അങ്ങനെയാണ് അയാള്‍ അവിടെയെത്തിയത്.
അമ്മ പറഞ്ഞു: ''കൊല്ലത്തിലൊരിക്കല്‍ മാത്രമല്ലേയുള്ളൂ. എല്ലാവരും ആഘോഷിക്കുന്നു. നമ്മളായിട്ടുമാത്രമെന്നാത്തിനാ.. എനിക്കറിയാം നിന്റെ മനസ്സും സങ്കടോം. പക്ഷേ, അതിന്റെ പേരില്‍ നമ്മള്‍ മാത്രമായിട്ട് ഇങ്ങനെ.. നീ ചെല്ല്... ചെന്ന് ക്രിസ്തുമസിനുള്ള എന്തെങ്കിലുമൊക്കെ വാങ്ങിക്കോണ്ടു വാ...''
അമ്മയുടെ അത്രയുംവരെയുള്ള വാക്കുകള്‍ അയാളില്‍ പ്രത്യേകിച്ചു യാതൊരുവിധത്തിലുള്ള ചലനവും സൃഷ്ടിച്ചില്ല എന്നതാണു സത്യം.
പക്ഷേ, അതിന്റെ തുടര്‍ച്ചയായി അമ്മ പറഞ്ഞതാണ് അയാളെ സത്യത്തില്‍ അവിടെയെത്തിച്ചത്.
''അടുത്തവര്‍ഷം ഞാനുണ്ടാവുമോയെന്ന് ആരറിഞ്ഞു...''
സാധാരണമായി അമ്മ അത്തരം സെന്റിമെന്റ്സ് പറയുന്ന ആളല്ല. അതുകൊണ്ടുതന്നെ അയാള്‍ക്ക് അതില്‍ അസ്വാഭാവികമായിട്ടെന്തോ തോന്നുകയും അമ്മയെ സമാധാനിപ്പിക്കാനും സന്തോഷിപ്പിക്കാനുമായി ക്രിസ്മസിനുവേണ്ടി സാധനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു. അമ്മ പറഞ്ഞതു ശരിയായിരുന്നു, അയല്‍വക്കത്തെ വീടുകളെല്ലാം മാസങ്ങള്‍ക്കുമുമ്പുതന്നെ ക്രിസ്മസിന് ഒരുങ്ങിക്കഴിഞ്ഞിരുന്നു. ദീപാലങ്കാരങ്ങളും നക്ഷത്രങ്ങളും. പക്ഷേ, അയാളുടെ വീടിന്റെ ഇറയത്തുപോലും ഒരു നക്ഷത്രം ഉണ്ടായിരുന്നില്ല. അമ്മ അതൊക്കെ ആഗ്രഹിക്കുന്നുണ്ടെന്ന് അയാള്‍ക്കറിയാമായിരുന്നു. താന്‍ വേണ്ടെന്നുവയ്ക്കുന്ന സന്തോഷങ്ങള്‍ മറ്റൊരാളുടെ ആഗ്രഹവും അയാളുടെ അവകാശവുമാണെങ്കില്‍ അതു സാധിച്ചുകൊടുക്കുകയാണു വേണ്ടതെന്ന് അയാള്‍ക്കറിയാമായിരുന്നു. അങ്ങനെയാണ് അയാള്‍ അവിടെയെത്തിയത്, സൂപ്പര്‍മാര്‍ക്കറ്റില്‍.
ശരിയായിരുന്നു, പതിവിലും കൂടുതല്‍ തിരക്കായിരുന്നു അവിടെ. ക്രിസ്മസിന്റെ പേരില്‍ എന്തൊക്കെയോ വാരിക്കൂട്ടാന്‍ മത്സരിക്കുകയാണു മനുഷ്യരെന്ന് അയാള്‍ക്കു തോന്നി; ആഘോഷിക്കാന്‍ മനുഷ്യന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തി കാത്തിരിക്കുകയാണെന്നും. ഓണം, ക്രിസ്മസ്, വിഷു, ഈസ്റ്റര്‍... തങ്ങളുടെ ആഘോഷങ്ങള്‍ക്കെല്ലാം വേണ്ടവിധത്തിലുള്ള ഒരു സാധൂകരണംകൂടി ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ട്; സ്നേഹിക്കാനും വെറുക്കാനും കൊലപാതകത്തിനുംവരെ കാരണങ്ങള്‍ കണ്ടെത്തുന്നതുപോലെ...
