മലയാളത്തിന്റെ മഹാനടന്‍ നവതിയുടെ നിറവില്‍
പരീക്കുട്ടിക്കു പ്രാണനായിരുന്നു കറുത്തമ്മയെ.
കറുത്തമ്മയ്ക്കു പരീക്കുട്ടിയെയും.
നീര്‍ക്കുന്നം കടപ്പുറമാകെ ഉദിച്ചുനിന്ന നിലാവായിരുന്നു അവരുടെ പ്രണയം.
അച്ഛന്റെ ചതിയില്‍ പരീക്കുട്ടിയെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്ത് തുറവിട്ടുപോകുമ്പോള്‍ കറുത്തമ്മയോടു പരീക്കുട്ടി പറയുന്നുണ്ട്:
''കറുത്തമ്മ പോയാലും ഈ കടപ്പുറത്തുനിന്ന് ഞാന്‍ പോകില്ല. ഞാനെന്നും ഇവിടെയിരുന്ന് കറുത്തമ്മയെ ഓര്‍ത്ത് ഉറക്കെയുറക്കെപ്പാടും. അങ്ങനെ പാടിപ്പാടി ഞാന്‍ ചങ്കുപൊട്ടി ചാകും.''
പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും അനശ്വരപ്രണയം പറഞ്ഞ ചെമ്മീന്‍ എന്ന ചിത്രത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ രംഗമാണത്. പിന്നീടും എത്രയോ തലമുറകളിലെ കാമുകന്മാര്‍ തങ്ങളുടെ കാമുകിയോട് പരീക്കുട്ടി കറുത്തമ്മയോടു പറഞ്ഞ ആ വാക്കുകള്‍ കളിയായും കാര്യമായും ഏറ്റുപറഞ്ഞിട്ടുണ്ട്.
അത്രയ്ക്ക് ആഴത്തില്‍ പരീക്കുട്ടി എന്ന കാമുകന്‍ പ്രേക്ഷകരുടെ ഉള്ളില്‍ പതിഞ്ഞിട്ടുണ്ട്. സുമുഖനും സൗമ്യനുമായ മധു എന്ന നടന്റെ അഭിനയമികവായിരുന്നു അതിനു പിന്നില്‍.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ത്തന്നെ അഭിനയത്തോടുള്ള അടങ്ങാത്ത മോഹമാണ് അദ്ദേഹത്തെ നാടകരംഗത്തെത്തിച്ചത്. പിന്നീട് കാത്തിരുന്നു കിട്ടിയ അധ്യാപകജോലി രാജി വച്ചുകൊണ്ട് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. അവിടെവച്ചാണ് രാമു കാര്യാട്ടുമായി പരിചയത്തിലാകുന്നതും അദ്ദേഹത്തിന്റെ മൂടുപടം എന്ന ചിത്രത്തിലേക്കു പ്രവേശിക്കുന്നതും.
കാര്യാട്ടിന്റെ മൂടുപടം എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും എന്‍.എന്‍. പിഷാരടി സംവിധാനം ചെയ്ത് 1963ല്‍ പുറത്തിറങ്ങിയ നിണമണിഞ്ഞ കാല്പാടുകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മധു എന്ന നടന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. പ്രേംനസീര്‍ അവതരിപ്പിച്ച തങ്കച്ചന്‍ എന്ന കഥാപാത്രത്തോടൊപ്പം മധു അവതരിപ്പിച്ച സ്റ്റീഫന്‍ എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റി.
ഭാര്‍ഗവീനിലയമടക്കം പിന്നീട് വന്ന ചിത്രങ്ങളെല്ലാം മധുവിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിമാറ്റി. മൂടുപടത്തിലെ കുഞ്ഞുകുഞ്ഞും ഭാര്‍ഗവീനിലയത്തിലെ സാഹിത്യകാരനും മുറപ്പെണ്ണിലെ കേശവന്‍കുട്ടിയും ആദ്യകിരണങ്ങളിലെ പാപ്പച്ചനും കുട്ടിക്കുപ്പായത്തിലെ സിദ്ദിക്കിനുംശേഷം ഒടുവില്‍ ചെമ്മീനിലെ അനശ്വരപ്രണയനായകനായ പരീക്കുട്ടിയിലെത്തിയപ്പോഴേക്കും പ്രേക്ഷകഹൃദയങ്ങളില്‍ സത്യന്‍ മാഷിനും പ്രേംനസീറിനുമൊപ്പം മധു എന്ന നടനും ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു.
പിന്നീട് എത്രയെത്ര സിനിമകള്‍... സത്യന്‍മാഷിനുശേഷം മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരുടെ കഥാപാത്രമായി മാറാന്‍ അദ്ദേഹത്തിനു സാധിച്ചു. എസ്. കെ. പൊറ്റെക്കാട്ടിന്റെയും പാറപ്പുറത്തിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും തകഴിയുടെയും ചങ്ങമ്പുഴയുടെയും തുടങ്ങി എത്രയോ മഹാരഥന്മാരുടെ തൂലികയില്‍ വിരിഞ്ഞ കഥാപാത്രങ്ങളെ സ്വതഃസിദ്ധമായ വഴക്കത്തോടെഅദ്ദേഹം അഭ്രപാളിയില്‍ അവതരിപ്പിച്ചു!
