•  26 Dec 2024
  •  ദീപം 57
  •  നാളം 42
ലേഖനം

റബര്‍കര്‍ഷകര്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗമുണ്ട്

    കഴിഞ്ഞ 120 കൊല്ലക്കാലമായി കേരളകര്‍ഷകരുടെ നാലു തലമുറകളെ സമ്പന്നമാക്കിയ റബര്‍കൃഷിയോടു തത്കാലം വിടപറയേണ്ട സാഹചര്യമാണ് ഇപ്പോള്‍ ടയര്‍വ്യവസായികള്‍ ഉണ്ടാക്കിവച്ചിരിക്കുന്നത്. ഈ പ്രശ്‌നത്തിന്റെ പശ്ചാത്തലം ഓര്‍മിക്കുന്നതോടൊപ്പം, റബറിനുപകരം  അതിനെക്കാള്‍ ലാഭകരമായി കൃഷി ചെയ്യാവുന്ന വിളകളെപ്പറ്റിയും ഇവിടെ പ്രതിപാദിക്കാനാഗ്രഹിക്കുന്നു.
    ഇരുപതാംനൂറ്റാണ്ടിലെ രണ്ടു ലോകമഹായുദ്ധങ്ങള്‍ നമ്മെ പഠിപ്പിച്ച ഒരു പ്രധാന കാര്യം, സ്വാഭാവികറബറിന്റെ തന്ത്രപരമായ  പ്രാധാന്യമായിരുന്നു (ടൃേമലേഴശര ശാുീൃമേിരല). ഇതു മനസ്സിലാക്കിയാണ് നെഹ്‌റുവിന്റെ കാലത്തുതന്നെ റബര്‍ ആക്ട് പാസാക്കിയെടുത്തത്. ഈ റബര്‍നിയമത്തിന്റെ സന്താനമായിരുന്നു നമ്മുടെ റബര്‍ബോര്‍ഡ്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബറിനു ന്യായവില ഉറപ്പാക്കാനും ഗവേഷണം, വിജ്ഞാനവ്യാപനം, വിളവെടുപ്പ്, വിപണനം, സാമ്പത്തികസഹായം തുടങ്ങിയ എല്ലാ വിഷയങ്ങളിലും ഇടപെടാനും അധികാരമുണ്ടായിരുന്നു റബര്‍ ബോര്‍ഡിന്. പക്ഷേ, കഴിഞ്ഞകൊല്ലം പാസാക്കിയ പുതിയ റബര്‍നിയമത്തില്‍, കര്‍ഷകര്‍ക്കു സഹായകമായ പല വ്യവസ്ഥകളും ഒഴിവാക്കിയിരിക്കുന്നു നമ്മുടെ കേന്ദ്രസര്‍ക്കാര്‍.
    1947 മുതല്‍ 2014 വരെ റബറുത്പാദനവും റബര്‍ ഉപയോഗിക്കുന്ന ഫാക്ടറികളുടെ വളര്‍ച്ചയും തുല്യപ്രാധാന്യത്തോടെ കണ്ട് റബര്‍ബോര്‍ഡ് പ്രവര്‍ത്തിച്ചു; റബറിന്റെ ഉത്പാദനവും റബറധിഷ്ഠിതവ്യവസായങ്ങളും ഒരുപോലെ വളരുകയും ചെയ്തു. 2013 ല്‍ റബറുത്പാദനം 10 ലക്ഷം ടണ്ണിന് അടുത്തെത്തിയപ്പോള്‍, ഫാക്ടറികള്‍ ഉപയോഗിച്ച റബറിന്റെ അളവ് പത്തേമുക്കാല്‍ ലക്ഷം ടണ്ണായി ഉയര്‍ന്നു.