കൂടുതലും ദമ്പതികളായിരുന്നു. അവിടവിടെയായിമാത്രമേ ഒറ്റയ്ക്കു ചിലരുണ്ടായിരുന്നുള്ളൂ. ഏതൊക്കെയോ ചില കാരണങ്ങളാല്‍ അവരും തന്നെപ്പോലെ ഒറ്റയ്ക്കായിപ്പോയവരായിരിക്കുമെന്ന് അയാള്‍ വെറുതെ കരുതി. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസാണ് അയാളുടെ മനസ്സിലേക്കു പെട്ടെന്നു കടന്നുവന്നത്. അന്ന് ഷോപ്പിങ് നടത്താനും എല്ലാറ്റിനുമായി ലയ കൂടെയുണ്ടായിരുന്നു. അയാള്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു. ചില ഓര്‍മകള്‍ കുടഞ്ഞെറിഞ്ഞാലും വിട്ടുപോകാത്ത ഉടുമ്പുകണക്കെയാണ്. അള്ളിപ്പിടിച്ചും നുള്ളിപ്പിടിച്ചും അവയിങ്ങനെ...
താന്‍ അവളെ ഓര്‍മിക്കുന്നതുപോലെ അവള്‍ തന്നെയും ഓര്‍മിക്കുന്നുണ്ടാവുമോ? ഒരുമിച്ചായിരുന്നപ്പോള്‍ അവളുടെ മനസ്സറിഞ്ഞെന്നോണം ചില സാധനങ്ങള്‍ വാങ്ങിവരുമ്പോഴും പെരുമാറുമ്പോഴും അവള്‍ അതിശയപ്പെടാറുണ്ടായിരുന്നു:
''യ്യോ ഇതെങ്ങനെ മനസ്സിലാക്കി? ഞാന്‍ മനസ്സില്‍ ഓര്‍ത്തതേയുള്ളൂ / മനസ്സില്‍ വിചാരിച്ചതേയുള്ളൂ.''
മനപ്പൊരുത്തം എന്നു പറഞ്ഞ് പരസ്പരം അഭിമാനിക്കുകയും അവളെ സന്തോഷിപ്പിക്കുകയുമായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ ആ മനപ്പൊരുത്തമൊക്കെ എവിടെ? മനുഷ്യര്‍ തമ്മില്‍ പെട്ടെന്ന് അടുക്കുകയല്ല അകലുകയാണു ചെയ്തുകൊണ്ടിരിക്കുന്നത്. അടുക്കാന്‍ പല കാരണങ്ങള്‍ വേണം, അടുപ്പം നിലനിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങളും വേണം. പക്ഷേ, അകലാന്‍ ഒറ്റക്കാരണം മതി. അകലത്തില്‍നിന്ന് അടുപ്പത്തിലേക്കു നടന്നടുക്കാന്‍ ശ്രമങ്ങള്‍ ആരും നടത്താറുമില്ല:
വീണ്ടും അടുക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ അകലം അവസാനമില്ലാതെ തുടരുകയേയുള്ളൂ. ഒരാളെങ്കിലും അടുക്കാന്‍ ശ്രമം നടത്തണം. അപ്പോള്‍മാത്രമേ അകലം ഇല്ലാതാവുകയുള്ളൂ. പക്ഷേ, ആര് എന്ന തര്‍ക്കം എല്ലാ അകലങ്ങളും തുടര്‍ന്നുകൊണ്ടുപോകുന്നതിനു പിന്നിലുണ്ടെന്നു തോന്നുന്നു.
''ഹലോ സര്‍, ഹാപ്പി ക്രിസ്മസ്'' സൂപ്പര്‍മാര്‍ക്കറ്റിന്റെ യൂണിഫോം ധരിച്ച പെണ്‍കുട്ടി അടുത്തെത്തിയത് അപ്പോഴാണ്.
''സാര്‍ ഇന്നും തനിച്ചാണോ... മേഡം വന്നില്ലേ?''
സ്ഥിരമായി വരുന്നതിനാല്‍ ആ പെണ്‍കുട്ടിക്കു രണ്ടാളെയും പരിചയമുണ്ടായിരുന്നു. കഴിഞ്ഞ തവണയെല്ലാം വന്നപ്പോഴും അവള്‍ അതേ ചോദ്യം ചോദിച്ചിരുന്നു.
