•  29 Feb 2024
  •  ദീപം 56
  •  നാളം 50
വചനനാളം

ധനത്തിലുള്ള അമിതശ്രദ്ധയും അധഃപതനവും

ഫെബ്രുവരി 18  നോമ്പുകാലം   രണ്ടാം ഞായര്‍
ഉത്പ 13:1-13   പ്രഭാ 31:1-11 
1 തിമോ 6:3-10   ലൂക്കാ 19:1-10

ഭൗതികതയില്‍നിന്നു ദൈവികതയിലേക്കും ദൈവാശ്രയത്വത്തിലേക്കുമുള്ള ഒരു യാത്രയുടെ കാലമാണ് നോമ്പുകാലം. ഈ കാലത്തിന്റെ ചൈതന്യമെന്നതു ദ്രവ്യാഗ്രഹം വെടിയുകയെന്നതാണ്. നോമ്പുകാലം രണ്ടാം ഞായറാഴ്ചയിലെ വായനകളെല്ലാം ഈയൊരു സന്ദേശമാണ് എല്ലാവര്‍ക്കും കൈമാറുന്നത്. ഒന്നാംവായനയില്‍ (ഉത്പ. 13:1-13) ഭൗതികസമ്പാദ്യങ്ങള്‍ വെടിഞ്ഞ് ദൈവത്തിലാശ്രയിക്കുന്ന അബ്രാഹത്തെക്കുറിച്ചും; രണ്ടാം വായനയില്‍ (പ്രഭാ. 31:1-11) ധനത്തിലുള്ള അതിശ്രദ്ധ വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ചും; മൂന്നാം വായനയില്‍ (1 തിമോ. 6:3-10) ധനത്തോടുള്ള മോഹം നാശത്തിലേക്കു നയിക്കുന്നതിനെക്കുറിച്ചുമുള്ള പൗലോസ് ശ്ലീഹായുടെ പ്രബോധനത്തെക്കുറിച്ചും; നാലാം വായനയില്‍ (ലൂക്കാ 19:1-10) തന്റെ സമ്പാദ്യമെല്ലാം മറ്റുള്ളവര്‍ക്കായി നല്‍കി ദൈവത്തില്‍ ആശ്രയം വയ്ക്കുന്ന സക്കേവൂസിനെക്കുറിച്ചും നാം ധ്യാനിക്കുന്നു.
ഉത്പത്തി 13:1-13: ഈജിപ്തില്‍നിന്നു പുറത്താക്കപ്പെട്ട അബ്രാമിനോടൊപ്പം സഹോദരപുത്രന്‍ ലോത്തുമുണ്ടായിരുന്നു. ഈജിപ്തില്‍നിന്നു ലഭിച്ച വസ്തുവകകള്‍ അബ്രാമിനെ ധനികനാക്കി. ലോത്തിനും ധാരാളം സമ്പാദ്യങ്ങളുണ്ടായിരുന്നു. ആട്ടിന്‍പറ്റങ്ങളും കന്നുകാലിക്കൂട്ടങ്ങളും ഇരുവര്‍ക്കും ധാരാളമുണ്ടായിരുന്നതിനാല്‍ അവര്‍ക്ക് ഒരു ദേശത്ത് ഒരുമയോടെ താമസിക്കാന്‍ കഴിഞ്ഞില്ല. സമ്പത്തിന്റെ വര്‍ധന സാഹോദര്യത്തെ നഷ്ടപ്പെടുത്താന്‍ തുടങ്ങി. ഇതാണ് അബ്രാമും ലോത്തും വേര്‍പിരിയാനുള്ള പശ്ചാത്തലം.
ഈ സാഹചര്യത്തില്‍ അബ്രാം പെരുമാറുന്ന വിധം ശ്രദ്ധേയമാണ്: അബ്രാം കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു (13:4). 'ഉറക്കെ വിളിക്കുക, നിലവിളിക്കുക' എന്നൊക്കെ അര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ ഖാറാ (qara) എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പുതിയ ദേശത്ത് എത്തിയപ്പോഴും കര്‍ത്താവിങ്കലേക്കുള്ള അബ്രാമിന്റെ ആശ്രയത്വത്തിനു കുറവുണ്ടായില്ല. കര്‍ത്താവിനോടായിരുന്നു അബ്രാമിന്റെ പ്രാര്‍ഥന. ''ഖാറാ'' എന്ന പദത്തിന് 'പ്രഘോഷിക്കുക' (proclaim) എന്നൊരു അര്‍ഥംകൂടിയുണ്ട്. പുതിയ ദേശത്തും അബ്രാം കര്‍ത്താവിന്റെ നാമം പ്രഘോഷിക്കുകയായിരുന്നു. അബ്രാമിന്റെ ദൈവനാമപ്രഘോഷണമാണിത്.
