•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

ഓര്‍മകളില്‍ മധുരിക്കുന്നൂ, ഓണം!

  • *
  • 22 September , 2022

ദീപനാളം ഓണപ്പതിപ്പ് കെട്ടിലും മട്ടിലും ഉന്നതനിലവാരം പുലര്‍ത്തി. പ്രഫ. എം.കെ. സാനുവിന്റെ ലേഖനം ''ഒരുമയുടെ ഓണം ഓര്‍മകളാകുമ്പോള്‍'' പലതും ഓര്‍മിപ്പിക്കുന്ന ഒന്നായി. പഴയതലമുറയിലെ ആളുകള്‍ അതിലെ സാരാംശം ഉള്‍ക്കൊള്ളാതിരിക്കില്ല. അവരിലാണല്ലോ അല്പമെങ്കിലും പഴയ ഓര്‍മകള്‍ അവശേഷിച്ചിരിക്കുന്നത്.
പുതിയ തലമുറയ്ക്ക് ഓര്‍മകളില്ലെന്നല്ല. അതുപക്ഷേ മറ്റൊന്നാവാനേ വഴിയുള്ളൂ. പഴയ വീടും തൊടിയും പൂക്കളും മരങ്ങളും ഊഞ്ഞാല്‍പ്പാട്ടും തിരുവാതിരയും ഓണക്കളികളുമൊന്നും അതിന്റെ യഥാര്‍ത്ഥ വിശുദ്ധിയില്‍ അവര്‍ കണ്ടിട്ടില്ല, തീര്‍ച്ച! ടി.വി. പെട്ടിക്കുള്ളിലെ 'ചാനലോണ'ത്തിനു മുന്നിലാണ് അവരൊക്കെ പെറ്റുവീണത്. അതവരുടെ കുറ്റമല്ല. കാലം മാറി; കോലവും മാറി.
ഇന്നു ഗ്രാമങ്ങള്‍തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു; അഥവാ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. വാ പിളര്‍ന്നടുക്കുന്നതു നഗരങ്ങളാണ്. പലയിടങ്ങളിലും ഗ്രാമമേത്, നഗരമേത് എന്നു വ്യവച്ഛേദിക്കാനാവാത്തവിധം എല്ലാം സമ്മിശ്രമായിരിക്കുന്നു. വലുതും ചെറുതുമായ കോണ്‍ക്രീറ്റുകെട്ടിടങ്ങള്‍ക്കിടയില്‍ നട്ടുവളര്‍ത്തിയ, ഒറ്റപ്പെട്ട ചില പൂമരങ്ങള്‍, ഫലവൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, തീര്‍ന്നു! ഗ്രാമവഴി എന്നൊന്നില്ല ഇന്ന്. എല്ലാം വലിയ റോഡുകളും വിശാലമായ ഹൈവേകളുമാണ്. വഴികള്‍ക്കു വീതിയും നീളവുമേറുന്നത് ഒരു മോശം കാര്യമാണോ?  ഒരിക്കലുമല്ല. മനുഷ്യനു സൗകര്യമാണത്. ഒരു വലിയ രക്ഷയാണത്. ആര്‍ക്കും എതിലെയും  രക്ഷപ്പെടാം. ഒരു വഴിയല്ലെങ്കില്‍ മറ്റൊരു വഴി ഇന്നുണ്ട്.  നഗരകേന്ദ്രിതമായി വഴികളിങ്ങനെ  വിശാലമാകുമ്പോഴും, വഴിയറിയാതെ ഉഴലുന്ന സാധുക്കള്‍ കേരളത്തിന്റെ ഉള്‍നാടുകളില്‍ ഇപ്പോഴുമുണ്ട് എന്നതു നാം മറന്നൂകൂടാ. എത്രയോ പേര്‍ക്ക് ഇപ്പോഴും വഴി നിഷേധിക്കപ്പെട്ടിരിക്കുന്നു. നടപ്പുവഴിപോലുമില്ലാത്തവര്‍!
