ഭൂമിയിലെ ഒരു ശക്തിക്കും സമയമായ ഒരു ആശയത്തെ തടയാന്‍ കഴിയില്ല 1991 ജൂലൈ 24 ന് ഇന്ത്യയുടെ ധനകാര്യമന്ത്രി എന്ന പദവിയില്‍ രാജ്യത്തിന്റെ തലവര മാറ്റിക്കുറിച്ച തന്റെ ആദ്യത്തെ ബജറ്റ്പ്രസംഗം ഡോ. മന്‍മോഹന്‍സിങ് ആരംഭിച്ചത് വിക്ടര്‍ ഹ്യൂഗോയുടെ ''ദി ഫ്യൂച്ചര്‍ ഓഫ് മാന്‍'' എന്ന കൃതിയിലെ പ്രസിദ്ധമായ ഈ വാചകങ്ങളോടെയാണ്. ആഗോളസാമ്പത്തികശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ സാധ്യതകളിലേക്കുള്ള ഉണര്‍വിന്റെ പ്രതീകമായിരുന്നു ഈ വാക്കുകള്‍. 'ലോകത്തിലെ ഒരു പ്രധാന സാമ്പത്തികശക്തിയായി ഇന്ത്യ ഉയര്‍ന്നുവരുന്നത് അത്തരമൊരു ആശയത്തിലൂന്നിയാണെന്നു ഞാന്‍ ഈ സഭയോടു നിര്‍ദേശിക്കുന്നു.' സിങ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഒരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു ഈ വാക്കുകള്‍. 1991 ല്‍ മന്‍മോഹന്‍സിങ് ഇന്ത്യയെ ലോകത്തിനു തുറന്നുകൊടുത്ത വിപുലമായ പരിഷ്‌കാരങ്ങളാണ് സാമ്പത്തികത്തകര്‍ച്ചയുടെ വക്കില്‍നിന്നു രാജ്യത്തെ മുന്നോട്ടുനയിച്ചത്. ഇന്നു ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ അടയാളപ്പെടുത്തുന്നത് ധനകാര്യമന്ത്രി എന്ന നിലയിലും പിന്നീട് പ്രധാനമന്ത്രി എന്ന നിലയിലും ഡോ. മന്‍മോഹന്‍സിങ് കൊണ്ടുവന്ന ദീര്‍ഘവീക്ഷണമുള്ള നയങ്ങളായിരുന്നു.
നേരിട്ടത് വലിയ പ്രതിസന്ധികള്‍
1991 ല്‍ മന്‍മോഹന്‍സിങ് ഇന്ത്യയുടെ 22-ാമത് ധനമന്ത്രിയായപ്പോള്‍ രാജ്യം കടുത്ത ബാലന്‍സ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധി നേരിടുകയായിരുന്നു. വിദേശനാണ്യകരുതല്‍ശേഖരം രണ്ടാഴ്ചത്തെ ഇറക്കുമതിക്കുപോലും പര്യാപ്തമായിരുന്നില്ല. 1991 ന്റെ മധ്യത്തോടെ ഇന്ത്യയുടെ വിദേശകരുതല്‍ശേഖരം അപകടകരമാംവിധം താഴ്ന്നിരുന്നു. പണപ്പെരുപ്പം ഇരട്ട അക്കത്തിലെത്തി. വന്‍സാമ്പത്തികക്കമ്മി രാജ്യത്തെ തുറിച്ചുനോക്കി. ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 8.5 ശതമാനത്തിനടുത്തായിരുന്നു. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 3.5 ശതമാനത്തിനടുത്തും. കരുതല്‍ശേഖരം ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അന്താരാഷ്ട്രബാങ്കുകളില്‍ 47 ടണ്‍ സ്വര്‍ണം പണയം വച്ച് 600 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. കൂടാതെ, അന്താരാഷ്ട്രനാണ്യനിധിയില്‍നിന്നടക്കം അടിയന്തരവായ്പകളായി രണ്ടു ബില്യണ്‍ ഡോളര്‍ കടം എടുക്കുന്ന സാഹചര്യവുമുണ്ടായി. ഇത്രയും ഗുരുതരമായ പ്രതിസന്ധിയുടെ മധ്യേയാണ് സിങ് 1991 ജൂലൈ 24 ന് തന്റെ കന്നിബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തികഭാവിയെ പുനര്‍നിര്‍വചിക്കുന്നതിനും നിലവിലുള്ള കടുത്ത പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുമുള്ള സുവ്യക്തമായ ഒരു കാഴ്ചപ്പാട് ഈ ബജറ്റില്‍ അവതരിപ്പിക്കപ്പെട്ടു.
