•  6 Feb 2025
  •  ദീപം 57
  •  നാളം 47
ലേഖനം

ചുമ വില്ലനാകാതെ സൂക്ഷിക്കണം

ചുമച്ചു മടുത്തു! ചുമ വരുന്ന മിക്കവരും പറയുന്ന വാചകമാണിത്. ചുമ ഒരു രോഗമല്ല, പലരെയും ബുദ്ധിമുട്ടിക്കുന്ന സാധാരണമായി കാണുന്ന ഒരു ശ്വാസകോശരോഗലക്ഷണമാണ്. ശ്വാസകോശം ശരീരത്തിലെ ഒരു പ്രതിരോധവ്യവസ്ഥ കൂടിയാണ്. അന്തരീക്ഷവുമായി നിരന്തരം ബന്ധപ്പെട്ടാണ് ശ്വാസകോശം ഉള്ളത്. അതുകൊണ്ടുതന്നെ, അന്തരീക്ഷത്തില്‍നിന്നുള്ള പുക,പൊടിപടലങ്ങള്‍ തുടങ്ങി അലര്‍ജി ഉണ്ടാക്കുന്ന എല്ലാം ശ്വാസകോശത്തിലേക്കു വരുമ്പോള്‍ ഇതിനെ ഒന്നു പുറന്തള്ളാനായി പ്രതിരോധവ്യവസ്ഥ പ്രവര്‍ത്തനം തുടങ്ങും. അതുപോലെതന്നെ ബാക്ടീരിയ, വൈറസ് തുടങ്ങിയ അണുബാധകള്‍ വരുമ്പോഴും ഇതിനെ പുറന്തള്ളാനുള്ള പ്രതിരോധമായിട്ടും തുടക്കസമയത്തു ചുമ വരാം. ഇങ്ങനെയുള്ള ചുമ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍  മാറാറുണ്ട്. പക്ഷേ, ചുമ മാറാതെ ദീര്‍ഘനാള്‍ നിലനിന്നാല്‍ അതിനെ ക്രോണിക് കഫ് അഥവാ കൂടുതല്‍ കാലം നിലനില്ക്കുന്ന ചുമ  എന്നു പറയും. 
അലര്‍ജിയും ആസ്ത്മയും 
വിട്ടുമാറാത്ത അലര്‍ജിയും അനുബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങളും പലരെയും അലട്ടാറുണ്ട്. ചുമയ്ക്ക് ഏറ്റവും കൂടുതലായി കാണുന്ന കാരണം അലര്‍ജിമൂലമുള്ള പ്രശ്‌നങ്ങളാണ്. കുട്ടികളിലും മുതിര്‍ന്നവരിലും  അലര്‍ജി, ആസ്ത്മ രോഗങ്ങള്‍ ഒരുപോലെ കണ്ടുവരുന്നു. കുട്ടികള്‍ക്ക് പ്രത്യേകിച്ചും ചുമ ആയിരിക്കും പ്രധാന രോഗലക്ഷണം. വിട്ടുമാറാത്ത ചുമ വരും. കുത്തിക്കുത്തി ചുമച്ച് അസ്വസ്ഥത ഉണ്ടാകും. മറ്റു ലക്ഷണങ്ങള്‍ ഒന്നുമില്ലാതെയും പനി ഇല്ലാതെയും ചുമ വരാം. ആസ്ത്മാരോഗികളില്‍ ചെറിയ വൈറല്‍പനിപോലെ ജലദോഷവും മൂക്കൊലിപ്പും വന്നിട്ട് അതു ചുമയിലേക്കു പോകുന്ന രീതിയും കണ്ടുവരുന്നുണ്ട്. കഫക്കെട്ട് വന്നാല്‍ ഒരുപാട് കഫം കാണണമെന്നില്ല. കഫം ഉണ്ടെങ്കിലും അത് പശിമയുള്ള അണുബാധയില്ലാത്ത നിറം കുറവുള്ള കഫമായിരിക്കും. ചുമ തുടര്‍ന്നുകൊണ്ടിരിക്കും. അതാണ് സാധാരണഗതിയില്‍ അലര്‍ജി, ആസ്ത്മ തുടങ്ങിയ രോഗംകൊണ്ടുള്ള ചുമ. ഈ ചുമ പ്രത്യേകിച്ചു കുട്ടികളുടെ ചുമ മാറാതെ നിന്നാല്‍  ആന്റിബയോട്ടിക് ഉപയോഗിക്കാതെ  കൃത്യമായിട്ട് പരിശോധിച്ച് ആസ്ത്മയാണോ ആസ്ത്മകൊണ്ടുള്ള ചുമയാണോ എന്നു കണ്ടുപിടിക്കേണ്ടത് ആവശ്യമാണ്.