    ഏറ്റവുമധികം റബര്‍ വാങ്ങി ഉപയോഗിക്കുന്ന രാജ്യമായ ചൈനയില്‍ 2014 ല്‍ ചെറിയ മാന്ദ്യമുണ്ടായപ്പോള്‍ അവര്‍ക്കു നല്‍കാനായി  തയ്യാറാക്കിയിരുന്ന റബര്‍, തായ്‌ലന്‍ഡിലും മറ്റും വിപണിയില്‍ കെട്ടിക്കിടക്കാനിടയായി. നമ്മുടെ ടയര്‍വ്യവസായികള്‍ അതു മുഴുവന്‍ കുറഞ്ഞ വിലയ്ക്കു വാങ്ങിയെടുത്ത് നാട്ടിലെത്തിച്ചു. ഗോഡൗണുകളില്‍ ഇറക്കുമതിറബര്‍ സംഭരിച്ച അവര്‍ നാട്ടിലെ വിപണിയില്‍നിന്നു മാറിനിന്ന്, ഇവിടെ വിപണിയില്‍ വിലയിടിച്ചു. സാധാരണമായി ഉത്പാദനത്തിന്റെ പത്തു ശതമാനംമാത്രം റബര്‍ ഇറക്കുമതി ചെയ്തിരുന്ന വ്യവസായികള്‍ അക്കൊല്ലംമുതല്‍ രണ്ടും മൂന്നും ലക്ഷം ടണ്‍വീതം റബര്‍ ഇറക്കുമതിയുടെ അളവുയര്‍ത്തി.
     റബറിന്റെ വിപണിവില ഇടിഞ്ഞതോടെ, മറ്റു ചെലവുകളും ടാപ്പിങ് തൊഴിലാളിയുടെ കൂലിയും കഴിഞ്ഞ്  കര്‍ഷകനു മിച്ചമൊന്നും കിട്ടാനില്ലാത്ത സ്ഥിതിയായി. അതോടെ, പല കര്‍ഷകരും ടാപ്പിങ് നിറുത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായി. അങ്ങനെ, റബറിന്റെ ആഭ്യന്തരോത്പാദനം 10 ലക്ഷം ടണ്ണില്‍നിന്നു നേര്‍പകുതിയായി കുറഞ്ഞ് അഞ്ചു ലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ 75 കൊല്ലക്കാലത്തിനിടയ്ക്ക് ആദ്യമായാണ് റബറുത്പാദനം ഇത്രയധികം കുറഞ്ഞുപോയത്. അതോടെ, ടയര്‍വ്യവസായികള്‍ ഇറക്കുമതിയുടെ അളവു വീണ്ടും ഉയര്‍ത്തി. അനാവശ്യമായി ഇറക്കുമതിയുടെ അളവു വര്‍ധിപ്പിച്ച് ആഭ്യന്തരോത്പാദനം കുറച്ച് രാജ്യതാത്പര്യത്തിനെതിരായ നിലപാടു സ്വീകരിക്കുകയായിരുന്നു അവര്‍.
    ഇറക്കുമതി അമിതമായി വര്‍ധിപ്പിച്ച് ആഭ്യന്തരോത്പാദനം കുറയുമ്പോള്‍ അതു വീണ്ടെടുക്കാനായി ഉത്പാദകരാജ്യങ്ങള്‍ക്കു ലോകവാണിജ്യകരാറില്‍ ഒരു പ്രത്യേകാധികാരം നല്‍കിയിട്ടുണ്ട്. ഉത്പന്നം ഇറക്കുമതി ചെയ്യുമ്പോള്‍ നല്‍കേണ്ട ചുങ്കം ഉയര്‍ത്തി ഇറക്കുമതി ചെലവേറിയതാക്കി ഇറക്കുമതിയുടെ അളവു നിയന്ത്രിക്കാനുള്ള അധികാരമാണിത്. ഇങ്ങനെ, ഇറക്കുമതിറബറിന്റെ ചുങ്കനിരക്ക്, 25 ശതമാനത്തില്‍നിന്ന് 100 ശതമാനമാക്കി ഉയര്‍ത്താനായി നമ്മുടെ റബറുത്പാദകസംഘങ്ങളുടെ ഫെഡറേഷന്‍, റബര്‍കര്‍ഷകസംരക്ഷണസമിതി എന്നീ സംഘടനകളുടെ പേരില്‍ നിയമാനുസൃതമായ അപേക്ഷകള്‍ നാം കേന്ദ്രസര്‍ക്കാരിനു നല്‍കി. പക്ഷേ, അപ്രസക്തമായ ചില ചോദ്യങ്ങളുന്നയിച്ച് കേന്ദ്രം നമ്മുടെ അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കാതെ കാലം കഴിച്ചു. അതേസമയം, ചൈനയില്‍നിന്നുള്ള ടയര്‍ ഇറക്കുമതി തങ്ങളെ ബാധിക്കുമെന്നും, ആ ഇറക്കുമതിടയറിന്റെ ചുങ്കനിരക്ക് ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട ടയര്‍ കമ്പനിക്കാരുടെ നിവേദനം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചുകൊടുത്തു. ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കൃത്രിമറബറിന്റെ ചുങ്കനിരക്ക് ഉയര്‍ത്താന്‍ കൃത്രിമറബര്‍നിര്‍മാതാക്കളായ റിലയന്‍സ് കമ്പനി നല്‍കിയ ഡിമാന്‍ഡും ഉടനടി അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍, ചെറുകിടകര്‍ഷകന്റെ ആവശ്യംമാത്രം നിരസ്സിക്കുകയായിരുന്നു!
