''അച്ചന് വന്നിട്ട് ആഴ്ച രണ്ടു കഴിഞ്ഞല്ലോ! എന്നിട്ടും അങ്ങോട്ടൊന്നിറങ്ങിയില്ലല്ലോ! അച്ചന്മാര്‍ മാറിവരുമ്പോള്‍ ആദ്യം വീട്ടില്‍ വരികയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പതിവുണ്ട്.'' ഈനാച്ചന്‍ പറഞ്ഞു നിര്‍ത്തി. ''അതിന് അച്ചന്മാര്‍ പഞ്ഞംകെട്ടല്ലല്ലോ വരുന്നത്'' അച്ചന്റെ ആത്മഗതം. എന്തായാലും പ്രതികരിച്ചു: ''ഞാന്‍ വരാമല്ലോ. എല്ലാ വീടുകളും ഞാന്‍ സന്ദര്‍ശിക്കും. ആദ്യം പള്ളിയുടെ രേഖകളൊക്കെയൊന്നു പരിശോധിച്ചും പള്ളിയില്‍ വരുന്നവരുമായി സംസാരിച്ചുമൊക്കെ ഇടവകയെപ്പറ്റി സാമാന്യമായ ഒരറിവു തേടും. അതിനുശേഷമാണ് ഭവനസന്ദര്‍ശനം പതിവ്.''
''അച്ചന്റെ പതിവൊന്നും തെറ്റിക്കണ്ടാ. എന്റെ മോള്‍ അമേരിക്കയില്‍നിന്നു വന്നിട്ടുണ്ട്. അവള്‍ക്ക് അവധി അധികമില്ല. അതുകൊണ്ട് വൈകുന്നേരം അച്ചന്‍ വീട്ടിലോളം വരണം.''
'അമേരിക്കയില്‍നിന്നു വന്ന മകള്‍ പള്ളീല്‍ വന്ന് അച്ചനെ കാണണോ, അച്ചന്‍ അവളെ വീട്ടില്‍ച്ചെന്നു കാണണോ?' അച്ചന്റെ ആത്മഗതം.
''ഞാന്‍ വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍ അതിലേ വന്നുകൊള്ളാം.'' അച്ചന്‍ പറഞ്ഞു.
''അയ്യോ! അതുവേണ്ടാ; ഞാന്‍ വണ്ടിയുമായി വന്നോളാം.'' ഈനാച്ചന്റെ ഔദാര്യം.
''എപ്പഴാ?'' അച്ചന്‍ ചോദിച്ചു.
''ഒരു എട്ടുമണി ആയിക്കോട്ടെ: അത്താഴം അവിടെ കഴിക്കാം.''
''ഈശോയും ധനവാന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയിട്ടുണ്ടല്ലോ.'' അച്ചന്‍ മനസ്സിലോര്‍ത്തു.
''ശരി, വന്നേക്കാം.'' അച്ഛന്‍ സമ്മതിച്ചു. ഈനാച്ചന്‍ പോയി.
പറഞ്ഞതുപോലെ, ഷാര്‍പ്പ് എട്ടുമണി; വണ്ടി വന്നു. അച്ചനിറങ്ങി. ഈനാച്ചന്‍ ഡോര്‍ തുറന്ന് അച്ചനെ കാറില്‍ കയറ്റി. വീട്ടിലെത്തി. ഈനാച്ചന്റെ ഭാര്യ ഈത്തമ്മയും മോളും ഇറങ്ങിവന്നു. കൈകൂപ്പി, സ്തുതി ചൊല്ലി, അച്ചനെ എതിരേറ്റു. നേരേ ഡൈനിങ് ഹാളിലേക്ക് ആനയിച്ചു. പത്രോസ് ദര്‍ശനത്തില്‍ക്കളെയുംപോലെ ഭൂമിയിലെ നാല്ക്കാലിമൃഗങ്ങളും ഇഴജന്തുക്കളുമെല്ലാം മേശയില്‍ നിരന്നിരിക്കുന്നു. അറുത്തു ഭക്ഷിക്കണ്ടാ; അറുത്തും വറത്തും പൊരിച്ചും കറിവച്ചുമൊക്കെയായിട്ടാണ് എല്ലാം ഇരിക്കുന്നത്. ഇനി കഴിച്ചാല്‍ മതി. പക്ഷേ, അശരീരിയൊന്നും ഉണ്ടായില്ല. ഒപ്പമിരുന്ന കുപ്പിയുടെ അടപ്പു തുറക്കാന്‍ ഈനാച്ചന്‍ തുടങ്ങി. ''ഞാന്‍ ഇതൊന്നും കഴിക്കേല! മാത്രമല്ല, ഞാന്‍ ലഹരിവിരുദ്ധപ്രവര്‍ത്തകന്‍കൂടിയാണ്.''
