ബഹിരാകാശസാങ്കേതികവിദ്യ രൂപകല്പന വീണ്ടും പ്രാവര്‍ത്തികമാക്കി ഇന്ത്യ! വ്യത്യസ്ത പേടകങ്ങള്‍ ബഹിരാകാശത്തു കൂട്ടിയോജിപ്പിക്കുന്ന സാങ്കേതികവിദ്യയായ സ്‌പേസ് ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയതാണ് നമ്മുടെ രാജ്യം കൈവരിച്ച സുപ്രധാനമായ നേട്ടം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ((ISRO) സ്‌പേഡക്‌സ് (SpaDex) എന്നാണ് ഈ ദൗത്യത്തിനു നല്‍കിയിരിക്കുന്ന പേര്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കുശേഷം ഈ ചരിത്രവിജയം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
ഇക്കഴിഞ്ഞ 16-ാം തീയതി രാവിലെയാണ് സ്‌പേഡക്‌സ്ദൗത്യം വിജയകരമായ വിവരം ഐഎസ്ആര്‍ഒ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. രാജ്യത്തിന് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചതില്‍ എഴുന്നൂറിലധികം ശാസ്ത്രജ്ഞരുടെ അശ്രാന്തപരിശ്രമമുണ്ട്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശഗവേഷണകേന്ദ്രത്തില്‍നിന്ന് പി.എസ്.എല്‍.വി. (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) സി-60, എസ്.ഡി.എക്‌സ് 01 (SDX01) (ചേസര്‍), എസ്.ഡി.എക്‌സ് 02 (SDX02) (ടാര്‍ഗറ്റ്) എന്നീ രണ്ട് ബഹിരാകാശപേടകങ്ങള്‍ (ഉപഗ്രഹങ്ങള്‍) വിക്ഷേപിച്ചത്. 220 കിലോഗ്രാമായിരുന്നു ചേസര്‍-ടാര്‍ഗറ്റ് പേടകങ്ങളുടെ ഭാരം. ഭൂമിയില്‍നിന്ന് 470 കിലോമീറ്റര്‍ ഉയരത്തില്‍, 20 കിലോമീറ്റര്‍ അകലത്തില്‍ ഒരേ ഭ്രമണപഥത്തിലാണ് ഈ രണ്ടു പേടകങ്ങളെയും എത്തിച്ചത്.
മണിക്കൂറില്‍ 28000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകങ്ങള്‍ തമ്മിലുള്ള അകലം ദിവസങ്ങള്‍കൊണ്ടു കുറച്ചാണ് ഡോക്കിങ് സാധ്യമാക്കുന്നത്. 15 മീറ്റര്‍ അകലത്തില്‍ സഞ്ചരിച്ച പേടകങ്ങളെ മൂന്നു മീറ്റര്‍ അടുത്തെത്തിച്ചശേഷമാണ് ഡോക്കിങ് പൂര്‍ത്തിയാക്കിയത്. ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷം അണ്‍ഡോക്കിങ്ങും പരീക്ഷണവിധേയമാക്കുമെന്ന് ഐഎസ് ആര്‍ഒ അറിയിച്ചു. ഡോക്കിങ്ങിലൂടെ ഒന്നായിച്ചേര്‍ന്ന പേടകങ്ങള്‍ വേര്‍പെടുത്തുന്നതിനെയാണ് അണ്‍ഡോക്കിങ് കൊണ്ടുദ്ദേശിക്കുന്നത്.
ഡോക്കിങ്ങിനുശേഷം രണ്ടു പേടകങ്ങളെയും ഒരൊറ്റവസ്തുവായി നിയന്ത്രിക്കുന്ന കാര്യം വിജയകരമായതായി ഐഎസ്ആര്‍ഒ കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്ന നമ്മുടെ സ്വന്തം ബഹിരാകാശനിലയം, ചന്ദ്രയാന്‍-4, ഗഗന്‍യാന്‍ എന്നീ പദ്ധതികള്‍ക്ക് ഡോക്കിങ് വിജയം കരുത്തേകും. ഈ പദ്ധതികളിലെല്ലാം ഡോക്കിങ് കൂടുതലായി ആവശ്യമുള്ളതാണ്. ഇന്റര്‍നാഷണല്‍ ഡോക്കിങ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡ് അടിസ്ഥാനമാക്കിയാണ് നമ്മുടെ ഡോക്കിങ് സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നത്. 370 കോടി രൂപയാണ് സ്‌പേഡക് ദൗത്യത്തിനായി ചെലവഴിച്ച തുക. എന്നാല്‍, മറ്റു രാജ്യങ്ങള്‍ ഈ ദൗത്യത്തിനായി ചെലവാക്കിയ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ കുറവാണ്. നമ്മുടെ സാങ്കേതികവിദ്യകള്‍ തദ്ദേശീയമാണെന്നതും ചെലവുകള്‍ വളരെ ചുരുക്കിയാണ് പരീക്ഷണങ്ങള്‍ നടത്തുന്നതെന്നതുമാണ് ഐഎസ്ആര്‍ഒ യെ മറ്റു രാജ്യങ്ങളുടെ ബഹിരാകാശഗവേഷണകേന്ദ്രങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത്.