ഫൈനല്‍ പരീക്ഷയോടനുബന്ധിച്ച് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? ഈ നാളുകളിലെ പഠനരീതി എങ്ങനെ ആയിരിക്കണം? പരീക്ഷയ്ക്കു മുമ്പുള്ള നാളുകളില്‍ പഠിച്ചതുപോലെയാണോ ഇനി പഠിക്കേണ്ടത്? ഇക്കാര്യങ്ങളാണ് നാം ഇനി ശ്രദ്ധിക്കുന്നത്.
1. പഠനരീതി
2. ടൈം മാനേജ്‌മെന്റ്
3. പരീക്ഷ എഴുതുമ്പോള്‍
4. ആത്മവിശ്വാസം
5. വ്യക്തമായ പ്ലാനിങ്
1. പരീക്ഷാദിവസങ്ങളിലെ
പഠനരീതി
പരീക്ഷയ്ക്കുവേണ്ടിയാണ് ശരിക്കും നാം ഇതുവരെ പഠിച്ചത്. അതായത്, പരീക്ഷയില്‍ നല്ല മാര്‍ക്കു നേടുക. ഉയര്‍ന്ന ക്ലാസിലേക്കു കടക്കുക. ഉന്നതവിദ്യാഭ്യാസം നടത്തുക. ജീവിതത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാവുക. ഉന്നതസ്ഥാനത്ത് എത്തിച്ചേരുക. ജീവിതം വിജയകരമാക്കുക. ഇതെല്ലാം മനസ്സിലുണ്ടായിരുന്നു. ഈ തിരിച്ചറിവ് പഠനത്തില്‍ നമ്മെ ആവേശം കൊള്ളിച്ചിരുന്നു.
പരീക്ഷയ്ക്കു മുമ്പുള്ള ഈ പഠനരീതി അല്ല ഇനി വേണ്ടത്. പരീക്ഷയുടെ സമയത്ത് ശരിയായി ഉത്തരപ്പേപ്പറില്‍ എഴുതിവയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പഠനരീതിയാണ് അവലംബിക്കേണ്ടത്. അതിനു താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്:
- പരീക്ഷയുടെ തലേദിവസം പിറ്റേ ദിവസത്തെ വിഷയം മാത്രം വായിക്കുകയും പഠിക്കുകയും ചെയ്യുക.
- ഇനി, വിശദപഠനത്തിനു സമയം ഇല്ല. പ്രധാനപ്പെട്ട പോയിന്റുകള്‍മാത്രം പഠിക്കുക.
- പഠിക്കുന്ന കാര്യങ്ങള്‍ പരീക്ഷയുടെ സമയത്ത് ഉത്തരപ്പേപ്പറില്‍ എഴുതും എന്ന നിശ്ചയത്തോടെ പഠിക്കുക.
- വായിക്കുന്ന ഭാഗങ്ങള്‍ നല്ല വേഗത്തില്‍ വായിച്ചു പഠിക്കുക.
ആവര്‍ത്തനവും എഴുത്തും
പരീക്ഷയ്ക്കു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ആവര്‍ത്തിച്ചു പഠിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചിരുന്നല്ലോ.
- പരീക്ഷയ്ക്കു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പുസ്തകം പഠിച്ചപ്പോള്‍ അടയാളപ്പെടുത്തിവച്ചിരുന്ന ഭാഗങ്ങള്‍ ആവര്‍ത്തിച്ചു പഠിക്കണം.
- ഇങ്ങനെ പഠിച്ച കാര്യങ്ങള്‍ ഒരു റഫ് ബുക്കില്‍ എഴുതുകയും തെറ്റുകള്‍ വരുന്നതു കണ്ടെത്തുകയും അവ ശരിയാക്കുകയും ചെയ്യണം.
- നിര്‍വചനങ്ങള്‍, ഫോര്‍മുലകള്‍, പേരുകള്‍, സാങ്കേതികപദങ്ങള്‍, വര്‍ഷങ്ങള്‍, തീയതികള്‍ തുടങ്ങിയവ കൃത്യമായി എഴുതിപ്പഠിക്കേണ്ടതാണ്.