അബ്രാമിന്റെയും ലോത്തിന്റെയും ജോലിക്കാര്‍ തമ്മില്‍, പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അബ്രാമിന്റെ മറുപടി ഇപ്രകാരമായിരുന്നു: നമ്മള്‍ സഹോദരന്മാരാണ് (13:8). ഗ്രീക്ക് ബൈബിളില്‍ 'അദെല്‍ഫോസ്' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ശത്രുക്കളല്ല; മറിച്ച്, സ്വന്തം കുടുംബത്തിന്റെ ഭാഗമാണ് തങ്ങള്‍ എന്ന ധ്വനിയാണിവിടെയുള്ളത്. കുടുംബത്തിലെ സഹോദരങ്ങള്‍ തമ്മില്‍ ഭിന്നത പാടില്ല. അവിടെ ഐക്യമാണ് ഉണ്ടാകേണ്ടത്. സമ്പത്തിന്റെ അതിപ്രസരത്തില്‍ കുടുംബത്തിലെ സാഹോദര്യബന്ധം നഷ്ടപ്പെടുത്തി  അനൈക്യം ഉണ്ടാക്കാന്‍ അബ്രാം ആഗ്രഹിക്കുന്നില്ല. സമ്പത്തിനെക്കാളും വില അബ്രാം സാഹോദര്യത്തിനു നല്‍കുന്നുണ്ട്.
സഹോദരന്റെ ഇഷ്ടത്തിനു പ്രാധാന്യം കൊടുക്കുന്നവനാണ് അബ്രാം. ലോത്തിന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാന്‍ അവസരം കൊടുക്കുന്ന അബ്രാം, മൂപ്പനുസരിച്ച് ആദ്യം തിരഞ്ഞെടുക്കാനുള്ള തന്റെ അവകാശം  സഹോദരനുവേണ്ടി മാറ്റിവയ്ക്കുകയാണ്. ഇത് ഒരു വിട്ടുകൊടുക്കലാണ്. സാഹോദര്യം നഷ്ടപ്പെടാതിരിക്കാന്‍വേണ്ടിയുള്ള ഒരു ഉപേക്ഷിക്കലാണിത്. നോമ്പുകാലം പരിത്യജിക്കലിന്റെ കാലമാണെന്ന വസ്തുത അബ്രാം നമ്മെ ഓര്‍മിക്കുന്നുണ്ട്; ഒപ്പം, ബന്ധങ്ങള്‍ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ട സമയമാണെന്നും.
പ്രഭാഷകന്‍ 31:1-11: പഴയനിയമകാലത്ത് ജ്ഞാനികളുടെ പരിചിന്തനവിഷയമായിരുന്ന ഒന്നാണ് സമ്പത്തും ദൈവവും. സമ്പത്തിനോടുള്ള അമിതമായ ഭ്രമം അസംതൃപ്തിക്കു കാരണമാകുമെന്നും അതു ദൈവത്തില്‍നിന്ന് ഒരാള്‍ അകലാന്‍ കാരണമാകുമെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ പ്രഭാഷകന്‍ നല്‍കുന്ന ചില പ്രായോഗികചിന്തകളാണ് രണ്ടാം വായനയില്‍ നാം ശ്രവിക്കുന്നത്.
ധനത്തിലുള്ള അതിശ്രദ്ധ ആരോഗ്യം നശിപ്പിക്കുകയും അതേക്കുറിച്ചുള്ള ഉത്കണ്ഠ ഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു (31:1). അനുദിനജീവിതവ്യാപാരങ്ങള്‍ക്കു ധനം ആവശ്യമാണ്. അതു സമ്പാദിക്കുന്നത് ന്യായവും യുക്തവുമാണ്. അര്‍ഹമായ രീതിയില്‍ ധനം നേടുന്നവന്‍ സംതൃപ്തനും ദൈവവിചാരം കൈവിടാത്തവനുമാണ്. ദൈവാശ്രയം ഒരുവന് സമൃദ്ധിയും സമാധാനവും പ്രദാനം ചെയ്യുന്നു; അതു ശരീരത്തെ ഉന്മേഷമുള്ളതാക്കുന്നു. പ്രഭാഷകന്റെ ഭാഷ്യത്തില്‍ ധനത്തിലുള്ള അതിശ്രദ്ധ ഒരുവന്റെ ശരീരത്തെ ശിഥിലീകരിക്കും. 'ഉരുക്കുക, നഷ്ടപ്പെടുത്തിക്കളയുക' എന്ന് അര്‍ഥം വരുന്ന ഗ്രീക്ക് ഭാഷയിലെ എക്‌തെകോ (ekteko)എന്ന വാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സമ്പത്തിനെക്കുറിച്ചുള്ള  അമിതവ്യഗ്രത ജീവിതം ഇല്ലാതാക്കും.
