മേയ് 12 നഴ്‌സസ് ദിനം
ഔഷധങ്ങളാണ് സൗഖ്യം നല്കുന്നതെങ്കിലും അവയുടെയൊക്കെ ശാസ്ത്രീയശക്തികള്‍ക്കപ്പുറത്തേക്കു നീണ്ടുപോകുന്ന സൗഖ്യത്തിന്റെ ചില അദൃശ്യകരസ്പര്‍ശങ്ങളുണ്ട്. അവ ആതുരശുശ്രൂഷകരുടേതാണ്. അനര്‍ഥങ്ങളും അപായങ്ങളും മുള്ളുകളും മുറിവുകളുമൊക്കെയുള്ള നമ്മുടെ ജീവിതവഴികളില്‍ തൈലക്കൂട്ടുകളുമായി തമ്പുരാന്‍ നിയമിച്ചയയ്ക്കുന്ന നല്ല സമരിയാക്കാരാണവര്‍.
വിണ്ണില്‍നിന്നു മാലാഖമാര്‍ മണ്ണില്‍ വന്നതിന്റെ വൃത്താന്തങ്ങള്‍ വിശുദ്ധ ഗ്രന്ഥങ്ങളിലുണ്ട്. വിടുതലിന്റെയും വീണ്ടെടുപ്പിന്റെയും സുവാര്‍ത്തയുമായിട്ടാണ് അവരുടെ സമാഗമം. സര്‍വസ്രഷ്ടാവും പരിപാലകനും സൗഖ്യദായകനുമായ ദൈവത്തിന്റെ കരുതലിന്റെ കരസ്പര്‍ശമാണ് അവര്‍ മനുഷ്യനു സമ്മാനിച്ചത്. അവരുടെ സാമീപ്യത്തില്‍ മനുഷ്യകുലത്തിന്റെ നിരാശ നീങ്ങി. മണ്ണിന്റെ മിഴിനീരുണങ്ങി. അവിടെ വാമൊഴികള്‍ പ്രത്യാശയുടെ പുതിയ ലോകത്തേക്കുള്ള വാതിലുകള്‍ തുറന്നിട്ടു. അവരുടെ ആഗമനത്തില്‍ ഇളകിമറിഞ്ഞ ഓളങ്ങളില്‍ ഒളിച്ചവര്‍ വര്‍ഷങ്ങളായി വിട്ടുമാറാതിരുന്ന വ്യാധികളില്‍നിന്നും വിമുക്തരായി. ശുഭ്രവസ്ത്രധാരികളായ അവരുടെ സാന്നിധ്യം ശോകമൂകമായ അന്തരീക്ഷത്തില്‍ ശുഭസൂചകമായിരുന്നു. അവരുടെ സാമീപ്യം സുഖദായകവും ആ വാനാരൂപികളുടെ വാക്കുകള്‍ വൈദ്യവും, കര്‍മങ്ങള്‍ കരുതലുള്ളവയുമായിരുന്നു. വെള്ളിച്ചിറകുകള്‍ വീശി പറന്നുനടന്ന അവര്‍ പ്രപഞ്ചത്തിലെ പ്രത്യാശയുടെ പ്രകാശഗോളങ്ങളായി.
വേദപുസ്തകങ്ങളിലെ മാലാഖമാര്‍ മണ്ണുവിട്ടു വിണ്ണിലേക്കു മടങ്ങിയപ്പോള്‍ മണ്ണ് അനാഥമാകാതിരിക്കാന്‍, പാരില്‍ കരുതലിനും കാരുണ്യത്തിനും പഞ്ഞമുണ്ടാകാതിരിക്കാന്‍ മണ്ണില്‍നിന്നുതന്നെ മാലാഖമാരെ മെനഞ്ഞെടുക്കാന്‍ വിണ്ണു മനസ്സായി. ലോകമെമ്പാടുമുള്ള അസംഖ്യം ആരോഗ്യകേന്ദ്രങ്ങളിലായി അശ്രാന്തസേവനം ചെയ്തുകൊണ്ട് വിണ്‍ദൂതരെപ്പോലെ വെണ്‍വസ്ത്രമണിഞ്ഞു പറന്നുനടന്ന ആതുരശുശ്രൂഷകരാണവര്‍. നമ്മില്‍ നല്ലൊരു ഭാഗവും നേരംനോക്കി മുടങ്ങാതെ ആഹാരം കഴിക്കുമ്പോള്‍ ഊണും ഉറക്കവും പോലുമില്ലാതെ ജോലി ചെയ്യുന്നവര്‍. പകര്‍ച്ചവ്യാധികളെ പേടിച്ചു മനുഷ്യര്‍ മുറികള്‍ പൂട്ടി സുരക്ഷിതരായി കഴിയുമ്പോള്‍ പ്രാണന്‍പോലും പണയംവച്ചുകൊണ്ട് രോഗികളെ പരിചരിക്കുന്നവര്‍. മറ്റാര്‍ക്കുമെന്നപോലെ ആശങ്കകളും, സ്വപ്നങ്ങളും സ്വകാര്യതകളും ഉറ്റവരും പെറ്റവരും കുടുംബങ്ങളും കൂട്ടരുമൊക്കെ തങ്ങള്‍ക്കുമുണ്ടെങ്കിലും അവയെയൊക്കെ മറക്കാതെ മറന്നുകൊണ്ട് മറ്റുള്ളവരുടെ ആയുസ്സിനെ ആവുന്നത്ര നീട്ടിക്കൊണ്ടുപോകാന്‍ അക്ഷീണം, അഹോരാത്രം അധ്വാനിക്കുന്നവര്‍.
