന്നവയാണ് പലതും. അനേകംപേര്‍ ദൂരസ്ഥലങ്ങളില്‍, താമസസ്ഥലത്തിരുന്ന് ടി.വിയിലൂടെയായിരുന്നു തീപ്പിടിത്തത്തിന്റെ ദുരന്തക്കാഴ്ചകള്‍ കണ്ടത്. കണ്‍മുമ്പില്‍ വീടും സര്‍വസ്വവും കത്തിയെരിയുന്നതും എല്ലാം ചാരക്കൂമ്പാരമായി മാറുന്നതും വേദനയോടെ കണ്ടിരിക്കേണ്ടി വന്നു.
     തീപ്പിടിത്തവും ശക്തമായ ചുഴലിക്കാറ്റുകളും നിരന്തരഭീഷണിയുയര്‍ത്തുന്ന അമേരിക്കയുടെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. തീപ്പിടിത്തവും ചുഴലിക്കാറ്റും കാരണം വെര്‍ജീനിയ, കെന്റക്കി, മിസൗരി, കാന്‍സാസ് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ സര്‍വനാശം വരുത്തിയ പാലിസേഡ്‌സ്, ഈറ്റണ്‍ എന്നീ പേരുകളിലുള്ള കാട്ടുതീകള്‍ അതിവേഗമായിരുന്നു വ്യാപിച്ചത്. പസഫിക് പാലിസേഡ്‌സിലായിരുന്നു തീപ്പിടിത്തത്തിന്റെ തുടക്കം. ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ - നവംബര്‍ വരെ കാലിഫോര്‍ണിയസ്റ്റേറ്റില്‍ പലയിടങ്ങളിലും കാട്ടുതീ സാധാരണസംഭവങ്ങളാണ്. അതോടൊപ്പമുണ്ടാകുന്ന കാറ്റ് സ്ഥിതി രൂക്ഷമാക്കുകയും ചെയ്യും. അതാണ് ഇപ്പോഴുമുണ്ടായത്. 
    ലോകത്തെതന്നെ സിനിമാ വ്യവസായത്തിന്റെ തലസ്ഥാനവും അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമായ ലോസ് ആഞ്ചലസില്‍ തീപ്പിടിത്തമുണ്ടായപ്പോള്‍ സമ്പന്നരും പാവപ്പെട്ടവരും ഒന്നുപോലെ കൈയില്‍ കിട്ടിയവയുമായി ഓടി രക്ഷപ്പെടുകയായിരുന്നു. തീ പടര്‍ന്നതോടെ, രാജപാതകളില്‍ക്കൂടിപ്പോലും വാഹനങ്ങള്‍ക്കു പലയിടങ്ങളിലും കടന്നുപോകാന്‍ വിഷമമുണ്ടായി. സര്‍വസന്നാഹങ്ങളോടെയുമായിരുന്നു അമേരിക്ക കാട്ടുതീയണയ്ക്കാന്‍ രംഗത്തിറങ്ങിയത്. ദുരന്തമുണ്ടായ പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും നടന്നുവരുന്നു. ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകുന്നുണ്ട്. അതോടൊപ്പം ശക്തമായ കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുമുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ ഫയര്‍ഫോഴ്‌സ് സേവനം സ്വീകരിക്കുന്നുണ്ട്. കൂറ്റന്‍ ട്രക്കുകളില്‍ ദൂരസ്ഥലങ്ങളില്‍നിന്നു വെള്ളം എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ആന്തണി സി. മറോണ്‍ അറിയിച്ചു. തുടര്‍ന്നും കാറ്റ് ശക്തിപ്പെടുകയും ദുരിതബാധിതമേഖലകളില്‍ വ്യാപിപ്പിക്കുകയും ചെയ്യാന്‍ സാധ്യതയുള്ളതായാണു മുന്നറിയിപ്പ്. തീയണയ്ക്കാന്‍ മലനിരകളിലും വാഹനസഞ്ചാരത്തിനു തടസ്സമുള്ളയിടങ്ങളിലും ഹെലികോപ്റ്ററുകളില്‍ അഗ്നിശമനികള്‍ വിതറിയിരുന്നു. ഇതു ഫലപ്രദമായിരുന്നു. കാലിഫോര്‍ണിയസ്റ്റേറ്റില്‍ പല പ്രദേശങ്ങളിലും കാട്ടുതീ പതിവായ മേഖലകളുണ്ട്. തീപ്പിടിത്തമുണ്ടായാല്‍ കാറ്റില്‍ തീ അതിവേഗം വിസ്തൃതമായ പ്രദേശങ്ങളിലേക്കു പടരുന്ന അനുഭവമാണെന്ന് തദ്ദേശീയര്‍ പറയുന്നു. എട്ടുമാസമായി ലോസ് ആഞ്ചലസില്‍ മഴ കിട്ടിയിട്ട്. 2024 ലാകട്ടെ ചൂടും ഉഷ്ണതരംഗവും കൂടുതലുമായിരുന്നു.
