മകന്‍ കിടപ്പുരോഗിയാണ്. ആ വീട്ടിലെ ഏക മകന്‍. പ്രായം പതിനഞ്ചായെങ്കിലും അത്ര തോന്നില്ല. നാലഞ്ചു വര്‍ഷമായി കിടപ്പിലായതുകൊണ്ടും വേണ്ടത്ര വ്യായാമമില്ലാത്തതുകൊണ്ടും ശരീരം മെല്ലിച്ചുപോയി.
തുള്ളിച്ചാടിയും പൊട്ടിച്ചിരിച്ചും സ്‌കൂളില്‍ പോയിരുന്നതാണ്. ഒരു ദിവസം സ്‌കൂളിലേക്കുള്ള ലൈന്‍ബസില്‍ കയറാന്‍ കുട്ടികള്‍ ഓടിക്കൂടി. എല്ലാവരും തിക്കിത്തിരക്കി കയറുന്നതിനിടയില്‍ കണ്ടക്ടര്‍ വിസിലടിച്ചു. ഡ്രൈവര്‍ പെട്ടെന്നു വണ്ടിയെടുത്തപ്പോള്‍ ഏറ്റവും പിറകിലായിരുന്ന ഷാജി പിടിവിട്ടു റോഡിലേക്കു തെറിച്ചുവീണു. വീണതു പുറംതല്ലിയാണ്. എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥ.
ഉടനെ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധപരിശോധനയില്‍ നട്ടെല്ലിനു സാരമായ പരിക്ക്. അരയ്ക്കു കീഴോട്ട് തളര്‍ന്നുപോയി. ചലനശേഷി നഷ്ടപ്പെട്ടു.
ഷാജിയുടെ പിതാവ് സര്‍ക്കാരുദ്യോഗസ്ഥനായിരുന്ന ജേക്കബ് റിട്ടയര്‍ ചെയ്തിട്ട് അധികമായില്ല. അപ്പോഴാണീ ദുരന്തം.
മാതാപിതാക്കളുടെ സമസ്തസ്വപ്നങ്ങളും കരിഞ്ഞുപോയി. കണ്ണുനീര്‍ ആ വീട്ടില്‍ തളംകെട്ടി നിന്നു. വീടിനകത്ത് ഇടയ്ക്കിടെ മുഴങ്ങിക്കേട്ടതു കരച്ചിലും വിതുമ്പലും.
ഷാജി മുറിച്ചിട്ട തടിപോലെ ഇമവെട്ടാതെ മിഴികളുമായി നിസ്സഹായനായി, നിരാശ്രയനായി കിടന്നു. അവന്‍ ആരോടും പരാതി പറഞ്ഞില്ല. ഒന്നിനോടും കലഹിച്ചില്ല. വിധി നല്‍കിയ സമ്മാനമാണിതെന്നു സ്വയം സമാധാനിച്ചു.
ജേക്കബ് എപ്പോഴും അവനോടൊപ്പമുണ്ട്. സ്‌നേഹിക്കാന്‍, ശുശ്രൂഷിക്കാന്‍, സാന്ത്വനം നല്‍കാന്‍, സന്തോഷം പകരാന്‍, രാത്രി ഉറങ്ങുന്നതുപോലും മകന്റെ അടുത്തുകിടന്നാണ്. എന്തെങ്കിലും ആവശ്യം വന്നാല്‍ അവന്‍ അപ്പച്ചനെ തോണ്ടിവിളിക്കും. മാതാപിതാക്കള്‍ അവന്റെ ശ്വാസോച്ഛ്വാസത്തിനുപോലും ചെവികൊടുത്തു. ഇരുവരും അവനുവേണ്ടി മുട്ടിന്മേല്‍നിന്നു മുട്ടിപ്പായി പ്രാര്‍ഥിച്ചു.
