കടനാട്ടില്‍നിന്ന് ഏകദേശം 53 വര്‍ഷംമുമ്പ് നീലൂര്‍-എള്ളുംപുറം ഭാഗത്തു കുടിയേറിയ മഠത്തിപ്പറമ്പില്‍ ജോസഫ് കഠിനാധ്വാനിയായ ഒരു കര്‍ഷകനായിരുന്നു. സ്വന്തം പുരയിടം പൊന്നുവിളയുന്ന ഒരു കൃഷിഭൂമിയാക്കാന്‍ ഇദ്ദേഹം നടത്തിയ പരിശ്രമം അത്ര ചെറുതൊന്നുമല്ല. തരിശായിക്കിടന്നിരുന്ന പാറയുള്ള ഭൂപ്രദേശം, കയ്യാലവച്ച്, തട്ടുകളായി തിരിച്ച് മണ്ണുനിറച്ച്, ഒന്നാന്തരം കൃഷിഭൂമിയാക്കി മാറ്റി അദ്ദേഹം!
ജോസഫിന് മക്കള്‍ ഒന്‍പതുപേര്‍. നാലാണും അഞ്ചു പെണ്ണും. അതില്‍ ഒരു മകള്‍ സി. ഹെന്‍ട്രിറ്റ്, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസസമൂഹത്തില്‍ചേര്‍ന്ന് സൗത്താഫ്രിക്കയില്‍ സേവനമനുഷ്ഠിക്കുന്നു.
ജോസഫ് മണ്‍മറഞ്ഞെങ്കിലും മകന്‍ ടോമി മഠത്തിപ്പറമ്പിലും അപ്പനെപ്പോലെതന്നെ കൃഷിക്കാര്യങ്ങളില്‍ അതീവതത്പരനാണ്. പച്ചക്കറിയിനങ്ങളായ പയര്‍, പാവല്‍, വഴുതന, വെണ്ട, തക്കാളി, ചീനി, കുമ്പളങ്ങ, മത്തന്‍, ചീര, വാഴ, ചേന, മധുരക്കിഴങ്ങ് എന്നിവ ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇവയ്‌ക്കെല്ലാം ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്.
3500 ഓളം മരച്ചീനിമൂടുകള്‍ കൃഷി ചെയ്തിരിക്കുന്നു. ആയിരത്തോളം മത്സ്യക്കുഞ്ഞുങ്ങള്‍ അടങ്ങിയ മീന്‍കുളം വേറെ. തിലോപ്പിയ, കര്‍ട്ടര്‍ എന്നീയിനങ്ങളാണു വളര്‍ത്തുന്നത്. ജലസേചനാവശ്യത്തിനായി പാറ പൊട്ടിച്ചു നീക്കി രൂപപ്പെട്ട കുഴിയാണ് മത്സ്യക്കുളമായി മാറിയത്. കൂട്ടത്തില്‍ കൃഷിയിടത്തില്‍ കയ്യാല വയ്ക്കുന്നതിനും കല്ലുപയോഗിച്ചു. വില കൊടുത്തു കല്ലു വാങ്ങേണ്ട ആവശ്യമുണ്ടായില്ല. അതും ഒരു നേട്ടംതന്നെ.
നീലൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിലുള്ള ഫാര്‍മേഴ്‌സ് ക്ലബില്‍ അംഗമാണ് ടോമി. ഇദ്ദേഹത്തിന് മൂന്ന് ആണ്‍കുട്ടികള്‍. ജോബിന്‍ വൈദികവിദ്യാര്‍ത്ഥി. ജിബിന്‍ മൂലമറ്റം സെന്റ് ജോസഫ് കോളജിലും ജിതിന്‍ പാലാ സെന്റ് തോമസ് കോളജിലും പഠിക്കുന്നു. ഭാര്യ സെലിനും, അവധിയുള്ളപ്പോള്‍ കുട്ടികളും ടോമിനെ സഹായിക്കുന്നു.
കൃഷിയിടത്തിലെ പണികള്‍ ഒത്തൊരുമയോടെ ഇവരെല്ലാവരുംകൂടി ചെയ്യുന്നു. ആട്, കോഴി, താറാവ് എന്നിവയുടെ വളര്‍ത്തലുമുണ്ട്. മഴമറ പച്ചക്കറികളും ചെറുതേനീച്ച വളര്‍ത്തലുമുണ്ട്. പച്ചക്കറിയിനത്തില്‍ മാര്‍ക്കറ്റില്‍ നല്ല വിലയുള്ളപ്പോള്‍ ഒരാഴ്ച ശരാശരി 1500 രൂപ ലഭിക്കുന്നു.
കടനാട് കൃഷിഭവന്‍, നീലൂര്‍ ഫാര്‍മേഴ്‌സ് ക്ലബ് എന്നിവയുടെ കര്‍ഷക അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പാലാ രൂപതയിലെ മികച്ച കര്‍ഷകനുള്ള കത്തോലിക്കാ കോണ്‍ഗ്രസ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
കടനാട് കൃഷിഭവന്‍ അധികൃതര്‍ ഇടയ്ക്കിടയ്ക്ക് കൃഷിയിടം സന്ദര്‍ശിക്കുകയും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.