ശ്വാസകോശത്തിലെ അലര്‍ജിമൂലം ഉണ്ടാകുന്ന നീര്‍ക്കെട്ടിനാണ് ആസ്ത്മ എന്നു പറയുന്നത്. ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടായില്ലെങ്കില്‍പോലും മൂക്കിലും സൈനസ് അറകളിലും അലര്‍ജി മൂലവും ചുമ വരാം. അതായത്, അലര്‍ജിമൂലം തൊണ്ടയില്‍ എപ്പോഴും  കഫം വരികയും മൂക്കൊലിപ്പ് ഉണ്ടാവുകയും ചെയ്യും. തൊണ്ടയില്‍ വരുന്ന കഫം  ചുമ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ അലര്‍ജി കൊണ്ടും സൈനസെറ്റിസ് ഉള്ളവരില്‍ സൈനസ് അറയില്‍ വായുവിനുപകരം കഫം അടിഞ്ഞുകൂടിയും അലര്‍ജിക് സൈനസെറ്റിസ് അല്ലെങ്കില്‍ ഇന്‍ഫക്ടിവ് സൈനസെറ്റീവ് ആയി കഫം വന്ന് അസ്വസ്ഥത  ഉണ്ടാക്കുകയും  തൊണ്ടയില്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ഇങ്ങനെയും സാധാരണ ചുമ വരാറുണ്ട്.  അണുബാധയോ അലര്‍ജിയോ ആണ് ഇതിനെല്ലാം കാരണമാകുന്നത്.
സൂക്ഷിക്കണം സിഒപിഡി
ശ്വാസകോശത്തില്‍ നിര്‍ക്കെട്ടുണ്ടാക്കുന്ന ഒരു പ്രധാന രോഗം ആസ്ത്മയാണ്. ചുമയ്ക്ക് പ്രധാന കാരണംതന്നെയാണിത്. അതുപോലെ സൂക്ഷിക്കേണ്ട മറ്റൊരു അസുഖമാണ് സിഒപിഡി. സിഒപിഡി എന്നാല്‍ ക്രോണിക് ഒബ്‌സ്‌ട്രെക്റ്റീവ് പള്‍മണറി ഡിസീസ് എന്നാണ്. അതായത്, വിട്ടുമാറാത്ത ശ്വാസകോശരോഗമാണ് സിഒപിഡി. കൃത്യമായ ജീവിതശൈലിയിലൂടെ തടയാവുന്നതും ചികിത്സിക്കാവുന്നതുമായ രോഗമാണിത്. സിഒപിഡിക്ക് പ്രധാനകാരണം പുകവലി തന്നെയാണ്. അതുകൂടാതെ അന്തരീക്ഷമലിനീകരണം, അടുപ്പിലെ പുക തുടര്‍ച്ചയായി ശ്വസിക്കുന്നത്, ഫാക്ടറികളുടെ പുക, വാഹനങ്ങളില്‍നിന്നുള്ള പുക ശ്വസിക്കുന്നത് തുടങ്ങിയവയും കാരണങ്ങളാണ്. ഇതുമൂലം ശ്വാസകോശത്തില്‍ നേരിട്ടു കേടുണ്ടാക്കുകയും ശ്വാസകോശവായു അറകളുടെ ഭിത്തിക്ക് കേടുണ്ടാക്കി ശ്വാസകോശത്തിന്റെ  പ്രവര്‍ത്തനത്തെ കുറയ്ക്കുകയും ചെയ്യും. 40 വയസ്സിനു ശേഷമാണ് ഈ രോഗം സാധാരണ കണ്ടുവരുന്നത്. 40 വയസ്സിനുശേഷം കൂടുതലും കിതപ്പായി വരും. ചില ആളുകളില്‍ വിട്ടുമാറാത്ത ചുമ, വര്‍ഷത്തില്‍ 2 മാസമായി നില നില്ക്കുകയാണെങ്കിലും അതിനെ സിഒപിഡി എന്നു പറയും. അത് ക്രോണിക് ബ്രോങ്കൈറ്റിസ്  എന്നു  പറയുന്ന സിഒപിഡിയുടെ ഒരു വകഭേദമായിട്ടാണ് വരുന്നത്. അവര്‍ക്ക് ശ്വാസംമുട്ടലിനെക്കാളും വിട്ടുമാറാത്ത ചുമ തുടരും. ഒരു ചെറിയ വൈറല്‍ പനി വന്നാല്‍പോലും അവരുടെ ചുമ സമയമെടുത്തേ മാറുകയുള്ളൂ. അങ്ങനെയാണ് സിഒപിഡി ആളുകള്‍ക്കു ചുമ കാണുന്നത്. നീര്‍ക്കെട്ടു മാറ്റാനുള്ള മരുന്നുകളാണ് ചികിത്സയില്‍ ആവശ്യമായിട്ടുവരുന്നത്. ആന്റിബയോട്ടിക് ദീര്‍ഘകാലത്തേക്ക് കഴിക്കേണ്ട ആവശ്യമില്ല. സിഒപിഡി ആണോ എന്ന് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. സിഒപിഡി ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ക്രമേണ കുറയുകയും ആവര്‍ത്തിച്ചുള്ള അണുബാധ ഉണ്ടാകുകയും ചെയ്യും.
