•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

സമാനതകളില്ലാത്ത ഭാരതപര്യടനം : ഭാരത് ജോഡോ യാത്ര സമാപനഘട്ടത്തിലേക്ക്

ന്യാകുമാരിമുതല്‍ കാഷ്മീര്‍ വരെ കാല്‍നടയായി നടക്കുക! അഞ്ചു മാസം നീണ്ട 3,970 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടത്തം. ഇന്ത്യയെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജനുവരി 30 തിങ്കളാഴ്ച പൂര്‍ത്തിയാക്കുന്ന യാത്രയ്ക്കു സമാനതകളില്ല. ഇന്ത്യയില്‍ ഇത്ര ദീര്‍ഘമായൊരു കാല്‍നടയാത്ര ആരും ഇതിനുമുമ്പു നടത്തിയിട്ടില്ല. ഇതര ലോകരാജ്യങ്ങളിലും സമാനപദ യാത്രകളില്ല. ഇന്ത്യയിലാകെ തരംഗമായ പദയാത്രയുടെ അവസാനദിവസങ്ങളിലും രാഹുലിനും സഹയാത്രികര്‍ക്കും തളര്‍ച്ചയില്ല.
2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ ആരംഭിച്ച് ദിവസങ്ങളോളം കേരളത്തിലൂടെ കടന്നുപോയ ഭാരത് ജോഡോയാത്ര  ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലൂടെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലൂടെയും സഞ്ചരിച്ചു. ജനുവരി 30 ന് ജമ്മുകാഷ്മീരിലെ ശ്രീനഗറില്‍ രാഹുല്‍ ഗാന്ധി ദേശീയപതാക ഉയര്‍ത്തിയാകും സമാപനം. കാഷ്മീരില്‍ കഴിഞ്ഞയാഴ്ചയിലും ഇരട്ടസ്‌ഫോടനം ഉണ്ടായതൊന്നും രാഹുലിനെ ജമ്മുകാഷ്മീരിലെ യാത്രയില്‍നിന്നു പിന്തിരിപ്പിച്ചില്ല. കനത്ത സുരക്ഷാവെല്ലുവിളികളെ അവഗണിച്ചാണു നടത്തം.
വെറുപ്പിനു മീതെ സ്‌നേഹച്ചുവടുകള്‍
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തില്‍ എനിക്കെന്റെ പിതാവിനെ നഷ്ടപ്പെട്ടു. ഇനി എന്റെ പ്രിയപ്പെട്ട നാട് നഷ്ടമാകാന്‍ അനുവദിക്കില്ല. സ്‌നേഹം വെറുപ്പിനെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. ഒരുമിച്ച്, നമ്മള്‍ മറി
കടക്കും. ഭാരത് ജോഡോയാത്രയ്ക്കിടയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ ഈ വാക്കുകളിലുണ്ട് അദ്ദേഹത്തിന്റെ ലക്ഷ്യവും നിശ്ചയദാര്‍ഢ്യവും. 
മഹാത്മാഗാന്ധിയുടെ 1930 ലെ ദണ്ഡിമാര്‍ച്ചിനെ അനുസ്മരിപ്പിക്കുന്ന അതിഗംഭീരമായ ബഹുജനസമ്പര്‍ക്കപരിപാടിയായി ഭാരത് ജോഡോയാത്ര മാറി. അക്രമങ്ങള്‍ ഒഴിവാക്കി അഹിംസയുടെ പാതയിലൂടെ ശക്തരായ ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയുടെ പ്രചാരണങ്ങളെ ഓര്‍മപ്പെടുത്തുന്നതായി രാഹുലിന്റെ പദയാത്ര. 
ബഹുസ്വരത, സാഹോദര്യം, പരസ്പരസ്‌നേഹം എന്നിവയുടെ ശക്തിയും മാഹാത്മ്യവും ബോധ്യപ്പെടുത്തുന്നതില്‍ രാഹുലിന്റെ നടത്തത്തിനു വലിയ പ്രാധാന്യമുണ്ട്. രാജ്യത്തു വര്‍ധിച്ചുവരുന്ന വിദ്വേഷം, അസമത്വങ്ങള്‍, ഭിന്നതകള്‍ എന്നിവയെ മറികടക്കാനും ജനങ്ങളെ ഒന്നിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ അഭിനന്ദനീയമാണ്. മതത്തിന്റെ പേരില്‍ ജനതയെ ഭിന്നിപ്പിച്ച്, ഭൂരിപക്ഷവര്‍ഗീയത വളര്‍ത്തി രാജ്യഭരണം പിടിയിലാക്കിയവര്‍ക്കു സ്വാഭാവികമായും രാഹുലിന്റെ പുതിയ സമീപനം അസ്വസ്ഥതയുളവാക്കി. 