''അച്ചോ, അഡിക്ടാകാതിരുന്നാല്‍ മതി; വല്ലപ്പോഴും ഒന്നു കഴിക്കാമെന്നേ.''
''ഒരിക്കലും പാടില്ല, വല്ലപ്പോഴും എന്നു പറഞ്ഞ് തുടങ്ങും; പിന്നെ അഡിക്ടായിപ്പോകും. ഇങ്ങനെ എത്ര കുടുംബങ്ങളാണു നശിച്ചുപോകുന്നത്!''
''അച്ചന്‍ പിന്നെന്താ കഴിക്കുന്നേ?''
''അത്താഴത്തിനു കഞ്ഞിയാണു പതിവ്. അല്ലെങ്കില്‍ രണ്ടു ചപ്പാത്തിയും വെജിറ്റബിള്‍സും.'' ഈത്തമ്മ ആകെ പരുങ്ങലിലായി.
''അച്ചോ, ചപ്പാത്തിയുണ്ട്; വെജിറ്റബിള്‍സ്... ഉടനെ ശരിയാക്കാം.'' പറഞ്ഞമാത്ര, വെജിറ്റബിള്‍സുമായി മകളെത്തി.
അച്ചന്‍ അതു കഴിച്ചു.
അപ്പോഴിതാ കപ്യാരുടെ ഫോണ്‍: ''അച്ചോ, ആ ഔസേപ്പച്ചനു കൂടുതലാണെന്നും പറഞ്ഞു മകന്‍ വന്നിട്ടുണ്ട്.''
''നീ നിന്റെ ഓട്ടോയുമായി ഈനാച്ചന്റെ വീട്ടിലേക്കു പോരെ...'' പറഞ്ഞനേരംകൊണ്ട് കപ്യാര്‍ ഓട്ടോയുമായി വന്നുകഴിഞ്ഞു; അച്ചന്‍ പോകാനിറങ്ങി.
''അതിയാനതു കുളമാക്കി.'' ഈനാച്ചന്‍ പിറുപിറുത്തു. അതിനിടെ കപ്യാരുടെ കണ്ണ് മേശപ്പുറത്തൊന്നുടക്കി. ഊറിവന്ന ഉമിനീര് വിഴുങ്ങി അവന്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു.
ഔസേപ്പിന് ഒപ്രുശുമാ കൊടുത്തു തിരിച്ചെത്തിയ അച്ചനെ പള്ളിമുറിയില്‍ കേറ്റിവിട്ടിട്ടു കപ്യാര്‍ കുഞ്ഞുമോന്‍ ഈനാച്ചന്റെ വീട്ടില്‍ പറന്നെത്തി. താടിക്കു കൈയും കൊടുത്തിരുന്ന ഈനാച്ചന്റെ അടുത്തു ചെന്നുനിന്നു. ''നീ ഇരിയടാ'' കുഞ്ഞുമോന്‍ ഭവ്യതയോടെ ആജ്ഞയനുസരിച്ചു. തുറന്ന കുപ്പിയും മേശയിലുണ്ടായിരുന്നതുമെല്ലാം അവന്റെ നേര്‍ക്കു നീക്കിവച്ചു. കുഞ്ഞുമോന്‍ ആര്‍ത്തിയോടും ആക്രാന്തത്തോടുംകൂടി എല്ലാം അകത്താക്കി. രണ്ടുപേരും ഫിറ്റായി. നാവു രണ്ടുപേരുടെയും കുഴയുന്നുണ്ടെങ്കിലും വാചാലരായി. അച്ചനെപ്പറ്റി ഇതിനോടകം ശേഖരിച്ച ഡേറ്റയെല്ലാം അവന്‍ അക്കമിട്ടു നിരത്തി. ഈനാച്ചനു ലഭിച്ചിരുന്ന ഡേറ്റയ്ക്കു പുറമേ, കുഞ്ഞുമോന്‍ കൊടുത്ത വിവരങ്ങളും ഈനാച്ചന്‍ കണ്‍സോളിഡേറ്റു ചെയ്തു മനസ്സില്‍ കുറിച്ചിട്ടു.
