അവിചാരിതമായിട്ടാണ് ആ നൈജീരിയന്‍ വൈദികനെ (ഫാ. ജോഷ്വാ - യഥാര്‍ത്ഥ പേരല്ല) ഞാന്‍ കണ്ടുമുട്ടിയത്. വി. കുര്‍ബാനയ്ക്കുമുമ്പ് അതിരാവിലെ ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ഈശോയെ എഴുന്നള്ളിച്ചുവച്ച് ആരാധന നടത്തുന്ന അദ്ദേഹം റോമിലെ പ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫി പ്രൊഫസറാണ്. നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷികളാവുകയും ചെയ്യുന്നത് സ്ഥിരം വാര്‍ത്തയായതിനാല്‍ ആ രാജ്യത്തെക്കുറിച്ചും ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ചും കൂടുതലറിയാന്‍ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പലപ്പോഴും സംസാരത്തിനിടയില്‍ അദ്ദേഹത്തോട് അവിടുത്തെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുക പതിവാക്കി.
ആദ്യമൊക്കെ അല്പം മടി കാണിച്ചെങ്കിലും ഒത്തിരിയേറെ വേദനയോടെ, പലപ്പോഴും നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പങ്കുവച്ചത് ഭയാനകമായ സത്യങ്ങളായിരുന്നു. നൈജീരിയയുടെ സൗത്ത് ഭാഗം വളരെ ശാന്തമാണെങ്കിലും നോര്‍ത്ത് നൈജീരിയില്‍ അതിദാരുണമായ പീഡനങ്ങള്‍ക്കു ക്രിസ്ത്യാനികള്‍ ഇരയാകുന്നു. പലരും ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി നിസാരവത്കരിക്കാന്‍ ശ്രമിക്കുമ്പോഴും ക്രിസ്തീയപീഡനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുകയാണ്. സ്‌കൂള്‍കുട്ടികളെ കൂട്ടത്തോടെയും ഒറ്റയായും തട്ടിക്കൊണ്ടുപോവുകയും നിര്‍ബന്ധിതവിവാഹത്തിനും മതപരിവര്‍ത്തനത്തിനും ഇരയാക്കുകയും ചെയ്യുന്നു. പ്രണയചതിക്കുഴികളില്‍ (ലൗ ജിഹാദ് - ഈ സത്യം നമ്മില്‍ പലരും അംഗീകരിച്ചില്ലെങ്കിലും ലോകത്തിന്റെ ഭാഗങ്ങളിലും നിലനില്‍ക്കുന്ന നഗ്‌നയാഥാര്‍ത്ഥ്യമാണ്) വീണും ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിതരാകുന്നു. ദേശത്തുള്ള സമ്പന്നരെത്തന്നെ നോട്ടമിടുകയും അവരുടെ മക്കളെ വലയില്‍ വീഴ്ത്താന്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പല സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
സമ്പന്നരായ ക്രിസ്ത്യാനികളുടെ സ്ഥാപനങ്ങളെ നോട്ടമിടുന്ന മുസ്ലീം തീവ്രവാദികള്‍ ആ സ്ഥാപനങ്ങളിലെ ഉടമസ്ഥരെ തട്ടിക്കൊണ്ടു പോവുകയും മോചനദ്രവ്യമായി പണം ആവശ്യപ്പെടുകയും ചെയ്യും. വളരെ വലിയ തുക മോചനദ്രവ്യമായി തീവ്രവാദികള്‍ പറഞ്ഞ സ്ഥലത്ത് എത്തിക്കുമ്പോള്‍ വീണ്ടും കൂടുതല്‍ പണം ആവശ്യപ്പെടും. ഇത്ര മണിക്കൂറുകള്‍ക്കിടയില്‍ കൊടുത്തില്ലെങ്കില്‍ തട്ടിക്കൊണ്ടുപോയ വ്യക്തിയെ കൊല്ലുമെന്ന ഭീഷണി വീണ്ടും വരും. തങ്ങളുടെ പ്രിയപ്പെട്ടവരെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന മോഹത്തോടെ വീണ്ടും പണത്തിനായി ബന്ധുക്കള്‍ ഓടിനടക്കുമ്പോള്‍ത്തന്നെ മൃതശരീരം എടുത്തുകൊണ്ടു പൊയ്‌ക്കൊള്ളാന്‍ പറഞ്ഞ് അടുത്ത കോള്‍ ബന്ധുകളെ തേടിയെത്തും. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. പണവും പോകും; തട്ടിക്കൊണ്ടു പോയവരുടെ ജീവനും നഷ്ടപ്പെടും.
