സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ 24 വര്‍ഷത്തെ ഏകാധിപത്യഭരണത്തിനു ഡിസംബര്‍ എട്ടിന് അന്ത്യം കുറിച്ചിരിക്കുന്നു. മിന്നലാക്രമണത്തിലൂടെയാണു വിമതസായുധസംഘം തലസ്ഥാനമായ ദമാസ്‌കസ് കീഴടക്കിയത്. വിമതര്‍ നഗരാതിര്‍ത്തിയില്‍ എത്തിയതിനെത്തുടര്‍ന്ന് അസദ് രാജ്യം വിട്ടു. പടിഞ്ഞാറോട്ട് ഉയര്‍ന്നുപൊങ്ങിയ വിമാനം വട്ടംതിരിഞ്ഞു കിഴക്കോട്ടു പറന്നതായും പിന്നീട് റഡാറില്‍നിന്ന് അപ്രത്യക്ഷമായെന്നും വാര്‍ത്ത പരന്നു. അസദിന്റെ ഭാര്യയും രണ്ടു മക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിമതര്‍ക്കു ഭരണം കൈമാറിയ പ്രധാനമന്ത്രി ഘാസി അല്‍ ജലാലിയും സൈനികനേതൃത്വവും വെവ്വേറെ പ്രസ്താവനകള്‍ പുറപ്പെടുവിച്ചു.
''അറബ്‌വസന്തം'' എന്നും 'മുല്ലപ്പൂവിപ്ലവം' എന്നും വിശേഷിപ്പിക്കപ്പെട്ട് 2011 ല്‍ മുസ്ലീംരാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ പിന്‍തുടര്‍ച്ചയായിട്ടാണ് പതിമ്മൂന്നു വര്‍ഷമായി തുടര്‍ന്നുവന്ന സിറിയയിലെ ആഭ്യന്തരകലാപത്തെ രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. റഷ്യയുടെയും ഇറാന്റെയും ഭീകരസംഘടനയായ ഹിസ്ബുല്ലയുടെയും പിന്തുണയോടെ ആഭ്യന്തരകലാപം അടിച്ചമര്‍ത്തിയ അസദ്, പ്രക്ഷോഭകര്‍ക്കെതിരേ രാസായുധം പ്രയോഗിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. 2011 മുതല്‍ 2016 വരെയുള്ള ആറു വര്‍ഷക്കാലത്ത് അഞ്ചുലക്ഷം പേര്‍ വധിക്കപ്പെടുകയും അത്രയും പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അയല്‍രാജ്യങ്ങളായ ഇറാക്കിലേക്കും ജോര്‍ദാനിലേക്കും ലബനനിലേക്കും തുര്‍ക്കിയിലേക്കും മറ്റു യൂറോപ്യന്‍രാജ്യങ്ങളിലേക്കും ലക്ഷങ്ങളാണു പലായനം ചെയ്തത്. എന്നാല്‍, ഇപ്പോഴാകട്ടെ, കൂട്ടാളികളെല്ലാം അസദിനെ കൈയൊഴിയുകയായിരുന്നു. യുക്രെയ്‌നുമായുള്ള യുദ്ധത്തിനിടയില്‍ സിറിയന്‍സൈന്യത്തിന് ആയുധങ്ങള്‍ നല്കാന്‍ റഷ്യ വിമുഖത കാട്ടി. ഇസ്രയേലുമായുള്ള ഏറ്റുമുട്ടലുകളില്‍ പ്രതിരോധസംവിധാനങ്ങള്‍ തകര്‍ന്ന ഇറാനും ഹൂതികള്‍ക്കും ഹിസ്ബുല്ലയ്ക്കും നിസ്സഹായരായി നില്ക്കാനേ കഴിഞ്ഞുള്ളൂ.
