തിരഞ്ഞെടുപ്പുപ്രക്രിയയ്ക്കിടെ ശേഖരിക്കുന്ന സിസിടിവി, വെബ്കാസ്റ്റിങ് ദൃശ്യങ്ങളില്‍ പൊതുജനപരിശോധന തടയുന്ന തിരഞ്ഞെടുപ്പു ചട്ടഭേദഗതിക്കെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ഡിസംബര്‍ 20 ന് കേന്ദ്രനിയമ മന്ത്രാലയം തിരഞ്ഞെടുപ്പുനടത്തിപ്പുചട്ടത്തില്‍ വരുത്തിയ ഭേദഗതിയാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. 1961 ലെ തിരഞ്ഞെടുപ്പുചട്ടങ്ങളിലെ റൂള്‍ 93 (2) (എ) പ്രകാരം ''തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റെല്ലാ പേപ്പറുകളും പൊതുപരിശോധനയ്ക്കു വിധേയമായിരിക്കും'' എന്നായിരുന്നെങ്കില്‍, ഭേദഗതിപ്രകാരം 'നിയമത്തില്‍ എടുത്തുപറയാത്ത രേഖകള്‍ പൊതുജനങ്ങള്‍ക്കു പരിശോധനയ്ക്കായി ലഭിക്കില്ല' എന്നാക്കി മാറ്റി. സി സി ടി വി ദൃശ്യങ്ങള്‍,വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ തുടങ്ങിയവ പരിശോധിക്കാന്‍ കഴിയാത്ത സാഹചര്യമാണ്
ഉണ്ടായിരിക്കുന്നത്. പൊതുജനാഭിപ്രായം തേടാതെയുള്ള ഭേദഗതി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പാര്‍ട്ടികളും സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത്തരമൊരു നീക്കം തിരഞ്ഞെടുപ്പുപ്രക്രിയയിലെ സുതാര്യതയെയും ഉത്തരവാദിത്വത്തെയും തകര്‍ക്കുന്നുവെന്നു ഹര്‍ജികളില്‍ പറയുന്നു. തിരഞ്ഞെടുപ്പുപ്രക്രിയയുടെ സമഗ്രത പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതിക്കു സാധിക്കുമെന്നാണു പ്രതീക്ഷയെന്നു ഹര്‍ജി നല്‍കിയ എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
തിരഞ്ഞെടുപ്പുചട്ടഭേദഗതികളിലെ നിര്‍ദേശങ്ങള്‍
നിയമത്തിലെ 93-ാം വകുപ്പുപ്രകാരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാമെങ്കിലും അവയുടെ പരിധിയില്‍ നാമനിര്‍ദേശപത്രിക, തിരഞ്ഞെടുപ്പ് ഏജന്റുമാരെ നിയോഗിച്ചുള്ള കടലാസുകള്‍, തിരഞ്ഞെടുപ്പുകണക്കുകള്‍, ഫലങ്ങള്‍, ചട്ടങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ തുടങ്ങിയ രേഖകള്‍മാത്രമാണ് പൊതുജനങ്ങള്‍ക്കു ലഭ്യമാകുക. ബാലറ്റ്‌പേപ്പറുകള്‍, അവയുടെ കൗണ്ടര്‍ഫോയിലുകള്‍, വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ എന്നിവയടക്കം ഏതാനും രേഖകള്‍ പുറത്തുവിടുന്നതിനായിരുന്നു ഇതുവരെ വിലക്കുണ്ടായിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പു നിയമത്തില്‍ പരാമര്‍ശിക്കാത്ത ഒരു രേഖയും നല്‍കാനാവില്ല എന്നാണ് നിയമമന്ത്രാലയം ഭേദഗതിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഭേദഗതിയോടെ സി സി ടി വി ദൃശ്യങ്ങള്‍, വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍, മാതൃകാ പെരുമാറ്റച്ചട്ട കാലയളവില്‍ സ്ഥാനാര്‍ഥികളുടെ വീഡിയോ റെക്കോര്‍ഡിങ് തുടങ്ങിയ ഇലക്ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാവുകയില്ല. പൊതുജനങ്ങള്‍ക്ക് ഇവ വേണമെന്നുണ്ടെങ്കില്‍ കോടതിയെ സമീപിക്കണം. ഇലക്ട്രോണിക് രേഖകള്‍ ദുരുപയോഗം ചെയ്യുന്നതു തടയാന്‍വേണ്ടിയാണ് ഭേദഗതി കൊണ്ടുവന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍വാദം.
തിരഞ്ഞെടുപ്പു ചട്ടഭേദഗതിയുടെ പശ്ചാത്തലം
ഈ അടുത്തുനടന്ന ഹരിയാന നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ അഭിഭാഷകനായ മെഹ്‌മൂദ് പ്രാച നല്‍കിയുടെ പരാതിയില്‍ വോട്ടെടുപ്പിന്റെ വീഡിയോകളും, പോള്‍ചെയ്ത വോട്ടുകളുടെ കണക്കടങ്ങുന്ന രേഖകളും, സിസിടിവി ദൃശ്യങ്ങളടക്കം പരാതിക്കാരനു കൈമാറാന്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മെഹ്‌മൂദ് പ്രാചയ്ക്ക് വിവരം നല്‍കുന്നതിനെ ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ആവശ്യം ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും ഹര്‍ജിക്കാരന്‍ ഹരിയാനക്കാരനല്ലെന്നും കമ്മീഷന്‍ വാദിച്ചു. എന്നാല്‍, ചട്ടപ്രകാരം ഇവ നല്‍കാന്‍ കമ്മിഷനു ബാധ്യതയുണ്ടെന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. ചട്ടത്തില്‍ അനുവദിക്കാത്തത് ഒഴികെയുള്ള രേഖകളെല്ലാം എട്ടാഴ്ചയ്ക്കകം നല്‍കാനാണ് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണു തിരഞ്ഞെടുപ്പുകമ്മീഷന്റെ ശിപാര്‍ശപ്രകാരം നിയമമന്ത്രാലയം തിരക്കിട്ടു ഭേദഗതി കൊണ്ടുവന്നത്. സര്‍ക്കാരിനു പലതും മറയ്ക്കാനുണ്ടെന്ന് ഇതു വ്യക്തമാക്കുന്നതായി പ്രതിപക്ഷകക്ഷികളും, സുതാര്യമായും സത്യസന്ധമായും തിരഞ്ഞെടുപ്പു നടത്താന്‍ പ്രചാരണം നടത്തുന്ന ഫോറം ഫോര്‍ ഡെമോക്രറ്റിക് റിഫോംസ് ഉള്‍പ്പടെയുള്ള സ്വതന്ത്രസംഘടനകളും പറയുന്നു.
