ലളിതമായിപ്പറഞ്ഞാല്‍ സൈക്കോപാത്ത് മാനസികരോഗിയാണ്. ഇംഗ്ലീഷില്‍ സൈക്കോ പാത്തോളജി എന്നൊരു പദമുണ്ട്. ഗ്രീക്കിലെ മൂന്നു പദങ്ങള്‍ ചേര്‍ന്നതാണ് ഈ വാക്ക്. സൈക്കോസ് + പാത്തോസ് + ലോഗോസ്. അവയുടെ അര്‍ഥം - 1. സൈക്കോസ് = സൈക്കി, anima (latin) ആത്മാവ്, മനസ്സ്, അരൂപി, ആത്മാവ് = ജീവന്റെ തത്ത്വം the principle of life (ഇതിന്റെ വേര്‍പാട് മരണം) ജീവന്റെ തത്ത്വം ജന്തുക്കള്‍ക്കും വൃക്ഷങ്ങള്‍ക്കുമുണ്ടെന്ന് അരിസ്റ്റോട്ടില്‍.
2. പാത്തോസ് Sufferance = സഹനം (രോഗം സഹനമാണല്ലോ).
3. ലോഗോസ് = ശാസ്ത്രം, പഠനം, വചനം (in Bible) വാക്ക്. സൈക്കോപാത്തോളജി മാനസികരോഗപഠനം (ശാസ്ത്രം) ആണ്.
സാധാരണ മനുഷ്യന്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍നിന്നു വ്യത്യസ്തമായി മനോരോഗികള്‍ ചെയ്യും. അതേസമയം, ചെയ്യുന്നത് നല്ലതും വേണ്ടതുമാണെന്നു സൈക്കോപാത്ത് ചിന്തിക്കും! തന്മൂലം ചെയ്തതിനെപ്പറ്റി അയാള്‍ക്കു പശ്ചാത്താപം ഉണ്ടാകുകയില്ല, മാനസാന്തരത്തിനും ഇടമില്ല.
മാനസികാരോഗ്യം നഷ്ടപ്പെട്ടവര്‍ പലതരക്കാരാണ്. രോഗവും പലവിധമാണല്ലോ. സൈക്കോപാത്തിനെപ്പറ്റി ചിന്തിക്കാം. അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് മുഹമ്മദ് ഷാഫി എന്ന സൈക്കോപാത്താണ്. പ്രഥമദൃഷ്ട്യാ സൈക്കോപാത്ത് ഒരു നോര്‍മല്‍ മനുഷ്യനാണ്. സരസമായി സംസാരിക്കും. ആളുകളോടു നന്നായി ഇടപെടും. അങ്ങനെ മനസ്സില്‍ കണ്ട ഇരയുമായി അടുപ്പത്തിലാകും. മിക്കവാറും ഇര സ്ത്രീയായിരിക്കും. സാവധാനം സ്ത്രീയെ വശത്താക്കും. അതിനു ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. അത് മറ്റുള്ളവരില്‍നിന്നു മറച്ചുപിടിക്കും. ഇത്രയുംമാത്രം വച്ചുകൊണ്ട് അയാള്‍ സൈക്കോപാത്താണെന്ന് ആരും പറയും?
ആരാണ് മനോരോഗി?