പിറ്റേന്നു രാവിലെ പള്ളീല്‍ വന്ന ഈത്തമ്മ അച്ചനെ കാണാന്‍ വന്നു. ഈനാച്ചന്റെ വിവരങ്ങളെല്ലാം ധരിപ്പിച്ചു. കുടിച്ചു കുടിച്ചു ചങ്കും കരളും മിക്കവാറും എല്ലാം പരുവത്തിലായി. ബൈപ്പാസും കഴിഞ്ഞിരിക്കയാണ്. ഡോക്ടര്‍മാര്‍ കര്‍ശനമായി പറഞ്ഞിട്ടുള്ളതാണു കുടിക്കരുതെന്ന്. ബ്ലെയിഡ് നടത്തി കാശുണ്ടാക്കുന്നു. രാവിലെ പോയാല്‍ സന്ധ്യ കഴിഞ്ഞേ വരൂ... പള്ളീല്‍ പോകേല. കുമ്പസാരോമില്ല, കുര്‍ബാനേമില്ല. പള്ളീപോയാലും അകത്തു കേറുകേല... ഈത്തമ്മയുടെ കണ്ണുനിറഞ്ഞു! അച്ചന്‍ ആശ്വസിപ്പിച്ച്, തലേല്‍ കൈവച്ചു പ്രാര്‍ഥിച്ച് പറഞ്ഞയച്ചു.
പിറ്റേ ഞായറാഴ്ച അച്ചന്‍ കുര്‍ബാനമധ്യേ, പള്ളിക്കു പുറത്തും മോണ്ടളത്തിലും നില്ക്കുന്നവര്‍ അകത്തുകയറി പ്രാര്‍ഥനയില്‍ പങ്കുചേരാന്‍ പറഞ്ഞു. മിക്കവാറും എല്ലാവരും അനുസരിച്ചു. ഈനാച്ചന്‍ പതിവിനു വിരുദ്ധമായി പള്ളീല്‍ എത്തിയിരുന്നു. പതിവുപോലെ മോണ്ടളത്തില്‍ ഇരിപ്പുറപ്പിച്ചിരുന്നു. പറഞ്ഞ കാര്യത്തിന് അച്ചന്‍ ഒരു വിശദീകരണവും കൊടുത്തിരുന്നു. കുഞ്ഞുങ്ങളുമായി വരുന്നവരും കുഞ്ഞുങ്ങളെ പാലൂട്ടുന്ന സ്ത്രീകളുമൊക്കെ അവിടെ ഇരിക്കട്ടെ. പുരുഷന്മാര്‍ അവിടെ നില്ക്കുന്നതുചിതമല്ല. അപ്പോള്‍, ചിലരെല്ലാം പിറകോട്ടു തിരിഞ്ഞുനോക്കി. അവിടെയിരിക്കുന്ന ഏകപുരുഷന്‍ ഈനാച്ചന്‍മാത്രം! ഈനാച്ചന്‍ ഇറങ്ങി സ്ഥലം വിട്ടു. ഇതു വാര്‍ത്തയായി...! ഈനാച്ചന്‍ കട്ടക്കലിപ്പിലായി...
