നമുക്കെല്ലാം നിലനില്ക്കാന്‍ അത്യാവശ്യം വേണ്ടുന്ന ഒന്നാണു ജീവജലം. ജലമില്ലെങ്കില്‍ പക്ഷിമൃഗാദികളില്ല, സസ്യലതാദികളും മരങ്ങളുമില്ല; എന്തിന് ഈ പ്രപഞ്ചംപോലുമില്ല. നമ്മുടെ ശരീരത്തിലെ ജീവരക്തമായി അതൊഴുകുന്നു. നമ്മുടെ നാടിന്റെ സമ്പദ്‌വ്യവസ്ഥയെയും നിലനില്പിനെപ്പോലും നിയന്ത്രിക്കുന്ന ഒരു പ്രധാന ശക്തിയാണത്. ഒരു തുള്ളി ജലത്തിനുള്ളില്‍ എല്ലാ മഹാസമുദ്രങ്ങളുടെയും നിഗൂഢരഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നാണ് ഖലീല്‍ ജിബ്രാന്റെ മഹത്തായ വാക്കുകള്‍. ജീവന്‍ നിലനിറുത്തുന്ന ഒരു മാന്ത്രികവസ്തുവാണിത്.
ജപ്പാനിലെ പ്രസിദ്ധ ഗവേഷകനും അറിയപ്പെടുന്ന എഴുത്തുകാരനുമായ മസാരു ഇമോട്ടയുടെ ലോകമെമ്പാടും ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു പുസ്തകമാണ് 'ജലത്തിന്റെ യഥാര്‍ത്ഥ ശക്തി'. നാം നിസ്സാരവത്കരിച്ചു വൃഥാ ഒഴുക്കിക്കളയുന്ന വെള്ളമാണു പ്രമേയം. മനുഷ്യന്റെ ചിന്തകള്‍ എങ്ങനെ ജലവിഭവത്തെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും മറ്റും ധാരാളം ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന പുസ്തകം. ജലത്തിനു നമ്മെ രോഗാവസ്ഥയില്‍നിന്നു സംരക്ഷിക്കാനാകും എന്ന് ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു.
സ്വാസ്ഥ്യത്തിന്റെ താക്കോല്‍
'ജലത്തിന്റെ യഥാര്‍ത്ഥശക്തി'യില്‍ അദ്ദേഹം സ്ഥാപിക്കുന്നത് ജലമാണ് സ്വാസ്ഥ്യത്തിന്റെ താക്കോല്‍ എന്നാണ്. ശരീരത്തിന്റെ മുഖ്യഘടകമായ ജലവുമായി സദാ സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടു നമുക്കെങ്ങനെ ആരോഗ്യം സംരക്ഷിക്കാമെന്ന് ഈ പുസ്തകം വിശദമാക്കുന്നു. പ്രാര്‍ത്ഥനകളിലൂടെ മഴവെള്ളം മാലിന്യവിമുക്തമാക്കാനും ഭൂപ്രകൃതിയെ സംരക്ഷിക്കാനുമുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.