- ചിത്രങ്ങള്‍ വരച്ചുപഠിക്കുകയും അവയുടെ ഭാഗങ്ങള്‍ കൃത്യമായി നിശ്ചയപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
രണ്ടു രീതികള്‍
പഠിക്കുന്ന കാര്യങ്ങള്‍ എഴുതിപ്പഠിക്കേണ്ടത് വളരെ പ്രധാനമാണ്. എത്ര ഭംഗിയായും അക്ഷരത്തെറ്റുകൂടാതെയും എഴുതാന്‍ കഴിയുമോ അത്രയും നന്ന്. ഉത്തരമെഴുതുമ്പോള്‍ അക്ഷരവടിവുള്ളതും വളരെ നല്ലതാണ്.
എഴുതുമ്പോള്‍ രണ്ടു രീതികള്‍ അവലംബിക്കാം.
1. വായിച്ചു പഠിക്കുന്ന സമയത്തുതന്നെ പ്രധാനപ്പെട്ട കാര്യങ്ങള്‍ റഫ് ബുക്കില്‍ എഴുതുക.
2. ഒരു അധ്യായം മുഴുവനായി വായിച്ചുപഠിച്ച് ഓര്‍മയില്‍ ഉറപ്പിച്ചുനിര്‍ത്തി അവ ഒന്നൊന്നായി റഫ് ബുക്കിലേക്ക് എഴുതുക.
രണ്ടാമത്തെ രീതിയാണ് പരീക്ഷാദിവസങ്ങളില്‍ ഏറെ അഭികാമ്യമായിട്ടുള്ളത്. പഠിച്ച കാര്യങ്ങള്‍ കൂടുതല്‍ സമയം ഓര്‍മയില്‍ നിലനില്‍ക്കും. പുസ്തകം മുഴുവന്‍ വായിച്ചുപഠിച്ചിട്ട് എഴുതിപ്പരിശീലിക്കാം എന്നു വിചാരിക്കുന്നതു മൗഢ്യമാണ്. പഠിക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ ഓര്‍മയില്‍ ഉറപ്പിക്കുന്ന രീതിയാണ് നല്ലത്.
ക്രമീകരിച്ചുവയ്ക്കുക
പരീക്ഷയുടെ ടൈം ടേബിള്‍ കിട്ടിയാലുടന്‍ പാഠപുസ്തകങ്ങള്‍ അടുക്കിപ്പെറുക്കിവയ്ക്കണം. ഒരു വിഷയത്തിന്റെ പരീക്ഷ കഴിയുമ്പോള്‍ത്തന്നെ ആ വിഷയത്തിന്റെ പുസ്തകവും നോട്ടുബുക്കും മറ്റൊരിടത്തേക്കു മാറ്റിവയ്ക്കുക.
ഉറക്കമിളച്ചു പഠിക്കണമോ?
പരീക്ഷയുടെ ദിവസങ്ങളില്‍ കുറേനേരം ഉറക്കമിളച്ചു പഠിക്കാവുന്നതാണ്. എന്നുവച്ച് ഒട്ടും ഉറങ്ങാതെ ഉറക്കംതൂങ്ങി പരീക്ഷയ്ക്കു പോകുന്നത് ഉചിതമല്ല. പരീക്ഷയ്ക്കു പോകുമ്പോള്‍ ശരീരവും മനസ്സും ഫ്രഷ് ആയിരിക്കണം. രണ്ടു നേരമെങ്കിലും കുളിക്കണം. തലയില്‍ എണ്ണ വച്ചു തണുപ്പിക്കുന്നതും നല്ലതാണ്. ഉറക്കം ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. അന്തരീക്ഷത്തിന്റെ ചൂട് അസഹ്യമായതിനാല്‍ കൂടക്കൂടെ കൈയും കാലും മുഖവും കഴുകുന്നതും തണുപ്പിക്കുന്നതും നല്ലതാണ്.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ അലാം വച്ചിട്ട് കിടക്കുക. അലാം അടിക്കുമ്പോള്‍ത്തന്നെ ഉണരാനും ശ്രദ്ധിക്കണം.
