2023 ലെ ലോകവദനാരോഗ്യദിനത്തിന്റെ ഔദ്യോഗികമുദ്രാവാക്യം ''നിങ്ങളുടെ വദനത്തെക്കുറിച്ചു അഭിമാനിക്കുക'' ((Be Proud of Your Mouth) ) എന്നതാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വായുടെ ആരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, വദനാരോഗ്യത്തിന്റെ പ്രാധാന്യം കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനം നല്‍കാനാണു പ്രസ്തുത മുദ്രാവാക്യംകൊണ്ട് ഉദ്ദേശിക്കുന്നത്. വദനാരോഗ്യം പ്രോത്സാഹിപ്പിക്കാന്‍വേണ്ടി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോകവദനാരോഗ്യദിനമായ മാര്‍ച്ച് 20 മുതല്‍ ഒരു മാസത്തേക്ക് ഇന്ത്യയിലെ എല്ലാ പ്രായക്കാര്‍ക്കുംവേണ്ടിയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വായുടെ ശുചിത്വസമ്പ്രദായങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രചരിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നതാണ്.
ദന്തരോഗം ആഗോളതലത്തില്‍
ആഗോളതലത്തില്‍ ഏകദേശം 3.5 ബില്യണ്‍ ആളുകളില്‍ വായിലെ രോഗങ്ങള്‍ ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു. ലോകാരോഗ്യസംഘടനയുടെ 2022 ലെ കണക്കനുസരിച്ച് ഇവരില്‍ 4 ല്‍ 3 പേരും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ദന്തക്ഷയം ലോകമെമ്പാടും മുതിര്‍ന്നവരില്‍ ഏകദേശം 2 ബില്യണ്‍ ആളുകള്‍ക്കും 514 ദശലക്ഷം കുട്ടികള്‍ക്കും സംഭവിക്കുന്നതായി കണ്ടുവരുന്നു. ദന്തരോഗങ്ങള്‍മൂലം വേദനയും അസ്വസ്ഥതയും മാത്രമല്ല, അപൂര്‍വമായി മരണംവരെയും സംഭവിക്കാം. ആയതിനാല്‍, ദന്തശുചിത്വത്തിന്റെയും വായുടെ ആരോഗ്യത്തിന്റെയും പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വേള്‍ഡ് ദന്തല്‍ ഫെഡറേഷന്‍ (എഫ്.ഡി.ഐ.) വര്‍ഷംതോറും ദിനാചരണം നടത്തുന്നത്. നമ്മുടെ രാജ്യത്തു ദന്തഡോക്ടറുമാരുടെ സംഘടനയായ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ (IDA) ഈ ലക്ഷ്യത്തോടെ എഫ്.ഡി.ഐ. യുമായി ഈയവസരത്തില്‍ കൈകോര്‍ക്കുന്നുണ്ട്.
ദന്തരോഗപ്രതിരോധത്തിന്റെ ചരിത്രം
പുരാതന ഈജിപ്ഷ്യന്‍, ചൈനീസ്ഗ്രന്ഥങ്ങള്‍ പതിറ്റാണ്ടുകളായി വായുടെ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍, 1400 കളില്‍പ്പോലും, പന്നികളില്‍നിന്നു പിഴുതെടുത്ത കുറ്റിരോമങ്ങള്‍ എല്ലിലോ മരത്തിലോ ഉറപ്പിച്ച് ടൂത്ത് ബ്രഷുകളായി ഉപയോഗിച്ചിരുന്നു. അതേസമയം യൂറോപ്പില്‍, ബ്രാണ്ടിയും വെള്ളവും ചേര്‍ത്ത ലായനിയില്‍ ഉപ്പു കലര്‍ത്തി വായ് കഴുകാന്‍ ഉപയോഗിച്ചു (ആദ്യത്തെ 'മൗത്‌വാഷ്'). അവര്‍ പല്ലുവൃത്തിയാക്കാന്‍ മാര്‍ദവമുള്ള സ്‌പോഞ്ചുപോലുള്ള വസ്തുക്കളാണ് ഉപയോഗിച്ചിരുന്നത്. നമ്മുടെ നാട്ടില്‍ ഇതിനായി മാവിലയും ഉമിക്കരിയും വേപ്പിന്റെ കമ്പും ഉപയോഗത്തിലുണ്ടായിരുന്നു (ചിലര്‍ ഇപ്പോഴും ഇവ ഉപയോഗിക്കുന്നുണ്ട്).
ആധുനിക ടൂത്ത്ബ്രഷും ടൂത്ത്‌പേസ്റ്റും
1780 ല്‍ ഇംഗ്ലണ്ടിലെ വില്യം ആഡിസ് ആണ് ആധുനിക ടൂത്ത്ബ്രഷ് കണ്ടുപിടിച്ചത്. പശുവിന്റെ അസ്ഥിയില്‍നിന്നു പ്രത്യേകം കൊത്തിയെടുത്ത പിടിയില്‍ പന്നിയുടെ കുറ്റിരോമങ്ങള്‍ ഘടിപ്പിച്ചുകൊണ്ട് അദ്ദേഹം ആദ്യത്തെ ടൂത്ത്ബ്രഷിന് രൂപകല്പന ചെയ്തു.
