വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനെതിരേ തീരദേശജനത തുടങ്ങിവച്ച ബഹുജനപ്രക്ഷോഭം ഒരു നിര്‍ണായകഘട്ടത്തിലെത്തിയിരിക്കുന്നു.
തുറമുഖനിര്‍മാണം നിറുത്തിവച്ച് സാമൂഹികാഘാതപഠനം നടത്തണമെന്നതുള്‍പ്പെടെയുള്ള നിരവധിയാവശ്യങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് 16 മുതല്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത നേതൃത്വം നല്‍കുന്ന ഉപരോധസമരം രണ്ടു മാസത്തോടടുക്കുകയാണ്.
സമരം നീണ്ടുപോയാല്‍ തുറമുഖനിര്‍മാണത്തില്‍നിന്നു പിന്മാറേണ്ടിവരുമെന്ന സൂചന നല്‍കിയ വിഴിഞ്ഞം രാജ്യാന്തര സീ പോര്‍ട്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, തുറമുഖവകുപ്പിനോട് 100 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കത്തു നല്‍കിയതായും വാര്‍ത്തയുണ്ട്. സമരം ആരംഭിച്ചതുമുതല്‍ സെപ്റ്റംബര്‍ 30 വരെ 79 കോടി രൂപ നഷ്ടമുണ്ടായെന്നും തൊഴിലാളികളുടെ ദൈനംദിനചെലവുകള്‍ക്കായി 2 കോടി രൂപ വേണ്ടി വരുന്നുണ്ടെന്നും കമ്പനിവൃത്തങ്ങള്‍ സൂചിപ്പിച്ചു.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത സമരരംഗത്തു വന്നതോടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതെന്നും അതിനാല്‍ കമ്പനിക്കുണ്ടായ നഷ്ടം അതിരൂപതയില്‍നിന്ന് ഈടാക്കണമെന്നും കരാര്‍ ഏറ്റെടുത്ത അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകളില്‍ പൊതുമുതലിനുണ്ടാകുന്ന നഷ്ടം അതതുപാര്‍ട്ടികള്‍ നികത്തണമെന്ന കോടതിയുത്തരവുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് നഷ്ടപരിഹാരമാവശ്യപ്പെട്ടിരിക്കുന്നത്.
വിഴിഞ്ഞം വിഷയത്തില്‍ അടിയന്തരമായൊരു പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കില്‍ അദാനി ഗ്രൂപ്പിനോ വിഴിഞ്ഞത്തെ തീരദേശജനതയ്‌ക്കോ മാത്രമല്ല, സംസ്ഥാനത്തിനാകെ തിരിച്ചടിയാകുമെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. സര്‍ക്കാരുമായുള്ള കരാര്‍പ്രകാരം തുറമുഖനിര്‍മാണം മുമ്പോട്ടുകൊണ്ടുപോകേണ്ടതിനാല്‍ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും തുടര്‍ന്നുള്ള ഉത്തരവില്‍ തുറമുഖകവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള സമരപ്പന്തലുകള്‍ പൊളിച്ചുനീക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും അതിരൂപതയിലെ 120 ഇടവകകളില്‍നിന്നുമുള്ള വിശ്വാസികളുടെ സജീവപങ്കാളിത്തത്തില്‍ സമരം മുമ്പോട്ടുപോകുന്നു.
വിഴിഞ്ഞത്ത് അന്താരാഷ്ട്രനിലവാരമുള്ള ഒരു തുറമുഖം ഉണ്ടാകണമെന്ന് വിഭാവനം ചെയ്തത് കരുണാകരന്‍ മന്ത്രിസഭയിലെ തുറമുഖവകുപ്പുമന്ത്രിയായിരുന്ന എം.വി. രാഘവനാണ്. 1991 ലെ അദ്ദേഹത്തിന്റെ സ്വപ്നപദ്ധതി കരാറാകുന്നത് 24 വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2015 ല്‍ മാത്രമാണ്. അദാനി ഗ്രൂപ്പ് ഓഫ് കമ്പനീസുമായി അക്കാലത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 7,525 കോടി രൂപയ്ക്കുള്ള കരാറിലാണ് ഏര്‍പ്പെട്ടത്. സര്‍ക്കാരുകള്‍ മാറിവന്നുവെങ്കിലും കരാര്‍പ്രകാരം നിര്‍മാണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിനല്‍കേണ്ട ബാധ്യത സര്‍ക്കാരിന്റെ ചുമലിലായി.