ആതുരസേവനം വെറുമൊരു ഉപജീവനമാര്‍ഗം എന്നതിലുപരി ഉന്നതമായ ഒരു അര്‍പ്പണമാണ്. സോദരസ്‌നേഹത്തിന്റെയും സമര്‍പ്പിതസേവനത്തിന്റെയും അള്‍ത്താരകളില്‍ അനുദിനം അര്‍ച്ചനാപുഷ്പങ്ങളായി മാറുന്ന അനേകലക്ഷം ആതുരശുശ്രൂഷകര്‍ ആഗോളതലത്തിലുണ്ട്. പരിചിതരും അല്ലാത്തവരുമായി അടുത്തും അകലെയുമുള്ള അവരെയെല്ലാം ജാതി, മത, വര്‍ണവിശ്വാസങ്ങളെ മറികടന്നുപോരുന്ന അവരുടെ സേവനങ്ങളോടുകൂടെ ലോകം നന്ദിയോടെ അനുസ്മരിക്കേണ്ടതുണ്ട്. ഔഷധങ്ങളാണ് സൗഖ്യം നല്കുന്നതെങ്കിലും അവയുടെയൊക്കെ ശാസ്ത്രീയശക്തികള്‍ക്കപ്പുറത്തേക്കു നീണ്ടുപോകുന്ന സൗഖ്യത്തിന്റെ ചില അദൃശ്യകരസ്പര്‍ശങ്ങളുണ്ട്. അവ ആതുരശുശ്രൂഷകരുടേതാണ്. അനര്‍ഥങ്ങളും അപായങ്ങളും മുള്ളുകളും മുറിവുകളുമൊക്കെയുള്ള നമ്മുടെ ജീവിതവഴികളില്‍ തൈലക്കൂട്ടുകളുമായി തമ്പുരാന്‍ നിയമിച്ചയയ്ക്കുന്ന നല്ല സമരിയാക്കാരാണവര്‍. തങ്ങളുടെ ആരുമല്ലാത്തവരെ അപ്പച്ചാ, അമ്മച്ചീ, ചേട്ടാ, ചേച്ചീ, മോനേ, മോളേ എന്നൊക്കെ വാത്സല്യത്തോടെ മാത്രം വിളിക്കാന്‍ പരിശീലിച്ചിട്ടുള്ളവര്‍. അഗതികളുടെയും അനാഥരുടെയും അടുത്തിരുന്നുകൊണ്ട് അവര്‍ക്ക് ആഹാരവും മരുന്നും അവശ്യാനുസരണം കൊടുക്കുന്നവര്‍. കൂട്ടിനിരിക്കേണ്ടവര്‍ മയങ്ങുമ്പോഴും, സമയം തെറ്റാതെ രോഗീശയ്യകള്‍ക്കരികില്‍ അവരുണ്ടാവും. തങ്ങളുടെ പരിചരണത്തിലുള്ളവരുടെ ചെറിയൊരു ഞരക്കത്തിലും മൂളലിലുംവരെ കാതുകൂര്‍പ്പിക്കുന്നവര്‍. തങ്ങള്‍ പരിരക്ഷിക്കുന്നവര്‍ക്കുവേണ്ടി സ്വന്തം ജീവന്‍ തുലാഭാരം നല്കുന്നവര്‍. മനുഷ്യവംശത്തിന്റെ ചങ്കിടിപ്പിന്റെ കാവല്ക്കാരാണവര്‍. അവരുടെ വിരല്‍ത്തുമ്പുകളിലൂടെയാണ് ദൈവം പ്രപഞ്ചത്തിലെ പ്രാണന്റെ തുടിപ്പുകളെ നിലനിര്‍ത്തുന്നത്. അവരുടെ തലോടലുകളിലൂടെയാണ് സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശം നരകുലം അനുഭവിക്കുന്നത്.
