കഠിനമനസ്സല്ല, നിര്‍മലമനസ്സാണ് സമൂഹത്തെ വിശുദ്ധീകരിക്കുന്നതെന്ന് പെണ്മ നമ്മോടു നിരന്തരം സംവദിക്കുന്നുണ്ട്. ചെറിയവര്‍ക്കും പെരിയവര്‍ക്കും പിന്‍ബലമാകുന്നത് എന്നും സ്ത്രീകളുടെ നന്മയാണ്. അധികാരത്തിനും അവകാശങ്ങള്‍ക്കുമപ്പുറം കര്‍ത്തവ്യബോധത്തിന്റെ സായുജ്യം പെണ്മയെ എന്നും മുന്നിലെത്തിക്കുന്നു. കരുതലും കാവലുമായി ദൈവത്തോടൊപ്പം അവള്‍ ഉണര്‍ന്നിരിക്കുന്നു.
കാലത്തിനനുസരിച്ചു മാറ്റങ്ങള്‍ സ്ത്രീസമൂഹത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഇന്നാരും പറയില്ല. എന്നിരുന്നാലും, സ്ത്രീയുടെ അടിസ്ഥാനഭാവങ്ങള്‍ ഇന്നും അവളെ ഉന്നതയാക്കുന്നു. അമ്മ, മകള്‍, മരുമകള്‍, ഭാര്യ, സഹോദരി തുടങ്ങി സകലതിനും മുകളില്‍ മുത്തശ്ശിയെന്ന സാര്‍വലൗകികഭാവവുംകൂടിയാകുമ്പോള്‍ പെണ്മയുടെ പെരുമ വിവരണാതീതമാകുകയാണ്. അമ്മയില്‍ തുടങ്ങി അമ്മയിലവസാനിക്കുന്ന അദ്ഭുതലോകം! സാധാരണമായി പറയുന്നതാണ് അമ്മയും അമ്മയുടെ താരാട്ടും. അതുകൊണ്ടുതന്നെ, കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ ദൈവത്തിന്റെ പേര് അമ്മയെന്നാണ്. ലോകം മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ പോന്ന ഹൃദയവും കരവലയവുമാണ് അമ്മയുടേത്. തുല്യതയെന്ന വാക്കിനു സ്ത്രീത്വത്തില്‍ പ്രസക്തിയില്ല; മറിച്ച്, 'അതുക്കുംമേലേ'യാണ് സ്ത്രീത്വത്തിന്റെ സമസ്തഭാവങ്ങളും.
ഏതു സത്കൃത്യങ്ങളുടെയും സത്തയില്‍ പെണ്മയുടെ പെരുമ തെളിഞ്ഞുകാണാം. ശാന്തിയും സമാധാനവും ഒരുമയുമൊക്കെയാണ് സ്ത്രീയുടെ ലക്ഷ്യം! ഭൂമിയോളം ക്ഷമിക്കുന്നവളെന്ന വലിയ ചിന്തയില്‍ ഭൂമിയെത്തന്നെ മഹത്ത്വവത്കരിക്കാനുള്ള ആത്മബലം സ്ത്രീക്കുണ്ട്. പഴമയിലേക്കു നോക്കിയാല്‍ നമ്മുടെ കുടുംബങ്ങളുടെ അണിയറയില്‍ സ്ത്രീയുടെ മഹത്തായ മനവും കരവും ഉണ്ടെന്നു കാണാം. അടങ്ങെന്നു പറയുവാനും അരുതെന്നു പറയുവാനും ഒരുവേള 'തോറ്റുജയിക്കാനും' അവള്‍ക്കു ശക്തിയുണ്ട്. സീമാതീതമായ ദയയുടെ പര്യായമാണു സ്ത്രീ. വഴക്കിന്റെ വക്കില്‍നിന്നു ഹൃദ്യമായ കൈകോര്‍ക്കലിന്റെ ഒരുമയിലേക്കു വാതില്‍ തുറക്കാനും അവള്‍ക്കാകും.
ഇണക്കിയും മെരുക്കിയും അഹിംസാമാര്‍ഗത്തില്‍ ഏവരെയും കൊണ്ടുനടക്കാനാകുന്ന പെരുമാറ്റചാരുത പെണ്മയ്ക്കു സ്വന്തമാണ്. ലോകമുറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുന്ന ദൈവത്തോടൊപ്പം അണയാത്ത വിളക്കായിരിക്കുന്നവളാണു സ്ത്രീ; വഴിയാകുന്നവളും വഴി നയിക്കുന്നവളും! മക്കളുടെ നാള്‍വഴികളില്‍ നാളെയുടെ നന്മ കരുപ്പിടിപ്പിക്കുന്നവളാണമ്മ! മത്സരത്തെക്കാള്‍ ചുറ്റുമുള്ളവരെയെല്ലാം കരുതുന്നവള്‍. ശാന്തിയുടെ ദൂതായി മാറുന്ന മാറ്റമില്ലാത്ത ഭാവം! അസഹനീയതയുടെ പെരുമഴയിലും സഹിഷ്ണുതയുടെ മന്ദമാരുതനാകാന്‍ അവള്‍ക്കാകുന്നു. അനിതരസാധാരണമായ വിശുദ്ധവിചാരങ്ങളില്‍ അവള്‍ സദാ വ്യാപരിക്കുന്നു. ചുറ്റുമുള്ളവരെ അതിനായി ഒരുക്കുകയും ചെയ്യുന്നു. ഇരുട്ടേറുന്നതനുസരിച്ചു വിളക്കണയരുതല്ലോ?