''ഇ... ഇല്ല...''
''മേഡം സുഖമായിരിക്കുന്നോ?''
''ഉം.''
ഷെല്‍ഫുകളില്‍ നിറച്ചുവച്ചിരിക്കുന്നവയില്‍നിന്ന് എന്തൊക്കെയോ വാരിയിട്ടു. 'ഇതു നല്ലതാ... ഈ ബ്രാന്‍ഡാ മേഡം സെലക്ട് ചെയ്യുന്നത്' എന്നെല്ലാം പറഞ്ഞ് ആ പെണ്‍കുട്ടിയും സഹായത്തിനെത്തി. ബില്‍ പേ ചെയ്തു മടങ്ങുമ്പോള്‍ പെണ്‍കുട്ടി ഓര്‍മിപ്പിക്കാന്‍ മറന്നില്ല:
''സാര്‍ മേഡത്തിനും വിഷസ് കൊടുക്കണേ... അടുത്ത തവണ വരുമ്പോ മേഡത്തെയും കൂട്ടണം. ന്യൂ ഇയറിന്റെ കുറെ ഓഫറുകളുണ്ട്.''
സമ്മതഭാവത്തില്‍ തലകുലുക്കി സാധനങ്ങളുമായി കാറിനരികിലേക്കു നടക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്.
''ഒരു കാര്യം നിന്നോടു പറയാന്‍ വിട്ടുപോയി.''
''എന്താ അമ്മാ, എന്തെങ്കിലും വാങ്ങണോ?''
''നീ ഒരു ഗിഫ്റ്റ് വാങ്ങണം.''
''എന്തു ഗിഫ്റ്റ്?''
''ഒരു ചുരിദാര്‍.''
''അമ്മയ്‌ക്കെന്തിനാണു ചുരിദാര്‍, അമ്മ സാരിയല്ലേ ഉടുക്കുന്നത്.''
''നീ മറന്നോ ലയയുടെ പിറന്നാളല്ലേ ഇരുപത്തിയാറ്... അവള്‍ക്ക്...''
ഒന്നും മിണ്ടിയില്ല, മിണ്ടാന്‍ തോന്നിയില്ല എന്നതാവും ശരി.
''ഞാന്‍ ഇന്നോ നാളെയോ പോകാനുള്ള ആളാ... പക്ഷേ, നിങ്ങള്‍ എത്രയോ കാലം ജീവിച്ചിരിക്കാനുള്ളവരാ... പിണക്കമൊക്കെ തീര്‍ക്കാന്‍ ഇതല്ലേ അവസരം.''
''പിണങ്ങിയതും ഇറങ്ങിപ്പോയതും അവളല്ലേ... വിളിച്ചിട്ട് എടുക്കാത്തതും ഡിവോഴ്‌സ് വേണമെന്നാവശ്യപ്പെടുന്നതും അവളല്ലേ? എന്നെക്കൊണ്ട് പറ്റില്ല. അവള്‍ടെ വീട്ടില്‍പോകാന്‍.''
''വീട്ടില്‍ പോകണ്ടാടാ.. ബാങ്കില്‍ പോയാ മതി. ഇരുപത്തിനാലും ഇരുപത്തിയഞ്ചുമല്ലേ അവധി.. ഈ സമയം അവളവിടെയുണ്ടാകും.''
''അമ്മേ ഞാന്‍...''
''നീയൊന്നും പറയണ്ടാ... ഞാന്‍ പറഞ്ഞിട്ടാണു വന്നതെന്നുമാത്രം പറയാതിരുന്നാല്‍ മതി. നീ സന്തോഷത്തോടെ വന്നതാണെന്നും തന്നതാണെന്നും അറിയുമ്പോള്‍ അവള്‍ക്കു സന്തോഷമാകും. നീയെന്നെ കൂടുതല്‍ സ്നേഹിക്കുന്നുവെന്നും പരിഗണിക്കുന്നുവെന്നുമല്ലേ അവളുടെ പരാതി... സാരമില്ലെടാ... ഭര്‍ത്താവിനോടു സ്നേഹമുള്ള ഏതൊരു പെണ്ണും അങ്ങനെയൊക്കെ പറയും. പണ്ട് ഞാനും നിന്റെ പപ്പയോട് അങ്ങനെതന്നെ പറഞ്ഞിട്ടുണ്ട്... അമ്മയായിക്കഴിയുമ്പോ എല്ലാം ക്ഷമിക്കാനും സഹിക്കാനും പെണ്ണു പഠിക്കും. ഭാര്യയാകുമ്പോള്‍ കഴിയാത്തതു പലതും... അതു മനസ്സിലാക്കിയാ അവള്‍ പറഞ്ഞതെല്ലാം നിനക്കു ക്ഷമിക്കാന്‍ തോന്നും.''
