രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയിലെ ആശയപരമായ വൈരുധ്യങ്ങളും വിയോജിപ്പുകളും അക്രമത്തിലേക്കു വഴിമാറി കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആയുധങ്ങളല്ല, സമാധാനപരമായ സംവാദങ്ങളാണു നാടിനാവശ്യമെന്നു മനസ്സിലായിട്ടും അതു കണ്ടില്ലെന്നു നടിക്കുകയാണ് ഉത്തരവാദിത്വപ്പെട്ടവര്‍. സംസ്ഥാനത്ത് കുറച്ചുനാളുകളായി മതമാത്സര്യങ്ങള്‍ക്കൊപ്പം വിദ്വേഷരാഷ്ട്രീയത്തിന്റെയും വിത്തു വീണിരിക്കുന്നു. സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കണമെന്നു കരുതുന്ന ഏതൊക്കെയോ കുബുദ്ധികളാണ് ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വിതയ്ക്കാന്‍ മുതിരുന്നത്. കുറച്ചുപേരെങ്കിലും വിവേകത്തോടെ നീങ്ങുന്നതുകൊണ്ടുമാത്രം കൂടുതല്‍ കുഴപ്പങ്ങളുണ്ടാകുന്നില്ലെന്നു സമാധാനിക്കാം.
വെറുപ്പിന്റെ കത്തികള്‍ ആഴ്ന്നിറങ്ങി സമൂഹത്തിനേറ്റ മുറിവുകളില്‍ സ്‌നേഹത്തിന്റെ തൈലമാണു പുരട്ടേണ്ടത്. സമാധാനപരമായ സംവാദങ്ങള്‍ അടിയന്തരാവശ്യമായിത്തീര്‍ന്നിരിക്കുന്നു.
സി.പി.എമ്മിന്റെ ആസ്ഥാനമായ എ.കെ.ജി. സെന്ററിനു നേരേ ജൂണ്‍ 30 വ്യാഴാഴ്ച അര്‍ദ്ധരാത്രി സ്‌ഫോടകവസ്തു എറിഞ്ഞ സംഭവം രാഷ്ട്രീയകക്ഷികളും അല്ലാത്തവരും സര്‍ക്കാരും അതീവഗൗരവത്തോടെതന്നെയാണു കണ്ടത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് വയനാട്ടില്‍ കോണ്‍ഗ്രസ് എം.പി. രാഹുല്‍ഗാന്ധിയുടെ ഓഫീസ് പട്ടാപ്പകല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതും. ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ അത്ര പതിവില്ലാത്തതാണ്.
രാഷ്ട്രീയകക്ഷികളുടെ ഓഫീസുകള്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ തികച്ചും വൈകാരികമായ പ്രതികരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇട നല്കുന്നതാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടുകതന്നെ വേണം. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അതില്‍നിന്നു മുതലെടുക്കുകയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉദ്ദേശ്യം.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിനു പിന്നാലെ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിനു നേരേയും കൈയേറ്റത്തിനു ശ്രമം നടക്കുകയുണ്ടായി. പൊലീസിന്റെ അവസരോചിതമായ ഇടപെടലാണ് അന്തരീക്ഷം ശാന്തമാക്കിയത്. നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളാണു പലപ്പോഴും പ്രവര്‍ത്തകരെ നിലവിട്ട പ്രവൃത്തികളിലേക്കു നയിക്കുന്നത്. വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകളില്‍ നിന്നു നേതാക്കള്‍ പിന്മാറേണ്ടിയിരിക്കുന്നു.
രാഷ്ട്രീയമായി കൈയൂക്കുള്ളവരെല്ലാം അവസരം കിട്ടിയാല്‍ നിയമം കൈയിലെടുക്കുന്ന പ്രവണത അപലപിക്കപ്പെടണം. നേതാക്കള്‍ അണികളെ സമാധാനത്തില്‍ നിറുത്തുന്നതിനുപകരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സമൂഹത്തെ വെല്ലുവിളിക്കുന്നു. വേലിതന്നെ വിളവു തിന്നുന്ന അവസ്ഥ.
വിവാദപ്പെരുമഴയില്‍ രാഷ്ട്രീയകേരളം
നയതന്ത്രപരിരക്ഷയുള്ള ബാഗില്‍ സ്വര്‍ണക്കള്ളക്കടത്തു നടത്തിയ കേസില്‍ പ്രതിയായി, ജാമ്യത്തില്‍ക്കഴിയുന്ന സ്വപ്നാ സുരേഷ് കോടതിയില്‍ മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകളായി സംസ്ഥാനരാഷ്ട്രീയം രൂക്ഷമായ വാദപ്രതിവാദങ്ങളാല്‍ സംഘര്‍ഷഭരിതമാണ്. കോടതിയില്‍ നല്‍കിയ മൊഴികള്‍ പരസ്യപ്പെടുത്തിയതിലും ഗൂഢാലോചനക്കേസിലും വാദപ്രതിവാദങ്ങളും വെളിപ്പെടുത്തലുകളും തുടരുന്നു. ഓരോ ദിവസവും തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളാണ് വെളിപ്പെടുന്നത്.
ഇതിനിടെ മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയതടക്കമുള്ള സംഭവത്തെച്ചൊല്ലിയും വിവാദങ്ങളുണ്ടായി.
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി കുറച്ചൊക്കെ അച്ചടക്കത്തില്‍ നീങ്ങുന്ന പ്രതിപക്ഷത്തിന് സര്‍ക്കാരിന് അടിക്കടിയുണ്ടാകുന്ന വീഴ്ചകള്‍ മുതലെടുക്കാന്‍ സാധിക്കുന്നുവെന്നതു ശ്രദ്ധേയമാണ്.
ജനത്തിനു സ്വസ്ഥമായി ജീവിക്കാന്‍ തക്ക അന്തരീക്ഷമൊരുക്കാന്‍ അധികാരത്തിലുള്ളവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. രാഷ്ട്രീയമായ ആശയവൈരുധ്യങ്ങള്‍ക്കിടയിലും സമാധാനാന്തരീക്ഷം നിലനിറുത്തുവാന്‍ ഭരണത്തിലുള്ളവര്‍ക്കു കഴിയണം.