നാട്ടിന്‍പുറത്ത് ജാതിമതഭേദമെന്യേ ഓണമാഘോഷിച്ചതിനെക്കുറിച്ച് സാനുമാഷ് ഓര്‍മിക്കുന്നുണ്ട്. തെങ്ങിന്റെ ഉയരങ്ങളില്‍നിന്നാരംഭിക്കുന്ന ആലാത്ത് എന്ന വലിയ ഊഞ്ഞാലിനെക്കുറിച്ച്  അദ്ദേഹം എഴുതുന്നു. കാലങ്ങള്‍ക്കുമുമ്പ്  നാട്ടിലങ്ങോളമിങ്ങോളം ഇതൊരു കാഴ്ചയായിരുന്നു. തെങ്ങിലല്ലെങ്കില്‍ നാട്ടുമാവില്‍ അമ്മമാരും കുഞ്ഞുങ്ങളും വരെ ഉല്ലാസപൂര്‍വം ഊഞ്ഞാലാടി. വെയിലും തണലും കൈകോര്‍ത്തുകിടന്ന ആ പറമ്പുകള്‍ക്ക് ഒരു പ്രത്യേക ശീതളിമയുണ്ടായിരുന്നു. തെങ്ങുകള്‍, കവുങ്ങുകള്‍, കുടപ്പനകള്‍, ചെത്തുപനകള്‍, പ്ലാവുകള്‍, മാവുകള്‍, ആഞ്ഞിലികള്‍ തുടങ്ങി എന്തെന്തു വൃക്ഷങ്ങള്‍! കൂടാതെ, അത്തി, ഇത്തി, പേരാല്‍, അരയാല്‍ തുടങ്ങിയ ഔഷധവൃക്ഷങ്ങള്‍! പിന്നെയുമുണ്ട്-നെല്ലി, ചാമ്പ, മരുത്, പയ്യാനി, പേര, പാതിരി, മുഞ്ഞ, മുരിക്ക്, കുടംപുളി, വാളംപുളി, ഇലുമ്പി, ഇടന... എങ്ങനെ ഓര്‍ക്കാതിരിക്കും? അന്നത്തെ പറമ്പുകളുടെ ഹരിതഭംഗി ഇന്നുണ്ടോ? എവിടെയും റബര്‍മരങ്ങള്‍ മാത്രം.
ഇന്നു പൂപറിക്കാന്‍ ആര്‍ക്കും എങ്ങോട്ടും ഓടേണ്ടതില്ല. വിളിച്ചുപറഞ്ഞാല്‍ മതി, ഇന്‍സ്റ്റന്റ് പൂക്കള്‍ നിമിഷങ്ങള്‍ക്കകം തിണ്ണയിലെത്തും. അവ വാരി നിരത്തേണ്ട താമസം മാത്രം. ഊഞ്ഞാലാട്ടക്കാരെ അധികം കാണാനില്ലിന്ന്. ഉള്ളവര്‍തന്നെ വീട്ടിനുള്ളിലും സിറ്റൗട്ടിലും പോര്‍ച്ചിലുമായി ഒതുങ്ങിയിരിക്കുന്നു. ഇനി ഓണസദ്യയുടെ കാര്യം. കൈയില്‍ കാശുണ്ടോ, ഓണസദ്യ പായസമുള്‍പ്പെടെ വിളമ്പിത്തരാന്‍ തരാതരം ആള്‍ക്കാര്‍ റെഡി. വിശപ്പുണ്ടായാല്‍ മതി. അല്പം വിയര്‍ക്കാത്തവര്‍ക്കു വിശപ്പുണ്ടോ  ആവോ?
ഇതൊക്കെ ഒരു പഴയ മനസ്സിന്റെ ചിന്തകളാണു കേട്ടോ. പുതുകാലത്തെ കുറ്റപ്പെടുത്തുകയല്ല. ഒരു കാര്യം പറയാം. ചൂടേറിയ അടപ്രഥമന്‍ കൈയിലിരിക്കുമ്പോഴും ഓണം മധുരിക്കണമെങ്കില്‍ പോയ കാലത്തിലേക്ക് ഒന്നൂളിയിടണം. സത്യമല്ലെന്നുണ്ടോ?
ജയശ്രീ പി.കെ.
പള്ളിക്കത്തോട്

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)