    അങ്ങനെ, 2014 മുതല്‍ 2024 വരെയുള്ള പത്തുകൊല്ലക്കാലത്ത് കണ്ണീര്‍ കുടിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു, റബര്‍കര്‍ഷകര്‍. 2024-മാണ്ടിന്റെ ആരംഭത്തില്‍ തായ്‌ലണ്ടില്‍ കാലാവസ്ഥാവ്യതിയാനം കാരണം, റബര്‍ഷീറ്റിന്റെ ഉത്പാദനം കുറഞ്ഞുപോയി. ബാങ്കോക്ക് വിപണിയില്‍ ആര്‍എസ്എസ് നാലാം നമ്പര്‍ ഷീറ്റിന് 235 രൂപയായി വില ഉയര്‍ന്നു. പക്ഷേ, മാസങ്ങള്‍ കഴിഞ്ഞാണ്, ഇവിടെ നമ്മുടെ റബര്‍ഷീറ്റിന് ഉയര്‍ന്ന വില അനുവദിച്ചുതരാന്‍ വ്യവസായികള്‍ തയ്യാറായത്. അവിടെ 235 രൂപയ്ക്കു ഷീറ്റ് വാങ്ങി, ചുങ്കം, കപ്പല്‍ക്കൂലി ഇവ ചെലവാക്കി, ഗോഡൗണില്‍ എത്തിക്കുമ്പോള്‍ അടക്കവില 270 രൂപയെങ്കിലുമാകും. പക്ഷേ, ഇവിടെ കൃഷിക്കാരന് ഏതാനും ദിവസക്കാലത്തേക്കുമാത്രമെങ്കിലും നല്‍കാന്‍ അവര്‍ക്കു ദയവുണ്ടായത് 220 രൂപമാത്രം-അമ്പതു രൂപവരെ കുറച്ച്! ഇപ്പോള്‍ തായ്‌ലണ്ടില്‍  വില 195 രൂപ. ഷീറ്റ് ഗോഡൗണില്‍ എത്തുമ്പോള്‍ ചെലവ് 245 രൂപ. പക്ഷേ, അതേ ഗുണനിലവാരമുള്ള നമ്മുടെ ഷീറ്റിന് അവര്‍ നല്‍കുന്നത് 185 രൂപമാത്രം!
    ഇപ്പോള്‍ ടയര്‍വ്യവസായികള്‍ നമ്മെ ഉപേക്ഷിച്ച് ആസ്സാം, മേഘാലയ, ത്രിപുര പ്രദേശങ്ങളിലേക്കു നീങ്ങുകയാണ്. അവിടെ രണ്ടു ലക്ഷം ഹെക്ടര്‍ വിസ്തൃതിയില്‍ (അതായത്, 5 ലക്ഷം ഏക്കര്‍ സ്ഥലത്ത്) റബര്‍ക്കൃഷി ചെയ്യിക്കാന്‍ 1100 കോടി മുടക്കാന്‍ അവര്‍ തയ്യാറാണത്രേ. ഈ തുക കേരളത്തില്‍ ആവര്‍ത്തനക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കു കൊടുക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ള കേരളത്തിലെ തോട്ടങ്ങളില്‍നിന്ന് ഇരട്ടി റബര്‍ ഉത്പാദിപ്പിച്ചെടുക്കാന്‍ കഴിയുമായിരുന്നു.