പക്ഷേ, ക്രൂരമായ വിധി ദമ്പതികളുടെ ആ പ്രാര്‍ഥന ഇടയ്ക്കുവെച്ചു മുറിച്ചുകളഞ്ഞു. ഹൃദയസ്തംഭനംമൂലം ജേക്കബിന്റെ അന്ത്യം പെട്ടെന്നായിരുന്നു. പ്രശസ്ത ഹാര്‍ട്ട് ഹോസ്പിറ്റലിലെ വിദഗ്ധ കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കുംമുമ്പുതന്നെ.
അമ്മയും മകനും വറവുചട്ടിയില്‍നിന്ന് എരിതീയിലേക്കു വീണ അവസ്ഥ. വീടിന്റെ താങ്ങും തണലും നഷ്ടപ്പെട്ടു. ആശ്രയം അസ്തമിച്ചു. അബലയായ അമ്മ, അവശനായ മകന്‍, ചുറ്റും ഇരുട്ട്. എങ്ങും ശൂന്യത.
മെരീനയുടെ ഹൃദയം ഉരുകിയുരുകി കണ്ണീരായി പുറത്തുവന്നു. ഇനി എന്ത്... എങ്ങനെ?
''അമ്മേ!'' അകത്തുനിന്നു ഷാജിയുടെ വിളി. മെരീന ഞെട്ടിയുണര്‍ന്നു.
''ഇതാ വരുന്നു മോനേ.'' കണ്ണുകള്‍ തുടച്ച് അവള്‍ മകന്റെ അടുത്തേക്കു നീങ്ങി.
''ടാബ്‌ലറ്റ്‌സ് കഴിക്കേണ്ടേ അമ്മേ?''
''ഓ, ഞാനതങ്ങു മറന്നു.''
ഷാജി ടാബ്‌ലറ്റ് കഴിച്ചു.
''അമ്മ എന്റെ അടുത്തിരിക്ക്.''
''അയ്യോ. അടുക്കളയില്‍ പണിയുണ്ട് മോനേ. ആഹാരം പാകം ചെയ്യേണ്ടേ?''
''ആഹാരം വേണ്ട. എനിക്കു വിശപ്പില്ല. അമ്മ എന്റടുത്തിരുന്നാല്‍ മതി. അപ്പച്ചന്‍ എനിക്കു കഥകള്‍ പറഞ്ഞുതരും; ബൈബിള്‍ വായിച്ചുകേള്‍പ്പിക്കും, ചില അനുഭവങ്ങള്‍ പറയും. ഓരോന്നു പറഞ്ഞ് എന്നെ ചിരിപ്പിക്കും.''
''അതിനുള്ള കഴിവൊന്നും ഈ അമ്മയ്ക്കില്ല മോനേ!''
''വേണ്ട. ഞാന്‍ വിളിക്കുമ്പോള്‍ അമ്മ വന്നാല്‍ മതി. ഇന്നു കാലത്തു വിളിച്ചപ്പോള്‍ അമ്മ വന്നില്ലല്ലോ. എവിടെയായിരുന്നു?''
''മീന്‍കാരന്‍ വന്നപ്പോള്‍ വാങ്ങാന്‍ താഴെ ഇറങ്ങിയതാ.''
''ഞാനെത്ര തവണ വിളിച്ചു. ഇനി ഞാനങ്ങനെ തൊണ്ട കാറി വിളിക്കില്ല. പകരം വേറൊരു സൂത്രമുണ്ട്.''
