ജീവിതം മനോഹരമാക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. എന്നാല്‍, ജീവിതം എങ്ങനെയാണു മനോഹരമാകുന്നതെന്ന് പലര്‍ക്കും അറിയില്ല. ജീവിതം മനോഹരമാക്കുന്നതിനുള്ള കാരണങ്ങള്‍ ഓരോരുത്തരും കണ്ടെത്തുന്നത് വ്യത്യസ്തരീതിയിലാണ്. അതുകൊണ്ടുതന്നെ കണ്ടെത്തുന്ന കാരണങ്ങള്‍കൊണ്ട് ജീവിതം മനോഹരമാകണമെന്നുമില്ല. ഒരാള്‍ കണ്ടെത്തുന്ന കാരണമായിരിക്കില്ല മറ്റൊരാളുടേത് എന്നതുകൊണ്ടുതന്നെയാണ് ജീവിതം ഓരോരുത്തര്‍ക്കും ഓരോ രീതിയില്‍ മനോഹരമായി അനുഭവപ്പെടുന്നത്. അതെന്തായാലും ഭൂരിപക്ഷവും കണ്ടെത്തുന്ന ഒരു കാര്യമുണ്ട്. പണം വേണം. പണമുണ്ടെങ്കില്‍ ജീവിതം മനോഹരമാകും. എന്നാല്‍, പണംകൊണ്ടുമാത്രം ജീവിതം മനോഹരമാകുമോ?
മുഹാബ് വെമ്പായം രചിച്ച് സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്ത് പാലാ കമ്മ്യൂണിക്കേഷന്റെ മുപ്പതാമത് നാടകമായി ഫാ. ക്രിസ്റ്റി പന്തലാനി അവതരിപ്പിക്കുന്ന ''ലൈഫ് ഈസ് ബ്യൂട്ടിഫുള്‍'' എന്ന നാടകം അതിനുള്ള ഉത്തരമാണ്. ജീവിതം എപ്പോള്‍ മനോഹരമാകുമെന്നും എങ്ങനെ മനോഹാരിത നഷ്ടമാകുമെന്നും വ്യക്തമാക്കപ്പെടുന്ന നാടകം.
വന്യമൃഗശല്യംമൂലം പൊറുതിമുട്ടുന്ന കര്‍ഷകരുടെ ജീവിതാവസ്ഥകളും നിസ്സഹായതയും അവതരിപ്പിച്ചുകൊണ്ടു തുടങ്ങുന്ന നാടകം പ്രസ്തുതരംഗങ്ങളിലൂടെ വരാനിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്കും ആകാംക്ഷകള്‍ക്കുമാണ് ആരംഭം കുറിക്കുന്നത്. രണ്ടു കുടുംബങ്ങളിലൂടെ ദാമ്പത്യത്തിലെ സ്‌നേഹത്തിന്റെ ഭിന്നമുഖങ്ങളെയും നാടകകൃത്ത് അവതരിപ്പിക്കുന്നു. വരവു നോക്കാതെ ചെലവു ചെയ്യുകയും ലൈക്കും ഷെയറും കിട്ടുകമാത്രമാണു ജീവിതത്തിലെ ലക്ഷ്യമെന്നു തെറ്റിദ്ധരിക്കുകയും ചെയ്യുന്ന, അവരവര്‍ക്കുവേണ്ടി ജീവിക്കാതെ മറ്റുള്ളവരെ അസൂയപ്പെടുത്താനായി വേഷം കെട്ടി ജീവിക്കുന്ന കല്യാണിമാരും, ഭര്‍ത്താവിന്റെ അവസ്ഥയറിഞ്ഞു പെരുമാറുന്ന, അയാള്‍ക്കൊപ്പം അധ്വാനിക്കുന്ന, താന്‍മൂലം ഭര്‍ത്താവിനു ബാധ്യതയുണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ബിന്ദുമാരും നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ഉള്ളവര്‍തന്നെയാണ്. ഊതിവീര്‍പ്പിച്ച പാത്രസൃഷ്ടികളായി അവരെ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നതേയില്ല. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങളില്‍ നാടകീയതയുമില്ല; സാധാരണത്വംമാത്രമേയുള്ളൂ. സ്ത്രീത്വത്തിന്റെ രണ്ടു മുഖങ്ങള്‍ എന്നതിനുപുറമേ ദാമ്പത്യത്തിന്റെ ഭിന്നമുഖങ്ങള്‍ കൂടിയാണ് അവര്‍. പരസ്പരം ഊന്നുവടികളായി നില്ക്കുന്ന ദമ്പതിമാരും മറുവശത്ത് ദാമ്പത്യപ്രണയത്തെക്കാള്‍ മറ്റുപലതിനും പ്രാധാന്യം കൊടുക്കുന്ന ദമ്പതിമാരും. ഇതിനു സമാന്തരമായിട്ടാണ് അമ്മയും രണ്ടു മക്കളുമടങ്ങുന്ന മറ്റൊരു കുടുംബം കടന്നുവരുന്നത്. അവരുടെ ദാരിദ്ര്യാവസ്ഥയ്ക്കും നിസ്സഹായതകള്‍ക്കുമപ്പുറം അവിടെയും പരാമര്‍ശിക്കപ്പെടുന്നത് ദാമ്പത്യത്തിന്റെ ചില ശിഥിലതകള്‍ തന്നെയാണ്. മുപ്പതുവര്‍ഷംമുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരു സ്‌നേഹത്തിന്റെ പിന്നാലെ പോയതിന്റെ പ്രായശ്ചിത്തമെന്നോണം ആ കഥാപാത്രം രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന വലിയൊരു തുകയുടെ പേരിലാണ് നാടകത്തിലെ സംഘര്‍ഷങ്ങള്‍. ബിന്ദുവിലും കല്യാണിയിലുമില്ലാത്ത നാടകീയത മേരിക്കുട്ടിയിലുണ്ടുതാനും. കാരണം, ജീവിതത്തിലെ ഏതൊരു പ്രതികൂലാവസ്ഥയോടും നിഷേധാവസ്ഥയോടും പരാതി പറയാത്തവിധത്തിലുള്ള ആത്മീയത അവര്‍ പ്രകടിപ്പിക്കുന്നു എന്നതാണ്. അത്തരത്തിലുള്ള ആത്മീയതയുള്ള മനുഷ്യര്‍ അപൂര്‍വമാണെങ്കിലും അവരെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ പൊതുബോധത്തിനു പലപ്പോഴും സാധിക്കാറില്ല. അങ്ങനെയാണ് അത്തരം പാത്രചിത്രീകരണങ്ങള്‍ നാടകീയമാകുന്നത്.
പണം എല്ലാവര്‍ക്കും ആവശ്യമാണ് എന്നതിലേറെ അത്യാവശ്യംകൂടിയാണ്. ഗോപിയും കല്യാണിയും ബിന്ദുവും മേരിക്കുട്ടിയും അലോഷ്യസുംമാത്രമല്ല, പാച്ചുപിള്ളയും ചെട്ടിയാരും റേഞ്ചോഫീസറുംവരെ പണം എന്ന ഏകവിഷയവുമായി ബന്ധപ്പെട്ടു മുന്നോട്ടുപോകുന്നവരാണ്. അങ്ങനെയാണ് നാടകത്തിന്റെ അന്തര്‍ധാരതന്നെ പണമായി മാറുന്നത്. പണം ഒരിടത്തും സ്ഥിരമായി നില്ക്കുന്നില്ല അത് ഓരോരുത്തരുടെ കൈകളിലൂടെ വഴുതിപ്പോയിക്കൊണ്ടിരിക്കുകയാണ്. ഇന്നു പണം വരുമ്പോള്‍ നമ്മള്‍ ഏറ്റവും സമ്പന്നരാകുന്നു. നാളെയതു പൊയ്പ്പോകുമ്പോള്‍ ദരിദ്രരും. പണത്തെ നോക്കി ഒരാളുടെ വില നിശ്ചയിക്കാനാവില്ല; മറിച്ച്, അവര്‍ പുലര്‍ത്തുന്ന മൂല്യബോധമാണു പ്രധാനപ്പെട്ടതാകുന്നത്. പണം വരികയും പോകുകയും ചെയ്യുമ്പോഴും ആത്മാര്‍ഥ സ്നേഹബന്ധങ്ങളെ പിരിയാതെ സൂക്ഷിക്കുക.