നിര്‍മാണോദ്ഘാടനാവസരത്തില്‍ 1000 ദിവസങ്ങള്‍ക്കുള്ളില്‍ അഥവാ, 2018 സെപ്റ്റംബര്‍ ഒന്നിനുമുമ്പ് തുറമുഖം പൂര്‍ണസജ്ജമാകുമെന്നും പിന്നീട്, 2020 ഒക്‌ടോബറില്‍ കമ്മീഷനിങ് നടത്തുമെന്നും പ്രഖ്യാപനമുണ്ടായെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. തുറമുഖത്തിനായി സ്ഥാപിക്കേണ്ട 3100 മീറ്റര്‍ നീളത്തിലുള്ള പുലിമുട്ടുകളില്‍ പകുതിയെണ്ണംപോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നു വ്യക്തമാകുന്നത്. പുലിമുട്ടുകളുടെ നിര്‍മാണം തുടങ്ങിയതുമുതല്‍ വിഴിഞ്ഞത്തിനു തെക്കോട്ടുള്ള തീരപ്രദേശം മുഴുവന്‍ കടലെടുത്തു പോയത് തദ്ദേശവാസികളുടെ ആശങ്ക ഇരട്ടിപ്പിച്ച സംഗതിയാണ്. തീരദേശത്തു മത്സ്യബന്ധനം അസാധ്യമായെന്നു മാത്രമല്ല, മത്സ്യസമ്പത്ത് ശോഷിക്കുകയും ചെയ്തു. വലിയതുറയിലെയും ശംഖുമുഖമുള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. തീരശോഷണവും തുറമുഖനിര്‍മാണവുമായി ബന്ധമില്ലെന്ന ന്യായവാദമാണ് തുറമുഖവകുപ്പില്‍നിന്നുണ്ടായത്. എന്നാല്‍, തീരദേശവാസികളുടെ നിരന്തരമായ പരാതികളെത്തുടര്‍ന്ന് തീരശോഷണത്തെക്കുറിച്ചു കൂടുതല്‍ പഠിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ എം ഡി കുന്ദലെ അധ്യക്ഷനായി ഒരു വിദഗ്ധസമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്. തുറമുഖനിര്‍മാണം തുടങ്ങിയശേഷമാണോ തീരശോഷണം നടന്നതെന്നു വിദഗ്ധസമിതി പരിശോധിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യും.
പദ്ധതിനിര്‍വഹണം നല്ല രീതിയില്‍ മുമ്പോട്ടുപോകുന്നതില്‍ സഹകരിക്കുമെന്നും എന്നാല്‍ തീരദേശജനതയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നുമാണ് അതിരൂപതാനേതൃത്വം ആവശ്യപ്പെടുന്നത്. സമരസമിതിനേതാക്കളുടെ നിരന്തരമായ സമ്മര്‍ദത്തിനുവഴങ്ങി അദാനി ഗ്രൂപ്പുമായുള്ള ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തീയതി നിശ്ചയിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവവികാസം. കരാറുകാരുമായി തുറമുഖവകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആദ്യമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് താമസിയാതെ തുടക്കമാകും.
ഗൗതം അദാനി,
തുറമുഖശില്പി
ഒരു ശരാശരി തുറമുഖമായിരുന്ന ഗുജറാത്തിലെ മുദ്ര ഹാര്‍ബറിനെ രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായി വികസിപ്പിച്ചെടുത്ത ഗൗതം ശാന്തിലാല്‍ അദാനിയുടെ വൈദഗ്ധ്യമാണ് വിഴിഞ്ഞത്തു പരീക്ഷിക്കപ്പെടുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കൂടിയാണദ്ദേഹം. ലോകത്തെ ശതകോടീശ്വരന്‍മാരില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന ഗൗതം അദാനിയുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും കഠിനാധ്വാനവുമുണ്ട്. ഇലക്ട്രിക് വാഹനനിര്‍മാണക്കമ്പനിയായ 'ടെസ്‌ല'യുടെ ചെയര്‍മാന്‍ എലോണ്‍ മസ്‌കിന്റെ ആസ്തി 22,000 കോടി യു.എസ്.ഡോളറാണെങ്കില്‍ അദാനിഗ്രൂപ്പിന്റെ ആകെ സമ്പത്ത് 13,220 കോടി ഡോളറാണ്. ആമസോണ്‍ ടെക്‌നോളജിയുടെ ഉടമ ജെഫ് ബെസോസിനെയും പിന്തള്ളിയാണ് ഗൗതം അദാനിയുടെ മുന്നേറ്റമെന്ന് ഫോര്‍ബ്‌സ് മാസികയുടെ ഏറ്റവും പുതിയ പതിപ്പില്‍ കുറിച്ചിട്ടുണ്ട്.
