•  30 Nov 2023
  •  ദീപം 56
  •  നാളം 38
ശ്രേഷ്ഠമലയാളം

വലിയമ്മ

വാക്കുകളുടെ പൂര്‍വരൂപം കണ്ടെത്തുന്നതിനു ക്ഷമയും ഉള്‍ക്കാഴ്ചയും ആവശ്യമുണ്ട്. പദച്ഛേദം സൂക്ഷ്മമല്ലെങ്കില്‍ അനാവശ്യമായ വാദമുഖങ്ങള്‍ ഉണ്ടാകാം. നിഘണ്ടുകാരന്മാര്‍ ഇക്കാര്യങ്ങളില്‍ ചിലപ്പോഴെങ്കിലും കുറ്റകരമായ ഉദാസീനത പുലര്‍ത്തിക്കാണുന്നു. വലിയമ്മ, ചെറിയമ്മ എന്നീ സമസ്തപദങ്ങളെ വലിയ + അമ്മ; ചെറിയ + അമ്മ എന്നിങ്ങനെയാണു പിരിച്ചെഴുതേണ്ടത്. വലി, ചെറി എന്നിവ, ഇവിടെ അമ്മയ്ക്കു വിശേഷണരൂപങ്ങളായി ചേരുകയില്ല. സ്വരസന്ധിയില്‍ ആഗമത്തിലും ലോപത്തിനും ഒന്നുപോലെ പ്രാധാന്യമുണ്ട്. വലിയ + അമ്മ = വലിയമ്മ; ചെറിയ + അമ്മ = ചെറിയമ്മ. സന്ധിയില്‍ അകാരം ലോപിക്കുന്നു എന്നു വ്യക്തം. 
വലിയമ്മയെ ചിലര്‍ ''വല്യമ്മ'' എന്നാക്കാറുണ്ട്. വലിയ എന്നതിന്റെ പാഠഭേദംമാത്രമാണത്. അതിനെ ദുഷിച്ച രൂപമായി കണക്കാക്കണമെന്നാണ് ശബ്ദതാരാവലികാരന്റെ പക്ഷം.* അമ്മയുടെ ജ്യേഷ്ഠത്തി വലിയമ്മയും (പേരമ്മ) അമ്മയുടെ അനുജത്തി ചെറിയമ്മയും (ചിറ്റമ്മ) ആകും. ജാതീയവും പ്രാദേശികവുമായ ഭേദങ്ങള്‍ അര്‍ഥവ്യത്യാസങ്ങള്‍ സൃഷ്ടിച്ചേക്കാം!
ഇതേ നയം അനുവര്‍ത്തിക്കുന്ന രണ്ടു പദങ്ങളാണ് അരയന്നവും അരയാലും. അരയ +അന്നം = അരയന്നം; അരയ +ആല്‍ = അരയാല്‍. രണ്ടിടത്തും അരയ എന്ന വിശേഷണപദം പ്രസിദ്ധമായിരിക്കേ 'അര' എന്നു പൂര്‍വപദത്തെ പിരിക്കുന്നതില്‍ യുക്തിയില്ല. അരച അന്നവും (രാജഹംസം) അരച ആലു (രാജവൃക്ഷം)മാണല്ലോ അരയന്നവും അരയാലും ആയിത്തീരുന്നത്. പദങ്ങള്‍ക്കുള്ളില്‍ ച - യ വിനിമയം സംഭവിച്ചപ്പോള്‍ അരച - അരയ എന്ന വര്‍ണപരിണാമത്തിനു വിധേയമായി. 
നിസ്സാരപദങ്ങളുടെ നിഷ്പത്തിയില്‍പ്പോലും പല സങ്കീര്‍ണതകളും ഉള്ളടങ്ങുന്നു. ഭാഷയുടെ അപാരതയാണ് ഈ അസമ്പൂര്‍ണതയ്ക്കു ഹേതു. അക്കാരണത്താല്‍ നിഘണ്ടുകര്‍ത്താക്കളുടെ അസമര്‍ഥതയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല എന്നു തോന്നുന്നു!


*പത്മനാഭപിള്ള,              ജി. ശ്രീകണ്‌ഠേശ്വരം, ശബ്ദതാരാവലി, എന്‍.ബി.എസ്. കോട്ടയം, 1986,  പുറം - 1533.