''അമ്മേ ഞാന്‍...''
''സനൂ, അമ്മ പറയുന്നതു കേള്‍ക്ക്... ക്ഷമിക്കുന്നതു തോല്‍വിയാണെന്ന് ആരാ നിന്നോടു പറഞ്ഞെ.. തോറ്റുകൊടുത്തവരേ എന്നും ജയിച്ചിട്ടുള്ളൂ.''
അയാള്‍ക്കു ദേഷ്യം തോന്നി. മറുത്തൊന്നും പറയുന്നതിനെക്കാള്‍ ഫോണ്‍ കട്ടു ചെയ്യുന്നതാണു നല്ലതെന്നു തോന്നി. അതനുസരിച്ച് ഫോണ്‍ കട്ടു ചെയ്തു.
ലയ പറഞ്ഞ ഓരോ വാക്കും മനസ്സിലേക്കു തികട്ടിവരുന്നു. അതിലേറ്റവും വില കെട്ടതായി തോന്നിയത് അമ്മയെ കെട്ടിപ്പിടിച്ചിരിക്കാനാണെങ്കില്‍ പിന്നെയെന്തിനാണ് എന്നെ കല്യാണം കഴിച്ചത്, അമ്മയെ കല്യാണം കഴിച്ചാല്‍പോരായിരുന്നോ എന്നു ചോദിച്ചതായിരുന്നു. അതിനു മറുപടി നല്കിയത് അവളുടെ കവിളത്തായിരുന്നു. അന്നാണ് അവള്‍ ഇറങ്ങിപ്പോയത്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസിന്റെ പിറ്റേന്ന്... ഒരു വര്‍ഷം. അതിനിടയില്‍ പലവട്ടം അനുരഞ്ജനശ്രമങ്ങള്‍.
പക്ഷേ, ഒന്നിനും വഴങ്ങാതെ അവള്‍... അങ്ങനെയുള്ള ആളുടെ അടുത്തേക്കാണ് ഗിഫ്റ്റും വാങ്ങി... എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. വേണമെങ്കില്‍ പോയിക്കണ്ടുവെന്നും സമ്മാനം കൊടുത്തുവെന്നും അമ്മയോടു നുണ പറയാം. പക്ഷേ, അതിനു സാധിക്കുമായിരുന്നില്ല. ലോകത്ത് മറ്റാരോടെങ്കിലും നുണ പറഞ്ഞിട്ടുണ്ടെങ്കിലും, പറയാമെങ്കിലും അമ്മയോടുമാത്രം നുണ പറയാനാവില്ലായിരുന്നു. അതുകൊണ്ട് ഗത്യന്തരമില്ലാതെയാണ് ഗിഫ്റ്റ് വാങ്ങിയതും അതുമായി ബാങ്കിലെത്തിയതും. സെക്യൂരിറ്റി സൗഹൃദഭാവത്തോടെ ചിരിച്ചു.
''മേഡം അകത്തുണ്ട്.''