പുസ്തകത്തിന്റെ ആമുഖത്തില്‍ മസാരു പറയുന്നതിതാണ്: ''ഈ പുസ്തകത്തിലൂടെയുള്ള യാത്ര എനിക്കോ നിങ്ങള്‍ക്കോ യാദൃച്ഛികമായി സംഭവിക്കുന്നതല്ല. എന്റെ ഗവേഷണങ്ങളിലൂടെ എനിക്കു തുറന്നുകിട്ടിയതുപോലെ ഇതിലെ വാക്കുകളും ചിത്രങ്ങളും ഒരു പുത്തന്‍ലോകത്തിന്റെ അനുഭവങ്ങളിലേക്കു നിങ്ങളെയും വഴിനടത്തും. ജലത്തിന്റെ അസാമാന്യമായ സാധ്യതകളെക്കുറിച്ചു മനസ്സിലാക്കി അതിനെ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ആരോഗ്യത്തെയും ജീവിതത്തെയും എങ്ങനെ മെച്ചപ്പെടുത്താമെന്ന് നമുക്കിവിടെ മനസ്സിലാക്കാം. വെള്ളവുമായി നമുക്കുള്ള ബന്ധം എന്താണ്? നാം കുടിക്കുന്നതുകൂടാതെ നമ്മുടെ ശരീരത്തിലെ 70 ശതമാനത്തോളംവരുന്ന ജലാംശത്തെക്കുറിച്ചും നാം ബോധവാന്മാരാകണം. മറ്റുള്ളവരുമായി നാം ഇടപെടുമ്പോള്‍ ജലാംശത്തിനുവരുന്ന മാറ്റങ്ങള്‍ കൂടി മനസ്സിലാക്കുന്നതു പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ വ്യക്തിപരമായ ഒരു ഉത്തരവാദിത്വമാണ് വെള്ളത്തെക്കുറിച്ചു വിശദമായി പഠിക്കുക എന്നത്. കാരണം, ഈ ഉപഗ്രഹത്തിലെ ഏറ്റവും അമൂല്യവും അത്യന്താപേക്ഷിതവുമായ ഒരു വിഭവമാണ് ജലം. നമ്മുടെ ചേതനയെ, ബോധ്യത്തെ, വാക്കുകളെ അത് പ്രാര്‍ത്ഥനകളിലൂടെ ചൈതന്യോന്മുഖമാക്കുന്നു; നമ്മുടെ മറ്റുള്ളവരോടുള്ള പ്രതിബദ്ധത വര്‍ധിപ്പിച്ചുകൊണ്ട് പരസ്പരം സ്‌നേഹത്തിലും കൃതജ്ഞതയിലും വളരുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ജലത്തെക്കുറിച്ചുള്ള വിജ്ഞാനം മനുഷ്യകുലത്തിന്റെയും സര്‍വജീവജാലങ്ങളുടെയും സമാധാനപൂര്‍ണമായ ജീവിതത്തിനു വഴിയൊരുക്കുമെന്ന് മസാരു ഉദ്‌ബോധിപ്പിക്കുന്നു.
പുസ്തകത്തെക്കുറിച്ച് കിറില്‍ സോകോലോഫ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: ''സാര്‍വത്രികമായ ഒരു വലിയ സത്യമാണ് മസാരു ഉദ്‌ഘോഷിക്കുന്നത്. നമ്മുടെ ശരീരത്തിലെ സിംഹഭാഗമായ ജലത്തിലൂടെ ഊര്‍ജം പകര്‍ന്നുനല്‍കപ്പെടുന്നു; പ്രസരിപ്പിക്കപ്പെടുന്നു. ജലവുമായുള്ള നമ്മുടെ സംസര്‍ഗ്ഗത്തില്‍ നമുക്കുള്ളിലേക്കു സ്‌നേഹത്തിന്റെയും കൃതജ്ഞതയുടെയും തിരമാലകള്‍ വന്നുപതിക്കുകയും എല്ലാ വൈകാരികതയുടെയും അത്യുന്നതശൃംഗത്തില്‍ അത് ഈ ഗൃഹത്തിലെ എല്ലാ മനുഷ്യരെയും കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു''
ചൈതന്യം സദാ വര്‍ഷിക്കുന്ന വിഭവം
മനുഷ്യപുരോഗതിയില്‍ നിര്‍ണായകസ്ഥാനം വഹിക്കുന്ന മര്‍മപ്രധാനവും ചൈതന്യമുണര്‍ത്തുന്നതുമായ ഒരു വിഭവസമ്പത്താണ് ജലം. ലിയനാര്‍ഡോ ഡാവിഞ്ചി പറയുന്നതുപോലെ സര്‍വത്തിന്റെയും ചാലകശക്തിയാണത്. ഖരവസ്തുക്കളുടെ ഗതാഗതം, ധാതുപദാര്‍ഥങ്ങളുടെയും രാസവസ്തുക്കളുടെയും പോഷകവസ്തുക്കളുടെയും ലയനം, താപഊര്‍ജത്തിന്റെ സംഭരണം ഇതെല്ലം വഴിതുറക്കുന്നത് അനേകം വ്യാവസായികവും കാര്‍ഷികവുമായ പുരോഗതിയുടെ സാധ്യതകളിലേക്കാണ്.
