ദിവ്യകാരുണ്യഭക്തിയുടെ പ്രചാരണത്തിനായി ജീവിതം സമര്‍പ്പിക്കുകയും പതിനഞ്ചാം വയസ്സില്‍ മരണമടയുകയും ചെയ്ത വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസ് വിശുദ്ധപദവിയിലേക്ക്. വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെ മധ്യസ്ഥതയില്‍ നടന്ന അദ്ഭുതത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പാ അംഗീകാരം നല്‍കിയതായി കാത്തലിക് ന്യൂസ് ഏജന്‍സി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതോടെ കാര്‍ളോയെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായാണു വിവരം. ആഗോളകത്തോലിക്കാസഭ ജൂബിലിവര്‍ഷമായി ആചരിക്കുന്ന 2025 ല്‍ കാര്‍ളോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
1991 മേയ് മൂന്നിന് ലണ്ടനിലാണ് കാര്‍ളോയുടെ ജനനം. കംപ്യൂട്ടര്‍ - ഇന്റര്‍നെറ്റ് സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതീവ തത്പരനായിരുന്നു കാര്‍ളോ. ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ ബൃഹത്തായ ഓണ്‍ലൈന്‍ ശേഖരംതന്നെ ചെറിയ പ്രായത്തിനുള്ളില്‍ കാര്‍ളോ സജ്ജീകരിച്ചിരുന്നു. പതിനൊന്നാം വയസ്സില്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടി.
കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളില്‍ നടന്നു. ദിവ്യകാരുണ്യ അദ്ഭുതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസനവീകരണത്തിനും ആയിരങ്ങള്‍ക്ക് ഇതു സഹായകരമായിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യഭക്തിലേക്ക് ആനയിച്ചതിനുശേഷമാണ് 2006 ഒക്ടോബര്‍ 12 ന് പതിനഞ്ചാം വയസ്സില്‍ ലുക്കീമിയ ബാധിച്ചാണ് കാര്‍ളോയുടെ മരണം.
വിശുദ്ധപദവിയിലേക്ക് വഴിത്തിരിവായ അദ്ഭുതം
2022 ല്‍ ഫ്ളോറന്‍സില്‍വച്ച് സൈക്കിള്‍ അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് മരണത്തോടടുത്ത കോസ്റ്റാറിക്കയില്നിന്നുള്ള വലേറിയ വാല്‍വെര്‍ഡെ എന്ന പെണ്‍കുട്ടിക്ക് കാര്‍ളോയുടെ മധ്യസ്ഥതയാല്‍ നടന്ന അദ്ഭുതകരമായ രോഗശാന്തിക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പാ അംഗീകാരം നല്കിയിരിക്കു
ന്നത്. പെണ്‍കുട്ടിക്ക് അടിയന്തരമായി നടത്തിയ ക്രാനിയോടോമി സര്‍ജറിക്കുശേഷവും അവളുടെ അവസ്ഥ വളരെ ഗുരുതരമായിരുന്നു. അപകടത്തിന് ആറു ദിവസത്തിനുശേഷം, വലേറിയയുടെ അമ്മ അസ്സീസിയിലെത്തി വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെ ശവകുടീരത്തില്‍ തന്റെ മകളുടെ രോഗശാന്തിക്കായി മാധ്യസ്ഥ്യം യാചിച്ചു പ്രാര്‍ഥിച്ചു.
അന്നുതന്നെ, വലേറിയയില്‍ അദ്ഭുതകരമായ മാറ്റങ്ങള്‍ പ്രകടമായി. മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്താല്‍ ജീവന് നിലനിര്‍ത്തിയിരുന്ന അവളില്‍ പെട്ടെന്നുതന്നെ മാറ്റം കണ്ടുതുടങ്ങി. അവള് സ്വയം ശ്വസിക്കാന്‍ തുടങ്ങി. അടുത്ത ദിവസംമുതല്‍ കൈകാലുകളുടെ ചലനവും ഭാഗികമായി സംസാരവും വീണ്ടെടുത്തു. അമ്മയുടെ തീര്‍ഥാടനത്തിന് പത്തു ദിവസത്തിനുശേഷം വലേറിയയെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു മാറ്റി.
പിന്നീടുള്ള പരിശോധനകളില്‍ തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതം പൂര്‍ണമായും ഭേദമായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. വൈദ്യശാസ്ത്രം കൈവിട്ട വലേറിയ അദ്ഭുതകരമായ വിധത്തില്‍ രോഗശാന്തിനേടി. രണ്ടു മാസത്തിനുശേഷം 2022 സെപ്തംബര്‍ 2 ന്, കാര്‍ളോയുടെ ശവകുടീരത്തില്‍ എത്തി കൃതജ്ഞതയര്‍പ്പിച്ചു.
2020 ഒക്ടോബര്‍ 10 നാണ് കാര്‍ളോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. ഒക്ടോബര്‍ 12 ന് പ്രഥമതിരുനാള്‍ ആചരിച്ചു.