•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

വെള്ളിത്തിരയിലെ പള്ളിലച്ചന്മാര്‍

ച്ചന്മാര്‍ പലതരക്കാരുണ്ട്.  പക്ഷേ, സിനിമ അച്ചന്മാരെ കാണാനും അവതരിപ്പിക്കാനും ആഗ്രഹിക്കുന്നത്  ചില പ്രത്യേകമായ കണ്ണോടെ മാത്രമാണ്. പൊട്ടിത്തെറിക്കുന്നവരും ലൈംഗികദാഹത്തോടെ അലയുന്നവരും ലൈംഗികപീഡകരും കൊമേഡിയന്മാരും ഇങ്ങേയറ്റം ഗുണ്ടകളും കൊലപാതകികളുമൊക്കെ അതില്‍പ്പെടുന്നു. ബിഷപ്പുമാരെ കള്ളുകച്ചവടക്കാരും ബിനാമികളുമൊക്കെയായി ചിത്രീകരിക്കുന്ന സിനിമകള്‍ വേറേയുമുണ്ട്.
ഇതിനിടയില്‍ നന്മയുടെ വെള്ളിവെളിച്ചവുമായി കടന്നുപോകുന്ന ചില വൈദികരെയും അവിടവിടെയായി സിനിമയില്‍ കാണാം.
അടുത്തയിടെ അന്തരിച്ച ജോണ്‍ പോളിന്റെ മനോഹരമായ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ഉണ്ണികളേ ഒരു കഥപറയാം എന്ന സിനിമ മുതിര്‍ന്ന തലമുറയ്ക്ക് ഓര്‍മയുണ്ടാവും. അനാഥനായ എബിക്കും കുട്ടികള്‍ക്കും പുതിയൊരു ജീവിതം ഒരുക്കിക്കൊടുക്കാന്‍ തയ്യാറാകുന്നത് ആദ്യം മുരടനായി തോന്നിക്കുമെങ്കിലും ഉള്ളില്‍ അനുകമ്പയും സ്നേഹവുമുള്ള  പളളീലച്ചനായിരുന്നു. യഥാര്‍ത്ഥവൈദികജീവിതത്തോടു സാമ്യം തോന്നിക്കുന്ന കഥാപാത്രമായിരുന്നു ആ വൈദികന്റേത്. യശ്ശശരീരനായ തിലകനായിരുന്നു ആ വേഷം ചെയ്തത്.
മലയാളികളെ മുഴുവന്‍ കരയിച്ച ആകാശദൂതിലുമുണ്ട് നല്ല ഇടയന്റെ പ്രതിരൂപമായ വൈദികന്‍. വിധവയും രോഗിണിയുമായ ആനിയുടെ കുടുംബത്തിന്റെ സങ്കടങ്ങളില്‍ ചേര്‍ന്നുനില്ക്കാന്‍ കഴിയുന്നവനാണ് അദ്ദേഹം. പാവങ്ങളോടു കരുണയുള്ള, അനുകമ്പയും ആര്‍ദ്രതയുമുള്ള വൈദികന്‍. നെടുമുടി വേണുവാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതിനു സമാന്തരമായി ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന സൂത്രക്കാരനായ വൈദികനുമുണ്ട് എന്നത് വേറൊരു കാര്യം.
നെടുമുടി വേണുവിന്റെ അച്ചന്‍വേഷങ്ങളുടെ തുടക്കം ഭരതന്‍ - ജോണ്‍പോള്‍ ടീമിന്റെ ചാമരത്തില്‍നിന്നാണ്. ഫാ. നെടുമുടി ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. തുടര്‍ന്ന്, ഭരതന്റെതന്നെ കാതോടു കാതോരം, ഫാസിലിന്റെ നോക്കെത്താദൂരത്തു കണ്ണുംനട്ട് തുടങ്ങിയ സിനിമകളിലെല്ലാം വേണുവിന്റേത് അച്ചന്‍കഥാപാത്രങ്ങളായിരുന്നു. അതും നന്മയും കരുണയുമുള്ള അച്ചന്മാര്‍.
