കാസര്‍കോട് നീലേശ്വരത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ നടുക്കം വിട്ടുമാറാതെ ഒരു ഗ്രാമംമുഴുവന്‍ തേങ്ങുകയാണ്. അപകടത്തില്‍ പരിക്കേറ്റവരുടെ സംഖ്യ ഇരുന്നൂറിലധികമാണ്. ഇതെഴുതുമ്പോള്‍ പത്തുപേരുടെ നില അതീവഗുരുതരമാണെന്നും കേള്‍ക്കുന്നു. ശരീരമാസകലമുള്ള പൊള്ളലിനെക്കാള്‍ ഭീകരമാണ് അവരുടെയും കൂടപ്പിറപ്പുകളുടെയും മനസ്സിനേറ്റ ആഘാതം. ദീപാവലിക്കു രണ്ടുനാള്‍ മുമ്പേയുണ്ടായ ഈ അപകടം ഉത്സവങ്ങളുടെയും തിരുനാളുകളുടെയും വരവറിയിക്കുന്ന മാസങ്ങളിലേക്കുള്ള ഒരു മുന്നറിയിപ്പായി മാറണം. പൂരങ്ങളെയും പെരുന്നാളുകളെയും പൂര്‍ത്തീകരിക്കുന്നത് വെടിക്കെട്ടാചാരമാണെന്ന പരമ്പരാഗതഭക്തിയില്‍നിന്നു വിമോചിതരാകാന്‍ നീലേശ്വരംദുരന്തം തിരിച്ചറിവു നല്കിയിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവുക്ഷേത്രത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഒക്‌ടോബര്‍ 28) കളിയാട്ടത്തിനിടെയാണ് വെടിക്കെട്ടപകടമുണ്ടാകുന്നത്. അര്‍ധരാത്രി കുളിച്ചുതോറ്റം ചടങ്ങിനിടെ ചൈനീസ് പടക്കങ്ങള്‍ പൊട്ടിച്ചപ്പോഴാണ് തൊട്ടടുത്തു പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്കു തീപ്പൊരി വീണ് വലിയ ദുരന്തത്തിനിടയാക്കിയത്. ഇതിനുള്ള അകലം നൂറു മീറ്ററെങ്കിലും വേണമെന്നിരിക്കേ, ഒന്നരമീറ്റര്‍മാത്രമായിരുന്നു ഉണ്ടായിരുന്നത്. പടക്കം സൂക്ഷിച്ച മുറിയോടു ചേര്‍ന്ന് വരാന്തയില്‍ തെയ്യക്കോലം കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കം ജനം തിങ്ങിക്കൂടിയിരുന്നു. മുറിയില്‍ വെടിമരുന്നു സൂക്ഷിച്ചിരുന്ന വിവരം അവിടെ കൂടിയിരുന്നവരില്‍ പലര്‍ക്കും അറിയില്ലായിരുന്നു. വെടിക്കെട്ടിനു തീ കൊടുക്കുമ്പോള്‍ നല്‍കേണ്ട മുന്നറിയിപ്പുകളും അവിടെയുണ്ടായില്ല.
വെടിമരുന്നുപോലുള്ളവ കൈകാര്യം ചെയ്യുമ്പോഴുണ്ടാവേണ്ട ജാഗ്രത പാലിക്കുന്നതില്‍ സംഘാടകര്‍ക്കു വീഴ്ച സംഭവിച്ചതാണ് അപകടത്തിനു പ്രധാന കാരണം. വെടിക്കെട്ടു നടത്തുന്നതിനോ സ്‌ഫോടകവസ്തു സൂക്ഷിക്കുന്നതിനോ പൊലീസിന്റെയോ അഗ്നിരക്ഷാസേനയുടെയോ അനുമതി വാങ്ങിയിരുന്നില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്.
2016 ഒക്‌ടോബര്‍ 11 നാണ് വെടിക്കെട്ടുനിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എക്‌സ്‌പ്ലോസീവ് ആക്ടില്‍ 35 ഭേദഗതികള്‍ വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. കൊല്ലം പറവൂര്‍ പുറ്റിങ്ങല്‍ക്ഷേത്രത്തില്‍ 114 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണക്കമ്മീഷന്റെ ശിപാര്‍ശകള്‍ പരിഗണിച്ചുള്ള കേന്ദ്രത്തിന്റെ നീക്കം. വെടിക്കെട്ടുസാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലവും വെടിക്കെട്ടു നടത്തുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ അകലം പാലിക്കണമെന്ന നിയന്ത്രണത്തിനെതിരേ വിമര്‍ശനമുയര്‍ത്തിയവരില്‍ സംസ്ഥാനസര്‍ക്കാര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. വിജ്ഞാപനത്തിലെ ദൂരപരിധി കുറയ്ക്കണമെന്ന കാര്യത്തിലുണ്ടായ ചര്‍ച്ചകളില്‍ തീരുമാനമുണ്ടായില്ല. തീ കൊളുത്തുന്ന വെടിക്കെട്ടിനുപകരം ഇലക്ട്രിക്കല്‍ ഇഗ്നിഷന്‍ സംവിധാനം ഏര്‍പ്പെടുത്തുത്തണം എന്നതടക്കമുള്ള ഒട്ടേറെ മാറ്റങ്ങള്‍ ശിപാര്‍ശ ചെയ്തിരുന്നെങ്കിലും ഒന്നിനും തീരുമാനമാകാതെ ഇഴയുകയാണ്.
1952 ല്‍ ശബരിമലയിലെ 68 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ടുദുരന്തം മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തൃപ്പുണിത്തുറ പുതിയ കാവില്‍ വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിച്ചിടത്തുണ്ടായ സ്‌ഫോടനം വരെ ക്ഷേത്ര-പള്ളി പരിസരങ്ങളില്‍ എത്രയോ പേരുടെ ജീവനാണ് പൊലിഞ്ഞുപോയിട്ടുള്ളത്! അപകടകരമായ വെടിക്കെട്ടുമേളകളുടെ സ്ഥാനത്ത് ഡിജിറ്റല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെയും കലാപരിപാടികളുടെയും പുതിയ ട്രെന്‍ഡ് പൊതുവെ സ്വീകാര്യമാണെന്നു തോന്നുന്നു. വെടിക്കെട്ടുകള്‍ ആചാരപ്രധാനമായ ഭക്തിവികാരങ്ങളില്‍ തളയ്ക്കപ്പെട്ടിരിക്കുന്നതുകൊണ്ടാവാം നിയമ-നീതി സംവിധാനങ്ങളൊക്കെ ഇക്കാര്യത്തില്‍ അകലം പാലിച്ചു നില്‍ക്കുന്നത്. വികാരത്തിനപ്പുറം വിവേകത്തിനു പ്രാധാന്യം കൊടുക്കുന്ന കാഴ്ചപ്പാട് നമ്മുടെ സര്‍ക്കാര്‍തലങ്ങളില്‍ ശക്തമാകേണ്ടതുണ്ട്. പഴക്കവും പാരമ്പര്യവുമുള്ള ക്രൈസ്തവദൈവാലയങ്ങളിലടക്കം വെടിക്കെട്ടിനു
നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള സഭാമേലധ്യക്ഷന്മാരുടെ തീരുമാനം ശുഭോദര്‍ക്കമാണ്. അത് ആഘോഷാചാരങ്ങള്‍ക്കപ്പുറം മനുഷ്യജീവനോടുള്ള കരുതലിന്റെ ഭാഗമാണെന്ന് പൊതുസമൂഹം വിലയിരുത്തിയാല്‍ നന്ന്.