പിറ്റേ ഞായറാഴ്ച മദ്യവര്‍ജനം സംബന്ധിച്ച അഭിവന്ദ്യപിതാവിന്റെ കല്പനയുണ്ടായിരുന്നു. അതു വായിച്ച കൂട്ടത്തില്‍, മദ്യം, മയക്കുമരുന്ന് ഇവയുടെ ഉപയോഗം നിമിത്തമുള്ള കെടുതികളെപ്പറ്റി അച്ചന്‍ സ്വന്തമായി ഒരു വിശദീകരണവും നല്കി. കൂടാതെ, ലഹരിക്ക് അഡിക്ട് ആയവരെ, ആരും അറിയാതെ 'റീഹാബിലിറ്റേഷന്‍' സെന്ററില്‍ എത്തിക്കാനുള്ള ക്രമീകരണം അച്ചന്‍ നേരിട്ടു നല്കാമെന്നും പറഞ്ഞു. കുര്‍ബാന കഴിഞ്ഞു പള്ളീന്നിറങ്ങിയവരുടെ ചര്‍ച്ച ഇടവകയില്‍ അഡിക്ട് ആയിട്ടുള്ളവരെപ്പറ്റിയായിരുന്നു. സ്വാഭാവികമായും ഈനാച്ചന്‍ പ്രധാന കഥാപാത്രമായി...! വിഷയം ഈനാച്ചന്റെ ചെവിയിലെത്തി.
''ഇയാളെ ഇവിടുന്നു പൊക്കാതെ പറ്റില്ലല്ലോ.'' ഈനാച്ചന്‍ പതിവുപോലെ കരുക്കള്‍ നീക്കാന്‍ തീരുമാനിച്ചു.
ഇതിനിടെ ഒരു വാര്‍ത്ത. ''വികാരിയച്ചന്റെ മുറിയില്‍ ബ്രാണ്ടിക്കുപ്പി.'' വാര്‍ത്ത വൈറലായി. വികാരിയച്ചന്റെ ചെവിയിലും ഇതെത്തി. അച്ചന്‍ പള്ളിയില്‍ കയറി ഒരു മണിക്കൂര്‍ ആരാധന നടത്തി. ഇറങ്ങി വന്നപാടേ, മുറിയില്‍ ഒരു പരിശോധന നടത്തി. ശത്രുക്കള്‍ വല്ലവരും കൊണ്ടുവന്നു വച്ചതാണോ? പക്ഷേ, ഒന്നും കണ്ടില്ല.
സംഭവം ഇങ്ങനെ: തൂപ്പുകാരന്‍ മാത്തു മുറി അടിച്ചുവാരി ബാത്ത്‌റൂമില്‍ നോക്കിയപ്പോള്‍ ഒരു കുപ്പി ഇരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ പാതി കാലിയായ ഒരു ബ്രാണ്ടിക്കുപ്പി! ഇക്കാര്യം രഹസ്യമായി കപ്യാര്‍ കുഞ്ഞുമോനോടു പറഞ്ഞു. കുഞ്ഞുമോന്‍ ഉടനെതന്നെ വാര്‍ത്ത ഈനാച്ചനു കൊടുത്തു. ഈനാച്ചനത് ആവശ്യത്തിനുള്ള മാറ്ററായി! അഡീഷണലായിട്ട്, കുഞ്ഞുമോന്‍ ഒരു ദൃക്‌സാക്ഷിയാകാനും തീരുമാനിച്ചു. ഈനാച്ചന്റെ വീട്ടില്‍നിന്ന് ഒരു ബ്രാണ്ടിക്കുപ്പി കൊണ്ടുവന്ന് തൊണ്ടിമുതലായി കുഞ്ഞുമോന്‍ അവതരിപ്പിച്ചു. ഈനാച്ചന്‍ തന്റെ എഡിസി ഈപ്പച്ചനെ വിളിച്ചു. രണ്ടുപേരും ചേര്‍ന്നു കിട്ടിയ ഡേറ്റാകളുടെ അടിസ്ഥാനത്തില്‍ ഒരു പിതൃരഹിതലഘുലേഖ ശരിയാക്കി. തലക്കെട്ട്: ''മദ്യവര്‍ജനപ്രവര്‍ത്തകന്‍ വികാരിയുടെ മുറിയില്‍ ബ്രാണ്ടിക്കുപ്പി.'' പിറ്റേ ഞായറാഴ്ച പള്ളിമുറ്റം നിറയെ ലഘുലേഖ! സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ ഒരെണ്ണം വികാരിയച്ചനു കൊണ്ടുപോയി കൊടുത്തു. അച്ചന്‍ ആകെ വിളറി...! പള്ളിയില്‍ കയറി കര്‍ത്താവിനോടു വിവരം പറഞ്ഞു... അറിയാതെ കണ്ണുനിറഞ്ഞു. പള്ളിമുറിയിലെത്തി ആലോചനയില്‍ മുഴുകി. പെട്ടെന്ന് ഒരു തോന്നല്‍, അച്ചന്‍ ബാത്ത്‌റൂമില്‍ക്കേറി നോക്കിയപ്പോള്‍ തന്റെ കുഴമ്പിരിക്കുന്നത് ബ്രാണ്ടിയുടെ ലേബലുള്ള കുപ്പിയാണെന്നു മനസ്സിലാക്കി. ഇനി എന്താ ചെയ്ക?