ധനം നേടാന്‍ എല്ലാവരും ന്യായമായി അദ്ധ്വാനിക്കേണ്ടതുണ്ടെന്നും പ്രഭാഷകന്‍ അഭിപ്രായപ്പെടുന്നു (13:4). കാരണം, ഉപജീവനത്തിനുവേണ്ടി അധ്വാനിക്കാത്തവന്റെ ജീവിതത്തില്‍ ദാരിദ്ര്യം വര്‍ദ്ധിക്കാന്‍ കാരണമാകും. അത് അവന്റെ ജീവനെ ഇല്ലാതാക്കും. അധ്വാനിക്കുന്നവനാണ് ജീവനും ജീവിതവും ഉണ്ടാകുന്നത്. 'അത്യധ്വാനം ചെയ്യുക' (work hard) എന്ന് അര്‍ഥംവരുന്ന കോപിയാവോ (kopiao)  എന്ന ക്രിയാപദത്തിന്റെ സൂചന ഉപജീവനത്തിനുവേണ്ടി ഒരാള്‍ ആത്മാര്‍ഥതയോടെ വിയര്‍പ്പൊഴുക്കി, കഠിനമായിത്തന്നെ ജോലി ചെയ്യണമെന്നതാണ്.
കുറ്റമറ്റവനും സ്വര്‍ണത്തെ കാംക്ഷിക്കാത്തവനുമായ ധനികന്‍ അനുഗൃഹീതനാണ് (13:8). 'ധനികന്‍' എന്ന് അര്‍ഥം വരുന്ന ഗ്രീക്കുഭാഷയിലെ പ്ലൗസിയോസ് (plousios)  എന്ന പദം സാമ്പത്തികമായി ധനികന്‍ എന്നതിനപ്പുറം ആത്മീയമായി ധനികന്‍ എന്ന അര്‍ഥതലത്തിലും ഉപയോഗിക്കുന്നുണ്ട്. ആത്മീയവരങ്ങളാലും മൂല്യങ്ങളാലും നിറഞ്ഞവന്‍ തേടുന്നത് സ്വര്‍ണത്തെയല്ല; മറിച്ച്, ദൈവമായ കര്‍ത്താവിനെയാണ്. അക്കാരണത്താല്‍ അവന്‍ അനുഗൃഹീതനാണ്.
1 തിമോത്തയോസ് 6:3-10: തിമോത്തയോസിനുള്ള കത്ത് പൗലോസിന്റെ അജപാലനലേഖനമാണ്. സഭയില്‍ അജപാലനപരമായി സഭാംഗങ്ങള്‍ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങളെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഇതെല്ലാം പ്രായോഗികദര്‍ശനങ്ങളാണ്. വ്യാജപ്രബോധനത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ ഭാഷയില്‍ത്തന്നെ പൗലോസ് ഇന്നത്തെ വചനഭാഗത്തു സംസാരിക്കുന്നു. പൗലോസും സഹശിഷ്യരും പഠിപ്പിച്ച യഥാര്‍ഥ സഭാപ്രബോധനങ്ങള്‍ക്കും യേശുക്രിസ്തുവിന്റെ യഥാര്‍ഥ വചനങ്ങള്‍ക്കും വിരുദ്ധമായി ചിലര്‍ പഠിപ്പിച്ച സാഹചര്യത്തില്‍ പൗലോസ് അത്തരക്കാരെ വിളിക്കുന്നത് അഹങ്കാരം നിറഞ്ഞവരും അജ്ഞരും ആണെന്നാണ്. ഗ്രീക്കുഭാഷയിലെ തുഭൂമായ് (tuphoomai)  എന്ന വാക്കിന്റെ ഉപയോഗം ഇത്തരക്കാരുടെ ഊതിവീര്‍പ്പിച്ച, വെറും കുമിളയ്ക്കു സമാനമായ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്.
ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗമാണെന്നു ചിന്തിക്കുന്നവരെയും ദുഷിച്ച മനസ്സുള്ളവരെയും സത്യബോധമില്ലാത്തവരെയും പൗലോസ് ശാസിക്കുന്നുണ്ട്. ഇക്കൂട്ടര്‍ കലഹപ്രിയരും വാദകോലാഹലങ്ങള്‍ ഉണ്ടാക്കുന്നവരുമാണ്. ഇവയില്‍നിന്നു സഭാംഗങ്ങള്‍ മാറിനില്‍ക്കണമെന്ന ശ്ലൈഹികമായ ഉപദേശമാണ് ഇവിടെ പൗലോസ് നല്‍കുന്നത്.