24-06-1962 ല്‍ അഹമ്മദ്ബാദില്‍ ജനിച്ച ഗൗതം കോളജുപഠനം പാതിവഴിയിലുപേക്ഷിച്ച് പിതാവിന്റെ കച്ചവടസ്ഥാപനത്തില്‍ പങ്കാളിയാവുകയായിരുന്നു. പിന്നീട്, പണമുണ്ടാക്കണമെന്ന ത്വരയില്‍ മുംബൈയിലെത്തിയ ഗൗതം വജ്രവ്യാപാരത്തിലേര്‍പ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അഹമ്മദാബാദില്‍ തിരിച്ചെത്തി സഹോദരന്റെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ സഹകാരിയായി. 1988 ല്‍ തന്റെ 26-ാം വയസ്സില്‍ 'അദാനി എന്റര്‍പ്രൈസസ്' എന്ന വ്യവസായസ്ഥാപനത്തിനു രൂപം നല്‍കിയ ഗൗതം, അക്കാലത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി സൗഹൃദം സ്ഥാപിച്ചു. ഗൗതമിന്റെ പില്‍ക്കാലത്തെ ശരവേഗത്തിലുള്ള സാമ്പത്തിക ഉയര്‍ച്ചയ്ക്കു പിന്നില്‍ മോദിയുടെ പിന്തുണയും ആശീര്‍വാദവുമുണ്ടായിരുന്നു. മുദ്ര ഹാര്‍ബറിന്റെ നിര്‍മാണച്ചുമതല അദാനിഗ്രൂപ്പ് ഏറ്റെടുക്കുന്നത് 1994 ലാണ്. 2007 മുതല്‍ ഓഹരിവിപണിയില്‍ പണമെറിഞ്ഞും വന്‍സാമ്പത്തികനേട്ടം കൈവരിച്ചു. രാജ്യത്തിനകത്തും പുറത്തും സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്ന വമ്പന്‍പദ്ധതികളെല്ലാം അദാനിഗ്രൂപ്പിനു ലഭിച്ചതിനുപിന്നില്‍ ഗൗതം അദാനിയുടെ രാഷ്ട്രീയസ്വാധീനമുണ്ട്. ''നന്മയിലൂന്നിയ വളര്‍ച്ച'' എന്ന തത്ത്വശാസ്ത്രമാണ് തന്റെ ലക്ഷ്യമെന്നദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങള്‍ അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്തി രാജ്യത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാക്കുന്നതിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഗൗതം അദാനി പറയുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമരംമൂലം തടസ്സപ്പെടാതിരുന്നെങ്കില്‍ ആദ്യഘട്ടം 2023 സെപ്റ്റംബറില്‍ കമ്മീഷന്‍ ചെയ്യാനാകുമായിരുന്നെന്ന് അദാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. അന്തര്‍ദേശീയ കപ്പല്‍മാര്‍ഗത്തിന്റെ സാമീപ്യം വിഴിഞ്ഞത്തിന്റെ അനന്തസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമായിരുന്നുവെന്ന കണക്കുകൂട്ടലാണ് താളം തെറ്റിയത്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പാണ് ഫലപ്രാപ്തിയിലെത്താതെ പാതിവഴിയില്‍ നിലച്ചത്. തുറമുഖവകുപ്പു മന്ത്രിയുമായി അദാനി ഗ്രൂപ്പു നടത്തുന്ന ചര്‍ച്ചകള്‍ തീരദേശജനതയുടെ ആശങ്കകള്‍ പരിഹരിക്കുംവിധമാകട്ടേയെന്നു പ്രത്യാശിക്കാം. സംസ്ഥാനവികസനത്തില്‍ വിഴിഞ്ഞംതുറമുഖത്തിനുള്ള പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പ്രസ്താവനകള്‍ ഇറക്കുന്നതിനുപകരം ജനങ്ങളുടെ ആശങ്കയകറ്റാനുള്ള പരിഹാരമാണ് സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുന്നത്.