ഷാജിയുടെ ആഗ്രഹപ്രകാരം വീട്ടിലെ ഒരു സ്റ്റീല്‍ പ്ലെയിറ്റ് അവന്റെ കൈയെത്തുന്ന അകലത്തില്‍ കെട്ടിത്തൂക്കിയിട്ടു. അമ്മയെ സ്വരമുയര്‍ത്തി വിളിക്കുന്നതിനു പകരം ഒരു സ്പൂണ്‍ കൊണ്ട് പ്ലെയിറ്റിന്മേല്‍ രണ്ടുമൂന്നു വട്ടം തട്ടും. അത് അമ്മയ്ക്കുള്ള കാളിംഗ് ബെല്ലാണ്. കൗതുകകരമെങ്കിലും പ്രയോജനപ്രദമായ ഒരു കൗശലം. അവന്റെ ഈ ബെല്ലടി കേട്ടാല്‍ മെരീന ഓടിയെത്തും. വീട്ടിലെ എല്ലാ ജോലികള്‍ക്കും പുറമേ മകന്റെ സകല ആവശ്യങ്ങള്‍ക്കും അമ്മ വേണം. പല്ലുതേപ്പ്, മുഖം കഴുകല്‍, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റല്‍, കുളിപ്പിക്കല്‍, ആഹാരവും മരുന്നും കൊടുക്കല്‍, സന്ധ്യാജപങ്ങളും പ്രാര്‍ഥനകളും ചൊല്ലല്‍, വസ്ത്രങ്ങള്‍ മാറ്റി ധരിപ്പിക്കല്‍ തുടങ്ങി നിരവധി ജോലികള്‍. പറഞ്ഞാല്‍ തീരാത്ത, ചെയ്താല്‍ കാണാത്ത പണികള്‍.
അടുത്താഴ്ച ക്രിസ്മസ് ആണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ബെത്‌ലഹേമിലെ പുല്‌ത്തൊഴുത്തില്‍ ഉണ്ണിയേശു ഭൂജാതനായതിന്റെ സ്മരണ പുതുക്കുന്ന പുണ്യദിനം. മനുഷ്യമനസ്സുകളില്‍ ആഹ്ലാദത്തിന്റെ പൂത്തിരി കത്തുന്ന മഹോത്സവം. ലോകമെമ്പാടും ജാതിമതഭേദമെന്യേ ഒരേ മനസ്സോടെ ആ സുദിനം ആചരിക്കുന്നു, ആഘോഷിക്കുന്നു.
ഇപ്പോള്‍ത്തന്നെ വീടുകളില്‍ അലങ്കാരങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നക്ഷത്രവിളക്കുകള്‍, മാലബള്‍ബുകള്‍, പുല്‍ക്കൂടുകള്‍, ക്രിസ്മസ്ട്രീകള്‍ അങ്ങനെയങ്ങനെ പലതരത്തില്‍ - പല തലത്തില്‍.
നാളത്തെ കഴിഞ്ഞാണ് ക്രിസ്മസ്. ഷാജിയെ സന്തോഷിപ്പിക്കാന്‍ മെരീന വീടിനുള്ളില്‍ നക്ഷത്രവിളക്കു കൊളുത്തി. മകനു കിടന്ന കിടപ്പില്‍ നേരിട്ടു കാണാന്‍ പാകത്തില്‍ കൊച്ചു പുല്‍ക്കൂടൊരുക്കി. സീരിയല്‍ സെറ്റു കത്തിച്ചു. അവന്‍ ഉത്സാഹപൂര്‍വം അമ്മയ്ക്ക് ചില നിര്‍ദേശങ്ങള്‍ കൊടുത്തു. എല്ലാം മെരീന പാലിച്ചു. മകന്റെ സന്തോഷമാണ് വലുത്. അവന്റെ മനസ്സ് നിറയണം. ആഹ്ലാദം പെരുകണം.
നാളെ രാത്രിയിലാണ് കൊട്ടുംപാട്ടും ബാന്റ്‌സെറ്റും ഗ്യാസ് ലൈറ്റുകളുമായി കരോള്‍ഗാനങ്ങള്‍ പാടിക്കൊണ്ട് ക്രിസ്മസ് പാപ്പാമാര്‍ വരിക. അവര്‍ വീഥികള്‍തോറും സഞ്ചരിച്ച് നൃത്തംവയ്ക്കും. ആഹ്ലാദഭരിതരായി താളം പിടിച്ചും തുള്ളിച്ചാടിയും പൊതുജനം ഒപ്പം കൂടും. സന്തോഷം പെയ്തിറങ്ങുന്ന നിമിഷങ്ങള്‍!