അപ്പനും മകനും തമ്മിലുള്ള ഉടക്കു തീര്‍ക്കാന്‍ ശ്രമിക്കുന്ന, അപ്പനും മകനും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ നിസ്സഹായതയോടെ നോക്കിനില്‌ക്കേണ്ടിവരുന്ന ഒരു പുരോഹിതനുമുണ്ട്. ദേഷ്യം വരുമ്പോള്‍ ഒലക്ക എന്നു കൈചുരുട്ടി പറയുന്ന അച്ചന്‍. ഭദ്രന്റെ സ്ഫടികത്തിലെ അച്ചനാണ് അത്. കരമനയാണ് ആ വേഷം ഗംഭീരമാക്കിയത്.
ബാലു മഹേന്ദ്രയുടെ യാത്രയിലും വേണു നാഗവള്ളിയുടെ സര്‍വകലാശാലയിലും അച്ചന്മാരായത് അടൂര്‍ ഭാസിയായിരുന്നു. സ്വാഭാവികതയുളള അച്ചന്മാര്‍.
ഫാ. ആബേല്‍ സിഎംഐയുടെ നിഴല്‍വീണ അച്ചനെയായിരുന്നു മിമിക്സ് പരേഡ്, കാസര്‍കോഡ് കാദര്‍ഭായ് തുടങ്ങിയ സിനിമകളില്‍ കണ്ടത്. ഇന്നസെന്റായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അശ്ലീലമില്ലാതെയും എന്നാല്‍, സ്വാഭാവികമായ നര്‍മത്തോടെയുമായിരുന്നു ആ വൈദികകഥാപാത്രം അവതരിപ്പിക്കപ്പെട്ടത്.
ഇങ്ങനെ എടുത്തുപറയാന്‍ ഒരുപിടി നല്ല അച്ചന്‍ വേഷങ്ങള്‍ മലയാളസിനിമയിലുണ്ട്.
 എന്നാല്‍, അച്ചന്മാരെ അല്പം അശ്ലീലച്ചുവയോടെ അവതരിപ്പിച്ചുതുടങ്ങിയത് 2002 ല്‍ പുറത്തിറങ്ങിയ ഫാന്റം പൈലി എന്ന മമ്മൂട്ടിച്ചിത്രത്തോടെയാണ്. ബിജുവര്‍ക്കി - ഡെന്നീസ് ജോസഫ് കോമ്പിനേഷനിലായിരുന്നു സിനിമ പുറത്തിറങ്ങിയത്. സിനിമയിലെ സ്റ്റണ്ട് മാസ്റ്ററായി ജോലി ചെയ്യുന്ന നായകന്റെ കുമ്പസാരം കേള്‍ക്കാന്‍, എരിവും പുളിയും കൊതിക്കുന്ന അച്ചനാണ് പ്രസ്തുത സിനിമയിലെ ഫാ. പോത്തച്ചന്‍ കോടാലിക്കല്‍. നായകനെ കുമ്പസാരിപ്പിച്ചു നല്ലവനാക്കുന്നതിലല്ല  നായകന്റെ വഴിവിട്ട ജീവിതകഥ കേട്ട് രസിച്ച് ആത്മനിര്‍വൃതി അടയുന്നതിലാണ് അദ്ദേഹത്തിനു താത്പര്യം. വൈദികസങ്കല്പത്തെയും കുമ്പസാരം എന്ന പരിപാവനമായ കൂദാശയെയും കുറിച്ച് തെറ്റുധാരണ ജനിപ്പിക്കാനാണ് ഈ കഥാപാത്രം നിമിത്തമായത്.
ഈ കഥാപാത്രത്തിന്റെ വികസിതരൂപമായിരുന്നു റോമന്‍സ് സിനിമയിലെ കപടവൈദികവേഷധാരികള്‍. സ്ഥലത്തെ വേശ്യയുടെ കുമ്പസാരം കേള്‍ക്കാന്‍ മത്സരിക്കുകയും കേട്ടു വിയര്‍ത്തൊലിക്കുകയും ചെയ്യുന്ന വൈദികര്‍ ക്രൈസ്തവവിശ്വാസിയെ സംബന്ധിച്ചിടത്തോളം സങ്കടകരമായ കാഴ്ചയായിരുന്നു. പക്ഷേ, കുമ്പസാരവും വൈദികരും എന്താണെന്നു മനസ്സിലാകാത്ത അന്യമതസ്ഥരെ സംബന്ധിച്ചിടത്തോളം ആര്‍ത്തട്ടഹസിച്ചു ചിരിക്കാനുള്ള വക അതിലുണ്ടായിരുന്നുതാനും.
