ദുര്‍ബലമനസ്സുകളെ സ്വാധീനിച്ച് അവരെക്കൊണ്ടു കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുന്ന മന്ത്രവാദികള്‍ക്കു ശിക്ഷയൊന്നുമില്ലേ? ആയിരം ദൈവങ്ങളുടെ ശക്തിയും പ്രഭാവവും തനിക്കുള്ളില്‍ കുടികൊള്ളുന്നുണ്ട് എന്നു വീമ്പടിച്ചു മനുഷ്യരെ ചതിക്കുഴിയില്‍ വീഴ്ത്തുന്നവര്‍ക്കും മരണത്തിലേക്കു നയിക്കുന്നവര്‍ക്കും നാട്ടില്‍ യാതൊരു ഭീഷണികളുമില്ലാതെ വിലസി നടക്കാനാകുന്നത് എന്തുകൊണ്ട്?
വിദ്യാസമ്പന്നരെന്നഭിമാനിക്കുന്നവരുടെ നാട്ടില്‍ നൂറ്റാണ്ടുകളായി മന്ത്രവാദിനികളും ദുര്‍ഭൂതങ്ങളും മാക്‌ബെത്തിലെന്നപോലെ അടുപ്പുകല്ലുകള്‍ കൂട്ടി അനേകരെ മരണത്തിലേക്കു നയിക്കുന്നു. ഇതിന് ഒരു അറുതിയില്ലേ?
2012 ഒക്ടോബറില്‍ പൂവാര്‍ എന്ന സ്ഥലത്ത് ഏതാനും മന്ത്രവാദികളെ ചോദ്യം ചെയ്തതിനാണ് ആന്റണിക്കും സുഹൃത്തിനും കുത്തേറ്റു മരിക്കേണ്ടിവന്നത്. മന്ത്രവാദംമൂലം ബന്ധുവിന് ആത്മഹത്യചെയ്യേണ്ടി വന്നതു ചോദ്യം ചെയ്യാന്‍ പോയതായിരുന്നു അവര്‍.
വിദേശങ്ങളില്‍
അന്ധവിശ്വാസങ്ങളുടെ ഒരു കൂടാണ് ഇന്തോനേഷ്യ. അവിടെ ഒരു വിദ്വാന്‍ 42 വനിതകളെയാണ് തന്റെ സ്വാധീനത്തിലാക്കി ചൂഷണം ചെയ്തു മതാനുഷ്ഠാനങ്ങള്‍ക്കു വിധേയരാക്കി അവര്‍ക്ക് അതിമാനുഷികശക്തികള്‍ സൃഷ്ടിച്ചുകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു നശിപ്പിച്ചത്. അവരുടെ വായിലെ ഉമിനീര്‍ അയാള്‍ ഈമ്പി വലിച്ചെടുക്കും. അതുമൂലം തന്റെ ശക്തിയും ഊര്‍ജവും ഓജസ്സും ഇരട്ടിയാകുമെന്ന് അയാള്‍ കരുതി. അവരെ ഓരോരുത്തരെയായി കഴുത്തു ഞെരിച്ചുകൊന്നു. അവരെയെല്ലാം വടക്കന്‍ സുമാത്രയിലെ ഒരു കരിമ്പിന്‍തോട്ടത്തിലായിരുന്നു തുടര്‍ച്ചയായി അടക്കം ചെയ്തത്. ഒടുവില്‍ പോലീസ് അയാളെ കണ്ടെത്തി. 1998 ല്‍ കോടതി അയാളെ വധശിക്ഷയ്ക്കു വിധിച്ചു.
