•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

കാന്‍സറിനെ ഭയപ്പെടുംമുമ്പ്

   ഇന്ന് മനുഷ്യനെ ഗുരുതരമായി ബാധിക്കുന്ന ഒരു സാമൂഹികവിപത്തായി മാറിയിരിക്കുകയാണ് കാന്‍സര്‍. ഒപ്പംതന്നെ, പ്രമേഹ- കിഡ്‌നിരോഗങ്ങളും സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും നേരത്തേതന്നെ ശ്രദ്ധിച്ചുതുടങ്ങിയാല്‍ ഈ രോഗങ്ങളൊക്കെയും വരാതിരിക്കാനും വന്നാല്‍ത്തന്നെ വരുതിയില്‍ നിറുത്താനും സാധിക്കുമെന്നത് ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രധാന കാര്യമാണ്.
കാന്‍സര്‍രോഗത്തെ സംബന്ധിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഏതാനും കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു: 
  1. ഭക്ഷണംവഴി ശരീരത്തില്‍ എത്തുന്ന പോളി അരോമാറ്റിക് രാസവസ്തുക്കള്‍ ഹൈഡ്രോക്‌സി സംയുക്തങ്ങളായിത്തീര്‍ന്നാല്‍ അവ കാന്‍സര്‍ജനകമായി മാറും. 
   2. പുകയിലയുപയോഗം ഒരു തരത്തിലും പാടില്ല. മുറുക്കും പുകവലിയും ശ്വാസകോശം, സ്തനങ്ങള്‍, വയറ്, ശരീരത്തിനുള്ളിലുള്ള വിവിധസഞ്ചികള്‍, കരള്‍, വായ, ശബ്ദപേടകം, തൊണ്ട, സ്വരനാളങ്ങള്‍, അന്നനാളം, പാന്‍ക്രിയാസ്, വൃക്കകള്‍, ഗര്‍ഭാശയഗളം, ആമാശയം തുടങ്ങിയവയെ ബാധിക്കുകയും ഗുരുതരമായ മൈലോയിഡ് ലുക്കീമിയപോലുള്ള കാന്‍സര്‍ജന്യരോഗങ്ങള്‍ക്കിടയാക്കുകയും ചെയ്യും.
   3. ശരീരഭാരം മിതമായിരിക്കാന്‍ ശ്രദ്ധിക്കുക. പൊണ്ണത്തടിയുള്ളവര്‍ക്ക് ആമാശയകാന്‍സറിനും ആര്‍ത്തവകാലം നിലച്ചവരില്‍ പ്രത്യക്ഷമാവുന്ന സ്തനാര്‍ബുദത്തിനും, മറ്റു സ്ഥാനങ്ങളായ ഗാള്‍ ബ്ലാഡര്‍, വൃക്കകള്‍, കരള്‍, ഈസോഫാഗസ് (അന്നനാളത്തിനു മുകള്‍ഭാഗം), അണ്ഡാശയം, പാന്‍ക്രിയാസ്, പ്രോസ്റ്റേറ്റുഗ്ലാന്‍ഡ്, ആമാശയമുഖം, ഗര്‍ഭാശയം എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറിനും കാരണമാവുന്നു.
പൊണ്ണത്തടിയുള്ളവരുടെ അരച്ചുറ്റളവ് പുരുഷന്മാര്‍ക്ക് 37 ഇഞ്ചിനും സ്ത്രീകള്‍ക്ക് 31.5 ഇഞ്ചിനും താഴെയായിരിക്കണം. മറ്റുള്ളവരില്‍ ആരോഗ്യകരമായ ബിഎംഐ 18.5 - 24.9 പരിധിയില്‍ വരണം.
  4. മദ്യപാനം ഇല്ലെങ്കില്‍ വളരെ നല്ലത്. ഉള്ളവര്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. കാരണം, മദ്യപാനം വായ, മൂര്‍ധാവ്, തൊണ്ടക്കുഴി, അന്നനാളം, കരള്‍, സ്തനം, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന ഏഴിനം കാന്‍സറുകള്‍ക്ക് ഇടയാക്കുന്നു. 
  5. പൂരിതമാക്കപ്പെട്ട സസ്യ എണ്ണകള്‍ ഒഴിവാക്കുക. കാരണം, അവയില്‍നിന്ന് ട്രാന്‍സ് കൊഴുപ്പുകളുണ്ടാകും. കൂടുതല്‍ വറുത്തെടുത്തവ (ഉദാ: പൊട്ടറ്റോ ചിച്‌സ്), പോപ്പ്‌കോണ്‍, ഊര്‍ജദായക മധുരപാനീയങ്ങള്‍ (ഉദാ: കൊക്കക്കോള), ചില ഭക്ഷ്യവസ്തുക്കള്‍ (ഉദാ: പാല്‍ക്കട്ടി, കേക്ക് തുടങ്ങിയവ), ചുവന്നയിനം മാംസങ്ങള്‍ (കാള, പന്നി, ആട്) എന്നിവയും പൂര്‍ണമായും വര്‍ജിക്കേണ്ടതാണ്. വെളുത്തമാംസമുള്ള കോഴി, മീന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവന്നതാണ്.
  6. ഉപ്പിന്റെ ഉപയോഗം ദിവസം ആറുഗ്രാമില്‍ കൂടരുത്. ഉപ്പലിട്ടവയും കഴിവതും ഒഴിവാക്കുക. 
  7. കഫീനുള്ള ഭക്ഷണങ്ങള്‍ അധികമായാല്‍  സ്തനാര്‍ബുദത്തിനിടയാക്കും. സ്തനപരിശോധന നടത്തി ഭക്ഷണം ക്രമീകരിക്കണം. 
  8. മുഴുധാന്യങ്ങളും സസ്യോത്പന്നങ്ങളും കായ്കളും വിവിധയിനം പരിപ്പുകളും പയറിനങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ദിവസവും 400 ഗ്രാം കായ്കളും മറ്റു വിളകളും കഴിച്ചാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, ചിലയിനം കാന്‍സറുകള്‍ എന്നിവ തടയാം.
  9. കനത്തചൂടില്‍ വറുത്തെടുത്തവ (ഉദാ: ഫ്രഞ്ച് ഫ്രൈസ്, പൊരിച്ച ചിക്കന്‍, മീന്‍)തുടരെ കഴിച്ചാല്‍ കാന്‍സറുണ്ടാകും.
  10. കുട്ടികളെ രണ്ടു വയസ്സുവരെയെങ്കിലും മുലപ്പാല്‍ കുടിപ്പിക്കുന്നതും പ്രസവം 25 വയസ്സിനുമുമ്പ് ഉണ്ടാകാതെ ശ്രദ്ധിക്കുന്നതും സ്തനാര്‍ബുദസാധ്യത തടയുന്നു. വണ്ണമുള്ളവര്‍ അതു കൂടാതിരിക്കാന്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ വര്‍ജിക്കണം. വ്യായാമങ്ങളും ശരീരാധ്വാനവും സ്‌നാര്‍ബുദസാധ്യത കുറയ്ക്കുന്നു.
   ന്യൂട്രീഷണല്‍ ഔഷധങ്ങള്‍ നിറഞ്ഞ ഭക്ഷണരീതി കാന്‍സറിനെ തടയുന്നതിന് ഏറെ പ്രയോജനപ്രദമാണ്. ഭക്ഷ്യൗഷധങ്ങളും വ്യായാമവും രോഗപ്രതിരോധകോശങ്ങളായ ബി, റ്റി., എന്‍, എന്‍കെ മാക്രോഫേജുകള്‍ എന്നിവയെ ഉത്തേജിപ്പിക്കുന്നു. തദ്വാരാ സാംക്രമികരോഗങ്ങളെയും മറ്റു രോഗങ്ങളെയും തടയാനാകും. കാന്‍സര്‍ബാധ നേരത്തേ കണ്ടുപിടിച്ചാല്‍ കൃത്യമായ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)