കൊവിഡിന്റെ മുമ്പിറങ്ങിയ മലയാളസിനിമയിലെ ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ച മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാം പാതിരയിലും കൊവിഡിനു ശേഷംവന്ന നിധിന്‍ രണ്‍ജി പണിക്കരുടെ കാവലിലും ഏറ്റവും ഒടുവില്‍ അമല്‍ നീരദിന്റെ ഭീഷ്മപര്‍വത്തിലും കടന്നുവരുന്ന വൈദികകഥാപാത്രങ്ങള്‍ യഥാക്രമം ലൈംഗികപീഡകന്‍, കൊലപാതകി, ലൈംഗികപീഡകള്‍ എന്ന വിധത്തിലായിരുന്നു. കാവലില്‍ അകത്തോലിക്കനായ വൈദികനാണ് ദേവാലയത്തിനുള്ളില്‍വച്ചുപോലും കൊലപാതകം ചെയ്യുന്നത്. കഷ്ടം!
സമകാലിക സഭാചരിത്രത്തിലെ ഒറ്റപ്പെട്ട ചില ശൈഥില്യങ്ങളെ സാമാന്യവത്കരിക്കുകയും പൊതുസമൂഹത്തിന്റെ മുമ്പില്‍വൈദികരെക്കുറിച്ചു തെറ്റുധാരണ ജനിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു ഈ ചിത്രങ്ങള്‍ ചെയ്ത ക്രൂരത. കുടുംബജീവിതത്തിലുണ്ടാകുന്ന  ഒറ്റപ്പെട്ട വഴിവിട്ടബന്ധങ്ങളും വിവാഹേതരബന്ധങ്ങളുംപോലെതന്നെയേ യുള്ളൂ, വൈദികജീവിതത്തിലെ ചില വഴിതെറ്റലുകളും എന്നു പലരും മറന്നുപോകുന്നു.
വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുന്നവരും വിളിക്കപ്പെട്ടിരിക്കുന്നവരും സവിശേഷമായ വിളിയുള്ളവരും ആയതുകൊണ്ടാണ് വൈദികരുടെ തീരെ ചെറിയ തെറ്റുകളോടുപോലും വിശ്വാസിസമൂഹം മാത്രമല്ല സമൂഹം മുഴുവനും അസഹിഷ്ണുത കാണിക്കുന്നത്. വൈദികര്‍ തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വിളിയോട് അങ്ങേയറ്റം വിശ്വസ്തത പുലര്‍േത്തണ്ടവരാണെന്നു മറന്നുപോകരുത്. ഇക്കൂട്ടത്തിലൊരാള്‍ ഇക്കാര്യം മറന്നുപോകുമ്പോഴാണ് ബാക്കി 99 പേരും ചെളിവാരിയെറിയപ്പെടുന്നത്.
ഈമയൗ സിനിമയില്‍ നല്ല പങ്കു പ്രേക്ഷകരും കയ്യടിച്ച ഒരു രംഗമുണ്ടായിരുന്നു. വൈദികകഥാപാത്രത്തെ അവതരിപ്പിച്ച ദിലീഷ് പോത്തനെ ചെമ്പന്‍ വിനോദിന്റെ കഥാപാത്രം കരണത്തടിക്കുന്ന രംഗം. വൈദികനെക്കുറിച്ചുളള നെഗറ്റീവ് ഇമേജുകള്‍ സാധാരണക്കാര്‍ക്കിടയില്‍ അത്രത്തോളം ശക്തമാണ് എന്നതിന്റെ പ്രകടമായ സൂചനയായിരുന്നു അവിടെ വെളിവായത്.