ഷാജി വിടര്‍ന്ന കണ്ണുകളോടെ ചിന്താമൂകനായി കിടന്നു. മ്ലാനമാണാ മുഖം. അവന്‍ വിഷാദപൂര്‍വം ചിന്തിച്ചു. തനിക്കിതൊന്നും കാണാനൊക്കില്ല. കാഴ്ചകള്‍ കാണാനാവാതെ സ്വരങ്ങള്‍ മാത്രം കേള്‍ക്കാം. അതുകൊണ്ടുമാത്രം എന്തു കാര്യം?
മെരീന കടന്നുവന്നു. ''മോനെന്താ വലിയ ആലോചനയിലാണല്ലോ.''
''അമ്മേ! നാളെ രാത്രി കൊട്ടുംപാട്ടും ബാന്റ്‌വാദ്യങ്ങളുമായി ക്രിസ്മസ് ഫാദര്‍ വരില്ലേ? ചുവന്ന ഉടുപ്പും ചുവന്ന തൊപ്പിയും വെളുത്ത താടിയുമായി ക്രിസ്മസ് ഫാദര്‍ വരുന്നതു കാണാന്‍ കൊതിയാവുന്നു അമ്മേ. മുകളിലേക്ക് ഒന്നു കേറിവരാന്‍ പറയൂ അമ്മേ. എനിക്കു വയ്യാഞ്ഞിട്ടല്ലേ.''
''കഴിഞ്ഞവര്‍ഷവും അതിനു മുമ്പിലത്തെ വര്‍ഷവൂം നമ്മള്‍ ശ്രമിച്ചതല്ലേ. വന്നില്ലല്ലോ. അവര്‍ക്കു തിരക്കാണ്. ഏതെല്ലാം സ്ട്രീറ്റുകളില്‍ അവര്‍ക്കു സഞ്ചരിക്കണം. മോന്‍ സമാധാനിക്ക്. ഈ പ്രാവശ്യവും നമുക്കു പറഞ്ഞുനോക്കാം.''
ക്രിസ്മസിന്റെ തലേരാത്രി ചുറ്റുവട്ടത്തുള്ള വീടുകളില്‍ പടക്കം പൊട്ടുന്നു. പൂത്തിരികള്‍ കത്തുന്നു. നക്ഷത്രവിളക്കുകള്‍ പ്രകാശിക്കുന്നു. ആകാശത്തു നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നു.
കാതോര്‍ത്തു കിടക്കുകയാണു ഷാജി. അല്പം കഴിഞ്ഞപ്പോള്‍ അതാ അകലെനിന്ന് ക്രിസ്മസ് കരോളിന്റെയും വാദ്യമേളങ്ങളുടെയും സ്വരം കേള്‍ക്കുന്നു. ക്രിസ്മസ് ഫാദറിന്റെ വരവാണ്. ജനക്കൂട്ടത്തിന്റെ ആരവത്തോടൊപ്പം കരോള്‍ഗാനത്തിന്റെ സ്വരവീചികള്‍ അടുത്തടുത്തുവരുന്നു.
''ജിങ്കിള്‍ ബെല്‍സ്... ജിങ്കിള്‍ ബെല്‍സ്... ജിങ്കിള്‍സ് ഓണ്‍ ദ വേ...''
ഇമ്പമാര്‍ന്ന ആ കളകളനാദം ഷാജിയെ കോരിത്തരിപ്പിച്ചു. കിടന്ന കിടപ്പില്‍ ഗാനത്തിന്റെ താളത്തിനൊത്ത് അവന്‍ കരങ്ങളടിച്ചു. തൂങ്ങിക്കിടന്ന സ്റ്റീല്‍ പ്ലെയിറ്റില്‍ സ്പൂണ്‍കൊണ്ട് തുടരെ മൂന്നാലുവട്ടമടിച്ചു. മെരീന ഓടിയെത്തി.