സംശയമുനയില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍
മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 2024 ജൂലൈമുതല്‍ നവംബര്‍വരെ വോട്ടര്‍പട്ടികയില്‍ ഏകദേശം 47 ലക്ഷം വോട്ടര്‍മാരുടെ അഭൂതപൂര്‍വമായ വര്‍ധനയുണ്ടായി. ശരാശരി 50,000 വോട്ടര്‍മാരുടെ വര്‍ധനയുണ്ടായ 50 നിയമസഭാ സീറ്റുകളില്‍ ഭരണമുന്നണിയായ മഹായുതി 47 സീറ്റുകളിലും വിജയിച്ചു. പതിറ്റാണ്ടുകളായി മഹാവികാസ് അഘാടിയുടെ കൈവശമിരുന്ന കുത്തകസീറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, പോളിംഗ് ഡാറ്റയിലെ പൊരുത്തക്കേടുകളും പ്രതിപക്ഷം ആരോപിക്കുന്നു. തിരഞ്ഞെടുപ്പുദിവസം വൈകുന്നേരം 5 മണിക്കുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ ശരാശരി വോട്ടിങ് ശതമാനം 58.22 ശതമാനമായിരുന്നുവെങ്കില്‍ ഇത് രാത്രി 11.30 ആയപ്പോഴേക്കും 65.02 ശതമാനമായും അതിനുശേഷം 66.05 ശതമാനമായും ഉയര്‍ന്നു. പോളിങ് അവസാനിച്ച മണിക്കൂറില്‍ 70 ലക്ഷത്തിലധികം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ അസാധാരണത്വം ഉണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പോളിങ് സ്റ്റേഷനിലെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ചാല്‍ നിജസ്ഥിതി ബോധ്യപ്പെടുമെന്നിരിക്കേ, അത് അട്ടിമറിക്കാന്‍ ചട്ടഭേദഗതി കൊണ്ടുവരുന്നതില്‍ ദുരൂഹതയുണ്ട് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഹരിയാനനിയമസഭാതിരഞ്ഞെടുപ്പിലും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ വൈ എസ് ഖുറേഷിയും പ്രതിപക്ഷാരോപണങ്ങളെ പിന്തുണച്ചു രംഗത്തുവന്നിരുന്നു.
ജനാധിപത്യം സംരക്ഷിക്കപ്പെടണം
ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ല ഈ ഭേദഗതി. ജനാധിപത്യപ്രക്രിയയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും ജനങ്ങളില്‍നിന്നു മറച്ചുപിടിക്കരുത്. എല്ലാം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. തിരഞ്ഞെടുപ്പുപ്രക്രിയയിലെവിടെയെങ്കിലും സംശയം ഉടലെടുത്താല്‍ അതു പരിശോധിക്കാനുള്ള അവകാശവും അവര്‍ക്കുണ്ടാകണം. സാങ്കേതികതടസ്സങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ ഈ അവകാശങ്ങള്‍ക്കു കത്തിവയ്ക്കുന്നത് ജനാധിപത്യത്തിനുനേരേയുള്ള കൈയേറ്റമാണ്. വോട്ടെടുപ്പുകേന്ദ്രത്തില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി ആരോപിക്കപ്പെട്ടാല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കാന്‍ സ്ഥാനാര്‍ഥിക്കും പൊതുജനത്തിനും അനുമതി നല്‍കിയെങ്കില്‍മാത്രമേ വോട്ടെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താനാകൂ.
തിരഞ്ഞെടുപ്പിന്റെ സുതാര്യത നഷ്ടപ്പെടുത്തുകയും നിഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കുകയും ചെയ്യുന്ന നടപടികളാണ് തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്നത്. മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ നിയമിക്കുന്നതിനുള്ള സമിതിയില്‍നിന്ന് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയ നിയമനിര്‍മാണം തന്നെ ഉദാഹരണം. തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ നിയമനം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ജുഡീഷ്യറിക്ക് അതില്‍ പങ്കില്ലെന്നുമുള്ള വരട്ടുന്യായം പറഞ്ഞാണ് സമിതിയില്‍നിന്നു ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയത്. ഇതോടെ സര്‍ക്കാരിന്റെ ഇഷ്ടത്തിനു തുള്ളുന്ന പാവകളായി തിരഞ്ഞെടുപ്പു കമ്മീഷന്‍ മാറി. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ വന്നിരിക്കുന്ന തിരഞ്ഞെടുപ്പുചട്ടഭേദഗതികള്‍.
കവര്‍സ്റ്റോറി