ഭീകരന്‍ ഭരണാധികാരിയാകുമ്പോള്‍
ഭീകരസംഘടനകളായ അല്‍ ഖ്വയ്ദയുമായും ഐ എസുമായും അടുത്ത ബന്ധമുള്ള അബു മുഹമ്മദ് അല്‍ ജുലാനി നേതൃത്വം നല്കിയ പ്രതിപക്ഷസഖ്യമാണു ദമാസ്‌കസ് പിടിച്ചെടുത്തത്. ഒരു 'ഭീകരന്‍' എന്ന പേരില്‍ മുദ്രകുത്തപ്പെട്ട ജൂലാനി ഇനിമേല്‍ സിറിയയുടെ 'ഭരണാധികാരി' എന്നറിയപ്പെടും. അമേരിക്ക ഒരു കോടി ഡോളര്‍ തലയ്ക്കു വിലയിട്ട വ്യക്തിയാണ് ജൂലാനി എന്നതും ഓര്‍മിക്കേണ്ടതുണ്ട്.
അല്‍ ഖ്വയ്ദയുടെയും ഐ എസിന്റെയും തണലില്‍ വളര്‍ന്നുവന്ന നാല്പത്തിരണ്ടുകാരനായ അബു മുഹമ്മദ് അല്‍ ജൂലാനി, യുവാവായിരിക്കെത്തന്നെ രണ്ടു തീവ്രവാദസംഘടനകളുമായി ചേര്‍ന്നുപ്രവര്‍ത്തിച്ച വ്യക്തിയാണ്. ഐ എസ് കാലിഫേറ്റിന്റെ തലവനായിരുന്ന അബുബക്കര്‍ അല്‍ ബഗ്ദാദി, സിറിയയില്‍ അറബ് വസന്തത്തിനു തുടക്കമിട്ടപ്പോള്‍ ഇറാക്കിലായിരുന്ന ജൂലാനിയെ സിറിയയിലേക്കയച്ചു. അല്‍ ഖ്വയ്ദയുടെ സിറിയയിലെ ഉപസംഘടനയായ ജബ് ഹത്ത് നുസ്‌റയെ വളര്‍ത്തിയെടുത്തെങ്കിലും, അമേരിക്ക സംഘടനയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു തിരിച്ചടിയായി. ഇതോടെ, അല്‍ ഫത്തഹ് അല്‍ ഷാം എന്ന സ്വതന്ത്രസംഘടനയ്ക്കു രൂപം നല്‍കി. പിന്നീട്, വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ സംഘടന ശക്തിപ്രാപിച്ചപ്പോള്‍ ഹയാത് തഹ്‌രീര്‍ അല്‍ ഷാം (എച്ച് ടി എസ്) എന്ന പേരു നല്കി. ('സിറിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സംഘടന' എന്നര്‍ഥം).
സിറിയയില്‍ ഒരു ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കുമെന്നും എല്ലാ മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളെയും കാലിഫേറ്റിനു കീഴില്‍ കൊണ്ടുവരുമെന്നുമുള്ള ബഗ്ദാദിയുടെ പ്രഖ്യാപനവുമായി പൊരുത്തപ്പെടാന്‍ ജൂലാനിക്കായില്ല. ക്രിസ്ത്യാനികളെയും മറ്റു ന്യൂനപക്ഷങ്ങളെയും ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലെന്ന ബഗ്ദാദിയുടെ നിലപാടും ജൂലാനി നിരാകരിച്ചു. ഒരു മതേതരപ്രതിച്ഛായ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചുകൊണ്ടിരുന്ന അദ്ദേഹം, 'സിറിയയുടെ വിശ്വസ്തനായ പരിപാലകന്‍' എന്നു സ്വയം വിശേഷിപ്പിക്കുകയും ചെയ്തു. പാശ്ചാത്യരാജ്യങ്ങള്‍ക്കു താന്‍ ഒരിക്കലും ഭീഷണിയല്ലെന്നും, സിറിയയുടെ മോചനമാണു തന്റെ ലക്ഷ്യമെന്നും വാഷിങ്ടണ്‍ സ്ട്രീറ്റ് ജേര്‍ണലിനു നല്കിയ അഭിമുഖത്തില്‍ ജൂലാനി വെളിപ്പെടുത്തി.