എത്രയോ ജന്മങ്ങള്‍ അവരുടെ കരതലങ്ങളിലൂടെ പിറന്നുവീഴുന്നു! എത്രയോപേര്‍ അവരുടെ മടിത്തട്ടുകളില്‍ കിടന്ന് മിഴിയടയ്ക്കുന്നു! സ്വന്തം കുടുംബപ്രാരബ്ധങ്ങളും പ്രശ്‌നങ്ങളും മനോദുഃഖങ്ങളും മാറാനൊമ്പരങ്ങളും ജീവിതപ്രതിസന്ധികളുമൊക്കെമൂലം നെഞ്ചെരിയുമ്പോഴും അവയെ കേവലമൊരു മുഴം മുഖാവരണംകൊണ്ടു മറച്ചുവച്ചു മൊഞ്ചോടെ പുഞ്ചിരിക്കുന്ന അവരുടെ മിഴികളില്‍നിന്നാണ് മൃതപ്രായരായവര്‍പോലും പ്രത്യാശയുടെ പാഠങ്ങള്‍ പഠിക്കുന്നത്. തങ്ങളുടെ പരിചരണത്തില്‍ കഴിഞ്ഞ് അസുഖം ഭേദമായി തിരിച്ചുപോരുന്നവരെയും അത്യാസന്നനിലയില്‍ മരണപ്പെടുന്നവരെയുമൊക്കെ കാണുമ്പോള്‍ അവരുടെ കണ്ണുകള്‍ നനയാറുണ്ട്. അതൊന്നും ആരും കണ്ടെന്നു വരില്ല. കാരണം, ആരെയും കാണിക്കാന്‍വേണ്ടി അതൊന്നും. പരിചരിക്കാനും സ്വന്തം പ്രാണന്‍ മറ്റുള്ളവരുടെ മോചനദ്രവ്യമാക്കി മാറ്റാനും മന്നില്‍വന്ന മനുഷ്യപുത്രന്‍ തന്റെ മരണശേഷം കല്ലറവിട്ടപ്പോള്‍ കൂടെക്കൊണ്ടുപോകാതെ മനഃപൂര്‍വം മടക്കിവച്ചിട്ടുപോയ കരുതലിന്റെ ആ വെള്ളക്കച്ചയാവാം മണ്ണിലെ ഈ മാലാഖമാര്‍ അണിഞ്ഞിരിക്കുന്നത്. ശ്വേതവര്‍ണംപോലെതന്നെ ശുദ്ധിയുള്ളതാണ് ശുഭ്രവസ്ത്രധാരികളായ അവരുടെ സേവനവും. അവരുടെ ഔദ്യോഗികവസ്ത്രത്തിലെ ഒന്നിലധികമുള്ള കീശകളില്‍ കാശല്ല, ആതുരര്‍ക്ക് ആശ്വാസം കൊടുക്കാനുള്ള മരുന്നും ലേപനങ്ങളുമാണുള്ളത്. ശയ്യാവലംബരെ ശുശ്രൂഷിക്കുമ്പോള്‍ കിട്ടാന്‍പോകുന്ന ശമ്പളമല്ല അവരുടെ ചിന്ത; മറിച്ച്, രോഗികളുടെ സൗഖ്യവും സന്തോഷവുമാണ്. സ്വന്തബന്ധങ്ങള്‍പോലും തൊടാന്‍ അറയ്ക്കുന്ന വ്രണങ്ങളും തുടയ്ക്കാന്‍ മടിക്കുന്ന മുറിവുകളുമൊക്കെ ശ്രദ്ധയോടെ കഴുകി ശുദ്ധമാക്കുന്ന അവരുടെ കൈകളുടേതിനേക്കാള്‍ മനുഷ്യത്വത്തിന്റെ മണമുള്ള മറ്റെന്താണു ഭൂമിയിലുള്ളത്?