ഇതൊരു മത്സരത്തിന്റെ കാലമാണോയെന്നു സംശയിക്കുന്നു! മുന്നിലാര് പിന്നിലാര്? ഒന്നാമതാര് രണ്ടാമതാര്? അതോ ഒപ്പത്തിനൊപ്പമോ? ഇതൊന്നുമല്ല യഥാര്‍ഥപ്രശ്‌നം. വ്യക്തിത്വത്തെ യഥാവിധി തിരിച്ചറിയാനും സ്വത്വബോധം ഉണ്ടാകാനുമാണു ശ്രമിക്കേണ്ടത്. വ്യത്യാസങ്ങള്‍ കുറവുകളെയല്ല; മറിച്ച്, മികവുകളെയാണു സൂചിപ്പിക്കുന്നത്. പ്രകൃതിയിലേക്കു നോക്കിയാല്‍ വ്യത്യാസങ്ങള്‍കൊണ്ടു മനോഹരമാകുന്ന അദ്ഭുതം ദര്‍ശിക്കാനാകും. ഒന്നും ഒന്നിനോട് ഒപ്പമല്ലെങ്കിലും ഒന്നും ഒന്നിലും ചെറുതല്ല; ഓരോന്നിന്റെയും മൂല്യം തിരിച്ചറിയുന്നതിലാകണം തൃപ്തി കണ്ടെത്തേണ്ടത്.
ചുറ്റുമുള്ള സകലതിലേക്കും കാഴ്ചയെത്തുന്നതാണ് സ്ത്രീകളുടെ കണ്ണുകള്‍. എന്നാല്‍, ഒരു ഏകകാഴ്ചയിലൂന്നുന്നതാണ് പുരുഷന്റെ കണ്ണും അവന്റെ നോട്ടവും! ഇത് വ്യത്യാസങ്ങളായിരിക്കുമ്പോഴും പരസ്പരം ശക്തിയാകുകയാണ്. അമ്മച്ചിമാരെ കണ്ടിട്ടില്ലേ, വീട്ടിലെ സമസ്തകാര്യങ്ങളും ഒന്നിച്ചു ചെയ്യുന്നത്... കുഞ്ഞിനെ താരാട്ടു പാടിയുറക്കുന്നതിനൊപ്പം അടുക്കളക്കാര്യം മുഴുവന്‍ തീര്‍ക്കും; വീടു വൃത്തിയാക്കുമ്പോഴും കുഞ്ഞിന്റെ കരച്ചിലില്‍ ശ്രദ്ധാലുവാണ്; കുഞ്ഞിന്റെ താരാട്ടിന്റെ ഈണം നഷ്ടമാക്കിയുള്ളതൊന്നും അമ്മ ചെയ്യില്ല. എന്നാല്‍, വീട്ടിലൊന്നിലും കുറവു വരുകയുമില്ല. ഒരേ സമയം പല കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യാനുള്ള മള്‍ട്ടിട്രാക്ക് സംവിധാനം സ്ത്രീകളുടെ പ്രത്യേകതയാകുമ്പോള്‍ ഒരുസമയത്ത് ഒരു കാര്യംമാത്രം ശ്രദ്ധിക്കാന്‍ കഴിയുന്ന മോണോ ട്രാക്ക് സംവിധാനമാണ് പുരുഷനില്‍ കാണുന്നത്. വ്യത്യാസങ്ങളെ മികവുകളായി കാണാനുള്ള വിവേകമാണ് ഉണ്ടാകേണ്ടത്. പരിസ്ഥിതിയുടെ സൗന്ദര്യത്തിനാധാരം വ്യത്യാസങ്ങളും അതിലുരുത്തിരിയുന്ന പൂര്‍ണതയുമാണ്. സൂര്യചന്ദ്രന്മാരുള്‍പ്പെടുന്ന സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ക്കെല്ലാം ഒരേ ദൗത്യവും സൗന്ദര്യവുമൊക്കെയാണോ? അല്ലെന്നിരിക്കിലും ഒന്നും ഒന്നിനെക്കാള്‍ ചെറുതല്ലല്ലോ?