2. ടൈം മാനേജ്‌മെന്റ്
പരീക്ഷ കഴിഞ്ഞിട്ട് ചില കുട്ടികള്‍ പരിതപിക്കാറുണ്ട്: പരീക്ഷയ്ക്കു സമയം തികഞ്ഞില്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ കഴിഞ്ഞില്ല. നന്നായി അറിയാവുന്നതായിരുന്നു. എഴുതാന്‍ പറ്റിയില്ല.
ഇത്തരം പരാതികള്‍ക്ക് ഒട്ടും വിലയില്ല. ഇവിടെ ടീച്ചര്‍ അല്ല കുറ്റക്കാരി. നമ്മള്‍ ടൈം മാനേജ്‌മെന്റ് പാലിച്ചില്ല എന്നതാണ് സത്യം. എന്തെല്ലാം പഠിച്ചുവച്ചിട്ടുണ്ടെങ്കിലും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ ഉത്തരപ്പേപ്പറില്‍ എഴുതിവയ്ക്കുക എന്നതു പ്രധാനമാണ്. ഓര്‍ക്കണം, പരീക്ഷ എഴുതുന്ന എല്ലാ കുട്ടികള്‍ക്കും ഒരേ സമയമാണ്, ഒരേ ചോദ്യപ്പേപ്പര്‍ ആണ്. അതിനാല്‍, പരീക്ഷ എഴുതുമ്പോള്‍ കൃത്യമായ ടൈം മാനേജ്‌മെന്റ് പാലിക്കണം.
എങ്ങനെ ടൈം മാനേജ്‌മെന്റ് പാലിക്കാം?
- പരീക്ഷയ്ക്കു പോകുമ്പോള്‍ സമയം നോക്കുന്നതിനായി വാച്ച് ഉപയോഗിക്കാവുന്നതാണ്.
- പരീക്ഷയുടെ ഇടയ്ക്ക് ബെല്‍ അടിക്കുന്നതു മനസ്സിലാക്കി ഉത്തരങ്ങള്‍ ക്രമീകരിച്ച് എഴുതേണ്ടതാണ്.
- സമയത്തെക്കുറിച്ച് അധ്യാപകരോട് ആരാഞ്ഞാല്‍ അവര്‍ സമയവിവരം കുട്ടികളോടു പറയുന്നതാണ്.
- കൂള്‍ഓഫ് ടൈം കഴിഞ്ഞ് പരീക്ഷ എഴുതാനുള്ള ബെല്‍ അടിച്ചുകഴിഞ്ഞാല്‍ ഉടന്‍തന്നെ ഉത്തരങ്ങള്‍ എഴുതിത്തുടങ്ങണം.
- എഴുതാന്‍ തുടങ്ങിയാല്‍ പിന്നീട് മറ്റു കാര്യങ്ങളൊന്നും ചിന്തിക്കാതെ പരീക്ഷ എഴുതുന്നതില്‍മാത്രം ശ്രദ്ധിക്കുക.
- പരീക്ഷാസമയം തീരുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും എഴുതാനുള്ള ചോദ്യങ്ങളെക്കുറിച്ച് മനസ്സില്‍ കണക്കുകൂട്ടി ഉത്തരങ്ങള്‍ എഴുതിത്തീര്‍ക്കുക.
- അഞ്ചു മിനിറ്റുമുമ്പുള്ള വാണിങ്‌ബെല്‍ കേട്ടാല്‍ ഉത്തരങ്ങള്‍ എഴുതിത്തീര്‍ക്കാനുള്ള ചിട്ടവട്ടങ്ങള്‍ ആരംഭിക്കണം.
- പരീക്ഷയുടെ സമയം തീരുന്നതിനു തൊട്ടുമുമ്പായി ട്വയിന്‍ ഇട്ടു കെട്ടി ഉത്തരപ്പേപ്പറുകള്‍ അധ്യാപകരെ എല്‍പ്പിക്കണം.