     ഏതായാലും, ഇക്കാലമത്രയും, നമ്മെ ചൂഷണം ചെയ്ത് നമുക്കു ന്യായമായി ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തിയ വ്യവസായികള്‍ക്കു ന്യായമായ മറുപടി നല്‍കാന്‍ കര്‍ഷകര്‍ തയ്യാറാകേണ്ടിയിരിക്കുന്നു. ഭാഗ്യവശാല്‍, കേരളത്തില്‍ ഫലഭൂയിഷ്ഠമായ മണ്ണുണ്ട്; 365 ദിവസവും 12 മണിക്കൂര്‍ സൂര്യപ്രകാശമുണ്ട്; ഇടവപ്പാതിയും തുലാവര്‍ഷവും നല്‍കുന്ന ജലസമൃദ്ധിയുമുണ്ട്. അതുകൊണ്ടുതന്നെ വൈവിധ്യമുള്ള നിരവധി വിളകള്‍ കൃഷി ചെയ്യാനുള്ള സാഹചര്യങ്ങളുണ്ട്. സാഹസികരും കഠിനാധ്വാനികളുമായ കര്‍ഷകസമൂഹവുമുണ്ട്. ഈ അവസരമുപയോഗിച്ച് നമ്മുടെ റബര്‍ത്തോട്ടങ്ങള്‍ റീപ്ലാന്റു ചെയ്യാന്‍ സമയമാകുമ്പോള്‍ കൂടുതല്‍ ആദായകരമായ മറ്റു വിളകള്‍ കൃഷി ചെയ്യാന്‍ നാം തയ്യാറാകണം.
     പണ്ടു മലേഷ്യയായിരുന്നു റബര്‍ക്കൃഷിയില്‍ ഒന്നാംസ്ഥാനത്ത്. പക്ഷേ, വേണ്ടത്ര ലാഭം കിട്ടുന്നില്ലെന്നു കണ്ടപ്പോള്‍ അവര്‍ മാറിച്ചിന്തിച്ചു. റബര്‍ ഉപേക്ഷിച്ച് എണ്ണപ്പനയിലേക്കാണ് അവര്‍ തിരിഞ്ഞത്. ഇന്നു മലേഷ്യയും ഇന്‍ഡോനേഷ്യയും ഏറ്റവുമധികം പാമോയില്‍ കയറ്റുമതി ചെയ്തു ലാഭം നേടുന്നു. ഇന്ത്യയില്‍ പെട്രോളിയവുംസ്വര്‍ണവും കഴിഞ്ഞാല്‍ ഇറക്കുമതിക്കായി ഏറ്റവും കൂടുതല്‍ വിദേശനാണ്യം നാം ചെലവാക്കുന്നത് പാമോയില്‍ ഇറക്കുമതി ചെയ്യാനാണ്. നമ്മുടെ ഭക്ഷ്യയെണ്ണയുടെ ഉപഭോഗം ആണ്ടുതോറും പെരുകുന്നു. ഈ സാഹചര്യത്തിലാണ്, എണ്ണപ്പനക്കൃഷിക്ക് ക്യാഷ് സബ്‌സിഡി, സൗജന്യനടീല്‍വസ്തുക്കള്‍, സാങ്കേതികോപദേശം എന്നിവ കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്നത്.