കഴിഞ്ഞ ജൂലൈ മാസം അവസാനം തന്റെ രൂപതയിലുള്ള വൈദികരെയും വൈദികവിദ്യാര്‍ത്ഥികളെയും കണ്ട് സംസാരിക്കാനായി ഫാ. ജോഷ്വായുടെ മെത്രാന്‍ നൈജീരിയയില്‍നിന്നു റോമിലെത്തി. ഇരുപത്തഞ്ചോളം വൈദികരും സെമിനാരിവിദ്യാര്‍ത്ഥികളും മെത്രാനോടെപ്പം വളരെ ലളിതമായ ഒരു ആഫ്രിക്കന്‍ ഡിന്നര്‍ കഴിച്ചു തങ്ങളുടെ സന്തോഷം പങ്കിടുന്നതിനിടയില്‍ത്തന്നെ അവരില്‍ ഒരു വൈദികനെത്തേടി നൈജീരിയയില്‍നിന്ന് ഒരു ഫോണ്‍കോള്‍ വന്നു. ഏതാനും മിനിറ്റുകള്‍ മാത്രം ഫോണില്‍ സംസാരിച്ച ആ വൈദികന്‍ പരിസരം മറന്ന് വാവിട്ടു നിലവിളിച്ചതു കേട്ട് ഡിന്നറിന്റെ ആഘോഷത്തിലായിരുന്നവര്‍ പെട്ടെന്നു നിശ്ശബ്ദരായി.
ഏറെ സമയം കഴിഞ്ഞതിനുശേഷം മാത്രമാണ് തന്റെ ഭവനത്തില്‍ സംഭവിച്ച ഒരു വലിയ ദുരന്തം അദ്ദേഹത്തിനു തന്റെ ചുറ്റുമുള്ളവരോടു പങ്കുവയ്ക്കാന്‍ സാധിച്ചത്: മുകളില്‍ പറഞ്ഞതുപോലെതന്നെ, അദ്ദേഹത്തിന്റെ ഏകസഹോദരനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോവുകയും മോചനദ്രവ്യം ആവശ്യപ്പെട്ടു കൊല്ലുകയും ചെയ്തു. അവരുടെ ടൗണിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമയായിരുന്നു മരിച്ച വ്യക്തി. നൈജീരിയന്‍ഭൂമിയില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ അനേകായിരങ്ങളുടെ നിഷ്‌കളങ്കമായ കണ്ണുനീര്‍ അനുദിനമെന്നോണം വീഴുന്നുണ്ട്. ഇഞ്ചിഞ്ചായി മുറിക്കപ്പെടുമ്പോഴും തങ്ങളുടെ വിശ്വാസത്തെ പരിത്യജിക്കാതെ ധീരരക്തസാക്ഷിത്വം വരിക്കുന്ന ആ സഹോദരങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നമ്മുടെ പ്രാര്‍ത്ഥനയുടെ സ്വരം ദൈവതിരുമുമ്പിലേക്ക് ഉയര്‍ത്താം.
തീവ്രവാദം ഏതു രാജ്യത്തായാലും ഭാഷയിലായാലും അത് എന്നും തീവ്രവാദംതന്നെയാണ്. അത് എതിര്‍ക്കപ്പെടേണ്ടതാണ്. അതിനെ വെള്ളപൂശാന്‍ പരിശ്രമിക്കുന്നവര്‍ വലിയ ദുരന്തമാണ് ക്ഷണിച്ചുവരുത്തുന്നത്.