•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ജീവിതത്തിന്റെ പരിമളം

ത്സാഹഭരിതവും സന്തോഷപൂരിതവുമായ ഒരു ജീവിതത്തെക്കുറിച്ചാണ് സര്‍വമതങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നത്. ബൈബിളുടനീളം  നിങ്ങള്‍ ആനന്ദഭരിതരായിരിക്കുവാനാണ് ആഹ്വാനം തരുന്നത്. പക്ഷേ, പലപ്പോഴും  പ്രസന്നതയോടെ ജീവിതത്തെ നേരിടാന്‍ നമുക്കു സാധിക്കാറില്ല. മനോജ്ഞമായ ഏതോ വശ്യശക്തികൊണ്ടെന്നപോലെ നമ്മുടെ ജീവിതങ്ങളെ മനോഹരമാക്കിത്തീര്‍ക്കുന്ന പ്രസാദാത്മകമായ ഒരു പ്രതിഭാസമാണ് സന്തുഷ്ടജീവിതം. ഞൊടിയിടയില്‍ സാന്ത്വനവും ആശ്വാസവും തുണയും പ്രദാനംചെയ്യാന്‍ ഇത്തരം ഒരു ജീവിതമാണു വേണ്ടത്. വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആ ജീവിതം നമുക്കു കരുത്തുപകരും. 
വളരെ സന്തോഷത്തോടെ ആഹ്ലാദഭരിതരായി ഇന്‍ഷുറന്‍സ് ഏജന്റുമാരും കച്ചവടക്കാരും ജനപ്രതിനിധികളുമൊക്കെ നമ്മെ സമീപിക്കാറുണ്ട്. അത്തരം ചായംപൂശിയ  പ്രസന്നതയ്‌ക്കൊന്നും നാം ഒരു മൂല്യവും കല്പിക്കാറില്ല. അവരുടെ പ്രസന്നഭാവം നമ്മെ സ്വാധീനിക്കാനുള്ള ഒരു കച്ചവടച്ചരക്കാണ്. നാമിവിടെ പരാമര്‍ശിക്കുന്നത് ഹൃദയ വികാരത്തെക്കുറിച്ചാണ്; നമ്മുടെ രക്തത്തിലും മജ്ജയിലും പതഞ്ഞുപൊങ്ങേണ്ട ഒരു പ്രസാദാത്മകതയെക്കുറിച്ചാണ്. അതാണു സ്‌നേഹച്ചരടില്‍ നമുക്കു ചുറ്റിലുമുള്ളവരുമായി നമ്മെ ബന്ധിപ്പിച്ചുനിര്‍ത്തുന്നത്; നമ്മുടെ വൈകാരികജീവിതത്തെ രൂപപ്പെടുത്തി നമ്മെ ഒരു മെച്ചപ്പെട്ട സാമൂഹികജീവിയാക്കി മാറ്റുന്നത്. സന്തോഷം കൈവരുമ്പോള്‍ നല്ല ഒരു ഊര്‍ജം നമ്മില്‍ വന്നുചേരും, അതോടെ മനോഭാവം മാറും. ലിയനാര്‍ഡോ ഡാവിഞ്ചി പറഞ്ഞതുപോലെ ഏതു വിഷമഘട്ടം വന്നാലും നാം പുഞ്ചിരിക്കാന്‍ പഠിക്കും. പ്രസന്നത കൈവശമുള്ള ആള്‍ക്ക് അത് സ്വന്തം ശരീരത്തില്‍ പ്രതിഫലിപ്പിക്കാനാകുന്നു. പ്രസന്നത ഒരു പൂപോലെ ആദ്യം വിരിയുന്നതു മുഖത്തായിരിക്കും. അതു മനസ്സിന്റെ അടിവേരിലെത്തി ആത്മാവില്‍ പടരുന്ന വികാരമാണ്. ഈ പ്രസന്നത നമ്മുടെ ചുറ്റിലും പരിമളമാകും, ജീവിതത്തെ അടിമുടി മാറ്റിയെഴുതും.
