ഉറങ്ങ്, സുഖമായി ഉറങ്ങ്, നെഞ്ചില്‍ തടവി ആശ്വസിപ്പിക്കുകയാണ് ഷെര്‍ലക്ക്. പരമരഹസ്യംപോലെ ചെവിയില്‍ പിറുപിറുക്കുന്നു. ഞാന്‍ ഇവിടെയുണ്ട്, പേടിക്കാതെ ഉറങ്ങ്. അപ്പോള്‍ അയാള്‍ക്ക് ഉറക്കെക്കരയണമെന്നു തോന്നി. അതിനു കഴിയാതെവന്നപ്പോള്‍ വിതുമ്പിക്കൊണ്ട് കണ്ണടച്ചു...''
-എം.ടി. എഴുതിയ ഷെര്‍ലക്ക് എന്ന കഥയില്‍നിന്ന്.
ഹോസ്റ്റല്‍മുറിയിലെ എഴുത്തുമേശയ്ക്കു മുന്നിലുള്ള ചുവരില്‍ ശിരസ്സുയര്‍ത്തിയാല്‍ മാത്രം കാണാവുന്ന ഉയരത്തില്‍ ഒരു എഴുത്തുകാരന്റെ ചിത്രം പതിച്ചുവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 25-ാം തീയതി രാത്രി 10 മണിയോടെ അയാള്‍ ഈ ലോകത്തിന്റെ പടിയിറങ്ങിപ്പോയി. 91 വയസ്സു കഴിഞ്ഞ ഒരാളുടെ വിടവാങ്ങലിനെ അകാലമരണം എന്നോ അപ്രതീക്ഷിതവിയോഗം എന്നോ പറയുക പതിവില്ല. എം ടിയുടെ കാര്യത്തില്‍ പക്ഷേ, പതിവുകള്‍ തെറ്റുന്നു. ഒരു ഭാഷതന്നെ അനാഥമായതുപോലെ, വല്ലാത്തൊരു അരക്ഷിതത്വം ഉള്ളില്‍ നിറയുന്നു.
നമുക്കറിയാവുന്ന വാക്കുകള്‍തന്നെയായിരുന്നു എം.ടി. വാസുദേവന്‍ നായരും എഴുതിയത്. എന്നാല്‍, ആ തൂലികയിലൂടെ ജന്മമെടുത്തപ്പോള്‍ വാക്കുകള്‍ വിസ്മയങ്ങളായി. അക്ഷരങ്ങള്‍ക്ക് ഇത്രയും പ്രകാശമോ എന്ന് മലയാളി അദ്ഭുതംകൂറി. അത്യാദരവോടെ, അതിലേറെ സ്‌നേഹത്തോടെ ആ മനുഷ്യന്റെ ഓരോ വാക്കിനും കേരളം കാത്തുനിന്നു. വായനക്കാരില്‍ ഇത്രയേറെ വൈകാരികമായി ആവേശിച്ച മറ്റൊരു മലയാളിഎഴുത്തുകാരനില്ല.
സേതുവിലും സുമിത്രയിലും വിമലയിലും അപ്പുണ്ണിയിലുമെല്ലാം മലയാളി തന്റെതന്നെ ആത്മാംശത്തെ കണ്ടു. കൂടല്ലൂരിന്റെ ഗ്രാമവീഥിയില്‍നിന്ന് അയാള്‍ നടന്നുകയറിയത് അനേകായിരങ്ങളുടെ ഹൃദയഭൂമിയിലേക്കായിരുന്നു.
എന്തിനെഴുതുന്നു? എന്ന ചോദ്യത്തിന് ഉത്തരമായി എം.ടി. ഇങ്ങനെ എഴുതി:
''അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണുകിട്ടുന്ന അത്യാഹ്ലാദത്തിന്റെ അസുലഭനിമിഷങ്ങള്‍ക്കുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി ഞാന്‍ എഴുതുന്നു. ആ സ്വാതന്ത്ര്യമാണ് എന്റെ അസ്തിത്വം. അതില്ലെങ്കില്‍ ഞാന്‍ കാനേഷുമാരിക്കണക്കിലെ ഒരക്കംമാത്രമാണ്'' (കാഥികന്റെ പണിപ്പുര).
ആ കൃതികള്‍ ഏറ്റുവാങ്ങിയ വായനക്കാര്‍ക്കും അത് അത്യാഹ്ലാദത്തിന്റെ അസുലഭനിമിഷങ്ങള്‍തന്നെയായി.
എം.ടി.യില്‍ ആര്‍ക്കും കതിരും പതിരും തിരയേണ്ടിവന്നില്ല. കാരണം, കതിരേ അദ്ദേഹം നമുക്കു നല്കിയുള്ളൂ.