- സമയം അതിക്രമിച്ചുവെന്ന് അധ്യാപകര്‍ പരാതിപ്പെടാനോ വഴക്കിടാനോ ഇടവരുത്തരുത്.
- പരീക്ഷയുടെ ഓരോ ഘട്ടത്തിലും സമയത്തെക്കുറിച്ച് അവബോധം പുലര്‍ത്തുകയും സമയപരിധി തീരുന്നതിനുമുമ്പ് എഴുതിത്തീര്‍ക്കാനുള്ള ആസൂത്രണം നടത്തുകയും വേണം.
3. പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പരീക്ഷയ്ക്കു പോകുമ്പോള്‍ ഹാള്‍ ടിക്കറ്റ്, ഇന്‍സ്ട്രമെന്റ് ബോക്‌സ്, പേന, പെന്‍സില്‍ തുടങ്ങി ആവശ്യമായ സാമഗ്രികള്‍ എടുക്കാന്‍ മറക്കരുത്. കോപ്പി എഴുതിക്കൊണ്ടു പോകുന്നതു ശിക്ഷാര്‍ഹമാണെന്നു പ്രത്യേകം ഓര്‍ക്കുക. ഇത്തരം കുട്ടികളെ അധ്യാപകര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.
കൂള്‍ ഓഫ് ടൈം എന്തിന്?
ഇത് ഒരു മനഃശാസ്ത്രസങ്കേതമാണ്. പരീക്ഷയെ സംബന്ധിച്ച് പല കുട്ടികളും ടെന്‍ഷന്‍ അനുഭവിക്കാറുണ്ട്. ഇത്തരം ടെന്‍ഷന്‍ അകറ്റാനുള്ള ഒരു ഇടവേളയാണ് കൂള്‍ ഓഫ് ടൈം. പരീക്ഷാഹാളിലേക്കു കയറുമ്പോള്‍ ഉണ്ടാകുന്ന ടെന്‍ഷന്‍ കൂള്‍ ഓഫ് ടൈമില്‍ ഈസിയായി മാറിക്കിട്ടും.
കൂള്‍ ഓഫ് ടൈമില്‍ പ്രധാനമായും കുട്ടികള്‍ക്ക് ചോദ്യപ്പേപ്പര്‍ ലഭിക്കുന്നു. അവര്‍ ചോദ്യപ്പേപ്പറുകള്‍ വായിക്കുന്നു. ഉത്തരങ്ങള്‍ മനസ്സില്‍ കാണുന്നു. ചോദ്യം കാണുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ഉത്കണ്ഠ മാറുന്നു. ചോദ്യത്തോടു കുട്ടിക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നു. ഉത്തരങ്ങളെക്കുറിച്ച് ആലോചിക്കാനും ചോദ്യത്തില്‍ ഉദ്ദേശിക്കുന്ന വാല്യൂ പോയിന്റിലേക്ക് കുട്ടിക്ക് എത്തിച്ചേരാനും സമയം ലഭിക്കുന്നു. മനസ്സില്‍ ആദ്യം വരുന്നത് എഴുതാതെ, വീണ്ടും വീണ്ടും ആലോചിച്ച് കൃത്യമായ ഉത്തരത്തിലേക്കു കടക്കുക. ഇതിനിടയില്‍ ഇന്‍വിജിലേറ്ററായി കടന്നുവരുന്ന അധ്യാപകനുമായി സംവദിക്കാനും ഇടപഴകാനും അവസരമുണ്ട്. പരീക്ഷയോടും പരീക്ഷാഹാളിനോടും ഇന്‍വിജിലേറ്ററോടും പൊരുത്തപ്പെടാന്‍ കൂള്‍ ഓഫ് ടൈം സഹായിക്കുന്നു.