വിഘടിച്ചുനിന്ന വിമതസംഘടനകളെയെല്ലാം എച്ച് ടി എസില്‍ ഏകീകരിച്ചു ശക്തിപ്പെടുത്തിയശേഷമായിരുന്നു ഇദ്‌ലിബില്‍നിന്നു ദമാസ്‌കസിലേക്കുള്ള ജൂലാനിയുടെ പടയോട്ടം. അലപ്പോയില്‍ അതിക്രമം കാട്ടിയ സംഘാംഗങ്ങളെ ശാസിച്ച ജൂലാനി, എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ സിറിയയെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഏകാധിപത്യത്തിന് അന്ത്യം
1970 ല്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഹാഫിസ് അല്‍ അസദിന്റെ രണ്ടാമത്തെ മകനായ ബഷാര്‍ അല്‍ അസദ്, മൂത്ത സഹോദരന്‍ ബാസല്‍ അല്‍ അസദിന്റെ അപകടമരണത്തെത്തുടര്‍ന്നാണു ഭരണഭാരം ഏറ്റെടുത്തത്. ലണ്ടനില്‍ നേത്രരോഗവിദഗ്ധനായി ജോലി ചെയ്തിരുന്ന ബഷാര്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 2000 ല്‍ 33-ാമത്തെ വയസ്സില്‍ സിറിയയുടെ പ്രസിഡന്റായി അധികാരമേറ്റു.
സുന്നിവിഭാഗത്തിനു ഭൂരിപക്ഷമുള്ള സിറിയയില്‍ ഷിയാവിഭാഗത്തിലെ 'അലാവിത്ത്' എന്ന ചെറിയ ഉപവിഭാഗത്തിലെ അസദ് കുടുംബാംഗങ്ങള്‍ 54 വര്‍ഷമായി സിറിയയില്‍ ഭരണം നടത്തിവരികയായിരുന്നു. അധികാരം ഏറ്റെടുത്ത ഉടന്‍ ബഷാര്‍ അല്‍ അസദ് നടത്തിയ പല പ്രഖ്യാപനങ്ങളും പ്രതീക്ഷ പകരുന്നതായിരുന്നെങ്കിലും അധികാരം അദ്ദേഹത്തെ മത്തുപിടിപ്പിച്ചു. അറബ് വസന്തകാലത്ത് ഭരണകൂടത്തിനെതിരേ ജനരോഷം ഉയര്‍ന്നപ്പോഴുണ്ടായ അതിക്രൂരമായ രക്തച്ചൊരിച്ചില്‍ മാനവചരിത്രത്തില്‍ സമാനതകളില്ലാത്തതായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥിപ്രവാഹമാണ് തുടര്‍ന്നുണ്ടായത്. വിചാരണയില്ലാതെ വധശിക്ഷകള്‍ നടപ്പാക്കി. അഞ്ചു ലക്ഷത്തോളം പേരുടെ രക്തം ചൊരിഞ്ഞ വര്‍ഷങ്ങള്‍. അറബ് വസന്തത്തില്‍ തുടങ്ങിയ ആഭ്യന്തരകലാപം അടിച്ചൊതുക്കാന്‍ ബഷാര്‍ കൂട്ടുപിടിച്ചത് റഷ്യയെയും ഇറാനെയുമായിരുന്നു. പുതിയ പ്രക്ഷോഭകാലത്ത് സഹായിക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ നാടുവിടേണ്ടതായും വന്നു. ജനസംഖ്യയുടെ പകുതിയോളംപേരും രാജ്യംവിടാന്‍ നിര്‍ബന്ധിതരായ കിരാതഭരണമാണ് അവസാനിച്ചത്.