ശരിയെന്നു പറഞ്ഞ് അകത്തേക്കു കടന്നു. ആന്വല്‍ ക്ലോസിങ്ങുമായി ബന്ധപ്പെട്ടു തിരക്കിലായിരുന്നു ബാങ്കിലെ സ്റ്റാഫെല്ലാം. പരസ്പരം വേര്‍തിരിച്ചിരിക്കുന്ന ഗ്ലാസുറൂമുകളിലൊന്നില്‍ ലയ തിരക്കിടുന്നതു നോക്കിനിന്നു. വിളിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍ നില്ക്കവേ തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന അഖില അയാളെ കാണുകയും ലയയ്ക്ക് അയാളെ കാണിച്ചുകൊടുക്കുകയും ചെയ്തു. മാസങ്ങള്‍ക്കുശേഷമുള്ള കണ്ടുമുട്ടലിന്റെ വീര്‍പ്പുമുട്ടല്‍ ഇരുവര്‍ക്കുമുണ്ടായിരുന്നു. ലയ വരുന്നതും കാത്ത് കസ്റ്റമേഴ്‌സിനുള്ള ഇരിപ്പിടത്തില്‍ അയാളിരുന്നു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ലയ മുമ്പില്‍ വന്നു നിന്നു. അവളുടെ തോളില്‍ ബാഗുമുണ്ടായിരുന്നു. കൈയിലൊരു കവറും. എന്തു പറയണമെന്നറിയാതെ അയാള്‍ അവള്‍ക്കുമുമ്പില്‍ നിന്നു... പിന്നെ കൈയിലിരുന്ന ടെക്സ്റ്റയില്‍സ് ഷോപ്പിന്റെ കവര്‍ അവള്‍ക്കുനേരേ നീട്ടി. എന്തെങ്കിലും തടസ്സമോ എതിരോ അവള്‍ പറയുമെന്നയാള്‍ കരുതി. പക്ഷേ, അതുണ്ടായില്ല. അവളതു സ്വീകരിച്ചു. അമ്മ പറയരുതെന്നു പറഞ്ഞിട്ടും അയാള്‍ക്കു പറയാതിരിക്കാന്‍ കഴിഞ്ഞില്ല:
''അമ്മ ബെര്‍ത്ത്‌ഡേ വിഷ് ചെയ്തിട്ടുണ്ട്.. ക്രിസ്മസും.''
അതുപറയുമ്പോള്‍ അയാളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. പക്ഷേ, അതു സങ്കടംകൊണ്ടാണെന്നു സമ്മതിച്ചുകൊടുക്കാന്‍ അയാളിലെ അഹന്ത തയ്യാറായിരുന്നില്ല. അതുകൊണ്ടു തൊണ്ട ശരിയാക്കുന്ന വിധത്തില്‍ അയാള്‍ ശബ്ദമുണ്ടാക്കുകയും ജലദോഷമുണ്ടെന്നു ഭാവിച്ച് പോക്കറ്റില്‍നിന്നു ടൗവലെടുത്തു മൂക്കു തുടയ്ക്കുകയും ചെയ്തു.
പുറത്തേക്ക് ഒരുമിച്ചാണ് അവര്‍ ഇറങ്ങിയത്. സ്റ്റെപ്പുകള്‍ ഇറങ്ങുമ്പോള്‍ അയാളോര്‍ത്തു: രണ്ടുവര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. പ്രണയിക്കുമ്പോള്‍ ഒരു മുഖവും വിവാഹം കഴിയുമ്പോള്‍ മറ്റൊരു മുഖവും. അതാണ് എല്ലാവര്‍ക്കുമുള്ളതെന്ന് അയാള്‍ക്കു തോന്നി. ആരാണ് ഒരുമിച്ചുജീവിക്കാമെന്ന് ആദ്യം പറഞ്ഞത്? ആരാണ് പിരിയാമെന്നു പറഞ്ഞത്? രണ്ടും അവളായിരുന്നു.
''ഒരു കോഫി കുടിക്കാം.'' അവളാണു ക്ഷണിച്ചത്. അതയാളെ സന്തോഷിപ്പിക്കാതിരുന്നില്ല.
''ഇന്നലെ ഓപ്പണ്‍ ചെയ്തതേയുള്ളൂ... ഞങ്ങളുടെ ബാങ്കിന്റെ ഒരു കസ്റ്റമറാ.''
മനോഹരമായ ഇന്റീരിയറുള്ള ഒരു കോഫീഷോപ്പായിരുന്നു അത്. അകത്തെ കാഴ്ചകളിലേക്കും കടന്നുവരികയും പോവുകയും ചെയ്യുന്നവരിലേക്കുമായിരുന്നു അയാളുടെ ശ്രദ്ധമുഴുവന്‍. മൗനത്തിന്റെ മതില്‍ക്കെട്ടുകള്‍ ഉയര്‍ന്നുയര്‍ന്നുവരുന്നതുപോലെ.