ടൂത്ത്‌പേസ്റ്റ് ആദ്യമായി മാര്‍ക്കറ്റില്‍ ഇറക്കിയത് 1873ല്‍ കോള്‍ഗേറ്റ് കമ്പനിയാണ്. ഗ്ലാസ്ജാറുകളിലാണ് ആദ്യമൊക്കെ ടൂത്ത്‌പേസ്റ്റിട്ടു സൂക്ഷിച്ചിരുന്നത്. പിന്നീട് 1896 ല്‍ അവര്‍ ട്യൂബില്‍ ആദ്യമായി ടൂത്ത്‌പേസ്റ്റ് വില്‍ക്കാന്‍ ആരംഭിച്ചു. തുടര്‍ന്നായിരുന്നു മറ്റു കമ്പനികളുടെ രംഗപ്രവേശം.
എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഭൂരിഭാഗം ആളുകളും ദന്തശുചിത്വത്തെക്കുറിച്ചു വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. അതിനാല്‍, വദനരോഗങ്ങള്‍ വിപുലമായിരുന്നു. അവ ചികില്‍സിക്കാന്‍ പരമ്പരാഗത ഔഷധങ്ങള്‍മാത്രമേ ലഭ്യമായിരുന്നുള്ളൂ. പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചു കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കാലമായിരുന്നത്. 1880 ല്‍ മാത്രമാണ് ദന്തരോഗം തടയുന്നതിനുള്ള പ്രതിരോധചികിത്സയ്ക്കു തുടക്കംകുറിച്ചത്. നവീനസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ദന്തഡോക്ടര്‍മാര്‍ ഇതിനായി മുന്നോട്ടുവന്നു. അവര്‍ക്കു നേതൃത്വം നല്‍കിയത് ആഗോള സംഘടനായ ഫെഡറേഷന്‍ ഡെന്റയര്‍ ഇന്റര്‍നാഷണല്‍ ആണ്. ദന്തബോധം പ്രചരിപ്പിക്കുന്നതിന്റെ പിന്നിലെ ഏറ്റവും പ്രധാന ശക്തിയായി ഈ സംഘടന പിന്നീടു മാറുകയുണ്ടായി. 2013 ല്‍ ആദ്യത്തെ ആഗോളദന്താരോഗ്യദിനം പ്രഖ്യാപിച്ചപ്പോള്‍, ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുന്നതിനുള്ള അവരുടെ ഉദ്യമം ഫലം കണ്ടു. 2013 മുതല്‍, എല്ലാവര്‍ഷവും ലോകവദനാരോഗ്യദിനം ഒരു പ്രത്യേക ''തീം'' (മുദ്രാവാക്യം) പിന്തുടരുന്നു. ''ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യമുള്ള പല്ലുകള്‍'' (Healthy Teeth for Healthy Life) എന്നതായിരുന്നു ആദ്യമുദ്രാവാക്യം.
A) ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗവും
മോണരോഗം ഒരു വ്യക്തിയുടെ ഹൃദ്രോഗസാധ്യത 20% വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചുണ്ട്. പ്രായപൂര്‍ത്തിയായവരില്‍ ദന്തസംരക്ഷണത്തില്‍ വീഴ്ച വരുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മോണരോഗമുള്ളവരില്‍ മരുന്ന് ഉപയോഗിച്ച് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ നല്ല വദനാരോഗ്യമുള്ളവരെക്കാള്‍ ബുദ്ധിമുട്ടുണ്ടാകും.
B) പ്രമേഹം
പ്രമേഹമുള്ളവരില്‍ മോണരോഗം വരാനുള്ള സാധ്യത 86% കൂടുതലാണ്. അതോടൊപ്പം, ചികിത്സിക്കാത്ത മോണരോഗമുള്ളവര്‍ക്ക് അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിക്കാന്‍ പ്രയാസമുണ്ടാക്കുന്നു.
C) മറവിരോഗം (ഡിമെന്‍ഷ്യ)
വിട്ടുമാറാത്ത മോണരോഗം (പെരിയോഡോണ്ടൈറ്റിസ്) ഉള്ളവരില്‍ അല്‍ഷിമേഴ്‌സ്/ ഡിമെന്‍ഷ്യരോഗം വരാന്‍ ഉയര്‍ന്ന സാധ്യതയുണ്ട്. അനിയന്ത്രിതമായ മോണരോഗം അല്‍ഷിമേഴ്‌സ് രോഗത്തില്‍പ്പെടുന്ന ന്യൂറോ ഇന്‍ഫ്‌ളമേറ്ററി പ്രതിഭാസത്തെ പ്രവര്‍ത്തനക്ഷമമാക്കുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യാമെന്ന് ആനുകാലികഗവേഷണറിപ്പോര്‍ട്ടുകളുണ്ട്.