മനോരോഗികളെപ്പറ്റി സാധാരണക്കാര്‍ വിചാരിക്കുന്നത് അവര്‍ക്കു ബുദ്ധിയില്ല, അഥവാ ഉള്ളത് നേരാംവണ്ണം ഉപയോഗിക്കുന്നില്ല എന്നാണ്. അതു മുഴുവന്‍ ശരിയല്ല. ഫ്രഞ്ച് ദാര്‍ശനികന്‍, ഷോണ്‍ശിത്തോം പറഞ്ഞത് മാനസികരോഗികള്‍ ''ബുദ്ധി'' -reason - (intellectual faculty) ഒഴിച്ച് ബാക്കി എല്ലാം നഷ്ടപ്പെട്ടവര്‍' ആണ് എന്നാണ്. അതു ശരിയാണ് എന്നു കാണിക്കുന്ന ഒരനുഭവം കുറിക്കട്ടെ: വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ രണ്ടുമൂന്നുപേര്‍, മനോരോഗികളെ ചികിത്സിക്കുന്ന ഒരു സ്ഥാപനത്തില്‍ അവരെ കാണാന്‍ പോയി. അവിടെ ഇരുമ്പുജനലില്‍ക്കൂടി ഒരാള്‍ ഇംഗ്ലീഷില്‍ എന്തോ ചോദിച്ചു. ഞങ്ങള്‍ ഇംഗ്ലീഷില്‍ത്തന്നെ മറുപടി കൊടുത്തു. ഉടനെ അയാള്‍ പറയുകയാണ്, 'ഞാന്‍ മലയാളിയാണ്' എന്ന്. കളിയാക്കപ്പെട്ട ഞങ്ങള്‍ സ്ഥലം വിട്ടു.
ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടവ
കുട്ടികള്‍ ചെറുപ്പമായിരിക്കുമ്പോള്‍ത്തന്നെ രക്ഷാകര്‍ത്താക്കള്‍ അവരെ നിരീക്ഷിക്കണം experiments and observationsവഴിയാണ് അറിവു ലഭിക്കുന്നത്. അവരുടെ പെരുമാറ്റം, പ്രതികരണം - സംസാരം മുതലായവ ശ്രദ്ധിക്കണം. മാനസികവൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ അവ ചെറിയ തോതില്‍ ദൃശ്യമാകൂം. സൈക്കോപാത്ത് ചായ്‌വ് ഉള്ളവരിലും അതു കണ്ടുപിടിക്കാം. ഉദാ. കള്ളംപറയുക, ആരും പെട്ടെന്ന് കണ്ടുപിടിക്കാത്തവിധം കള്ളത്തരം കാണിക്കുക, മൃഗങ്ങളെ ഉപദ്രവിക്കുക, അതില്‍ രസിക്കുക മുതലായവ.
ചെറുപ്രായത്തില്‍ കുട്ടികളില്‍ ചില പെരുമാറ്റവൈകല്യങ്ങള്‍ കണ്ടെന്നിരിക്കും. ഉടനെ അവരെ ശാസിക്കുകയോ ശിക്ഷിക്കുകയോ അല്ല ചെയ്യേണ്ടത്. ശാന്തമായി കുട്ടിയെ ചേര്‍ത്തുപിടിച്ചുകൊണ്ടു കാര്യം പറഞ്ഞു മനസ്സിലാക്കുക. ക്ഷമയോടെ കാത്തിരിക്കുക. പെട്ടെന്ന് ആരും പൂര്‍ണതയില്‍ എത്തുന്നില്ല. ഇന്നത്തെ കുട്ടികള്‍, മുന്‍തലമുറയെക്കാള്‍ ഉണര്‍വും ബുദ്ധിയും ഉള്ളവരാണ്. അതുകൊണ്ട് നാളത്തെ പൗരന്മാരാകേണ്ട ഇന്നത്തെ കുട്ടികള്‍, മയക്കുമരുന്നിന് അടിമകളോ മദ്യപാനാസക്തിയുള്ളവരോ ക്രിമിനല്‍ സ്വഭാവക്കാരോ സൈക്കോപാത്തുകളോ ആയി വളരാതിരിക്കാന്‍ മാതാപിതാക്കള്‍, അധ്യാപകര്‍, കുട്ടികളുള്‍പ്പെട്ട സംഘടനകളിലെ ഉത്തരവാദിത്വപ്പെട്ടവര്‍ മുതലായവര്‍ ശ്രദ്ധിക്കണം. അവര്‍ക്കു മാതൃകയാകുകയും വേണം. തെറ്റുചൂണ്ടിക്കാണിച്ചാല്‍ മാത്രം മതിയാകില്ല. ശരി ഏത്, എന്തുകൊണ്ട് എന്നുകൂടി വിവരിച്ചുകൊടുക്കണം.