തുടര്‍ന്ന്, ധനത്തോടുള്ള ആസക്തി ഒഴിവാക്കണമെന്ന നിര്‍ദേശമാണ് ശ്ലീഹാ നല്‍കുന്നത്. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവര്‍ക്ക് ദൈവഭക്തി നേട്ടമാണ്. കാരണം, ധനത്തിനു പിന്നാലേ പരക്കം പായുന്നവര്‍ അധഃപതനമാണു നേരിടുന്നത്. 'ഒലെത്രോസ്, അപ്പോലെയാ' എന്നീ രണ്ടു ഗ്രീക്കുവാക്കുകള്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ഒരു തരത്തിലുള്ള ശാരീരികമരണവും ആത്മീയമരണവുമാണ് ഇത് അര്‍ഥമാക്കുന്നത്. അവര്‍ ഒന്നിലും സംതൃപ്തരാകുന്നില്ല. എല്ലാ തിന്മകള്‍ക്കും കാരണം ധനമോഹമാണ്. അമിതമായ ധനമോഹം സഭാംഗങ്ങള്‍ അവരുടെ വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചു പോകാന്‍പോലും കാരണമാകും.
ലൂക്കാ 19:1-10: ധനമോഹവും അതിനോടുള്ള അമിതവ്യഗ്രതയും ദൈവരാജ്യപ്രവേശനത്തിനു തടസ്സമാണെന്ന വസ്തുത പഠിപ്പിക്കാന്‍ ഈശോ സ്പഷ്ടമാക്കുന്ന ഒരു വചനഭാഗമാണിത്. ഭൗതികസമ്പത്ത് ധാരാളമുണ്ടെങ്കിലും ഒരാള്‍ ദൈവരാജ്യത്തില്‍ വലിയവനാകുന്നത് തന്റെ ഭൗതികസമ്പാദ്യം വെടിഞ്ഞ് ഇല്ലാത്തവനു നല്‍കുമ്പോഴാണ് എന്ന സത്യം ഈശോ ഇവിടെ പഠിപ്പിക്കുന്നു. സക്കേവൂസ് എന്ന വാക്കിന്റെ അര്‍ഥം 'നിസ്സാരന്‍, ചെറിയവന്‍' എന്നാണ്. എന്നാല്‍, അവന്‍ തന്റെ സമ്പത്തിലുള്ള അമിതശ്രദ്ധ ഒഴിവാക്കിയപ്പോള്‍ ദൈവരാജ്യത്തില്‍ വലിയവനായി.
ജറീക്കോയിലൂടെയുള്ള ഈശോയുടെ യാത്ര രക്ഷാകരമായ ഒരു യാത്രയായിരുന്നു. നിസ്സാരനായിരുന്ന സക്കേവൂസിനു രക്ഷ ലഭിക്കാന്‍ ഈ യാത്ര കാരണമായി. ഈ രക്ഷയ്ക്കു നിദാനമായത് സക്കേവൂസ് ഈശോയോടൊപ്പം യാത്രയായി എന്നതാണ്. അതിന്റെ അര്‍ഥം ഈശോയോടൊത്തുള്ള എന്റെ യാത്രയും രക്ഷാകരമാണെന്നതാണ്. 'രക്ഷ, വിമോചനം' എന്നൊക്കെയര്‍ഥം വരുന്ന 'സൊത്തേരിയ' (soteria) എന്ന ഗ്രീക്കുപദമാണ് 19:9 ല്‍ ഈശോ ഉപയോഗിച്ചിരിക്കുന്നത്. ഈ രക്ഷയാണ് സക്കേവൂസിനെ ദൈവരാജ്യത്തില്‍ വലിയവനാക്കിയത്.
സമൂഹത്തില്‍ വെറുക്കപ്പെട്ടവനായിരുന്ന ചുങ്കക്കാരന്‍ സക്കേവൂസ് മനുഷ്യഹൃദയത്തില്‍ ഇടം നേടിയത് സമ്പത്ത് മറ്റുള്ളവര്‍ക്കായി കൊടുത്തപ്പോഴാണ്. ഭൗതികസമ്പത്ത് പങ്കുവച്ചപ്പോള്‍ സക്കേവൂസ് ആത്മീയമായി ധനികനായി. അവന്‍ മാത്രമല്ല, അവന്റെ ഭവനത്തിനും രക്ഷ ലഭിച്ചു. 'വീട്, ഭവനം' എന്നര്‍ഥം വരുന്ന ഓയ്‌കോസ് (oikos)  എന്ന ഗ്രീക്കുപദം ഭവനാംഗങ്ങളെയെല്ലാം (household) സൂചിപ്പിക്കുന്നുണ്ട്. ഒരാളുടെ നന്മപ്രവൃത്തിയിലൂടെ ഒരു കുടുംബം മുഴുവന്‍ രക്ഷ സ്വീകരിച്ചു. 

Login log record inserted successfully!