വിപ്ലവകരമായ മാറ്റങ്ങള്‍
പതിറ്റാണ്ടുകളായി രാജ്യത്തിന്റെ വ്യാവസായികവളര്‍ച്ചയെ പിന്നോട്ടടിച്ച ബ്യൂറോക്രാറ്റിക് നിയന്ത്രണങ്ങളുടെ വലയായ ലൈസന്‍സ് രാജ് ഏറ്റവും വിപ്ലവകരമായ പ്രഖ്യാപനത്തിലൂടെ ബജറ്റ് ഇല്ലാതാക്കി. വിദേശനിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. 51 ശതമാനം ഇക്വിറ്റി ഓഹരികള്‍ക്ക് അനുമതി നല്‍കി. കൂടാതെ, 18 നിര്‍ണായകമേഖലകള്‍ ഒഴികെയുള്ളവയില്‍ വ്യാവസായിക ലൈസന്‍സിങ് നിര്‍ത്തലാക്കി. കയറ്റുമതി സബ്സിഡികള്‍ നിര്‍ത്തലാക്കി. ബജറ്റില്‍ പ്രഖ്യാപിച്ച പുത്തന്‍ സാമ്പത്തികനയത്തിലൂടെ ഉദാരവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും ഒരു കാലഘട്ടത്തിനു തുടക്കമിടുകയും ചെയ്തു. കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും രൂപയുടെ ഭാഗികമായ മൂല്യശോഷണവും പ്രഖ്യാപിക്കപ്പെട്ടു.
ഈ നടപടികള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കുകയും പുതിയ ദിശാബോധം നല്‍കുകയും ചെയ്തു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വിദേശകരുതല്‍ശേഖരം ഒരു ബില്യണില്‍ താഴെനിന്ന് 10 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇതു രാജ്യത്തെ സാമ്പത്തികത്തകര്‍ച്ചയില്‍നിന്നു രക്ഷിക്കുകയും ആഗോളസാമ്പത്തിക ശക്തിയാകാനുള്ള പാതയിലേക്കു നയിക്കുകയും ചെയ്തു. കൂടാതെ, ഇന്ത്യയുടെ ബാങ്കിങ്‌മേഖലയെയും ധനവിപണിയെയും നവീകരിക്കാനുള്ള ശ്രമങ്ങളുണ്ടായി. രാജ ചെല്ലയ്യ, എം. നരസിംഹം തുടങ്ങിയ സാമ്പത്തിക വിദഗ്ധരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ ഇന്ത്യയുടെ സാമ്പത്തിക, നികുതിസംവിധാനങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഈ പരിഷ്‌കാരങ്ങള്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുകയും വ്യവസായങ്ങളെ നവീകരിക്കുകയും പതിറ്റാണ്ടുകളുടെ വളര്‍ച്ചയ്ക്ക് അടിത്തറപാകുകയും ചെയ്തു. പുതിയ വ്യാപാരനയം ഇറക്കുമതി-കയറ്റുമതിനിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. കൂടാതെ, പുതുതായി കൊണ്ടുവന്ന വ്യാവസായികനയവും സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്നു.
പ്രധാനമന്തിപദത്തിലെ കരുണയുടെ മുഖം
2004 മുതല്‍ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്, രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ണായക ഇടപെലുകളാണു നടത്തിയത്. അവഗണിക്കപ്പെട്ട പ്രദേശങ്ങളുടെയും അധഃസ്ഥിതജനവിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന പുരോഗമന അജണ്ടയ്ക്ക് അദ്ദേഹം പ്രാധാന്യം നല്‍കി. അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണം, ഗ്രാമീണവികസനം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയില്‍ കേന്ദ്രീകരിച്ചായിരുന്നു ഈ അജണ്ട. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുനിയമം, വിവരാവകാശനിയമം, വിദ്യാഭ്യാസാവകാശനിയമം, ദേശീയഭക്ഷ്യസുരക്ഷാനിയമം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാനക്ഷേമപദ്ധതികള്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അവതരിപ്പിച്ചു. ബയോമെട്രിക് ഐഡന്റിറ്റി പ്രോഗ്രാമായ ആധാര്‍ക്ഷേമപദ്ധതികളുടെ വിതരണത്തെ കാര്യക്ഷമമാക്കി ഭരണത്തില്‍ വിപ്ലവം സൃഷ്ടിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ 2009 ല്‍ 65,000 കോടി രൂപയുടെ കാര്‍ഷികവായ്പ എഴുതിത്തള്ളാന്‍ അദ്ദേഹം തീരുമാനിച്ചു. ആദിവാസിസമൂഹങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നാഴികക്കല്ലായ വനാവകാശനിയമം പാസാക്കി. നിയമത്തിലൂടെ പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പരമ്പരാഗതവനവാസികള്‍ക്കും ഇതുവരെ 23.7 ലക്ഷത്തിലധികം വ്യക്തിഗതപട്ടയങ്ങള്‍ ഉള്‍പ്പെടെ 25 ലക്ഷത്തോളം ഭൂമിയുടെ പട്ടയം അനുവദിച്ചിട്ടുണ്ട്. അതിവേഗനിയമനടപടികളിലൂടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനായി ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്ഥാപിച്ചു.