ജീവിതത്തിന്റെ താക്കോലാണു ജലം. സമുദ്രത്തില്‍ വളരുന്ന 'ഫ്യറ്റോപ്ലാന്റിക്ട്രോണ്‍' എന്നുവിളിക്കുന്ന സസ്യങ്ങള്‍ നാം ശ്വസിക്കുന്ന ഓക്‌സിജന്റെ 70 ശതമാനത്തോളം നമുക്കു സംഭാവന ചെയ്യുന്നു. തടാകങ്ങളിലെയും നദികളിലെയും കിണറുകളിലെയും ജലം നമ്മുടെ ജീവന്‍ നിലനിറുത്തുന്നത് നമുക്കറിയാം. നാം കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ വളരുന്നത് ഇതേ ജലത്താലാണ്.
പ്രകൃതിയില്‍ ജലസ്രോതസ്സുകള്‍ തുടര്‍ച്ചയായി നവീകരിക്കപ്പെടുന്നുണ്ട്. കാര്‍മേഘങ്ങള്‍ മഴയായി ചൊരിഞ്ഞു നമ്മുടെ പ്രാണനെ നിലനിറുത്തുന്നു. എന്നാല്‍, പ്രകൃതിയുടെ ഈ സ്വയം നവീകരിക്കാനുള്ള ശേഷി നശിച്ചുകൊണ്ടിരിക്കുന്നു. ജലസ്രോതസുകള്‍ ഉണങ്ങിവരണ്ടു. ഇക്കഴിഞ്ഞ നൂറ്റാണ്ടിലെ വന്‍കിട വ്യവസായവത്കരണവും നാഗരികസംസ്‌കാരത്തിന്റെ വളര്‍ച്ചയും കാരണം കുടിവെള്ളത്തിന്റെ ക്ഷാമം പതിന്മടങ്ങായിരിക്കുന്നു.
സമ്പദ്‌വ്യവസ്ഥയുടെയും ജനസാന്ദ്രതയുടെയും വരാനിരിക്കുന്ന വളര്‍ച്ചകൂടി അനുമാനിക്കുമ്പോള്‍ 2040 ആകുമ്പോഴേക്കും ജലലഭ്യതയുടെ 40 ശതമാനം കണ്ടു ജലത്തിന്റെ ആവശ്യം വര്‍ധിക്കുമെന്നാണ് യുഎന്‍ കണക്കുകൂട്ടലുകള്‍.
കാലാവസ്ഥയില്‍ ഒരു വലിയ അടിയന്തരാവസ്ഥ തന്നെയാണ് വന്നുചേര്‍ന്നിരിക്കുന്നത്. അപ്രതീക്ഷിതമായുള്ള മഴയും പൊടുന്നനെയുള്ള വന്‍വരള്‍ച്ചയും കാലിഫോര്‍ണിയയും ഓസ്ട്രേലിയായുംപോലുള്ള രാജ്യങ്ങളില്‍ ഉണ്ടാകുന്നു. ഗ്രീന്‍ലണ്ടില്‍ കാട്ടുതീമൂലം നാശനഷ്ടങ്ങള്‍ സംഭവിക്കുന്നു. ലോകത്തിലെ കാലാവസ്ഥാമാറ്റങ്ങള്‍ക്കുള്ള കാരണവും ജലത്തോടു ബന്ധപ്പെട്ടു കിടക്കുന്നു.