''അമ്മേ! അതാ കരോള്‍ ഗാനം കേള്‍ക്കുന്നു. ക്രിസ്മസ് ഫാദര്‍ വരുന്നു.''
''ഞാന്‍ താഴെ ചെന്നു പറയാം. എന്റെ മോനെക്കാണാന്‍ കേറിവരണമെന്ന്. കാലുപിടിച്ച് അപേക്ഷിക്കാം...''
''ങാ! ശരി, വേഗം ചെല്ലൂ അമ്മേ. വേഗം ചെല്ലൂ.''
അവന് പ്രത്യാശ കലര്‍ന്ന ഉത്സാഹത്തിമിര്‍പ്പ്. മെരീന വേഗം താഴേക്കിറങ്ങി. ഘോഷയാത്രയുടെ ആരവവും പാട്ടും അടുത്തടുത്തു വരുന്നു. ആ സ്ട്രീറ്റില്‍ അനേകം വീടുകളുള്ളതിനാല്‍ ഘോഷയാത്ര അകന്നുപോകാന്‍ സമയമെടുക്കും.
താഴെ കരോള്‍ഗാനവും വാദ്യഘോഷവും തുടരുകയാണ്. ഷാജി അടക്കാനാവാത്ത ആനന്ദത്തോടെ കരങ്ങളടിച്ച നിര്‍വൃതി കൊള്ളുന്നു.
ഈ മംഗളമുഹൂര്‍ത്തത്തില്‍ തികച്ചും അപ്രതീക്ഷിതമായി ക്രിസ്മസ് ഫാദര്‍ അതാ തുള്ളിക്കളിച്ച് അകത്തേക്കു വരുന്നു. വിശ്വസിക്കാനായില്ല.
ഷാജിയുടെ കട്ടിലിനെ വലംവച്ച് നൃത്തം ചെയ്യുന്നു. താഴെ മുറുകിമുഴങ്ങുന്ന കരോള്‍ ഗാനത്തോടൊപ്പം ക്രിസ്മസ് ഫാദര്‍ താളത്തില്‍ ചുവടുകള്‍ വയ്ക്കുന്നു. ഷാജിക്ക് കൈകൊടുക്കുന്നു. തുടര്‍ന്നു ചില സമ്മാനങ്ങള്‍ നല്‍കുന്നു.
ഷാജിക്ക് സ്വര്‍ഗം കിട്ടിയ സന്തോഷം. ഇതെല്ലാം കാണാന്‍ അമ്മയെവിടെ? പൊടുന്നനേ സ്പൂണ്‍ എടുത്തു സ്റ്റീല്‍ പ്ലെയിറ്റില്‍ തുടരെത്തുടരെ അടിക്കുന്നു.
''അമ്മ... അമ്മേ...'' അവന്‍ ഉച്ചത്തില്‍ വിളിച്ചു.
ക്രിസ്മസ് ഫാദര്‍ താളം ചവിട്ടി തുള്ളിത്തുള്ളി താഴേക്കിറങ്ങി. ക്രമേണ വാദ്യഘോഷത്തിന്റെയും കരോള്‍ഗാനത്തിന്റെയും ശബ്ദങ്ങള്‍ അകന്നകന്നു പോകുന്നു. കോണിയിറങ്ങിയ ക്രിസ്മ ഫാദര്‍ നാലു സ്റ്റെപ്പുകള്‍ ഇറങ്ങിയശേഷം അവിടെയിരുന്നു. അത്... മെരീനയായിരുന്നു. മകനുവേണ്ടി - അവന്റെ സന്തോഷത്തിനുവേണ്ടി ക്രിസ്മസ് ഫാദറായി ചമഞ്ഞ മെരീന!