സമ്പന്നസമൂഹത്തിന്റെ വളര്‍ച്ച
അമിതദേശീയതയുടെ ആഖ്യാനത്തിലൂടെയും ഹിന്ദുത്വവോട്ടുകളുടെ ഏകീകരണത്തിലൂടെയും ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ജോഡോയാത്രയുടെ തുടക്കം. ഭരണാധികാരം ഉപയോഗിച്ചും കേന്ദ്രഏജന്‍സികളുടെയും ചങ്ങാത്തവ്യവസായികളുടെയും കൂട്ടുപിടിച്ചും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതില്‍ ബിജെപി സമര്‍ഥമായി മുന്നേറുന്ന കാലം. 
2014 നു പിന്നാലെ 2019 ലും വന്‍ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യഭരണം പിടിച്ചതോടെ ഹിന്ദുരാഷ്ട്രമെന്ന ആര്‍എസ്എസ് അജന്‍ഡയിലേക്ക് അടുപ്പിക്കുന്ന പലതിനും രാജ്യം സാക്ഷ്യംവഹിച്ചു. പൗരത്വ ഭേദഗതിനിയമം, ജമ്മുകാഷ്മീരിനു പ്രത്യേകപദവി നല്‍കിയ അനുച്ഛേദം 370 റദ്ദാക്കല്‍, അയോധ്യാതര്‍ക്കത്തിലെ ഹിന്ദുവ്യവഹാരക്കാര്‍ക്ക് അനുകൂലമായ സുപ്രീംകോടതിവിധി, രാമക്ഷേത്രനിര്‍മാണംതുടങ്ങി പലതും ഹിന്ദുത്വവാദികളുടെ മനംകുളിര്‍പ്പിച്ചു. 
ജനാധിപത്യപരമായ നടപടികള്‍ പാര്‍ലമെന്റില്‍പ്പോലും ഇല്ലാതാവുകയോ അപ്രസക്തമാവുകയോ ചെയ്തു. പ്രധാന മാധ്യമങ്ങളെ പലവിധത്തില്‍ നിയന്ത്രണത്തിലാക്കി. വിദ്യാഭ്യാസമേഖലയിലും ചരിത്രസൃഷ്ടിയിലുമെല്ലാം കൈകടത്തല്‍ വ്യാപകമായി. ജുഡീഷ്യറിയെക്കൂടി വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ക്കു തിടുക്കംകൂടിയതാണ് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ കൊളീജിയവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു വഴിതെളിച്ചത്. മോദിയെ കുറ്റപ്പെടുത്തുന്ന ബിബിസി പരമ്പരയുടെ ലിങ്കുകളും ട്വീറ്റുകളുംപോലും ഇന്ത്യയില്‍ വിലക്കിയത് അഭിപ്രായസ്വാതന്ത്ര്യത്തിനും ഭീഷണിയായി.  
ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി സാധാരണക്കാര്‍വരെയുള്ളവര്‍ പലതരത്തിലുള്ള ആശങ്കകളിലും ഭീഷണികളിലുമായി. വിലക്കയറ്റവും തൊഴിലില്ലായ്മയും സാമ്പത്തികമുരടിപ്പും കോടിക്കണക്കിനു ജനങ്ങളുടെ ജീവിതത്തെ ബാധിച്ചു. രണ്ടു വര്‍ഷത്തെ കൊവിഡ് ദുരിതങ്ങളും അശാസ്ത്രീയ ലോക്ഡൗണുകളും കാര്‍ഷിക, നിര്‍മാണ, തൊഴില്‍, വ്യവസായ, കയറ്റുമതി മേഖലകളെ പിന്നോട്ടടിച്ചു. സ്വകാര്യവാക്‌സിന്‍ കമ്പനിയടക്കം രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍മാത്രം കൂടുതല്‍ സമ്പന്നരായി. 