ഭരണകക്ഷിയായ ബാത്ത്പാര്‍ട്ടിക്കല്ലാതെ മറ്റൊരു കക്ഷിക്കും സിറിയയില്‍ സ്ഥാനമില്ലായിരുന്നു. പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കുന്നവര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നതു നിത്യസംഭവമായി. അപകടകാരികളെ നിരീക്ഷിക്കാന്‍ വ്യാപകമായ ചാരവലയം. സര്‍ക്കാരിന്റെ നിര്‍ണായകസ്ഥാനങ്ങളിലെല്ലാം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തിരുകിക്കയറ്റി. ക്രൂരമായ പീഡനമുറകളുള്ള സൈനികക്യാമ്പുകളും ജയിലറകളും നിരപരാധരെക്കൊണ്ടു നിറഞ്ഞു.
വടക്കനാഫ്രിക്കന്‍രാജ്യമായ ടുണീഷ്യയില്‍ തുടക്കമിട്ട 'മുല്ലപ്പൂവിപ്ലവം' പതിമ്മൂന്നു വര്‍ഷം പിന്നിട്ടപ്പോഴാണ് സിറിയയില്‍ യാഥാര്‍ഥ്യമായത്. ടുണീഷ്യയിലെ അബ്ദിന്‍ ബെന്‍ അലി, ഈജിപ്തിലെ ഹുസ്‌നി മുബാറക്, ലിബിയയിലെ മു അമര്‍ ഗദ്ദാഫി തുടങ്ങിയ ഏകാധിപതികളുടെ പതനവും അറബ് വസന്തത്തിന്റെ വിജയങ്ങളായി എണ്ണപ്പെടുന്നുണ്ട്. ബഷാര്‍ അല്‍ അസദിന്റെ പതനം റഷ്യയ്ക്കും ഇറാനുമെന്നതുപോലെ ഇറാന്‍ പിന്തുണയ്ക്കുന്ന ഷിയാസംഘടനകള്‍ക്കും കനത്ത തിരിച്ചടിയാണ്. അസദ് വിരുദ്ധര്‍ പൊടുന്നനെ ഒന്നിക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തതിനുപിന്നില്‍ പ്രാദേശിക-രാജ്യാന്തരശക്തികളുടെ ഇടപെടലുകളുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും എച്ച് ടി എസിനെ രഹസ്യമായി സഹായിച്ചിട്ടുണ്ടാകാമെന്നും കരുതപ്പെടുന്നു. എന്നാല്‍, മുപ്പതോളം ഭീകരസംഘടനകളുടെ കൂട്ടായ്മയായ എച്ച് ടി എസിന്റെ യഥാര്‍ഥ തലതൊട്ടപ്പന്‍ നാറ്റോ അംഗരാജ്യമായ തുര്‍ക്കിയുടെ പ്രസിഡന്റ് റസിപ് എല്‍ദോഗനാണ്. തുര്‍ക്കിയുടെ പിന്തുണയുള്ള കുര്‍ദുകള്‍ സിറിയയുടെ വടക്കുകിഴക്കുപ്രദേശങ്ങളിലെ പ്രബലശക്തിയാണ്. തുര്‍ക്കിയുടെ തെക്കന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഇദ്‌ലിബില്‍ താവളമുറപ്പിച്ച എച്ച് ടി എസ്, നികുതിയുള്‍പ്പെടെയുള്ള വരുമാനം പിരിച്ചെടുക്കുന്നു. പെട്രോള്‍നിക്ഷേപമുള്ള മേഖല എന്ന നിലയിലും അവര്‍ പണം സമ്പാദിക്കുന്നുണ്ട്. എ ച്ച് ടിഎസിന് ഇപ്പോള്‍ 30,000 സായുധപോരാളികളുണ്ട്.
അതിനിടെ ദമാസ്‌കസില്‍നിന്നു വിമാനമാര്‍ഗം രക്ഷപ്പെട്ട ബഷാര്‍ അല്‍ അസദിന് രാഷ്ട്രീയാഭയം നല്കിയതായി റഷ്യയുടെ വിദേശകാര്യവക്താവ് ദ്മിത്രി പെസ്‌കോവ് അറിയിച്ചു. പ്രസിഡന്റ് പുടിന്‍ നേരിട്ടെടുത്ത തീരുമാനപ്രകാരമാണ് അഭയം നല്കിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലേഖനം