•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

അലിവിന്റെ ആള്‍രൂപം

കാസര്‍കോടുജില്ലയില്‍ പെര്‍ല ഭാഗത്തുള്ള കന്നടിക്കാനായില്‍ ദേവകിയെ (65) മകന്‍ കൃഷ്ണന്‍ (36) അടുത്തുള്ള പുഴയിലെ പെരുവെള്ളത്തിലേക്കു തള്ളിയിട്ട വാര്‍ത്ത മാധ്യമങ്ങളില്‍ വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി! ഒരു മകന്‍ അങ്ങനെ ചെയ്യുമോ?
രാത്രിയില്‍ അമ്മയെ നിര്‍ബന്ധിച്ച് തന്റെ ഭാര്യഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയപ്പോള്‍ ആ മാതൃഹൃദയത്തില്‍ പുത്രസ്‌നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വഴിക്കുവച്ച്, തന്നെ അകാരണമായി പുഴയിലിറക്കിയപ്പോഴും അരുതാത്തതൊന്നും ആ അമ്മ ചിന്തിച്ചില്ല. എങ്കിലും, അതു സംഭവിച്ചു: പുഴയുടെ ആഴങ്ങളിലേക്ക് അവന്‍ അമ്മയെ ഉന്തിയിട്ടു. നിലവിളി കേട്ട് ഉടനടി നാട്ടുകാര്‍ ഓടിക്കൂടിയതുകൊണ്ടു മാത്രമാണ് മരണം കാണാതെ ദേവകി രക്ഷപ്പെട്ടത്.
എന്തൊരു കടുംകൈ ആയിരുന്നു അത്! തെറ്റൊന്നും ചെയ്യാത്ത പെറ്റമ്മയെ അകാരണമായി, കൂലംകുത്തി ഒഴുകിവരുന്ന മലവെള്ളത്തിലേക്കു തള്ളിയിടുക! കൊടുംക്രൂരതയ്ക്കു ''മൃഗീയത'' എന്നു നാം ചിലപ്പോഴൊക്കെ പറയാറുണ്ട്. അതു മൃഗങ്ങളെ പരിഹസിക്കുകയല്ലേ?
എത്രയോ സ്‌നേഹത്തോടും പ്രതീക്ഷയോടുംകൂടിയാണ് ഒരമ്മ തന്റെ കുഞ്ഞിനെ ജനിപ്പിച്ചു വളര്‍ത്തിയെടുക്കുന്നത്? അതുകൊണ്ടുതന്നെ ഏതു ഭാഷയിലെയും ഏറ്റവും ഇമ്പമേറിയ പദം ''അമ്മ'' എന്നതാണ്. അമ്മ എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ പൂജിക്കപ്പെടേണ്ടവള്‍ എന്നത്രേ!
മധുരിമയും മനോഹാരിതയും മുറ്റിനില്ക്കുന്ന അതിലെ 'മകാരം' ഏതാണ്ട് എല്ലാ ഭാഷയിലും പൊതുവാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഇനി മാതൃത്വത്തിന്റെ ആഴങ്ങളിലേക്ക് നമുക്ക് ഒന്നിറങ്ങിനോക്കാം. ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമാണത്. ജീവിതത്തിലെ 'അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരു'മായ വിഭാഗമാണ് മാതാക്കള്‍. ''ഗര്‍ഭിണികളുടെയും മുലകുടിപ്പിക്കുന്നവരുടെയും ദുരിത''ത്തെപ്പറ്റി യേശുതന്നെ  പറയുന്നില്ലേ? അവര്‍ നേരിടേണ്ടിവരുന്ന ശാരീരികവും മാനസികവുമായ ക്ലേശങ്ങളെയാണ് യേശു അര്‍ത്ഥമാക്കിയത്. നീറോ ചക്രവര്‍ത്തി റോമന്‍ സാമ്രാജ്യം ഭരിച്ചിരുന്ന കാലത്തായിരുന്നു യൂദയായിലെ വിപ്ലവം - എ.ഡി. 70 ല്‍. അന്ന് റോമന്‍പട്ടാളക്കാര്‍ യൂദയായിലെ തെരുവീഥികളിലൂടെ ഓടിനടന്ന് കണ്ണില്‍ക്കണ്ടവരെയെല്ലാം അതിദാരുണമായി അരിഞ്ഞുവീഴ്ത്തി. ഓടി രക്ഷപ്പെടാന്‍ കഴിയാത്തതുകൊണ്ട് ഗര്‍ഭിണികളും മുലകുടിപ്പിക്കുന്നവരുമാണ് ഏറ്റവും കൂടുതല്‍ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായത്. യേശു തന്നെ വിശേഷിപ്പിച്ചതുപോലെ, മാതൃത്വം എന്നും ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും മൂര്‍ത്തീഭാവമാണ്.
