ഗാനം 1
പ്രിയമുഖമുള്ളൊരു കുഞ്ഞേശുവെന്നുള്ളില്‍
പനിനീര്‍ദലംപോലെ പുഞ്ചിരിച്ചൂ
പരിശുദ്ധാത്മാവിന്റെ കിരണംപോല്‍ പുല്‍ക്കൂട്ടില്‍
പരിമളമംഗളത്തിരി തെളിഞ്ഞൂ.
ഇടയന്മാരകലെനിന്നാനന്ദ സംഗീതത്തുടികളില്‍
സ്തുതിപാടാന്‍ ശ്രുതിയിടുന്നു
പാതിരാത്താരകം ബേത്‌ലഹേമിന്റെ
യാതനത്തീയില്‍ ഉദിക്കുന്നൂ...
പതിതന്റെ കണ്ണീര്‍ തുടയ്ക്കുവാന്‍ ഭൂമിയില്‍
ഒരുവന്‍ പിറന്നെന്നു പാടുന്നൂ...
മാലാഖാമാരേ... സുഗന്ധധൂമം
പെയ്യുമാകാശവീഥിയില്‍ വന്നാലും
രാജാധിരാജന്റെ എളിമപ്പിറവിയെ
പാരാകെ പാടിസ്തുതിച്ചാലും...!
മാനവമോചനം, പാപവിമോചനം
നാഥന്റെ വാക്കില്‍ തെളിയുന്നൂ...
അബലന്റെ കൈചേര്‍ത്തഖിലവും വാഴുവാന്‍
ഒരുവന്‍ വരുന്നെന്നു പാടുന്നൂ...
ശ്രീയേശുനാഥാ... അനന്തദീപംപോലെ-
യാത്മാവിലെന്നെന്നും വാണാലും
ദേവാധിദേവന്റെ സഹനപ്പെരുമയെ
പാരാകെ പാടിസ്തുതിച്ചാലും...!
ഗാനം 2
പരിശുദ്ധാത്മാവു പറന്നിറങ്ങീ...
പരമപ്രകാശം പരന്നൊഴുകീ...
കിഴക്കുനിന്നിടയന്മാര്‍ പാതിരാത്തണുപ്പത്ത്
മനുഷ്യപുത്രന്റെ ജന്മം തിരിച്ചറിഞ്ഞൂ...
കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍
ഒരു രാജാധിരാജന്‍ പിറവികൊണ്ടു...
ഒരു ദേവാധിദേവന്റെ പിറവികണ്ടു!
പൊന്നെവിടെ മൂരെവിടെ മാലാഖമാരേ...
മഞ്ഞുവീഴുമാകാശത്തെ നക്ഷത്രങ്ങളേ...
പുല്ലാങ്കുഴല്‍പ്പാട്ടെവിടെ ഇടയന്മാരേ..
നമുക്കിന്നുമുതലുണ്ണിയേശു സ്വന്തം... സ്വന്തം!
സത്യധര്‍മച്ചാട്ടവാറാണവന്റെ കൈയില്‍
നിത്യമായ ദീപശിഖയവന്റെ കണ്ണില്‍
ഏഴകളെ തോഴരാക്കും അവന്റെ കൈകള്‍
നമുക്കിന്നുമുതല്‍ ദൈവപുത്രന്‍ സ്വന്തം... സ്വന്തം!!