സ്‌നേഹബന്ധങ്ങളെ ശിഥിലമാക്കാനും തെറ്റിദ്ധരിക്കാനും അകറ്റാനും പണം പലപ്പോഴും കാരണമാകുന്നുണ്ട്. അര്‍ഹിക്കാതെയും അധ്വാനിക്കാതെയും കൈവശംവരുന്ന പണം വന്നതുപോലെതന്നെ പോകുകയാണു പതിവ്. കാരണം, അവര്‍ക്കു പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ല. എല്ലാവരും തുല്യജീവിതത്തിന് അര്‍ഹരാണെങ്കിലും തുല്യജോലിക്ക് അര്‍ഹരല്ല എന്നാണല്ലോ പറയപ്പെടുന്നത്. അതുപോലെ, പണം എല്ലാവര്‍ക്കും ആവശ്യമാണെങ്കിലും അത് ചിലരുടെ കൈകളിലെത്തുമ്പോഴാണ് കൂടുതല്‍ മൂല്യവും അര്‍ഥവും ഉണ്ടാകുന്നത്. അലോഷ്യസിന്റെ കൈകളിലെത്താതെ കല്യാണിയുടെ കൈകളിലാണ് പണം വന്നുചേരുന്നതെന്നു വിചാരിക്കുക. ആ പണത്തിനു സംഭവിക്കാവുന്നതു നാടകം കണ്ട പ്രേക്ഷകന് ഊഹിക്കാവുന്നതേയുള്ളൂ.
അതുപോലെതന്നെ ഇല്ലാത്തവരുമായി, പ്രത്യേകിച്ച് അത്യാവശ്യക്കാരുമായി പങ്കുവയ്ക്കേണ്ടതുകൂടിയാണ് പണം എന്നതും നാടകം എടുത്തുപറയുന്ന മറ്റൊരു ആശയമാണ്. സമ്പന്നര്‍ പണം വീണ്ടും വീണ്ടും സ്വരുക്കൂട്ടാനായി ശ്രമിക്കുമ്പോള്‍, ഉള്ളതില്‍നിന്ന് ഇല്ലാത്തവരുമായി പങ്കുവയ്ക്കാന്‍ തയ്യാറാകുന്നത് സാധാരണക്കാരാണെന്ന് മേരിക്കുട്ടിയും അലോഷ്യസും വ്യക്തമാക്കുന്നുണ്ട്. പണത്തിനും മീതെ നില്ക്കുന്ന മൂല്യങ്ങളെക്കുറിച്ചും പണംമൂലം വന്നുപെടാവുന്ന അനര്‍ഥങ്ങളെക്കുറിച്ചും സാധാരണക്കാരെ ഒരു വീണ്ടുവിചാരത്തിന് ഈ നാടകം പ്രേരിപ്പിക്കുന്നുണ്ട് എന്നു പറയാതെവയ്യ. ചുരുക്കത്തില്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയില്‍ പറയുന്നതുപോലെ, കുലീനവും പൗരാണികവുമായ നാടകകലവഴി പ്രേക്ഷകരുടെ പെരുമാറ്റവും സമ്പ്രദായങ്ങളും രൂപവത്കരിക്കാന്‍ ശ്രമിക്കുന്ന നാടകമാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍.
നാടകങ്ങള്‍ സിനിമയെ വെല്ലുന്ന രീതിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നാടകംകൂടിയാണിത്. പത്തോ മുപ്പതോ വര്‍ഷംമുമ്പ് അവതരിപ്പിക്കപ്പെട്ടിരുന്നതുപോലെയുള്ള നാടകങ്ങളല്ല ഇന്നത്തെക്കാലത്ത് അരങ്ങേറുന്നത്. സാങ്കേതികതയുടെ സാധ്യതകളെ കൂടുതല്‍ ആശ്രയിക്കുന്നതിനൊപ്പംതന്നെ, കഥ പറയുന്ന രീതി സിനിമാറ്റിക് ആക്കാനും അവിടെ ശ്രദ്ധ കൊടുക്കുന്നുണ്ട്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ഇത്തരത്തിലുള്ള നാടകമാണ്. ഇടയ്ക്ക് വെറുതേ ചിരിക്കാനും കണ്ണുനിറയ്ക്കാനും ചിന്തിപ്പിക്കാനുമൊക്കെയുള്ള വകകളും ഇതിലുണ്ട്. അക്കാരണത്താല്‍ത്തന്നെ, പൂരപ്പറമ്പുകളെയും ഗ്രൂപ്പുകളെയും ഈ നാടകം രസിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഇനി നാടകം കണ്ടിട്ട് അവര്‍ തീരുമാനിക്കട്ടെ ലൈഫ് ബ്യൂട്ടിഫുള്‍ ആണോയെന്ന്!