•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

അരനൂറ്റാണ്ടിനുശേഷം ചരിത്രം കുറിച്ച് ഒഡീസിയസ്

രിത്രത്തിലാദ്യമായി ഒരു സ്വകാര്യകമ്പനി നിര്‍മിച്ച പേടകം ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിയിരിക്കുന്നു. യുഎസിലെ ഇന്റൂയിറ്റീവ് മെഷീന്‍സ് എന്ന സ്ഥാപനം നിര്‍മിച്ച നോവ-സി ലാന്ററാണ് ആ നേട്ടം കൈവരിച്ചത്. നാസയുടെ കൊമേര്‍ഷ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് (സി എല്‍ പി എസ്) പരിപാടിയുടെ ഭാഗമായാണ് ഇന്റൂയിറ്റീവ് മെഷീന്‍സ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്. അപ്പോളോ 17 ദൗത്യത്തിനുശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യപേടകം എന്ന പേരും ഇപ്പോള്‍ നോവ സി ലാന്ററിനാണ്. ഒഡീസിയസ് എന്നാണ് ഈ ലാന്ററിനു നല്‍കിയിരിക്കുന്ന വിളിപ്പേര്. 
ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ ലാന്‍ഡറായി ഒഡീസിയസ് ചരിത്രം കുറിച്ചു. ഫെബ്രുവരി 23 ന് ഇന്ത്യന്‍സമയം പുലര്‍ച്ചെ 4.35 നാണ് ഒഡീസിയസ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനുസമീപമിറങ്ങിയത്. 1972 ലെ അപ്പോളോ 17 നു ശേഷം ചന്ദ്രനിലെത്തുന്ന ആദ്യ യു.എസ്. ദൗത്യമാണ് ഒഡീസിയസ്. അരനൂറ്റാണ്ടിനുശേഷമാണ് യു.എസില്‍നിന്നുള്ള ലാന്റര്‍ ചന്ദ്രനിലിറങ്ങുന്നത്. ഈ മാസം 15 നു വിക്ഷേപിക്കപ്പെട്ട ഒഡിസീയസ് 21 ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. സ്വകാര്യമേഖലയില്‍നിന്നുള്ള നാലാമത്തെ ലാന്‍ഡര്‍ദൗത്യമാണ് ഒഡീസിയസ്. പരാജയപ്പെട്ട ആദ്യ രണ്ടു ദൗത്യങ്ങള്‍ ഇസ്രായല്‍ - ജപ്പാന്‍ കമ്പനികളുടേതായിരുന്നു. കഴിഞ്ഞ മാസം 8 നു മറ്റൊരു യു.എസ്. കമ്പനിയായ ആസ്ട്രബോട്ടിക്കിന്റെ 'പെരഗ്രിന്‍' ദൗത്യവും വിക്ഷേപണത്തിനുശേഷം പരാജയപ്പെടുകയാണുണ്ടായത്. 
ഒഡീസിയസ് ചന്ദ്രഭ്രമണപഥത്തിലെത്തിയതിന്റെ ലക്ഷ്യം, ലാന്‍ഡ് ചെയ്തതിനുശേഷമുള്ള ഏഴു ദിവസംകൊണ്ട് ചന്ദ്രോപരിതലത്തിലെ കാലാവസ്ഥ, ഭാവിദൗത്യങ്ങള്‍ക്കു സഹായകരമാം വിധം ചന്ദ്രനിലെ അന്തരീക്ഷം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ശേഖരിക്കുകയാണ്. നാലു യാത്രക്കാരുമായി നാസ 2026 ല്‍ നടത്താന്‍ ലക്ഷ്യമിടുന്ന 'ആര്‍ട്ടിമിസ്' ചന്ദ്രയാത്രാപദ്ധതിക്കു വേണ്ട വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടിയുള്ള  പേലോഡുകള്‍ പേടകത്തിലുണ്ട്. ഇലോണ്‍ മാസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സിന്റെ 'ഫാല്‍ക്കണ്‍ 9' റോക്കറ്റിലാണ് ഈ മാസം 15 ന് ഒഡീസിയസ് വിക്ഷേപിച്ചത്. 14 അടി ഉയരമുള്ള ലാന്റര്‍ ആറു ദിവസംകൊണ്ട് 997793.28 കി.മീ. സഞ്ചരിച്ചാണ് ചന്ദ്രനിലെത്തിയത്. ഒഡീസിയസ് പേടകം ചന്ദ്രനിലിറക്കാനുള്ള ശ്രമങ്ങള്‍ അതികഠിനമായിരുന്നു. പേടകം ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തില്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്ന് ഇറങ്ങുന്ന സമയത്തിലും പല തവണ മാറ്റം വരുത്തിയിരുന്നു.
ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍മുമ്പ് ഇറങ്ങുന്ന പ്രദേശം വീക്ഷിക്കുന്നതിനും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും സുരക്ഷിതമായ പ്രദേശം കണ്ടെത്തുന്നതിനുമായി ഉപയോഗിക്കുന്ന ലേസര്‍ ഉപകരണങ്ങള്‍ തകരാറിലായത് കണ്‍ട്രോള്‍ സെന്ററിനെ മുള്‍മുനയിലാക്കി. എന്നാല്‍, പേടകത്തിലുണ്ടായിരുന്ന സേനാ ഉപകരണങ്ങളിലൊന്നിലെ സെന്‍സറുകള്‍, ഇറങ്ങുന്ന പ്രദേശം വിലയിരുത്തുന്നതിനായി പകരം പ്രയോജനപ്പെടുത്തുകയായിരുന്നു.  കൂടാതെ, പേടകം ഇറങ്ങുന്നതിന്റെ അവസാന നിമിഷങ്ങളില്‍ കണ്‍ട്രോള്‍ സെന്ററും പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ആന്റിനകളിലൊന്നിലുണ്ടായ തകരാറാണ് ഇതിനു കാരണം. പേടകം ശരിയായ രീതിയില്‍ സുരക്ഷിതമായി ഇറങ്ങിയെന്ന് ഉറപ്പുവരുത്തുന്നതിന് ഇതു വെല്ലുവിളിയായി. എന്നാല്‍, ഈ പ്രശ്‌നം പരിഹരിച്ച് രണ്ടു മണിക്കൂറിനുശേഷം പേടകം ഇറങ്ങിയ വിവരം ലഭിച്ചു. പേടകം കുത്തനെതന്നെയാണ് ഇറങ്ങിയതെന്നും വിവരങ്ങള്‍ അയയ്ക്കാന്‍ തുടങ്ങുകയാണെന്നും ഇന്റൂയിറ്റീവ് മെഷീന്‍സ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ചന്ദ്രനില്‍നിന്നു പേടകം പകര്‍ത്തിയ ആദ്യചിത്രങ്ങള്‍ ഭൂമിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കമ്പനി. 
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള മലാപെര്‍ട്ട് എ എന്ന ഗര്‍ത്തമേഖലയില്‍ ഇറങ്ങാനാണ് പേടകം ലക്ഷ്യമിട്ടത്. വെളിച്ച ക്കുറവുള്ള ഈ മേഖലയില്‍ ജല ഐസിന്റെ സാന്നിധ്യമുണ്ടെന്നാണ് അനുമാനം. 2019 ല്‍ നാസയുടെ കൊമേര്‍ഷ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് (സിഎല്‍പിഎസ്) പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മൂന്നു സ്ഥാപനങ്ങളില്‍ ഒന്നാണ് ഇന്റൂയിറ്റീവ് മെഷീന്‍സ്. ചന്ദ്രനിലേക്കു ശാസ്‌ത്രോപകരണങ്ങള്‍ അടങ്ങുന്ന ചെറിയ പേലോഡുകള്‍ എത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
നാസയുടെ ആറ് ശാസ്‌ത്രോപകരണങ്ങളും, വാണിജ്യാടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയ പുറത്തുനിന്നുള്ള ആറു പോലോഡുകളുമാണ് നോവ-സി ലാന്ററിലുള്ളത്. ഈ പ്രദേശത്ത് സൂര്യന്‍ അസ്തമിക്കുന്നതുവരെ ഒരാഴ്ചയോളം പേടകത്തിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കും. ആഴ്ചകള്‍ നീളുന്ന ഒരു ലൂണാര്‍ രാത്രി അതിജീവിക്കാന്‍ പേടകത്തിനു സാധിക്കില്ല. ഈ ശാസ്‌ത്രോപകരണങ്ങള്‍ക്കൊപ്പം അമേരിക്കന്‍ ശില്പിയായ ജെഫ് കൂന്‍സ് നിര്‍മിച്ച ചെറുശില്പങ്ങളും പേടകം ചന്ദ്രനിലെത്തിച്ചിട്ടുണ്ട്. 2022 ല്‍ മാത്രം പതിനാറോളം ചാന്ദ്രദൗത്യങ്ങളാണ് വിക്ഷേപിക്കപ്പെട്ടത്. എന്നാല്‍, അതില്‍ ലാന്റര്‍ ദൗത്യങ്ങളൊന്നും വിജയകരമായിരുന്നില്ല. ഓര്‍ബിറ്റര്‍, ഫ്‌ളൈബൈ ദൗത്യങ്ങള്‍ മാത്രമാണ് ആ വര്‍ഷം വിജയം കണ്ടത്. എന്നാല്‍, 2023 ലെ ചന്ദ്രയാന്‍ വിക്ഷേപണത്തിനുശേഷം ഇത് മൂന്നാമത്തെ ലാന്റര്‍ ദൗത്യമാണ് ഇപ്പോള്‍ വിജയം കാണുന്നത്. ഇതിനുമുമ്പ് ജപ്പാന്റെ സ്ലിം ദൗത്യമാണ് ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങിയത്.
ഇന്റൂയിറ്റീവ് മെഷീന്‍സിന്റെ രണ്ടാം ദൗത്യവിക്ഷേപണം ഉള്‍പ്പെടെ എട്ടോളം ദൗത്യങ്ങളാണ് ഇനി ഈ വര്‍ഷം നടക്കാനുള്ളത്. അതില്‍ ചൈനയുടെ ചാങ് ഇ6 ലാന്റര്‍, യുഎസ് കമ്പനിയായ ആസ്‌ട്രോമോട്ടിക് ടെക്‌നോളജി പരാജയപ്പെട്ട പെരിഗ്രിന്‍ ദൗത്യത്തിനുശേഷം നടത്തുന്ന ഗ്രിഫിന്‍ മിഷന്‍ 1 ലാന്റര്‍ എന്നീ ദൗത്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)