കൂള്‍ ഓഫ് ടൈമിന്റെ സമയത്ത് ചോദ്യപ്പേപ്പറില്‍ ഉത്തരങ്ങള്‍ എഴുതാന്‍ പാടില്ല. ചോദ്യപ്പേപ്പര്‍ മാറിപ്പോകാതിരിക്കാനായി രജിസ്റ്റര്‍ നമ്പരും ഒപ്പുംമാത്രമേ ചോദ്യപ്പേപ്പറില്‍ എഴുതാന്‍ അനുവദിക്കാറുള്ളൂ. പരീക്ഷാസമയത്ത് ചോദ്യപ്പേപ്പര്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല.
4. ആത്മവിശ്വാസം പരീക്ഷാദിവസങ്ങളില്‍
പരീക്ഷാദിവസങ്ങളിലും പരീക്ഷാസമയത്തും തികഞ്ഞ ആത്മവിശ്വാസം പുലര്‍ത്തണം. അനാവശ്യമായ ടെന്‍ഷന്‍ ഒഴിവാക്കുക. പാഠഭാഗങ്ങള്‍ പഠിച്ചുവച്ചിട്ടുണ്ടെങ്കില്‍ പിന്നെ എന്തിനു ടെന്‍ഷന്‍? പഠിച്ചതു നമ്മള്‍ എഴുതും. സമയത്തിനുള്ളില്‍ എഴുതിത്തീര്‍ക്കും. നമ്മുടെ ഉത്തരപ്പേപ്പര്‍ നോക്കി അധ്യാപകര്‍ നല്ല മാര്‍ക്കും തരും. മുന്‍ പരീക്ഷകളില്‍ എല്ലാം ഇങ്ങനെയാണല്ലോ സംഭവിച്ചിട്ടുള്ളത്. ഈ പരീക്ഷയിലും അങ്ങനെതന്നെ. ഫൈനല്‍ പരീക്ഷയാണെന്നു വച്ചു പേടിക്കാനൊന്നുമില്ല.
ദൈവാശ്രയബോധവും പ്രാര്‍ഥനയും
പരീക്ഷാദിവസങ്ങളില്‍ ദൈവാശ്രയബോധം എപ്പോഴും മനസ്സില്‍ ഉണ്ടാകണം. ദൈവം സ്‌നേഹമാണെന്നും എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുമെന്നും ചിന്തിക്കണം. എന്നുകരുതി പ്രാര്‍ഥനയും വിശ്വാസവും അതിരുകടക്കരുത്.
5. പരീക്ഷാസംബന്ധിയായ വ്യക്തതയുള്ള പ്ലാനിങ്
പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും സ്‌കൂളില്‍ എത്തിച്ചേരണം. കുട്ടി പരീക്ഷയ്ക്ക് എത്തിയില്ലല്ലോ എന്നോര്‍ത്ത് അധ്യാപകരെയും ടെന്‍ഷന്‍ പിടിപ്പിക്കരുത്. ഓരോ ദിവസത്തെയും പരീക്ഷയ്ക്കുള്ള ഒരുക്കക്ലാസുകള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കാറുണ്ട്. ഇത് ഒരു റിവിഷന്‍ പ്രവര്‍ത്തനമാണ്. എല്ലാ പാഠങ്ങളിലൂടെയും ഒന്ന് ഓടിച്ചുപോകാനും പ്രധാനപ്പെട്ട പോയിന്റുകള്‍ ഒന്നുകൂടി ഓര്‍മിച്ചെടുക്കാനും ഇത് ഉപകരിക്കും. എല്ലാം പെട്ടെന്ന് ഒന്ന് ഓര്‍ത്തിട്ട് പരീക്ഷാഹാളിലേക്കു കയറുന്നതു വളരെ നല്ലതാണ്. അധ്യാപകരോടു നന്നായി സഹകരിക്കാന്‍ കുട്ടികള്‍ തയ്യാറാകണം. ഇനിയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ നന്നായി പഠിക്കുക. സംശയങ്ങള്‍ വരുന്നത് അധ്യാപകരോട് ആരായുക. മൊബൈല്‍ ഉപയോഗം പഠനത്തിനുമാത്രമായി ചുരുക്കുക.