ദി പ്രീസ്റ്റ് എന്ന മമ്മൂട്ടിസിനിമയില്‍ ഭൂതോച്ചാടകനായ വൈദികനായിരുന്നു കേന്ദ്രകഥാപാത്രം. പക്ഷേ, വൈദികന്റെ കൗദാശികജീവിതവുമായി ആ ചിത്രത്തിനു ബന്ധമൊന്നുമുണ്ടായിരുന്നില്ല. (കെ പി കുമാരന്റെ നേരം പുലരുമ്പോള്‍ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി വൈദികവേഷം അണിഞ്ഞത്.)
2019 ല്‍ പുറത്തിറങ്ങിയ വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയാണ് വൈദികന്‍ മുഖ്യകഥാപാത്രമായി പുറത്തിറങ്ങിയ മറ്റൊരു സിനിമ.  ലിജോ ജോസിന്‍െ ആമ്മേനിലുമുണ്ട് നന്മയും തിന്മയും നിറഞ്ഞ രണ്ടുവൈദികകഥാപാത്രങ്ങള്‍.
ഏറ്റവും പുതുതായിവന്ന  വരയന്‍ എന്ന സിജു വില്‍സന്റെ സിനിമയുടെ കാര്യംകൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.
വൈദികന്റെ കഥ പറയുന്ന, ഒരു വൈദികന്‍തന്നെ തിരക്കഥയെഴുതിയ സിനിമയെന്നതാണ് വരയന്റെ പ്രത്യേകത. അച്ചന്മാരെന്നാല്‍ ധ്യാനിപ്പിച്ചും കുര്‍ബാന ചൊല്ലിയുംമാത്രം കഴിഞ്ഞാല്‍ മതിയെന്ന പരമ്പരാഗതവും വ്യവസ്ഥാപിതവുമായ സങ്കല്പങ്ങളെ കടപുഴക്കിയെറിഞ്ഞുകൊണ്ടാണ് മലയാളസിനിമയുടെ ചരിത്രത്തില്‍ ഒരു വൈദികന്റെ പേര് തിരക്കഥാകൃത്തുക്കളുടെ പട്ടികയില്‍ എഴുതി ച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഒരു വൈദികനു വേണമെങ്കില്‍ എന്തുമാവാം എന്ന് ആനുഷംഗികമായി ഇത്തരമൊരു  ചലച്ചിത്രപ്രവേശനത്തിലൂടെ സ്ഥാപിച്ചെടുത്ത ഡാനി കപ്പൂച്ചിന്‍ എന്ന തിരക്കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്ന ഫാ. എബി കപ്പൂച്ചിന്‍ എന്ന  കഥാപാത്രം പറഞ്ഞുവയ്ക്കുന്നതും അതുതന്നെയാണ്. വേണമെങ്കില്‍ അച്ചന്മാര്‍ക്ക് കുര്‍ബാനയും ചൊല്ലാം പടവും വരയ്ക്കാം തല്ലും കൂടാം, പ്രേമിച്ചു പിറകേ കൂടുന്ന പെണ്‍കുട്ടിയുടെ തൂനെറ്റിയില്‍ സഹോദരസ്നേഹത്തോടെ ഉമ്മ വയ്ക്കുകയും ചെയ്യാം.
പക്ഷേ, ഇതില്‍ എത്രയെണ്ണം സംഭവ്യമാണ്? മുരടന്മാരായ വൈദികരെ കണ്ടിട്ടുണ്ട്. പക്ഷേ, ഒരു വൈദികനും അടിപിടികൂടുന്നത് നമ്മള്‍ കണ്ടിട്ടില്ല. പെണ്ണ് എന്ന പ്രലോഭനത്തില്‍ വീണുപോകുന്നവരും വീണുപോകാത്തവരുമായ വൈദികരുണ്ട്. പക്ഷേ, ഒരു പെണ്ണിനെയും തൂനെറ്റിയില്‍ സഹോദരസ്നേഹത്തോടെ ചുംബിച്ച് അവളിലെ കളങ്കം കഴുകിക്കളയുന്ന വൈദികരില്ല. അദ്ഭുതങ്ങള്‍ ചെയ്യുന്ന, രോഗസൗഖ്യങ്ങള്‍ നല്കുന്ന വൈദികരുണ്ട്. പക്ഷേ, ഉടലിന്റെ  കാമതാമനകളെ സഹോദരചുംബനംകൊണ്ടു തണുപ്പിക്കാന്‍ അവര്‍ക്കുമാവില്ല. ഇതാണ് യാഥാര്‍ത്ഥ്യം. പക്ഷേ, എബിയച്ചന് അതു കഴിയുന്നു. കാരണം, വരയന്‍ സിനിമയാണ്. വൈദികനാണു തിരക്കഥാകൃത്തെങ്കിലും അദ്ദേഹത്തിനും സിനിമാറ്റിക് ആകാതിരിക്കാനാവില്ല.
ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായി യാതൊരു ബന്ധവുമില്ലെന്ന് സിനിമയ്ക്കു മുമ്പ് മുന്‍കൂര്‍ ജാമ്യമെടുക്കുകയും എന്നാല്‍, സമാനമായ രീതിയിലുളള ഒരു വൈദികന്‍ ഉണ്ടായിരുന്നുവെന്ന് അഭിമുഖങ്ങളില്‍ പറയുകയും ചെയ്യുമ്പോള്‍  ചേരുംപടി ചേരാത്തതിലെ പൊരുത്തക്കേടു തന്നെയാണു വ്യക്തമാകുന്നത്. അച്ചനും ഹീറോയാകാം എന്നാണു വരയന്‍ പറഞ്ഞുവയ്ക്കുന്ന സുവിശേഷം. അതായത്, അടിയും പിടിയും പ്രേമവും പാട്ടും നന്മയും കാരുണ്യവും അദ്ഭുതവും വിശുദ്ധിയും ചേര്‍ന്ന നായകനാണ് വരയനിലെ വൈദികന്‍. നായകന് ഉണ്ടായിരിക്കണമെന്ന് ഭാരതീയകാവ്യശാസ്ത്രം അനുശാസിക്കുന്ന നിബന്ധനകളെല്ലാം പൊളിച്ചെഴുതുന്ന നായകന്മാര്‍ വിരാജിക്കുമ്പോഴാണ് നായകഗുണങ്ങളെല്ലാം തികഞ്ഞ സൗമ്യനും സുന്ദരനുമായ വൈദികനെ നായകനായി വരയന്‍ അവതരിപ്പിക്കുന്നത്. ഇങ്ങനെയാണ് ഫാ. എബി നായകപരിവേഷത്തിലേക്ക് ഉയരുന്നത്.

അതേസമയം, സിനിമയിലുള്ള മറ്റു വൈദികരെ അവതരിപ്പിച്ചിരിക്കുന്നത് ഇതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായാണ്. മെത്രാനും അതില്‍ ഉള്‍പ്പെടും. അരമനയില്‍ തീറ്റയും കുടിയുമായി കഴിയുന്ന വൈദികരെയാണ് ഒന്നില്‍ക്കൂടുതല്‍ തവണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഴിവുകുറഞ്ഞ സഹവൈദികനെ  തനിക്കുള്ള ഡോക്ടറേറ്റിന്റെ പേരില്‍ പരിഹസിക്കുന്ന ഫാ. അജുവും കലിപ്പക്കരയ്ക്ക് ഫാ. എബിയെ ബലി കൊടുക്കുന്ന മെത്രാനും ജാമിന്റെ പേരില്‍ തല്ലുകൂടുന്ന തടിച്ചുവീര്‍ത്ത വൈദികനും സാദാ പ്രേക്ഷകനു നല്കുന്ന ചിത്രവും സന്ദേശവും എന്തായിരിക്കും? നായകന്‍മാത്രം നന്നായാല്‍ മതി ബാക്കിയുള്ള വൈദികരെല്ലാം മറ്റു സിനിമകളിലേതുപോലെ മോശക്കാരായാല്‍  മതിയെന്നാണോ?