എം.ടി. എന്തെഴുതി നല്കിയാലും, അതെത്രമേല്‍ ഉപരിപ്ലവമായിരുന്നാലും ഇന്ന് മലയാളത്തിലുള്ള ഏതൊരു വാരികയോ പ്രസാധകരോ അത് അതീവപ്രാധാന്യത്തോടെതന്നെ പ്രസിദ്ധീകരിക്കുമായിരുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍, അങ്ങനെയൊന്ന് ഒരിക്കലും എഴുതാന്‍ തുനിഞ്ഞില്ല എന്നതുകൂടിയാണ് അദ്ദേഹത്തിന്റെ മഹത്ത്വം. ആ എഴുത്തിന്റെ ഗ്രാഫ് ഉയര്‍ന്നതല്ലാതെ ഒരിക്കലും താഴ്ന്നില്ല. വിപണിയുടെ തന്ത്രങ്ങളിലോ അതു നല്കിയേക്കാവുന്ന താത്കാലിക ജനപ്രിയതയിലോ ആ മഹാനായ എഴുത്തുകാരന്‍ ഒരിക്കലും കുടുങ്ങിയില്ല.
മഹാനായ എഴുത്തുകാരന്‍ എന്നതുപോലെ തന്നെ മഹാനായ വായനക്കാരനുമായിരുന്നു എം.ടി. വായനക്കാരന്‍ എന്ന പദവി ചെറിയ ഒന്നല്ല എന്ന് അദ്ദേഹം മനസ്സിലാക്കി. ഹെന്റി ജെയിംസും ചെക്കോവും മോപ്പസാങ്ങുംമുതല്‍ ബഷീറും തകഴിയും പൊറ്റക്കാടുംവരെയുള്ളവരുടെ സര്‍ഗലോകത്തെ ആഴത്തില്‍ അനുഭവിച്ചറിഞ്ഞു.
തന്റെ സാഹിത്യജീവിതത്തെ മുന്‍നിര്‍ത്തിയുള്ള ഒരു അഭിമുഖത്തില്‍ എം. ടി. ഇങ്ങനെ പറയുന്നുണ്ട്: ''വലിയ പുസ്തകങ്ങള്‍ ഹൃദയത്തിലേക്കു കടന്നപ്പോള്‍ എന്റെ അല്പത്തം എനിക്കു മനസ്സിലായി. എനിക്ക് എന്നെ അളക്കാന്‍ പുതിയ ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ടായി. ആത്മനിന്ദ കൂടാതെ എനിക്കെന്നോടു നീതിപുലര്‍ത്തണമെങ്കില്‍ ഞാന്‍ ആ മുഴക്കോലിന്റെ അടുത്തെങ്കിലും എത്തണം. അതിനുള്ള ശ്രമമാണ് എനിക്കു സാഹിത്യപ്രവര്‍ത്തനം''.
അയാള്‍ പുരസ്‌കാരങ്ങള്‍ക്കു പിറകേ പോയില്ല, പുരസ്‌കാരങ്ങള്‍ അയാളെ തേടിവന്നു. പ്രശസ്തിയോ മറ്റംഗീകാരങ്ങളോ മോഹിച്ചില്ല, അവയൊക്കെയും ആ പേനയ്ക്കു മുന്നിലെത്തി ശിരസ്സു നമിച്ചുനിന്നു.
ഭാഷയില്‍ എഴുത്തിന്റെ ഗിരിശൃംഗങ്ങള്‍ ഒന്നൊന്നായി കീഴടക്കുമ്പോഴും കടന്നുവന്ന പാത എം.ടി. മറന്നില്ല. 'പോയ തലമുറകളുടെ സാന്നിധ്യവും പ്രേരണയും വര്‍ത്തമാനകാലത്തെ കലകളില്‍, സാഹിത്യത്തില്‍ സജീവമായി നിലനില്‍ക്കുന്നു. അതൊരു ഭാരമോ ശാപമോ അല്ല, വേരുറപ്പും ശക്തിബോധവുമാണ്' (രമണീയം ഒരു കാലം) എന്നോര്‍മിച്ചു.
കോഴിക്കോട്ടെ സിതാര എന്നു പേരുള്ള എം.ടിയുടെ ഭവനത്തില്‍ ഒരിക്കലെങ്കിലും പോകണമെന്നും, ആ പാദങ്ങള്‍ തൊട്ടൊന്നു നമസ്‌കരിക്കണമെന്നും അതിയായി ആഗ്രഹിച്ചിരുന്നു, കഴിഞ്ഞില്ല. എങ്കിലും, നിരാശ തോന്നുന്നില്ല. മേശമേലിരിക്കുന്ന കാലവും നാലുകെട്ടും രണ്ടാമൂഴവും കാഥികന്റെ പണിപ്പുരയും ഒക്കെക്കൊണ്ട് അങ്ങെന്റെ ആത്മാവിനെ അനേകതവണ തൊട്ടുകഴിഞ്ഞല്ലോ. നന്ദി, ഈ കാലത്തു ജനിച്ചതിനും ജീവിച്ചതിനും...