അച്ചന് ഒരു ബുദ്ധി തോന്നി. തൂപ്പുകാരന്‍ മാത്തുവിനെ വിളിച്ചു പറഞ്ഞു: എടാ മാത്തു, ഞാന്‍ നടുവേദനയ്ക്കു വാങ്ങിയ കുഴമ്പ് ബാക്കിവന്നതു ബാത്ത് റൂമിലിരിപ്പുണ്ട്. എന്റെ നടുവേദന മാറി; നിനക്കു വേണമെങ്കില്‍ കൊണ്ടുപൊയ്‌ക്കോ...! മാത്തു സന്തോഷപൂര്‍വം കുപ്പിയെടുത്തു പുറത്തിറങ്ങി. മണത്തുനോക്കിയപ്പോഴാണു വിവരം മനസ്സിലായത്. ഈ വാര്‍ത്ത കൈക്കാരന്മാരോടു പറഞ്ഞു. ഏതായാലും ആ വാര്‍ത്തയും വൈറലായി. അച്ചന്‍ ഒരുവിധത്തില്‍ രക്ഷപ്പെട്ടു.
ഒരു മാസം കഴിയുന്നതിനുമുമ്പ് ഇതാ, അടുത്ത പിതൃരഹിതലഘുലേഖ: ''കൗണ്‍സലിങ്ങിന്റെ പേരില്‍ പള്ളിമേടയില്‍ അനാശാസ്യം!'' അതിന്റെ വിതരണവും ഞായറാഴ്ചതന്നെ! അച്ചന്‍ ആകെ വിഷമിച്ചു. അഭിവന്ദ്യപിതാവിനോടു പറഞ്ഞു സ്ഥലംമാറ്റം വാങ്ങിയാലോ... പതിവിന്‍പടി അച്ചന്‍ പള്ളിയില്‍ കയറി ഒരു മണിക്കൂര്‍ ആരാധന നടത്തി.
ഇറങ്ങി വന്നപ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നതുകേട്ടു ചെന്നു നോക്കി. ഈനാച്ചന്റെ ഭാര്യ ഈത്തമ്മയുടേതായിരുന്നു ഫോണ്‍. നിലവിളിച്ചുകൊണ്ടാണ് ഈത്തമ്മ സംസാരിക്കുന്നത്. ഈനാച്ചന്‍ അറ്റായ്ക്കായിട്ട് ഐസിയുവിലാണ്.
''അച്ചാ വേഗം വരണേ... വണ്ടി വിട്ടേക്കാം.''
''വേണ്ട. ഞാന്‍ ബൈക്കിനെത്തിക്കൊള്ളാം'' അച്ചന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു... നിമിഷങ്ങള്‍ക്കകം ആശുപത്രിയിലെത്തി.
ഈത്തമ്മയും ഈപ്പച്ചനും ഐസിയുവിന്റെ പുറത്തിരിപ്പുണ്ട്.