പ്രാചീനകാലം മുതല്‍ക്കേ ചൈനക്കാരും 'കു' എന്നു വിളിക്കുന്ന മന്ത്രവാദപ്രക്രിയ നടത്തിപ്പോന്നു. ധനസമ്പാദനത്തിനും മറ്റുള്ളവരോടു പകവീട്ടുവാനും അവര്‍ 'കു' ഉപയോഗിച്ചുപോന്നു. വിഷപ്രാണികളെയും വിഷപ്പാമ്പുകളെയും അവര്‍ ഒരു പാത്രത്തില്‍ ഇടും. കുറെക്കഴിയുമ്പോള്‍ പാത്രത്തില്‍ ബാക്കിനില്‍ക്കുന്ന ഏകജീവിയെയാണ് 'കു' എന്നു വിളിക്കുക. ഇതിന്റെ വിഷമാണ് ഇരയില്‍ കടത്തിവിടുക. അതോടെ നിമിഷങ്ങള്‍ക്കകം മരണം സുനിശ്ചിതം എന്നുമാത്രമല്ല ഇരയുടെ സര്‍വസമ്പത്തും സ്വത്തു വകകളും ഇത് ഏര്‍പ്പാടാക്കുന്നവനു സ്വന്തമാകും എന്നാണു വിശ്വാസം. ചൈനക്കാര്‍ക്കിടയില്‍ മന്ത്രവാദം പുതിയ രൂപങ്ങളില്‍ ഇപ്പോഴുമുണ്ട്.
ഒരിക്കല്‍ സമരിയാദേശത്തു സൈമണ്‍ മാഗ്സ് എന്നൊരു ആഭിചാരക്കാരന്‍ ജീവിച്ചിരുന്നുവെന്ന് ബൈബിളില്‍ പറയുന്നുണ്ട്. ആള്‍ക്ക് വലിയ ദൈവിക ശക്തി ഉണ്ടെന്നാണ് അന്നാട്ടുകാര്‍ വിശ്വസിച്ചിരുന്നത്. ഫിലിപ്പിന്റെ വചനപ്രഘോഷണം ശ്രവിച്ച് അന്നാട്ടുകാര്‍ ആസകലം യേശുവിലേക്കു തിരിഞ്ഞു. പത്രോസും യോഹന്നാനും ജനങ്ങളുടെ തലയ്ക്കു മുകളില്‍ കരം പിടിച്ച് അവരിലേക്കു പരിശുദ്ധാത്മാവിനെ പകര്‍ന്നുകൊടുക്കുന്ന രംഗം കണ്ടുനിന്ന നമ്മുടെ സൈമണ്‍ മാഗ്‌സിന് ഒരു വമ്പന്‍ ആശയം മനസ്സില്‍ ഉദിച്ചു. ഇതു ലാഭമുള്ള ഏര്‍പ്പാടാണ്. എനിക്കും ഇത്തരം ഒരു ശക്തി കിട്ടണം. അതിന് കുറെ പണം പത്രോസിനും യോഹന്നാനും വച്ചു നീട്ടി. എന്നിട്ട് അപേക്ഷിച്ചു: ''പരിശുദ്ധാത്മാവിനെ പകര്‍ന്നുകൊടുക്കാനുള്ള ശക്തി കുറച്ച് എനിക്കും തരിക.'' പത്രോസ് അവനോടു പറഞ്ഞു: ''നീ ദൂരെപ്പോ. നിന്റെ പണം നിന്നോടുകൂടെ നശിക്കട്ടെ. ഉദ്ദേശ്യശുദ്ധിയില്ലാത്ത നിനക്ക് ദൈവത്തിന്റെ വരദാനം എങ്ങനെ ലഭിക്കും?''