     കാലിഫോര്‍ണിയയില്‍ 18 ദേശീയവനങ്ങളുണ്ട്. അവയുടെ സംരക്ഷണം അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാരിനാണ്. തീപ്പിടിത്തത്തില്‍ ജീവന്‍ രക്ഷിക്കാന്‍ സകലതും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടവരില്‍ പലര്‍ക്കും ഇപ്പോള്‍ ജീവന്‍മാത്രമാണ് അവശേഷിക്കുന്നത്. 13 ലക്ഷത്തോളം പേര്‍ വസിച്ചിരുന്ന ജനവാസമേഖലയില്‍ രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും അധികാരികള്‍ക്കു വലിയ ചോദ്യചിഹ്നമാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയും ശാസ്ത്ര-സാങ്കേതിക, സൈനികശക്തിയും, ആധുനികകണ്ടുപിടിത്തങ്ങളെല്ലാം സ്വായത്തമായതുമായ രാജ്യം പുതിയ പ്രതിസന്ധിയെ പതറാതെ ധീരമായി നേരിടുകയാണ്. അനേകനിലകളുടെ കൂറ്റന്‍ സൗധങ്ങള്‍ നിമിഷാര്‍ധത്തില്‍ തകര്‍ന്നുവീണിടത്ത്, രക്ഷാപ്രവര്‍ത്തനം എത്ര വിഷമകരമെന്നു സങ്കല്പിക്കാനേ കഴിയൂ. പതിനായിരക്കണക്കിനു ഫയര്‍ എഞ്ചിനുകള്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിലാണ്. ശ്വാനസേനയും തിരച്ചില്‍ കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിപ്പിക്കുന്നതായാണു റിപ്പോര്‍ട്ട്. 36,000 ത്തിലേറെ ഹെക്ടര്‍ പ്രദേശത്തെ 12,000 ലധികം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലാണ് ഇപ്പോഴും തിരച്ചില്‍. 15,000 കോടിയിലധികം ഡോളറിന്റെ നഷ്ടം കണക്കാക്കുന്നു.
     കനത്ത നാശമുണ്ടാക്കിയ തീപ്പിടിത്തത്തിന്റെ ഉദ്ഭവസ്ഥാനത്തെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തിവരുന്നു. മലയിടുക്കുകളും പാതകളും വിശദമായി പരിശോധിക്കുകയും പാറക്കഷണങ്ങള്‍, കുപ്പികള്‍, കാനുകള്‍ തുടങ്ങി തെളിവുകളെന്തെങ്കിലും കിട്ടുമോയെന്നതിനായി വലിയ തോതില്‍ പരിശോധനകള്‍ നടത്തുകയും ചെയ്യുന്നു. തീപ്പിടിത്തത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് എന്തെങ്കിലും സൂചനകള്‍ കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം. സന്ദര്‍ശകരായി ദുരന്തബാധിതപ്രദേശങ്ങളില്‍ നേരത്തേ എത്തിപ്പെടുകയും അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നവരില്‍നിന്നും തെളിവുകളും ദൃക്‌സാക്ഷിമൊഴികളും രേഖപ്പെടുത്തുന്നതിനോടൊപ്പം, അവര്‍ എടുത്ത ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ പരിശോധിക്കുകയും ചെയ്തുവരുന്നു. അതിനിടെ, സംഭവത്തെക്കുറിച്ചു മറ്റൊരഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. തീപ്പിടിത്തത്തിന് ആഴ്ചകളോ ദിവസങ്ങളോ മുമ്പുണ്ടായ അഗ്നിബാധയുടെ അവശിഷ്ടങ്ങളായി വനാതിര്‍ത്തിയിലോ മറ്റിടങ്ങളിലോ കിടന്നവ ശക്തമായ കാറ്റുണ്ടായതോടെ വലിയ ദുരന്തമായി മാറിയതാവാം. അന്വേഷണഫലം പുറത്തുവരുന്നതുവരെ യഥാര്‍ഥ കാരണം വെളിപ്പെടുത്തുക വിഷമകരമായിരിക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)