''അച്ചോ, എങ്ങനെയെങ്കിലും ഒന്നു കുമ്പസാരിപ്പിക്കണേ...'' അല്പം ആലോചിച്ചശേഷം അച്ചന്‍ നേരേ പോയി ഡോക്ടറെക്കണ്ടു വിവരം തിരക്കി. രക്ഷപ്പെടാനുള്ള ഒരു സാധ്യതയുമില്ല. ഡോക്ടര്‍ തീര്‍ത്തുപറഞ്ഞു. അച്ചന് സന്ദര്‍ശിക്കാനുള്ള അനുവാദവും കൊടുത്തു. അകത്തു കടന്നു. അച്ചന്‍ ശാന്തമായി ഈനാച്ചനോടു സംസാരിച്ചു. ''അന്ത്യകൂദാശയൊന്നും ഇപ്പോള്‍ വേണ്ടച്ചാ; അതിനൊന്നുമുള്ള സമയമായില്ല.''
''അന്ത്യകൂദാശയല്ല, രോഗീലേപനമാണ്; രോഗം സൗഖ്യമാകാനുള്ള പ്രാര്‍ഥനയാണ്. ഞാന്‍ കുമ്പസാരിപ്പിക്കട്ടെ. പരി. കുര്‍ബാന സ്വീകരിച്ച് നമുക്ക് ഒരുങ്ങിയിരിക്കാം.''
ഒരു വിധത്തില്‍ സമ്മതിപ്പിച്ച്, കുമ്പസാരിപ്പിച്ച്, രോഗീലേപനവും കൊടുത്തു പുറത്തിറങ്ങി. അറിയിക്കാനുള്ളവരെയൊക്കെ അറിയിച്ചു കൊള്ളാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നു. രോഗിയുടെ അടുത്ത ബന്ധുക്കള്‍ മാത്രം അകത്തു കടന്നോളാന്‍ ഡോക്ടര്‍ അനുവാദവും കൊടുത്തു. ഈത്തമ്മയും ഈപ്പച്ചനും ഈനാച്ചന്റെ പെങ്ങളും അകത്തു കയറി.
ഈപ്പച്ചന്‍ ചോദിച്ചു: ''ഈനാച്ചാ, സീരിയസാണ്. എന്തെങ്കിലും ആഗ്രഹമുണ്ടോ?''
ഈനാച്ചന്‍ ആംഗ്യം കാണിച്ചു.
കാര്യം മനസ്സിലാക്കിയ ഈപ്പച്ചന്‍ ഓടി ഡോക്ടറുടെ അടുത്തെത്തി. അന്തിമാഭിലാഷം സാധിച്ചുകൊടുത്തോട്ടെ എന്നുചോദിച്ചു. ഡോക്ടര്‍ അനുവദിച്ചു. ഈപ്പച്ചന്‍ ഓടിച്ചെന്ന് ഒരു സ്‌മോള്‍ പൊട്ടിച്ചു വായില്‍ ഒഴിച്ചുകൊടുത്തു. അതിറക്കി... ഈനാച്ചന്‍ കണ്ണടച്ചു! പിന്നെ തുറന്നില്ല...!
ബാക്കി കാര്യങ്ങള്‍ക്കെല്ലാം നേതൃത്വം വഹിച്ചത് ഈപ്പച്ചനാണ്. ഈപ്പച്ചന്‍ 'സൂര്യോദയം' പത്രത്തിന്റെ ഏജന്റിനെ വിളിച്ച്, വാര്‍ത്ത പത്രങ്ങള്‍ക്കെല്ലാം കൊടുക്കാന്‍ പറഞ്ഞു. പിറ്റേന്ന് എല്ലാ പത്രങ്ങളിലും ഫോട്ടോയും വാര്‍ത്തയും വന്നു. വാര്‍ത്ത: ''പ്രമുഖവ്യാപാരി ഇരുട്ടുകണ്ടത്തില്‍ ഈനാച്ചന്‍ അന്ത്യത്തിനടുത്തതെല്ലാം സുബോധത്തോടെ സ്വീകരിച്ച് ഭാഗ്യമരണം പ്രാപിച്ചവിവരം 'ഖേദപൂര്‍വം' അറിയിക്കുന്നു!