ഒട്ടേറെ ആളുകളില്‍ ഇന്‍ഫ്‌ളുവന്‍സയും 
ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് പോസ്റ്റ് വൈറല്‍ ബ്രോങ്കൈറ്റിസാണ്.  കോവിഡിനുശേഷവും വൈറല്‍പനി ഇപ്പോള്‍ ധാരാളം ആളുകള്‍ക്കുണ്ടാകുന്നു. പനിക്കുശേഷം വിട്ടുമാറാത്ത ചുമ പ്രശ്‌നമായവര്‍ ഏറെയാണ്. കൊവിഡിനുശേഷവും  മൂന്നുമാസത്തോളം ചുമയും അനുബന്ധപ്രശ്‌നങ്ങളും  ധാരാളം ആളുകള്‍ക്കു നിലനിന്നിരുന്നു.  കൊവിഡ് മാറിയശേഷം ഈ വര്‍ഷം കൂടുതലായിട്ടു കണ്ടുവരുന്നത് ഇന്‍ഫ്‌ളുവന്‍സ ആണ്. ഇന്‍ഫ്‌ളുവന്‍സയും ഒരു വൈറസ് ആണ്. ഇന്‍ഫ്‌ളുവന്‍സയും ശ്വാസനാളികളെ  ബാധിക്കും. അങ്ങനെ ബ്രോങ്കൈറ്റിസ് ഉണ്ടാക്കിയിട്ട് ചുമ രണ്ടു മൂന്ന് ആഴ്ച നിലനില്ക്കും. എതു വൈറല്‍പനിയും സാധാരണ ജലദോഷംപോലെ വന്ന് തൊണ്ടയ്ക്ക് അസ്വസ്ഥതയുണ്ടാക്കി ചുമ തുടങ്ങും. തുടര്‍ന്നു ശ്വാസനാളികളില്‍ അണുബാധ വരികയും ബ്രോങ്കൈറ്റിസിലേക്കു മാറുകയും ചെയ്യും.  ഇങ്ങനെയാണ് വൈറല്‍ അണുബാധകള്‍ സാധാരണ കാണുന്നത്. വൈറല്‍ ബ്രോങ്കൈറ്റിസ് പൊതുവെ 5-7 ദിവസത്തില്‍ മാറിക്കോളും. പക്ഷേ, ചിലര്‍ക്ക് ഇത് പെര്‍സിസ്റ്റന്റ് ബ്രോങ്കൈറ്റിസ് എന്നു പറയും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇപ്പോള്‍ വൈറസ്മൂലമുള്ള പെര്‍സിസ്റ്റന്റ് ബ്രോങ്കൈറ്റിസ് കാണുന്നുണ്ട്. അത്  മൂന്നാഴ്ചയോളം എടുക്കും മാറാന്‍. ഇപ്പോള്‍ കാണുന്ന ചുമയുടെ ഒരു പ്രധാന കാരണമാണിത്. അതുപോലെ അലര്‍ജിക് ബ്രോങ്കൈറ്റിസ് ഉണ്ട്. പെട്ടെന്ന് ഒരുപാട് പുക  ശ്വസിക്കുന്നതുകൊണ്ടോ, പ്ലാസ്റ്റിക്മാലിന്യങ്ങള്‍ കത്തിക്കുന്നതിന്റെ പുക ശ്വസിച്ചാലോ നീര്‍ക്കെട്ടുണ്ടാകുകയും ബ്രോങ്കൈറ്റിസിലേക്കു നയിക്കുകയും ചെയ്യാം.