ഓളവും തീരവും എന്ന ചിത്രത്തിലെ ബാപ്പുട്ടിയും രമണനിലെ മദനനും തുലാഭാരത്തിലെ ബാബുവും നദിയിലെ സണ്ണിയും സ്വയംവരത്തിലെ വിശ്വവും വാടകയ്ക്ക് ഒരു ഹൃദയം എന്ന ചിത്രത്തിലെ സദാശിവന്‍പിള്ളയും മീന്‍ എന്ന ചിത്രത്തിലെ കുര്യാക്കോസും പടയോട്ടത്തിലെ ദേവനും ഇതാ ഇവിടെ വരെ എന്ന ചിത്രത്തിലെ താറാവുപൈലിയും അപരനിലെ അച്ഛനും ചമ്പക്കുളം തച്ചന്‍ എന്ന ചിത്രത്തിലെ മൂത്തതച്ചനും നാടുവാഴികളിലെ അനന്തനും... അങ്ങനെ എന്നുമോര്‍മിക്കാന്‍ എണ്ണിയാല്‍ ത്തീരാത്ത വൈവിധ്യമേറിയ ഒട്ടേറെ കഥാപാത്രങ്ങളെ അദ്ദേഹം മലയാളത്തിനു നല്കി.
എഴുപതുകളുടെ മധ്യംമുതല്‍ തന്റെ ശരീരത്തില്‍ വന്ന പ്രകടമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കഥാപാത്രങ്ങളെ തനതായ ശൈലിയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രവും അയത്‌നലളിതമായാണു പ്രേക്ഷകരുടെ മുന്നിലേക്കെത്തിയത്. സിനിമകളിലെ ഗാനരംഗങ്ങളെയും മധുവെന്ന നടന്‍ തന്റേതായ സ്വാഭാവികതയോടെ മനോഹരമാക്കി.
സാമ്യമകന്നോരുദ്യാനമേ, പാതിരാവായില്ല, ചെമ്പകപ്പൂങ്കാവനത്തിലെ, സ്വര്‍ണ്ണഗോപുരനര്‍ത്തകീശില്പം, മംഗളം നേരുന്നു ഞാന്‍, പൊന്നില്‍ കുളിച്ച രാത്രി, ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍, നളദമയന്തിക്കഥയിലെ, മാണിക്യവീണയുമായെന്‍, വെണ്‍ചന്ദ്രലേഖയൊരു അപ്‌സരസ്ത്രീ എന്നിങ്ങനെ മലയാളം കേട്ട ഒട്ടേറെ മനോഹരരാഗങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയായിരുന്നു.
സാഥ് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അദ്ദേഹം അഭിനയിച്ചു.
1970 ല്‍ പ്രിയ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ മുദ്ര പതിപ്പിച്ചു. പിന്നീടും കുറച്ചു ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്യുകയും നിര്‍മിക്കുകയും ഒരു ചിത്രത്തിനു വേണ്ടി തിരക്കഥ എഴുതുകയും ചെയ്തു. പലര്‍ക്കും അറിയാത്ത കാര്യങ്ങളാണ് അതെല്ലാം. എങ്കിലും ഒരു സാദാപ്രേക്ഷകന്‍ എന്നുമോര്‍ക്കുന്നത് മധു എന്ന നടനെയാണ്.
അര്‍ഹിച്ചിരുന്ന പരിഗണന ലഭിച്ചില്ലയെങ്കിലും ആരോടും പരിഭവമില്ലാതെ ലാളിത്യത്തിന്റെ മറുവാക്കായി ആഭിജാത്യത്തോടെ അദ്ദേഹം തന്റെ ജീവിതം മുന്നോട്ടു നയിക്കുന്നു.
ഏറെ വൈകിയെത്തിയ ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും പത്മശ്രീ പുരസ്‌കാരവും അര്‍ഹതയുണ്ടായിട്ടും ലഭിക്കാതിരുന്ന മറ്റ് അവാര്‍ഡുകളും ഒന്നുമല്ല മധു എന്ന നടനെ വിലയിരുത്തുന്നത്. സത്യന്‍മാഷും പ്രേം നസീറും അഭ്രപാളിയെ അടക്കിഭരിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ അവരോടൊപ്പം ചേര്‍ന്നുനിന്ന് തന്റേതായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയെന്നതാണ് നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയം. മാനസമൈനേ വരൂ എന്ന പാട്ടു കേള്‍ക്കുമ്പോള്‍ പരീക്കുട്ടിയുടെ സുന്ദരമുഖം മനസ്സില്‍ തെളിയുന്നതും അതുകൊണ്ടാണ്.
തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാര്‍ത്ഥ പേര് മാധവന്‍ നായര്‍. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ബിരുദവും തുടര്‍ന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതല്‍ 1959 വരെയുള്ള കാലഘട്ടത്തില്‍ നാഗര്‍കോവിലിലെ സൗത്ത് ട്രാവന്‍കൂര്‍ ഹിന്ദു കോളജിലും സ്‌കോട്ട് ക്രിസ്ത്യന്‍ കോളജിലും ഹിന്ദി അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പിന്നീട് അധ്യാപനജീവിതം ഉപേക്ഷിച്ച് സിനിമയുടെ മാസ്മരികലോകത്തേക്ക് ഇറങ്ങിത്തിരിച്ചു.
മലയാളസിനിമയില്‍ എഴുപതുവര്‍ഷം പൂര്‍ത്തിയാക്കിയ മലയാളത്തിന്റെ മഹാനടന് പിറന്നാള്‍ ആശംസകള്‍...