പഴയ തലമുറകളിലെ മാതൃത്വം ഏറ്റുവാങ്ങേണ്ടിവന്ന പരിമിതികളും പ്രാരബ്ധങ്ങളും  വിവരണാതീതമാണ്. അതിലൊരുവളാണ് ദരിദ്രയായ ദേവകിയും. പട്ടിണി കിടന്നാണ് ആ പാവപ്പെട്ട അമ്മ മകനെ വളര്‍ത്തിയത്.
ജീവിതകാലത്ത് ഇത്രയേറെ വ്യഥയും വേദനയും പേറേണ്ടിവരുന്ന മാതൃത്വത്തിന് ആനുപാതികമായ പ്രതിനന്ദിയും പ്രതിസ്‌നേഹവും ലഭിക്കാറുണ്ടോ? മിക്കപ്പോഴും ദേവകിയുടെ അനുഭവമാണുണ്ടാവുക! വൈധവ്യമാകുമ്പോള്‍, വാര്‍ദ്ധക്യമേറുമ്പോള്‍ അമ്മ ആര്‍ക്കും വേണ്ടാത്തതായിത്തീരുന്നു!
ദേവകിയമ്മയുടെ കാര്യം ഓര്‍ത്തുനോക്കുക! വിറ്റുകാശാക്കുന്നതിലും കടുപ്പമല്ലേ ഒരാളെ കൊന്നു കാശാക്കുന്നത്? കൃഷ്ണന്‍ സൂത്രത്തില്‍ ദേവകിയമ്മയെ മലവെള്ളത്തില്‍ മുക്കിക്കൊല്ലുവാന്‍ മുതിര്‍ന്നതിന്റെ കാരണമാണ് ഏറെ രസാവഹം. കാലവര്‍ഷക്കെടുതികളില്‍പ്പെട്ടു മരിക്കുന്നവരുടെ കുടുംബത്തിനു കിട്ടാവുന്ന ദുരിതാശ്വാസം കൈപ്പറ്റുവാനായിരുന്നത്രേ ആ ക്രൂരകൃത്യം! ഗതകാലസ്മരണകള്‍ ആ അമ്മയെ അലട്ടിയിട്ടുണ്ടാവണം. അവനെ നൊന്തു പ്രസവിച്ചത്, പാലൂട്ടിയത്, പട്ടിണി കിടന്നും പോറ്റിവളര്‍ത്തിയത്, അവന്‍ വളരുന്നതുകണ്ടു നിര്‍വൃതിപൂണ്ടത്!
ഓടിക്കൂടിയ നാട്ടുകാര്‍ കൃഷ്ണനെ 'കൈകാര്യം' ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉടനടി ആ അമ്മ ഇടപെട്ടു: ''അരുതേ, അവനെ ഒന്നും ചെയ്യരുതേ. കുടുംബത്തിന്റെ ദാരിദ്ര്യവും പ്രയാസവുംകൊണ്ട്  അവന്‍ അങ്ങനെ ചെയ്തുപോയതാണ്-അമ്മയോട് ഒരു വിരോധവുമുണ്ടായിട്ടല്ല.''
അലിവിന്റെ ആള്‍രൂപമായ അമ്മ! ക്ഷമിക്കുക മാത്രമല്ല, മകനെ നീതീകരിക്കുകകൂടി ചെയ്യുന്നു!
അലിവും ആര്‍ദ്രതയുമൊക്കെ ദൈവികഗുണങ്ങളാണ്-ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട (ഉത്പത്തി 1:26) മനുഷ്യനുമാത്രം നല്കപ്പെട്ടിരിക്കുന്ന ദൈവികഗുണം! അതാണ് ആ അമ്മയില്‍ നാം കണ്ടത്. മാതൃസ്‌നേഹം പ്രകൃതിയില്‍ വിതച്ചത് സ്രഷ്ടാവുതന്നെയാണ്. ഏറ്റവും നിര്‍മ്മലമായ സ്‌നേഹം അതായിരിക്കണമെന്നും അവിടുന്ന് അഭിലഷിച്ചു. നമ്മോടുള്ള തന്റെ സ്‌നേഹം അവതരിപ്പിക്കുവാന്‍ അവിടുന്നു തിരഞ്ഞെടുത്ത പ്രതീകവും മറ്റൊന്നല്ല. ''ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനെ മറക്കാനാവുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല'' (ഏശയ്യാ 49:15).
മാതൃസ്‌നേഹത്തെയും അതിലൂടെ അനാവരണം ചെയ്യപ്പെടുന്ന ദൈവസ്‌നേഹത്തെയും സ്പര്‍ശിച്ചറിയുവാന്‍ നമുക്കു കഴിയുമാറാകട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)