കുതിച്ചുയരുന്ന കയറ്റുമതിയുടെ പിന്‍ബലത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തരോത്പാദന (ജിഡിപി) വളര്‍ച്ച റെക്കോര്‍ഡ് നിലയിലെത്തി. രാജ്യത്തിന്റെ ആഗോളസ്വാധീനം ഗണ്യമായി വളര്‍ന്നു. മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ ഇന്ത്യ 2008 ലെ ആഗോളസാമ്പത്തികപ്രതിസന്ധിയെ വലിയ പരിക്കേല്‍ക്കാതെ നേരിട്ടു. ഇക്കാലയളവില്‍ ഇന്ത്യയുടെ ശരാശരി ജിഡിപി വളര്‍ച്ചാനിരക്ക് ഏകദേശം 7.7 ശതമാനത്തിലെത്തി. ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളുടെ നിരയിലേക്ക് ഇന്ത്യ കുതിച്ചുകയറി. 2005-2006 നും 2015-2016 നും ഇടയില്‍ 27 കോടിയിലധികം ഇന്ത്യക്കാര്‍ക്കു ദാരിദ്ര്യത്തില്‍നിന്നു കരകയറാന്‍ സാധിച്ചുവെന്നതാണ് പ്രധാനമന്ത്രി എന്ന നിലയിലും സാമ്പത്തികവിദഗ്ധന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. 2008 ല്‍ ഒപ്പുവച്ച ഇന്ത്യ-അമേരിക്ക സിവില്‍ ആണവക്കരാര്‍ ആഗോള ആണവക്രമത്തില്‍ ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ നീണ്ട ഒറ്റപ്പെടല്‍ അവസാനിപ്പിക്കുകയും ആണവസാങ്കേതികവിദ്യയിലേക്കും സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ള ആണവോര്‍ജത്തിലേക്കും രാജ്യത്തിനു പ്രവേശനം നല്‍കുകയും ചെയ്തു.
അതിവേഗം കുതിച്ച ഇന്ത്യ
എങ്ങനെയായിരിക്കും മന്‍മോഹന്‍ സിങിനെ കാലവും ചരിത്രവും അടയാളപ്പെടുത്തുക? പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ അവസാനത്തെ പത്രസമ്മേളനത്തില്‍ 2014 ജനുവരിയില്‍ മന്‍മോഹന്‍ സിങ് പറഞ്ഞു:
''ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ചരിത്രം എന്നോടു ദയ കാണിക്കുമെന്നു സത്യസന്ധമായി ഞാന്‍ വിശ്വസിക്കുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് എനിക്കു ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എന്താണു ചെയ്തതെന്നും എന്താണു ചെയ്യാത്തതെന്നും വിലയിരുത്തേണ്ടത് ചരിത്രമാണ്''. അതേ, ചരിത്രം വിലയിരുത്തുന്നത് പ്രതിസന്ധികളുടെ കാലഘട്ടത്തില്‍ രാജ്യത്തെ ധീരമായി നയിച്ച, ദിശാബോധമുള്ള നയങ്ങളിലൂടെ ഒരു രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച, ഇച്ഛാശക്തിയുള്ള ഭരണാധികാരിയായിരുന്നു ഡോ. മന്‍മോഹന്‍സിങ് എന്നുതന്നെയാണ്. അദ്ദേഹത്തിനു കൊടുക്കാവുന്ന ഏറ്റവും വലിയ ആദരാഞ്ജലിയും അതാണ്.
ലേഖനം