ആതുരശുശ്രൂഷ ഒരു തൊഴിലല്ല, നിയോഗമാണ്. വെറുമൊരു വരുമാനമല്ല, വരദാനമാണ്. ഉദ്യോഗമല്ല, സഹജീവികളുടെ ആരോഗ്യത്തെയും ജീവനെയും നിലനിര്‍ത്താനുള്ള ഉദാത്തമായ ഉദ്യമമാണ്. ആര്‍ദ്രതയുള്ള ഹൃദയവും കരുതുന്ന കരങ്ങളുമുള്ളവരെ മാത്രം ദൈവം തിരഞ്ഞുപിടിച്ച് ഏല്പിക്കുന്ന മഹത്തായ ദൗത്യമാണത്. കടമകള്‍ക്കും കടപ്പാടുകള്‍ക്കും ബന്ധങ്ങള്‍ക്കും സ്വന്തങ്ങള്‍ക്കുമൊക്കെ മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ഉള്ളിന്റെയുള്ളില്‍ മനുഷ്യപ്പറ്റെന്ന പവിഴപ്പുറ്റുള്ളവര്‍ക്കു മാത്രമായി മാറ്റിവച്ചിരിക്കുന്ന നിരുപമമായ നിയോഗമാണത്. ഉടുവസ്ത്രത്തിന്റേതുപോലെതന്നെ ഉണ്മയും വെണ്മയുമുള്ള കര്‍മമാണവരുടേത്. അറിവു പകര്‍ന്നുകൊടുക്കുന്ന അധ്യാപനംപോലെ അതിശ്രേഷ്ഠമാണ് ആശ്വാസം പകര്‍ന്നുകൊടുക്കുന്ന ആതുരസേവനവും. അധ്യാപകരെപ്പോലെ ആതുരശുശ്രൂഷകരും ആദരിക്കപ്പെടണം. മറ്റു ലാഭേച്ഛകളോടെ ആതുരശുശ്രൂഷയെ കാണുന്നവര്‍ കുലീനമായ ആ സേവനത്തിന്റെ ആത്മാവിനെയും അന്തഃസത്തെയെയും കൃത്യമായി മനസ്സിലാക്കാത്തവര്‍ മാത്രമാണ്. ആതുരാലയങ്ങള്‍ ഒരര്‍ഥത്തില്‍ ആരാധനാലയങ്ങള്‍ക്കു തുല്യം. ജീവദാതാവായ ദൈവത്തിന്റെ അദൃശ്യസാന്നിധ്യമാണ് ആരാധനാലയങ്ങളിലുള്ളതെങ്കില്‍, ജീവപാലകനായ അതേ ദൈവത്തിന്റെ അദൃശ്യസാമീപ്യമാണ് ആതുരാലയങ്ങളില്‍ ശുശ്രൂഷകരിലൂടെയുള്ളത്. അവരുടെ പാണിപാദങ്ങള്‍ തളരാതെയും മനം മടുക്കാതെയുമിരിക്കേണ്ടത് ആവശ്യമാണ്. മനുഷ്യന്റെ ജനിമൃതികളില്‍ താങ്ങായി നില്ക്കുന്ന അവരുടെ കൈവെള്ളകളെയാണ് കാലം കുനിഞ്ഞുചുംബിക്കേണ്ടത്. അവരെയൊക്കെ ഏതെങ്കിലും വിധത്തില്‍ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുള്ളവര്‍ ഭൂമിയിലെ ഭാഗ്യപ്പെട്ടവര്‍.
രോഗപ്രതിരോധപരിചരണമേഖലകളില്‍ രാപകല്‍ഭേദമെന്യേ പ്രയത്‌നിക്കുന്നവരില്ലെങ്കില്‍ ഊഴീതലം ഉരുണ്ട ഒരു ശവപ്പറമ്പു മാത്രമായി മാറും. ആതുരര്‍ക്ക് ആശ്വാസമായി മാറുന്ന അവരുടെ ആയുരാരോഗ്യങ്ങള്‍ക്കുവേണ്ടി ഉരുവിടാന്‍ ഒരുപിടി പ്രാര്‍ഥനകള്‍ ഈ കാലത്ത് കരുതിവയ്ക്കാം. സേവനമധ്യേ സ്വജീവന്‍ പൊലിഞ്ഞുപോയവരുടെ ആത്മാക്കള്‍ക്കു നിത്യശാന്തി നേരാം. പാര്‍ത്തലത്തില്‍ കരുതലിന്റെ കരവിരല്‍പ്പാടുകള്‍ കൂടുതല്‍ തെളിഞ്ഞു പതിയുന്നിടം ആതുരാലയമാണ്. അവിടെയൊക്കെ ചിറകുകളില്ലാതെ പാറിപ്പറന്ന മണ്ണിന്റെ മണമുള്ള മാലാഖക്കൂട്ടങ്ങളെ വിണ്ണിലെ വെണ്‍ദൂതവൃന്ദം കണ്ടുകൊതിക്കട്ടെ. അവര്‍ക്കേവര്‍ക്കും സൃഷ്ടപ്രപഞ്ചനാളങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന പ്രാണന്റെ സഹസ്രപ്രണാമം!