യൂറോപ്പില്‍, പ്രത്യേകിച്ചു പടിഞ്ഞാറന്‍ ജര്‍മനിയില്‍ ഒരുകാലത്തു സാത്താന്‍പൂജയും മന്ത്രവാദവും വളരെ സാധാരണമായിരുന്നു. സാത്താന്‍സേവയിലൂടെ മന്ത്രികമായ സിദ്ധികള്‍ നേടിയെടുക്കാമെന്ന് ചിലര്‍ വിശ്വസിച്ചു. പവിത്രമായ വിശുദ്ധകുര്‍ബാനയും വീഞ്ഞും മലിനമാക്കി ചിലര്‍ സംഘംകൂടി ലൈംഗികചേഷ്ടകള്‍ നടത്തി. മൃഗങ്ങളുടെ രൂപം പ്രാപിച്ച് അവര്‍ സാത്താനുമായിപ്പോലും ഇണചേര്‍ന്നു. ഇതിന്റെയെല്ലാം ഭാഗമായി അവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊല്ലുകയും ചെയ്യുമായിരുന്നു. പലപ്പോഴും അവരുടെ മാസം ഭക്ഷിക്കുകയും കൊഴുപ്പ് മാന്ത്രികയെണ്ണകള്‍ നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. വിചിത്രങ്ങളായ ഇത്തരം ഭ്രമകല്പനകളിലൂടെ അവര്‍ നാടിനെ നടുക്കി. ദുര്‍മന്ത്രവാദിനികള്‍ നാട്ടിലെല്ലാം ഭീതി പരത്തിക്കൊണ്ടു നടക്കുമായിരുന്നു. അത്തരം ആളുകളെ അക്കാലത്തു ധാരാളമായി ചുട്ടെരിച്ചുകൊന്നിട്ടുമുണ്ട്.
ഭാരതത്തില്‍
മഹാരാഷ്ട്രയിലെ ബീഡ് എന്ന സ്ഥലത്ത് ഒരു പോത്തു ചത്തുപോയതിന്റെ കാരണം പറഞ്ഞു കഷ്ടകാലം മാറ്റിയെടുക്കാന്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് അവരുടെ ആറുവയസ്സുകാരന്‍ കുഞ്ഞിനെ കുരുതി കഴിച്ചു.
കര്‍ണാടകത്തില്‍ ഇത്തരം ആഭിചാരപ്രവൃത്തികള്‍ക്കും മന്ത്രവാദത്തിനും വിലക്കു കല്പിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. അവിടെ ചിലര്‍ വാഴയിലയില്‍ ഭക്ഷ്യവസ്തുക്കള്‍ വിതറി അതിനുമുകളിലൂടെ ഉരുണ്ടുതിരിയുന്ന 'മഡേ സ്‌നാന' എന്ന അനുഷ്ഠാനവും അതേത്തുടര്‍ന്നുള്ള മന്ത്രവാദവും നടത്തിപ്പോന്നത് അതോടെ നിയന്ത്രണത്തിലായി.
രണ്ടായിരത്തിലധികം സ്ത്രീകള്‍ കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ മന്ത്രവാദംമൂലം മരണപ്പെട്ടു എന്നാണ് 'നാഷണല്‍ ക്രൈം ബ്യുറോ'യുടെ സ്ഥിതിവിവരക്കണക്ക്. അക്ഷരാഭ്യാസം കുറഞ്ഞ ജാര്‍ഖണ്ഡിലെ പ്രാകൃതജാതിക്കാര്‍ക്കിടയില്‍ മന്ത്രവാദവും ആഭിചാരവും നിത്യസംഭവമാണ്. 2005-10 കാലഘട്ടത്തില്‍ ഹരിയാനയില്‍ 204 സ്ത്രീകളെ ക്ഷുദ്രജീവികളോ മന്ത്രവാദിനികളോ ആയി മുദ്രകുത്തി. 2016 ല്‍ റെസ്റ്റിന എന്ന 60 കാരിയെ മന്ത്രവാദിനി എന്നു സംശയിച്ചു മരുമകന്‍ പിക്കാസ്‌കൊണ്ട് അടിച്ചുകൊന്നു.