ക്ഷയരോഗവും കാരണമാകാം
ദീര്‍ഘകാലമായി നില്ക്കുന്ന ബാക്റ്റീരിയല്‍ അണുബാധയില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് ട്യൂബര്‍ക്കിലോസിസ് അല്ലെങ്കില്‍ ക്ഷയരോഗമാണ്. സാധാരണ ബാക്ടീരിയല്‍ അണുബാധ ഗുരുതരമായില്ലെങ്കില്‍ 2-3 ആഴ്ച കൊണ്ടുതന്നെ ന്യൂമോണിയമൂലം ഉണ്ടാകുന്ന ചുമയും കഫക്കെട്ടും മാറാറുണ്ട്. പക്ഷേ, ഗുരുതര ന്യൂമോണിയ ആണെങ്കില്‍ അത് കുറച്ചുകാലംകൂടി നീണ്ടുനില്ക്കും. ക്ഷയരോഗം  വളരെ സാധാരണമായി ഇന്ത്യയില്‍ കാണുന്ന രോഗമാണ്. ഇതു പെട്ടെന്ന് പടരുന്നതായതിനാല്‍ നിയന്ത്രണവിധേയമാക്കേണ്ടത് വളരെ അത്യാവശ്യമാണ്. രണ്ടാഴ്ചയിലേറെ നില്ക്കുന്ന ചുമ ഉണ്ടെങ്കില്‍ ക്ഷയരോഗമല്ല എന്നുറപ്പു വരുത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. കാരണം, അതു പകര്‍ച്ചവ്യാധിയാണ്. മറ്റുളളവരിലേക്കു വായുവിലുടെ പകരുന്ന രോഗമാണ്.
ശ്വാസകോശ കാന്‍സര്‍
കൂടുതല്‍ കാലമായി നിലനില്ക്കുന്ന ചുമയ്ക്ക് ശ്വാസകോശകാന്‍സറും ഒരു കാരണമാകാം. വരണ്ട ചുമയും ചിലപ്പോള്‍ കഫത്തില്‍ രക്തം കലര്‍ന്നു വരുന്നതും കാണാം. അനുബന്ധപ്രശ്‌നമായി ശ്വാസം മുട്ടലുമുണ്ടാകാം. മറ്റു ശ്വാസകോശപ്രശ്‌നങ്ങളായ ശ്വാസകോശം ചുരുങ്ങുന്ന ലങ്  ഫൈബ്രോസിസ് എന്ന അസുഖവും വരണ്ട ചുമയുടെ രൂപത്തിലാണ് പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. ഇതൊക്കെയാണ് ശ്വാസകോശത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇതല്ലാതെ അസിഡിറ്റിമൂലം ഉണ്ടാകുന്ന ഗ്യാസ്ട്രാ ഈസോ ഫേജല്‍ റിഫ്‌ളക്‌സ് ഡിസീസ് (ജി.ഇ.ആര്‍.ഡി.) എന്നു പറയുന്ന അവസ്ഥയും ചുമയ്ക്കു കാരണമാകുന്നുണ്ട്. അസിഡിറ്റി നമ്മുടെ തൊണ്ടയില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ഈ അസ്വസ്ഥതകൊണ്ട് വിട്ടു മാറാത്ത ചുമ ഉണ്ടാവുകയും ചെയ്യും. 
സ്വയംചികിത്സ അരുത്
ചുമയ്ക്ക് സ്വന്തമായി ചികിത്സ അരുത്. മെഡിക്കല്‍ സ്റ്റോറില്‍ പോയി സിറപ്പും മറ്റു മരുന്നുകളും വാങ്ങിക്കഴിച്ചു നിറുത്തുന്നതല്ല ചുമയുടെ ചികിത്സ. ചുമയുടെ പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാകാം. എന്താണെങ്കിലും ഒരു കൃത്യമായ രോഗനിര്‍ണയത്തില്‍ എത്തുക എന്നതാണ് അഭികാമ്യം. ചുമയ്ക്ക് ചികിത്സ തേടേണ്ടത് എത്രയും പെട്ടെന്നുതന്നെ വേണം. രണ്ടാഴ്ചത്തേക്ക് ചുമ കാത്തുനില്‌ക്കേണ്ട കാര്യമില്ല. ചില വൈറല്‍ അണുബാധകൊണ്ടുള്ള ചുമ പെട്ടെന്നുതന്നെ ശ്വാസതടസ്സത്തിലേക്കു പോകുന്നതു കാണുന്നുണ്ട്. അതുകൊണ്ട്, നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു ചുമയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുക. അതിനോടനുബന്ധിച്ച് ശ്വാസംമുട്ടല്‍ വരികയാണെങ്കില്‍ അണുബാധയല്ലെന്ന് ഉറപ്പു വരുത്തുക. അലര്‍ജി ആണെങ്കില്‍ കൃത്യമായി രോഗനിര്‍ണയം നടത്താന്‍ എല്ലാത്തരത്തിലുമുളള പരിശോധനകള്‍ ഇപ്പോള്‍ ലഭ്യമാണ്. ചികിത്സിച്ചു പൂര്‍ണമായി മാറ്റാനും  സാധിക്കും. അതുകൊണ്ടുതന്നെ, കാരണങ്ങള്‍ കണ്ടെത്തുക എന്നതാണ് ഏറ്റവും അത്യാവശം.

ലേഖിക പാലാ മാര്‍ സ്ലീവാ മെഡിസിറ്റി പള്‍മ
ണറി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)