കുടിവെള്ളത്തിന്റെ ക്ഷാമം നമ്മെ ജലത്തിന്റെ വിനിയോഗത്തെ എങ്ങനെ നിയന്ത്രിക്കാം, എങ്ങനെ മലിനമാകുന്ന ജലത്തെ ശുദ്ധീകരിച്ചു വീണ്ടും ഉപയോഗിക്കാം എന്നതിനെക്കുറിച്ചൊക്കെ ഗൗരവമായി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ലാസ് വെഗാസ്, സിങ്കപ്പൂര്‍, വിന്‍ഡ്‌ഹോക്ക്, ബെര്‍ലിന്‍പോലുള്ള നഗരങ്ങളില്‍ പലവിധത്തിലുള്ള പുത്തന്‍ കണ്ടെത്തലുകളിലൂടെ ജലശുദ്ധീകരണത്തിനും അതിന്റെ ലഭ്യത ഉറപ്പുവരുത്തുവാനും മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു.
വെറുതെ ഒഴുക്കിക്കളയുന്ന വെള്ളം
കേരളത്തിലെ കാര്യമെടുത്താല്‍ നമുക്ക് ആറുമാസം കിട്ടുന്ന മഴവെള്ളത്തിന്റെ നല്ലൊരു പങ്ക് വെറുതെ കടലിലേക്ക് ഒഴുകിപ്പോവുകയാണ്. നമ്മുടെ കൃഷി സമ്പ്രദായങ്ങള്‍ മാറണം. ജലസംഭരണികള്‍ ഉണ്ടാവണം. നമ്മുടെ പുരപ്പുറത്തും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുമേലും വന്നു പതിക്കുന്ന മഴത്തുള്ളികള്‍ മുറ്റത്തുകൂടി കനാലുകളിലും തോടുകളിലും ഒഴുകിയെത്തി ഒടുവില്‍ അറബിക്കടലിലെ ഉപ്പുവെള്ളത്തോടു ചേരുന്ന ദയനീയമായ കാഴ്ച നാം കാണുന്നുണ്ട്. എന്നാല്‍, ഈ ജലം ഒരു പരിധിവരെയെങ്കിലും നമുക്കു സംഭരിക്കാമെന്നും കുടിവെള്ളത്തിനായും കൃഷിക്കായും വിനിയോഗിക്കാമെന്നും അധികമാരും ഇപ്പോഴും ചിന്തിക്കുന്നില്ല.
സമ്പദ്‌വ്യവസ്ഥയുടെ എല്ലാത്തലങ്ങളിലും ജലത്തിന് ഒരു മുഖ്യമായ സ്ഥാനമുണ്ട്. എല്ലാ ജീവജാലങ്ങളുടെയും നിലനില്പിനെത്തന്നെ അതു ബാധിക്കുന്നു. ഈ ഉപഗ്രഹത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന പ്രശ്‌നമാണ് ജലവിഭവത്തിന്റെ പരിപാലനം. തലമുറകളായി മനുഷ്യകുലത്തെയും സര്‍വജീവജാലങ്ങളെയും നിലനിറുത്താന്‍ ജലത്തിനു കഴിഞ്ഞു. പക്ഷേ, അതിനിയും തുടരണമെങ്കില്‍ നാം ജാഗരൂകരാകേണ്ടിയിരിക്കുന്നു. ഈ വിഭവത്തെ വേണ്ടുംവിധം, ഉചിതരൂപത്തില്‍ ബഹുമാനിക്കാനും വിലമതിക്കാനും പഠിക്കണം. നാം എങ്ങനെ ഈ വിലമതിക്കാനാവാത്ത വിഭവത്തെ പ്രതിബദ്ധതയോടെ കൈകാര്യം ചെയ്യുന്നുവോ അതനുസരിച്ചായിരിക്കും ഈ ഭൂമിയുടെയും നമ്മുടെ കുഞ്ഞുങ്ങളുടെയും ഭാവി.