സ്വതേ ഭീരുവും ശാന്തനുമായിരുന്നിട്ടും പെട്ടെന്നൊരു നിമിഷത്തിലുള്ള ഫാ. എബിയുടെ വേഷപ്പകര്‍ച്ചയ്ക്കും യുക്തിയില്ല. എങ്ങനെ സാധിക്കുന്നു അത്? അയാളിലെ വിശുദ്ധിയും അദ്ഭുതസിദ്ധിയുമാണോ അതിനു കാരണം? ജെറുസലേം ദേവാലയത്തിലെ ക്രിസ്തുവിന്റെ ശുദ്ധീകരണവുമായി അതിനെ മറ്റൊരു കഥാപാത്രം ബന്ധിപ്പിക്കുന്നത് ന്യായീകരണം ഇല്ലാതാവുമ്പോഴുള്ള ഒഴികഴിവുമാത്രമായിട്ടേ അനുഭവപ്പെടുന്നുള്ളൂ. ഇങ്ങനെ പറയാന്‍ പലതുണ്ടെങ്കിലും, അക്കാദമിക് പാണ്ഡിത്യമോ വാഗ്വിലാസമോ സംഘാടകശേഷിയോ പണപ്പിരിവിനുള്ള കഴിവോ കെട്ടിടം പണിയാനുള്ള സാമര്‍ത്ഥ്യമോ അല്ല വൈദികന്റെ യഥാര്‍ത്ഥ ഗുണഗണങ്ങളെന്നും, വൈദികനിലൂടെ ദൈവത്തിലേക്കെത്താന്‍ അതൊന്നും കാരണങ്ങളെല്ലെന്നും, മറിച്ച്; ജീവിതവിശുദ്ധി, കാരുണ്യം, സ്‌നേഹം, ക്ഷമ തുടങ്ങിയവയാണ് ആളുകളെ ആകര്‍ഷിക്കുന്നതെന്നും, ഒരു നല്ല വൈദികനാകാന്‍ മറ്റൊന്നും ആവശ്യമില്ലെന്നുമാണ് വരയന്‍ നല്കുന്ന ശുഭോദര്‍ക്കമായ സന്ദേശം. അക്കണക്കിനു വരയന്‍ സമൂഹത്തിനു മുമ്പില്‍ ഒരു വൈദികനെ മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നുമുണ്ട്.
മലയാളസിനിമയില്‍ കണ്ടുശീലിച്ച വൈദികരില്‍നിന്നെല്ലാം എബിയച്ചന്‍ വ്യത്യസ്തനാകുന്നുണ്ട്.  സിജു വില്‍സനില്‍ സ്വാഭാവികമായി തോന്നുന്ന നിഷ്‌കളങ്കതയും സൗമ്യതയും ശാന്തതയും അനുകൂലഘടകങ്ങളുമാണ്. എങ്കിലും ഇതുമല്ല യഥാര്‍ത്ഥ വൈദികന്‍ എന്ന് ഉറപ്പായും പറയാം.
മുകളില്‍ പരാമര്‍ശിച്ച നല്ലതും ചീത്തയും വികൃതവുമായ സിനിമകളില്‍ കടന്നുവന്ന വൈദികരെല്ലാം യഥാര്‍ത്ഥ പൗരോഹിത്യത്തിന്റെ ഒരു വശം മാത്രമേ അവതരിപ്പിക്കുന്നുള്ളൂ; വെള്ളത്തിനടിയിലെ മഞ്ഞുകട്ടയുടെ ഒരു ഭാഗം മാത്രം കാണപ്പെടുന്നതുപോലെ. ഒന്നുകില്‍ ഊതിവീര്‍പ്പിച്ചതും വികൃതമാക്കപ്പെട്ടതും അല്ലെങ്കില്‍ കാല്പനികവുമായ ചിത്രമാണ് വൈദികരെക്കുറിച്ച് മലയാളത്തില്‍ അവതരിപ്പിക്കപ്പെട്ടതെല്ലാം. അതുകൊണ്ടുതന്നെ ഇതുവരെ വന്നതൊന്നുമല്ല വൈദികജീവിതം പറയുന്ന സിനിമയെന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. ഒരു യഥാര്‍ത്ഥ വൈദികന്റെ ജീവിതം ഇനിയും മലയാളത്തില്‍ വരാനിരിക്കുന്നതേയുള്ളൂ. സ്വാഭാവികതയുള്ള, മാനുഷികതയുള്ള, ക്രിസ്തീയതയുളള, ആടുകളുടെ ചൂരുള്ള നല്ല ഇടയന്റെ കഥ.

 

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)