സുസ്‌മേരവദനനായി ഒരാള്‍ നമ്മുടെ ഇടയിലേക്കു വരുമ്പോള്‍ ചില അദൃശ്യപ്രഭാകിരണങ്ങള്‍ അവിടെ കൂടിനില്‍ക്കുന്നവരിലേക്കു പ്രസരിക്കുന്നു. മനുഷ്യനുമാത്രം സ്വന്തമായ  ഒരു സഹാനുഭൂതി മുറിയിലാകെ നിറയുന്നു. അതിന്റെ ഭാവതരംഗങ്ങള്‍ ഒരു വിദ്യുത്പ്രവാഹംപോലെ മറ്റുള്ളവരിലും എത്തിച്ചേരുന്നു. മഹാനായ എമേഴ്‌സണ്‍ പറയുന്നത് ഇതൊരുതരം ഊര്‍ജമാണ്, നമ്മുടെ വൈകാരികാവസ്ഥയെ നിയന്ത്രിക്കുന്ന, ജീവിതത്തില്‍ സംതൃപ്തി നിറയ്ക്കുന്ന ഒരു വൈഭവമാണ് എന്നാണ്. സമൂഹത്തില്‍ മനുഷ്യരെ കണ്ണികളാക്കി  ചേര്‍ത്തുനിര്‍ത്തുന്ന അതുല്യമായ ഒരു വൈഭവം!
'നമ്മുടെ പ്രസന്നതയെയും അനിര്‍വചനീയമായ സ്‌നേഹവായ്പിനെയും  പ്രകടമാക്കുന്ന ഒരു നിമിഷത്തെക്കാള്‍ മനോഹരമായ ഏതു നിമിഷമാണുള്ളത്? ഈ ജീവിതത്തിന്റെ ഏറ്റവും വലിയ പ്രേരകശക്തിയും അതുതന്നെയല്ലേ' എന്നാണ് ലിയോ ടോള്‍സ്റ്റോയ് നമ്മോടു ചോദിക്കുന്നത്.
ആരോഗ്യത്തിനും ഗുണം 
നാം സന്തോഷത്തോടെ ഇരിക്കുമ്പോള്‍ അത്തരം ക്രിയാത്മകമായ വികാരങ്ങള്‍ നമ്മുടെ തലച്ചോറിനെയും ശരീരത്തെയും മെച്ചപ്പെടുത്തുന്നു. അതു ശരീരത്തില്‍ സംഘര്‍ഷങ്ങളുളവാക്കുന്ന ഹോര്‍മോണുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിന്റെ പ്രതിരോധശക്തിയെയും അതു പരിപോഷിപ്പിക്കും. മൊത്തത്തില്‍ ഒരു നല്ല ജീവിതത്തിന് അതു വഴിയൊരുക്കും.
നല്ല സുഹൃദ്ബന്ധങ്ങള്‍ 
സന്തുഷ്ടരായ മനുഷ്യര്‍ക്കു വളരെയെളുപ്പത്തില്‍ നല്ല സുഹൃദ്‌വലയം സൃഷ്ടിച്ചെടുക്കാനാകും. അവരുടെ സ്‌നേഹപൂര്‍ണമായ പെരുമാറ്റവും രീതികളും ക്രിയാത്മകമായ സമീപനങ്ങളും ഏവര്‍ക്കും ഇഷ്ടമാകുന്നു. അവരുടെ മാനുഷികബന്ധങ്ങളും സ്‌നേഹത്തോടും കരുണയോടെയുമുള്ള സമീപനവും ഒരു ജലാശയത്തിലെ ചെറുതിരകള്‍പോലെ മറ്റുള്ളവരിലേക്കും എത്തിച്ചേരുന്നതു കാണാം. അങ്ങനെ നമ്മുടെ സമൂഹങ്ങള്‍ കുറേക്കൂടി മെച്ചമുള്ള; സ്‌നേഹതീരങ്ങളാകുന്നു. നമ്മുടെ ജീവിതങ്ങള്‍ കുറേക്കൂടി മനോഹരമാകുന്നു; അര്‍ഥസംമ്പുഷ്ടമാകുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)