D) ശ്വസനാരോഗ്യം
പ്രായാധിക്യത്തെത്തുടര്‍ന്ന് ആരോഗ്യം നഷ്ടപ്പെട്ടവരില്‍ വായുടെ ശുചിത്വം മെച്ചപ്പെടുത്തുന്നതുവഴി 'ആസ്പിരേഷന്‍ ന്യുമോണിയ' മൂലമുണ്ടാകുന്ന മരണനിരക്കു കുറയ്ക്കാന്‍ കഴിയുമെന്നാണ് വൈദ്യശാസ്ത്രഗവേഷണങ്ങള്‍ കാണിക്കുന്നത്. കൂടാതെ, വായുടെ ശുചിത്വം പാലിക്കുന്നവരില്‍ 'ഹോസ്പിറ്റല്‍ - അക്വയേര്‍ഡ് ന്യുമോണിയ' (ആശുപത്രിയില്‍നിന്നു പിടിപെടുന്ന ന്യൂമോണിയ) എന്ന രോഗബാധ 92% കുറയ്ക്കുന്നു.
E) ഗര്‍ഭധാരണവും പ്രസവവും
ഗര്‍ഭിണികള്‍ക്കിടയിലെ മോണരോഗംമൂലം മാസം തികയാതെയുള്ള പ്രസവം, ഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍, ഗര്‍ഭം അലസിക്കല്‍ മുതലായ സങ്കീര്‍ണതകള്‍ പ്രസവത്തോടനുബന്ധിച്ച് ചിലരില്‍ കണ്ടുവരുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ദന്താരോഗ്യത്തിനായി എന്തെല്ലാം ചെയ്യണം?
ശുചിത്വദിനചര്യ പരിശീലിക്കുക. വായിലെ അണുക്കള്‍ ദന്തക്ഷയം, പല്ലുവേദന എന്നിവയ്ക്കു കാരണ മാക്കുന്നതിനാല്‍ പല്ലും വായും ശ്രദ്ധിക്കേണ്ടത് പ്രധാന മാണ്. കുട്ടികള്‍ ദന്താരോഗ്യപരിരക്ഷണം മുതിര്‍ന്നവരില്‍നിന്നാണു പഠിക്കുന്നത്. അതിനാല്‍, മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് ഇതില്‍ മാതൃകയായിരിക്കണം. ഓരോ ഭക്ഷണത്തിനുശേഷവും വൃത്തിയായി വായ് കഴുകുന്നതിന്റെയും, ദിവസം രണ്ടുനേരം പല്ലു തേക്കുന്നതിന്റെയും പ്രാധാന്യം അവരെ പറഞ്ഞുമനസ്സിലാക്കണം
സമീകൃതമായ കുറഞ്ഞ പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുക. പാനീയങ്ങള്‍, ലഘുഭക്ഷണങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയില്‍ അമിതമായ അളവില്‍ പഞ്ചസാര അടങ്ങിയിരിക്കുന്നത് ദന്തക്ഷയത്തിനു മാത്രമല്ല, അമിതവണ്ണത്തിനും പ്രമേഹസാധ്യതയ്ക്കും കാരണമാകുന്നു. പഞ്ചസാരരഹിത 'ച്യൂയിങ്ഗം' പല്ലിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യുമെന്നു മനസ്സിലാക്കിയിട്ടുണ്ട്. ഇതു പല്ലിന്റെ പ്രതലത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അമ്ലത്തെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു.
ദുശ്ശീലങ്ങളോടു വിടപറയുക - പുകവലി, മുറുക്ക്, പാന്‍മസാലയുടെ ഉപയോഗം, മദ്യപാനം മുതലായവ പൂര്‍ണമായും ഒഴിവാക്കുക. ഇതുപയോഗിക്കുന്നവരില്‍ വായിലെ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നു
ദന്തരോഗവിദഗ്ധനെ ആറുമാസം കൂടുമ്പോള്‍ സന്ദര്‍ശിക്കുക വായിലെ രോഗങ്ങള്‍ ഏകദേശം 3.5 ബില്യണ്‍ ആളുകളെ ബാധിക്കുന്നു, അതിനാല്‍ മറ്റേതു രോഗത്തെയുംപോലെ ''ചികിത്സയെക്കാള്‍ നല്ലത് പ്രതിരോധം'' (Prevention is better than cure) എന്ന ആപ്തവാക്യം ദന്തരോഗത്തിന്റെ കാര്യത്തിലും പ്രസ്താവ്യമാണ്.
(കണ്‍സള്‍ട്ടന്റ് ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജന്‍, പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രി, തിരുവല്ല. (കോട്ടയം ഗവണ്‍മെന്റ് ഡെന്റല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍).
ഡോ. ജോര്‍ജ് വര്‍ഗീസ്