കേരളത്തിലെ അസംഖ്യം കേസുകള്‍
സാക്ഷരതയില്‍ മുന്‍പന്തില്‍ എത്തിയിട്ടും, സാംസ്‌കാരികമായി ഇത്രയേറെ വളര്‍ച്ച പ്രാപിച്ചിട്ടും എന്തേ കേരളത്തില്‍ ഇത്രയധികം മന്ത്രവാദസംബന്ധമായ മരണങ്ങള്‍ അരങ്ങേറുന്നുവെന്നു ചിന്തിച്ചിട്ടുണ്ടോ? 2018 ഓഗസ്റ്റില്‍ കാനാട്ട് കൃഷ്ണനെയും ഭാര്യ സുശീലയെയും അവരുടെ രണ്ടു കുഞ്ഞുങ്ങളെയും കൊന്നു കുഴിച്ചുമൂടിയത് വണ്ണപ്പുറത്തായിരുന്നു. 300 ദൈവങ്ങളുടെ ശക്തി കാനാട്ടിന്റെ കൈയില്‍നിന്ന് പൂര്‍ണമായും ആവാഹിച്ചെടുക്കാനായിരുന്നു ശിഷ്യന്‍ ഈ കൊലകള്‍ ചെയ്തത്.
2021 ഫെബ്രുവരിയിലാണ് പാലക്കാട്ടെ ഒരമ്മ കുഞ്ഞിനെ കഴുത്തറുത്തു കൊന്നു ദൈവത്തിന്റെ പ്രീതി വര്‍ധിപ്പിച്ചത്. 1981 ഡിസംബറില്‍ ഇടുക്കിയിലെ സോഫിയയെ കൊന്നു വീട്ടിലെ അടുക്കളയില്‍ കുഴിച്ചുമൂടിയത് മറ്റാരുമായിരുന്നില്ല; സ്വന്തം ഭര്‍ത്താവ്. വിഷയം ആഭിചാരംതന്നെ. 2014 ല്‍ മന്ത്രവാദ ചടങ്ങുകളുടെ മൂര്‍ദ്ധന്യത്തില്‍ പൊന്നാനിയില്‍ ഒരു ഗര്‍ഭിണി മരിച്ചുവീണു. അങ്ങനെ മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന എത്രയെത്ര സംഭവങ്ങള്‍!
ഈ ഒക്‌ടോബറില്‍ നടന്ന സംഭവം ഓര്‍മയുണ്ടല്ലോ. രണ്ടു സ്ത്രീകളെ അപഹരിച്ചുകൊണ്ടുപോയി കശാപ്പു ചെയ്ത് ആ ഹോമത്തിലൂടെ ധനസമൃദ്ധിയും ഐശ്വര്യവും നേടാനായിരുന്നു തിരുവല്ലയിലെ ദമ്പതികളുടെ ഉദ്ദേശ്യം. ഇതേ മാസംതന്നെയാണ് ഒരുവള്‍ തന്റെ കാമുകനെ വിഷം കൊടുത്തുകൊന്നത്. അവനെ ഒഴിവാക്കി മറ്റൊരു വിവാഹം തരപ്പെടുത്താനായിരുന്നു ഈ ക്രൂരമായ കൊലപാതകം. അവിടെയും ആദ്യഭര്‍ത്താവ് മണ്ണടിഞ്ഞാല്‍മാത്രമേ തനിക്ക് ആയുസ്സു കിട്ടുകയുള്ളു എന്ന് ഏതോ ജ്യോതിഷക്കാരനോ മന്ത്രവാദിയോ അവള്‍ക്കു പറഞ്ഞു കൊടുത്തുവത്രേ. ഇത്തരം വഴിതെറ്റിക്കുന്ന അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചു, പ്രലോഭനങ്ങള്‍ നല്‍കുന്നവരെ ശിക്ഷിക്കുവാന്‍ നമുക്കിവിടെ നിയമമില്ലേ?
വചനം പറയുന്നതെന്ത്?