പ്രതിച്ഛായ പതിന്മടങ്ങേറി
സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം, സ്വേച്ഛാധിപത്യരാഷ്ട്രീയം എന്നിവ രാജ്യത്തിനാകെ വെല്ലുവിളിയായി. ഭരണഘടനാവ്യവസ്ഥകള്‍ പോലും മറികടക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങള്‍ തുടരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് രാഹുല്‍ഗാന്ധിയുടെ മാസങ്ങള്‍ നീണ്ട കാല്‍നടയാത്ര. നടത്തത്തിനിടയിലെ ആശയവിനിമയങ്ങള്‍, പ്രത്യേക യോഗങ്ങള്‍, പത്രസമ്മേളനങ്ങള്‍, പ്രസംഗങ്ങള്‍, റാലികള്‍ തുടങ്ങിയവയിലൂടെ ഓരോ ദിവസവും ഈ വിഷയങ്ങള്‍ രാഹുല്‍ ഉയര്‍ത്തി.
ദേശീയൈക്യം, ബഹുസ്വരത, സാമൂഹികയോജിപ്പ്, പരസ്പരബഹുമാനം എന്നിവമുതല്‍ ഭരണഘടനാമൂല്യങ്ങളും ബഹുജനക്ഷേമവും അടക്കമുള്ള കാര്യങ്ങളില്‍ വ്യത്യസ്തമായ ആഖ്യാനവും ചര്‍ച്ചയും ഉയര്‍ത്തുന്നതില്‍ രാഹുല്‍ വിജയിച്ചു. ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരുടെ ഭരണഘടനാപരമായ അവകാശങ്ങളും പൗരാവകാശങ്ങളും ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ അനിവാര്യതയും ചര്‍ച്ച ചെയ്യപ്പെട്ടു. ആര്‍എസ്എസും ബിജെപിയും ഉയര്‍ത്തിയ പ്രത്യയശാസ്ത്രമേധാവിത്വത്തിനെതിരായ വെല്ലുവിളികൂടിയായിരുന്നു ജോഡോയാത്ര. 
വിമര്‍ശനങ്ങളില്‍ പതറാതെ ദീര്‍ഘവീക്ഷണവും ശരിയായ ദിശാബോധവും പ്രകടമാക്കാന്‍ രാഹുലിനു കഴിഞ്ഞു. ജനങ്ങളോടും രാജ്യത്തോടും പ്രതിബദ്ധതയുള്ള നേതാവെന്ന പ്രതിച്ഛായ ജനങ്ങളെ ബോധ്യപ്പെടുത്താനുമായി. രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ പ്രതിച്ഛായയും പലമടങ്ങ് ഉയര്‍ന്നു. പ്രത്യേക രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നു പ്രഖ്യാപിച്ചു നടത്തിയ ലോങ് മാര്‍ച്ചിന്റെ പ്രധാന നേട്ടവും ഇതുതന്നെയാകും.
വോട്ടാകുന്നതു കണ്ടറിയണം
ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിക്കും രാജ്യത്തിനും നേട്ടമായെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇതു വോട്ടാക്കിമാറ്റാന്‍ കഴിയുമോ എന്നതാണു പ്രധാന ചോദ്യം. എന്നാല്‍, ഭാരത് ജോഡോ യാത്ര 30 ന് ശ്രീനഗറില്‍ സമാപിക്കുന്നതിനുമുമ്പേ പുതിയ ഹാത് സേ ഹാത് ജോഡോ(കൈകോര്‍ത്ത് ഒന്നിക്കൂ) എന്ന രാഷ്ട്രീയപ്രചാരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതു ശ്രദ്ധേയമാണ്. റിപ്പബ്ലിക് ദിനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ഡല്‍ഹിയില്‍ തുടക്കംകുറിക്കുന്ന പുതിയ പ്രചാരണം കോണ്‍ഗ്രസിന് ഉണര്‍വേകും.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരായ എട്ടു പേജുള്ള കുറ്റപത്രവും രാഹുല്‍ഗാന്ധിയുടെ കത്തും വീടുതോറും രാജ്യത്തൊട്ടാകെ വിതരണം ചെയ്യുകയാണ് ഹാത് സേ ഹാത് ജോഡോയിലൂടെ ചെയ്യുകയെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ജയറാം രമേശും അറിയിച്ചത്. ഭാരത് ജോഡോ യാത്ര പ്രത്യയശാസ്ത്രപ്രസ്ഥാനമായിരുന്നെങ്കില്‍ ഹാത് സേ ഹാത് ജോഡോ പൂര്‍ണമായി രാഷ്ട്രീയപ്രചാരണമാകും. ഗ്രാമ, ബ്ലോക്ക് തലങ്ങളിലാണ് വീടുകയറിയുള്ള ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ ജില്ലാതലത്തിലും മൂന്നാം ഘട്ടത്തില്‍ സംസ്ഥാനതലത്തിലുമാകും ഹാത് സേ ഹാത് ജോഡോ പ്രചാരണം.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)