അന്ധകാരാവൃതലോകം-പണ്ടു
ചിന്തയ്ക്കതീതമായത്രേ
പാപക്കറയേറ്റു പാരില്‍-പൊള്ളി
വെന്തു വെണ്ണീറായി മാറി!
മര്‍ത്ത്യന്‍ മൃഗത്തിന്‍ സമാനം-എങ്ങും
പാരിലലഞ്ഞൊരു കാലം,
മൃത്യുഗര്‍ത്തത്തില്‍ പതിക്കും-മര്‍ത്ത്യ-
നാര്‍ത്തലച്ചീടുന്ന നാളില്‍
ഊഷരഭൂവിന്റെ മാറില്‍-കരി-
ഞ്ഞുല്‍ക്കട ദുഃഖത്തടത്തില്‍
പാരമുരുകിയുരുകി-കരി-
ഞ്ഞാതുരലീനരായ്ത്തീര്‍ന്നു
പാപമുറഞ്ഞുറഞ്ഞെങ്ങും-പരി
പൂരിതമായൊരീ ലോകം
കണ്ടു മിഴികളടച്ചു-ഇനി-
യെന്നാണു മോചനകാലം?!
കാലങ്ങളേറെയായ് പാരില്‍-അജ-
ക്കൂട്ടങ്ങള്‍പോലെ മനുജര്‍
വല്ലാതെ കേണു വലഞ്ഞോര്‍-കേട്ടു
നല്ലൊരു സന്ദേശഗീതം!
''അത്യുന്നതങ്ങളിലെന്നും-ലോക
താതനു സ്വസ്തി സംഗീതം!''
നിന്നു മുഴങ്ങിയീഗാനം-സര്‍വ
ലോകര്‍ക്കും തുഷ്ടിയതേകി!
വാനമേഘങ്ങളില്‍ കേട്ട-സ്വര്‍ഗ
ഗീതിയിതേറ്റു പാടീടാന്‍
മാലാഖവൃന്ദങ്ങള്‍ ചുറ്റും-കൂടി-
പ്പാടി മദിച്ചു രസിച്ചു.
മാനവര്‍ കൂടെ മദിച്ചു-താഴെ
മണ്ണിന്‍മനം കുളിര്‍ചൂടി
എങ്ങും പരന്നങ്ങൊഴുകി-മന
മോഹനമീ ഗാനധാര!
സ്വര്‍ഗമീമണ്ണിനെ നോക്കി-ചിരി-
ച്ചാഹ്ലാദപൂര്‍വമാ നേരം
നാഥനീ മണ്ണില്‍ പിറന്ന-ദിവ്യ
യാമമതായിരുന്നാഹാ!
ധന്യമാ, മാമുഹൂര്‍ത്തത്തില്‍-ദൂരെ
വാനിലുദിച്ചൊരു താരം!
താരകം കാട്ടിയ ദിക്കില്‍-മൂന്നു
രാജാക്കളെത്തി സാമോദം!
പണ്ടേ പ്രവചിച്ചപോലെ-അവര്‍
കണ്ടൊരു കാലിത്തൊഴുത്തും
മേനിയഴകുള്ളൊരുണ്ണി-അതി
ന്നുള്ളിലായ്‌ത്തൊട്ടിലില്‍ മിന്നി.
നാഥന്‍ പിറന്നുവെന്നുള്ള-മഹത്
കാര്യമവരും ഗ്രഹിച്ചു.
കൈയില്‍ക്കരുതിയ പൊന്നും-മീറ
കുന്തിരിക്കങ്ങളുമപ്പോള്‍
കാഴ്ചയായ് കണ്‍മണിക്കേകി-മൂവര്‍
സായുജ്യമുണ്ടു മടങ്ങി!
താരകള്‍ കണ്‍ചിമ്മും രാവിന്‍-നറു
ഹേമന്തം ചിന്തും നിലാവില്‍
ഈ മണ്ണിന്നുള്ളം വിടര്‍ന്നു-പുതു
തൂമകരന്ദം നുകര്‍ന്നു.
പാതകള്‍ കാണാതുഴലും-മേഷ
വൃന്ദം കുതൂഹലമോടെ
മേച്ചില്‍പ്പുറം കണ്ട ചേലില്‍-ആഹാ!
മോദമോടാര്‍ത്തു തിമിര്‍ത്തു!
പുത്തനുണര്‍വിന്റെ ലോകം-കണ്ടു
വാനവര്‍ സംപ്രീതരായി!