ബില്‍ പേ ചെയ്തതും അവള്‍തന്നെയായിരുന്നു. അയാളതിനു തടസ്സം പറഞ്ഞതുമില്ല. പുറത്തേക്കിറങ്ങുമ്പോള്‍ അവള്‍ ഫോണില്‍ വിളിക്കുന്നതു കേട്ടു. പിന്നെ അയാളോടു പറഞ്ഞു:
യൂബറ് വിളിച്ചതാ... വണ്ടി സര്‍വീസിനു കൊടുത്തു. നാളെയേ കിട്ടൂ...
''ഞാന്‍ ഡ്രോപ്പു ചെയ്യാം.'' അയാള്‍ പറഞ്ഞു.
ആ മറുപടി കാത്തിരിക്കുകയാണെന്ന മട്ടില്‍ അവള്‍ അതും സമ്മതിച്ചു. കുട നിവര്‍ക്കാന്‍ മഴ കാത്തുനില്ക്കുന്നതുപോലെ...
''നല്ല വര്‍ക്ക് പ്രഷറുണ്ട്. സ്ട്രസും. ചിലപ്പോ മനസ്സ് കൈവിട്ടുപോയതുപോലെതോന്നും. രണ്ടുദിവസം ഇനി സ്വസ്ഥം. നല്ലതുപോലെ ഉറങ്ങണം.''
എന്തിനോ ഉള്ള ന്യായീകരണം പോലെയും ആരോടെന്നില്ലാതെയും അവള്‍ പറഞ്ഞു.
പിന്നെ അവള്‍ ചോദിച്ചു:
''അമ്മയ്ക്ക്...?''
''കീമോ കഴിഞ്ഞു. പക്ഷേ, മുടിയൊന്നും കൊഴിഞ്ഞിട്ടില്ല. മുടി കൊഴിഞ്ഞെങ്കിലേ റിസള്‍ട്ടുണ്ടാകൂ എന്നു പലരും പറയുന്നു.''
അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു.
ലയയുടെ വീട്ടിലേക്കുള്ള വഴിയില്‍ കാര്‍ നിന്നു.
''വീട്ടില്‍ കയറുന്നില്ലേ?'' ലയ ചോദിച്ചു:
ഇല്ലെന്ന് അയാള്‍ പുഞ്ചിരിച്ചു. ഡോര്‍ തുറന്ന് പുറത്തിറങ്ങിയ അവള്‍ പെട്ടെന്ന് മറന്നതെന്തോ ഓര്‍മിച്ചതുപോലെ കൈയിലിരുന്ന കവര്‍ അയാള്‍ക്കുനേരേ നീട്ടി.
''അമ്മയ്ക്കാണ്... ഇവിടെവച്ച് ഇങ്ങനെ മീറ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ഞാന്‍ അമ്മയെ കാണാന്‍.... എന്തായാലും ഇനി അതു കൊടുത്തേക്കൂ. അമ്മ എനിക്കു തന്ന സമ്മാനത്തിനും താങ്ക്‌സ് പറയണം.''
''എങ്കില്‍... എങ്കില്‍... അതു നേരിട്ടു കൊടുത്ത്... നേരിട്ടുപറയുന്നതല്ലേ കൂടുതല്‍ നല്ലത്?''
പ്രതീക്ഷയോടെ അയാള്‍ അവളുടെ മുഖത്തേക്കു നോക്കി. നേരത്തേതന്നെ അങ്ങനെയൊരു തീരുമാനം മനസ്സില്‍ ഉണ്ടായിരുന്നതുപോലെ ലയ വേഗം തന്നെ തിരികെക്കയറി. അവള്‍ അയാളെ നോക്കി ചിരിച്ചു. അയാള്‍ അവളെയും. ഒളിച്ചിരിക്കുന്ന കുട്ടിയെ കൈയോടെ പിടികൂടിയ അമ്മയുടെ ഭാവമായിരുന്നു അവര്‍ക്ക്. ചിരി പൊട്ടിച്ചിരിയാകാന്‍ തെല്ലും സമയമെടുത്തില്ല. അവര്‍ വെറുതെ ചിരിച്ചുതുടങ്ങി. അയാള്‍ വണ്ടി മുന്നോട്ടെടുത്തു. വീഥിയുടെ ഇരുവശങ്ങളിലുമുള്ള വീടുകളിലെങ്ങും നക്ഷത്രങ്ങള്‍ പ്രകാശിച്ചുതുടങ്ങിയിരുന്നു അപ്പോള്‍.