വികാരങ്ങള്‍ അടക്കാനാവാതെ അവള്‍ മുഖംപൊത്തി പൊട്ടിക്കരഞ്ഞു. ആ കരച്ചില്‍ ഗതികേടിന്റെ കരച്ചിലായിരുന്നില്ല; മറിച്ച്, സന്തോഷം കൊടുക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയുടെ കരച്ചില്‍. ആ നേത്രങ്ങളില്‍നിന്ന് ഉതിര്‍ന്നുവീണത് ആനന്ദാശ്രൂ!
അവള്‍ ധൃതിപ്പെട്ടു എഴുന്നേറ്റു ചുവന്ന ഡ്രസ്സുകളൂരി സഞ്ചിയിലാക്കി മാറ്റിവച്ചു. ഇത്തവണയും ക്രിസ്മസ്ഫാദര്‍ വരില്ലെന്നറിഞ്ഞു മുന്‍കൂട്ടി ത്തന്നെ ഡ്രസുകള്‍ വാങ്ങിവച്ചതാണവള്‍. കരുതലുള്ള അമ്മ. വേഗം കണ്ണുകള്‍ തുടച്ച് ഒന്നും അറിയാത്തമട്ടില്‍ മകന്റെ അടുക്കലേക്കു കുതിച്ചുചെന്നു.
ആനന്ദനിര്‍വൃതിയോടെ അവന്‍ പറഞ്ഞു.
''അമ്മേ, ക്രിസ്മസ് ഫാദര്‍ വന്നു.... അമ്മ എവിടെയായിരുന്നു? ഞാനെത്രവട്ടം വിളിച്ചു. ക്രിസ്മസ് ഫാദര്‍ എന്റെ മുന്നില്‍ തുള്ളിച്ചാടിക്കളിച്ചു. എന്റെ കൈപിടിച്ചു കുലുക്കി... ദേ എനിക്കു സമ്മാനങ്ങള്‍ തന്നു...''
''അയ്യോ, എനിക്കു കാണാനൊത്തില്ലല്ലോ. ഞാന്‍ വരുമ്പോഴേക്കും... സാരമില്ല. എന്റെ മോന് സന്തോഷമായില്ലെ. ഈ അമ്മയ്ക്ക് അതുമതി.
ഷാജി ആനന്ദത്തിന്റെ കൊടുമുടിയിലാണ്. നടന്നതെല്ലാം അവിശ്വസനീയമായ ഒരദ്ഭുതംപോലെ തോന്നി.
ഈ നിമിഷത്തില്‍ അവന്റെ സിരകളില്‍ ഏതോ ആവേശം പടരുന്നതായി തോന്നി. ആ ശരീരത്തിനുള്ളില്‍ ഒരു മിന്നല്‍പ്രവാഹമുണ്ടായതുപോലെ. ശരീരമാകെ വിറയ്ക്കുന്ന അനുഭവം. കാലുകളില്‍ ചലനശേഷിയുടെ ലാഞ്ഛനകള്‍. കാലുകളിലെ ഉള്‍ഞരമ്പുകള്‍ വലിയുന്നു. രക്തധമനികള്‍ ത്രസിക്കുന്നു. പാദങ്ങള്‍ അല്പാല്പം ചലിക്കുന്ന അനുഭവം. അതേ, ചലനശേഷി തിരിച്ചുവരുന്നു.
''അമ്മേ! എന്റെ കാലുകള്‍...! എന്റെ കാലുകളനങ്ങുന്നു... നോക്കൂ അമ്മേ...''
ഷാജി കാല്‍വിരലുകളും പാദങ്ങളും ചലിപ്പിക്കുന്നു.
വിശ്വസിക്കാനാകാത്ത ആ അദ്ഭുതദൃശ്യം കണ്ട് മെരീന ഒരു നിമിഷം സ്തംഭിച്ചുനിന്നു. തുടര്‍ന്ന് അവള്‍ വീണ്ടും പൊട്ടിക്കരഞ്ഞു. സന്തോഷത്തിന്റെ ആധിക്യംകൊണ്ട്.