     പക്ഷേ, എണ്ണപ്പന നമ്മുടെ മണ്ണില്‍, നമ്മുടെ കാലാവസ്ഥയില്‍ ജലസേചനമില്ലാതെ വളരുമോ? നല്ല ഫലം തരുമോ? ന്യായമായ സംശയമാണ്. കേരളത്തില്‍ 'ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ്' എന്ന പൊതുമേഖലാസ്ഥാപനം കോട്ടയത്ത് കോടിമതയില്‍ ഓഫീസുമായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ പത്തുനാല്പതു കൊല്ലമായി, ഓരോ കൊല്ലവും 20-25 കോടി രൂപ ലാഭം നേടുന്നു. ഈ കമ്പനിക്ക് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയ്ക്കും പുനലൂരിനുമിടയ്ക്ക്  വലിയ എണ്ണപ്പനത്തോട്ടവും ഭക്ഷ്യയെണ്ണശുദ്ധീകരണശാലയുമുണ്ട്. കേരളത്തില്‍ എണ്ണപ്പനക്കൃഷിവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് ഈ കമ്പനിയെയാണ്. ഈ പൊതുമേഖലാസ്ഥാപനംപോലും വന്‍ലാഭം നേടുമ്പോള്‍ കഠിനാധ്വാനികളായ നമ്മുടെ കര്‍ഷകര്‍ ഈ കൃഷിയിലേക്കിറങ്ങിയാല്‍ നല്ല ലാഭം ഉറപ്പാണ്.
എണ്ണപ്പനയോടൊപ്പം, ആദ്യത്തെ മൂന്നു കൊല്ലക്കാലത്ത് പൈനാപ്പിളും ഇടവിളകളായി കൊക്കോയും കൊടിക്കാലില്‍ കുരുമുളകും നമുക്കു കൃഷി ചെയ്യാം. ഈ വിളകള്‍ നാലും  ഒരേസമയം ആദായം തരുന്നതോടൊപ്പം, മൂല്യവര്‍ധിതഉത്പന്നങ്ങള്‍ വന്‍മുതല്‍മുടക്കില്ലാതെ തന്നെ ഉത്പാദിപ്പിക്കാന്‍ സൗകര്യം നല്‍കുന്ന വിളകളുമാണ്. ആദ്യമൂന്നുവര്‍ഷങ്ങളില്‍ പൈനാപ്പിള്‍ നല്‍കുന്ന ലാഭത്തിനുപുറമേ, മൂന്നു കൊല്ലത്തിനകം എണ്ണപ്പനയും കൊക്കോയും കുരുമുളകും നമുക്കു ലാഭം നല്‍കിത്തുടങ്ങുന്നു.
    എണ്ണപ്പനയുടെ പഴക്കുലകള്‍ ശേഖരിച്ച് ഫാക്ടറിയില്‍ എത്തിച്ച് പഴം പിഴിഞ്ഞും, പഴത്തിനുള്ളിലെ  കുരു ചതച്ചും, എണ്ണയെടുത്തു ശുദ്ധീകരിക്കാന്‍ ഫാക്ടറി വേണം. ഒരു ചെറിയ ഫാക്ടറി നല്ല രീതിയില്‍ നടത്താന്‍ ഉദ്ദേശം 2000 ഹെക്ടര്‍ വിസ്തൃതിയില്‍ എണ്ണപ്പനക്കൃഷിയുണ്ടാകണം. അത് 30 കിലോമീറ്റര്‍ ചുറ്റളവിനകത്ത് ഉണ്ടായാല്‍, വിളവെടുത്ത് അധികതാമസമില്ലാതെ പഴക്കുലകള്‍ ഫാക്ടറിയിയിലെത്തിച്ചു സംസ്‌കരിച്ചു കൂടുതല്‍ എണ്ണയെടുക്കാന്‍ കഴിയും. നമുക്കു ഫാക്ടറിയില്ലെങ്കില്‍ 'ഓയില്‍പാം ഇന്ത്യ' കമ്പനിക്കാര്‍ ന്യായവിലയ്ക്കു പഴക്കുല സംഭരിച്ചുകൊള്ളും. പക്ഷേ, കര്‍ഷകരുടെ ഫാക്ടറി കൂടുതല്‍ ലാഭം നേടാന്‍ ആവശ്യമാണ്. ഫാക്ടറിക്ക് 6 കോടി രൂപ ചെലവായാല്‍ രണ്ടു കോടി രൂപയും (മൂന്നിലൊന്ന്) സബ്‌സിഡിയായി ലഭിക്കും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)