ആര്‍ദ്രതയുടെ ആനന്ദമാണ് സ്ത്രീയെന്ന അദ്ഭുതം; ആര്‍ക്കുമൊരിക്കലും ആപത്തുവരാനാഗ്രഹിക്കാത്ത കരുണയുടെ കരുത്താണവള്‍! സുഭാഷിതങ്ങള്‍ മുപ്പത്തൊന്ന് ഇരുപത്താറില്‍ പറയുന്നു: ''ദയാമസൃണമായ ഉപദേശം അവളുടെ നാവിലുണ്ട്.'' അതുകൊണ്ടുതന്നെയാകണം, കുടുംബത്തിലും സമൂഹത്തിലും നന്മയുടെ അണിയറശില്പികളാണു സ്ത്രീകളെന്നും. കുടുംബത്തില്‍ നേര്‍വഴികളുടെ സദുപദേശമാണ് അവളില്‍നിന്ന് എന്നുമുണ്ടാകുന്നത്.
ആധുനികതയില്‍ പക്ഷേ, മനസ്സു മടിപ്പിക്കുന്ന പല വാര്‍ത്തകളും ഉണ്ടാകുന്നുണ്ട്. സാഹോദര്യവും സൗഹൃദവും സദുപദേശങ്ങളും കൈമോശം വന്നതുപോലെ. കഠിനഹൃദയങ്ങളെ വെണ്ണപോലെയാക്കി മാറ്റിയിരുന്ന പെണ്മയുടെ കരുത്തില്‍ വിള്ളല്‍ വീണുവോ? നല്ലതുമാത്രം പ്രവര്‍ത്തിക്കാനും ആരെയും സഹായിക്കാനും പിന്‍ശക്തിയായിരുന്നവര്‍ മുന്നിലേക്കെത്തുമ്പോള്‍ പലതിലും അചിന്തനീയമായ മാറ്റങ്ങള്‍ വരുന്നു; ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പലതും നമ്മെ അമ്പരപ്പിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ സഹനത്തിലേക്കിറങ്ങിച്ചെന്ന് അവരിലൊരാളായി മാറിയിരുന്ന പെണ്മയുടെ പെരുമയില്‍ എന്തൊക്കെയോ ചില 'ട്യൂണിങ്' തകരാറുകള്‍ കാണുന്ന കാലമാണ്. അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമൊന്നും പെണ്മയുടെ കൂട്ടുണ്ടാകുകയില്ല എന്നതിലും മാറ്റം വന്നതുപോലെ!
തീയ്ക്കു നാളമാകാനും നാശമാക്കാനും ശക്തിയുണ്ട്; വഴി കാണിക്കാനും വഴിയടയ്ക്കാനും കരുത്തുണ്ട്. ഉയര്‍ച്ചയ്ക്ക് ഊര്‍ജമാകാനും തകര്‍ച്ചയ്ക്കു കാരണമാകാനും തീയ്ക്കു കഴിയും. ശാന്തമാക്കാനും ശാന്തിയേകാനും അവളെന്നും മുന്നില്‍ത്തന്നെയുണ്ടെന്നതു യാഥാര്‍ഥ്യം! കഠിനമനസ്സല്ല, നിര്‍മലമനസ്സാണ് സമൂഹത്തെ വിശുദ്ധീകരിക്കുന്ന തെന്ന് പെണ്മ നമ്മോടു നിരന്തരം സംവദിക്കുന്നുണ്ട്. ചെറിയവര്‍ക്കും പെരിയവര്‍ക്കും പിന്‍ബലമാകുന്നത് എന്നും സ്ത്രീകളുടെ നന്മയാണ്.
നാളെയുടെ സമൂഹത്തെ രൂപപ്പെടുത്തുന്നത് സ്ത്രീയുടെ വിവിധ ഭാവങ്ങളാണ്. അതതു കാലത്തെ സമൂഹത്തെ നേര്‍വഴിയില്‍ കൊണ്ടുനടക്കുന്നതും അവളാകേണ്ടതാണ്. അവളുടെ മൃദുലഭാവങ്ങള്‍ ദൈവികസ്പര്‍ശമുള്ളതാണ്. അപകടത്തിന്റെ നേര്‍ത്ത രേഖപോലും മായ്ച്ചുകളയാന്‍ ശക്തിയുള്ള ബോധനമാണ് അവളുടെ ജീവിതമത്രയും. അധികാരത്തിനും അവകാശങ്ങള്‍ക്കുമപ്പുറം കര്‍ത്തവ്യബോധത്തിന്റെ സായുജ്യം പെണ്മയെ എന്നും മുന്നിലെത്തിക്കുന്നു. കരുതലും കാവലുമായി ദൈവത്തോടൊപ്പം അവള്‍ ഉണര്‍ന്നിരിക്കുന്നു. ഉണര്‍ന്നിരിക്കുന്നവര്‍ക്കുതന്നെയല്ലേ സമൂഹത്തിന്റെയും കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സൗഹൃദങ്ങളുടെയുമൊക്കെ മുന്നിലാകാനുള്ള അവകാശം?