ചെപ്പടിവിദ്യയും കൈനോട്ടവും മന്ത്രവാദവും ഇന്ദ്രജാലവും ആഭിചാരവുമൊന്നും ക്രിസ്ത്യാനിക്കു പറഞ്ഞിട്ടുള്ള കാര്യമല്ല എന്നിരിക്കിലും പലപ്പോഴും ഇതിലൊക്കെപ്പോയി തലയ്ക്കടിയേറ്റു വീഴുന്നവരുമുണ്ട്. യഹോവയ്ക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് മന്ത്രവാദവും ഭാവിപ്രവചനവും മറ്റും. ബൈബിളില്‍ അസംഖ്യം ഇടങ്ങളില്‍ ഇതിനെതിരായി ഉദ്‌ബോധനങ്ങളുണ്ട്. ചില അമാനുഷികസിദ്ധികള്‍ ചില മനുഷ്യര്‍ക്കുണ്ട് എന്നവര്‍ അവകാശപ്പെടും. അത് അവരുടെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും. മോഹനവാഗ്ദാനങ്ങള്‍ നല്‍കി അവര്‍ നമ്മെ വശീകരിക്കും. അവര്‍ ഭൂതങ്ങളുമായും മരിച്ചവരുമായും മറ്റും സംവദിക്കുന്നവരാണ്, അമാനുഷികശക്തിയുള്ളവരാണ് എന്നൊക്കെ ചിലപ്പോള്‍ പ്രതീതി ഉളവാക്കിയേക്കാം.
ഇവരുമായുള്ള ഇടപെടലുകളിലൂടെ നാം തീര്‍ച്ചയായും സ്വര്‍ഗരാജ്യത്തിലെ അവകാശം നഷ്ടമാക്കും. എഫേസിയൂസ് ദേശത്തുള്ളവര്‍ ക്രിസ്തുവിനെ അറിഞ്ഞ മാത്രയില്‍ അവര്‍ കൂടെക്കൊണ്ടുവന്ന മന്ത്രവാദസൂക്തങ്ങളെല്ലാം ചുട്ടെരിച്ചു. പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ വിലയം പ്രാപിച്ചു.
വെളിപാട് 21:8 ല്‍ കൃത്യമായി പറയുന്നുണ്ട്: ''എന്നാല്‍, ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍ വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും, എരിയുന്ന തടാകവുമായിരിക്കും. ഇതാണ് രണ്ടാമത്തെ മരണം.''
അഴുക്കില്‍ കുളിച്ചുനില്‍ക്കുന്ന അശുദ്ധാത്മാക്കളുടെ നേരേയല്ല നാം തിരിയേണ്ടത്; മറിച്ച്, സൂര്യശോഭയണിഞ്ഞു നില്‍ക്കുന്ന പരിശുദ്ധാത്മാവിനെയാണ് നാം തേടേണ്ടത്. എല്ലാ നന്മകളുടെയും ഉറവിടമായ സര്‍വവ്യാപിയായ സര്‍വശക്തനിലാണ് നാം അവലംബം അര്‍പ്പിക്കേണ്ടത്. സ്വാര്‍ഥലാഭങ്ങള്‍ക്കായി കണ്ണുമഞ്ഞളിച്ചവരെപ്പോലെ നാം ആരെങ്കിലും വച്ചുനീട്ടുന്ന പ്രലോഭനങ്ങള്‍ക്കു പിന്നാലെ പോകരുത്. നമുക്ക് സമൃദ്ധി തരുന്നവന്‍ സര്‍വശക്തനായ ദൈവം മാത്രമാണ്. ദുര്‍മന്ത്രവാദികള്‍ നിങ്ങളെ വെറുപ്പിന്റെ ആഴിയില്‍ മുക്കിത്താഴ്ത്തും, സഹോദരങ്ങളെ ദ്രോഹിക്കാന്‍ പ്രേരിപ്പിക്കും, വലിയ നേട്ടങ്ങള്‍ക്കായുള്ള പ്രലോഭനങ്ങള്‍ അവന്‍ വച്ചുനീട്ടും; വീണുപോകല്ലേ.